30 രൂപയ്ക്ക് ബുള്ളറ്റിന് ക്രൂയിസ് കണ്‍ട്രോള്‍, പുതിയ കണ്ടുപിടുത്തവുമായി റോയല്‍ എന്‍ഫീല്‍ഡ് ഉടമ
ദീര്‍ഘദൂര യാത്രകള്‍ക്ക് മിക്കവരും തെരഞ്ഞെടുക്കാറ് ബുള്ളറ്റുകളെയാണ്. ബജറ്റ് വിലയ്ക്ക് ലഭ്യമായ മികച്ച പ്രാരംഭ ടൂററുകളില്‍ ഒന്ന്. പക്ഷെ അടിസ്ഥാന ഫീച്ചറുകളുടെ അഭാവം ബുള്ളറ്റുകളുടെ നിറം പലപ്പോഴും കെടുത്തുന്നു. എങ്കിലും റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റുകള്‍ക്ക് ഇന്ത്യയില്‍ പ്രചാരമൊട്ടും കുറയുന്നില്ല.

എന്തായാലും ബുള്ളറ്റിന് ആധുനിക ഫീച്ചറുകളെ നല്‍കാന്‍ കമ്പനി മടിച്ചുനില്‍ക്കുമ്പോള്‍ ഉടമകള്‍ തന്നെ പോംവഴിയുമായി രംഗത്തുവരുന്നുണ്ട്. ബുള്ളറ്റിന് റോയല്‍ എന്‍ഫീല്‍ഡ് ഉടമ കണ്ടുപിടിച്ച ക്രൂയിസ് കണ്‍ട്രോള്‍ ഫീച്ചര്‍ അത്തരത്തിലൊന്നാണ്.

വന്‍കിട ക്രൂയിസര്‍ ബൈക്കുകളില്‍ മാത്രമെ ക്രൂയിസ് കണ്‍ട്രോള്‍ ഫീച്ചര്‍ സാധാരണയായി ഇടംപിടിക്കാറ്. ദീര്‍ഘദൂര യാത്രകളില്‍ ബൈക്കില്‍ ക്രൂയിസ് കണ്‍ട്രോള്‍ ഫീച്ചറുണ്ടെങ്കില്‍ ഓടിക്കുന്നയാള്‍ക്ക് ത്രോട്ടിലില്‍ കുറെനേരം പിടിമുറുക്കേണ്ട ആവശ്യമില്ല.

കാറിലേതിന് സമാനമായ ക്രൂയിസ് കണ്‍ട്രോള്‍ ഫീച്ചറാണ് ബൈക്കുകള്‍ക്കും. ഒരു നിശ്ചിത വേഗത്തിലെത്തുമ്പോള്‍ ക്രൂയിസ് കണ്‍ട്രോള്‍ പ്രവര്‍ത്തിപ്പിച്ചാല്‍ ബൈക്ക് ആ വേഗത്തില്‍ തന്നെ തുടരും; ത്രോട്ടിലില്‍ പിടിമുറുക്കേണ്ട ആവശ്യമില്ല.

ഈ ക്രൂയിസ് കണ്‍ട്രോള്‍ സാങ്കേതികതയെ ബുള്ളറ്റിലേക്ക് പറിച്ചുനട്ടിരിക്കുകയാണ് ഒരു റോയല്‍ എന്‍ഫീല്‍ഡ് ഉടമ. ഏതു ബൈക്കിനും ഇദ്ദേഹം രൂപകല്‍പന ചെയ്ത ക്രൂയിസ് കണ്‍ട്രോള്‍ ഫീച്ചര്‍ അനുയോജ്യം. ആകെ ചെലവു മുപ്പതു രൂപയും!

ത്രോട്ടിലിന് മേല്‍ ചുറ്റിയ ലോഹത്തകിടിനെ അടിസ്ഥാനപ്പെടുത്തിയാണ് ഇദ്ദേഹത്തിന്റെ ക്രൂയിസ് കണ്‍ട്രോള്‍ പ്രവര്‍ത്തിക്കുക. തകിടിന്റെ ഒരറ്റം ബ്രേക്ക് ലെവറിനോടു ഘടിപ്പിച്ച നിലയിലാണ്. നട്ടുകളും ബോള്‍ട്ടുമുപയോഗിച്ചു അതത് വേഗതയില്‍ 'ക്രൂയിസ് കണ്‍ട്രോള്‍' ക്രമീകരിക്കാന്‍ ലോഹത്തകിടില്‍ പറ്റും.

ബുദ്ധിമുട്ടുകള്‍ കൂടാതെ ഊരി മാറ്റാനും സാധിക്കുന്ന വിധത്തിലാണ് ഈ ക്രൂയിസ് കണ്‍ട്രോളിന്റെ രൂപകല്‍പന. എന്നാല്‍ യഥാര്‍ത്ഥ ക്രൂയിസ് കണ്‍ട്രോള്‍ ഫീച്ചറുമായി ഇതിനെ താരതമ്യം ചെയ്യാന്‍ കഴിയില്ല. കാരണം നിര്‍മ്മാതാക്കള്‍ ഒരുക്കുന്ന ക്രൂയിസ് കണ്‍ട്രോള്‍ സംവിധാനത്തില്‍ ബ്രേക്ക് പിടിച്ചാലുടന്‍ ബൈക്കിന്റെ ക്രൂയിസിംഗ് നില്‍ക്കും.

അതായത് ക്രൂയിസ് കണ്‍ട്രോള്‍ ഫീച്ചര്‍ പ്രവര്‍ത്തനരഹിതമാകും. എന്നാല്‍ ഇദ്ദേഹം സൃഷ്ടിച്ച ക്രൂയിസ് കണ്‍ട്രോളില്‍ ബ്രേക്ക് പിടിച്ചതു കൊണ്ടുമാത്രം വേഗത കുറയില്ല. ലോഹത്തകിടിലുള്ള നട്ടുകളുടെ മുറുക്കം വിടുവിച്ചാലെ വേഗത കുറയുകയുള്ളു.

വീണ്ടും ക്രൂയിസ് കണ്‍ട്രോള്‍ ഫീച്ചര്‍ വേണമെന്നുണ്ടെങ്കില്‍ ആദ്യത്തേ പോലെ നട്ടുകള്‍ നിശ്ചിത വേഗമെത്തുമ്പോള്‍ മുറുക്കണം. അതേസമയം റൈഡിംഗിനിടെയുള്ള ഇത്തരം ക്രമീകരണങ്ങള്‍ ശ്രദ്ധ തെറ്റിക്കും. അപകടസാധ്യത കൂട്ടും.
മാത്രമല്ല, ദീര്‍ഘദൂര യാത്രകളില്‍ മാത്രമെ ക്രൂയിസ് കണ്‍ട്രോള്‍ ഫലപ്രദമാവുകയുള്ളു. തിരക്കേറിയ നിരത്തില്‍ ക്രൂയിസ് കണ്‍ട്രോള്‍ ഫീച്ചര്‍ ഉപയോഗിക്കാന്‍ അവസരം ലഭിക്കില്ല.


Click it and Unblock the Notifications








