പവറില്‍ ആള്‍ട്ടോയെ തോല്‍പ്പിക്കും, വൈബ്രേഷനുമില്ല! കസ്റ്റം-മെയിഡ് എന്‍ഫീല്‍ഡ് ബൈക്ക് വൈറല്‍
മോഡിഫൈഡ്, കസ്റ്റം മെയിഡ് വാഹനങ്ങള്‍ക്ക് നമ്മുടെ നാട്ടില്‍ ഒരു പ്രത്യേക ഫാന്‍ബേസ് തന്നെയുണ്ട്. ഒരു വണ്ടിയുടെ ഉടമസ്ഥനാകുമ്പോള്‍ അത് നാലാള്‍ ശ്രദ്ധിക്കണമെന്ന പൂതി എല്ലാവര്‍ക്കുമുണ്ടാകും. അതിന്റെ അടിസ്ഥാനത്തിലാണ് യുവാക്കള്‍ വണ്ടി അഴിച്ചുപണിത് സുന്ദരക്കുട്ടപ്പന്‍മാരാക്കുന്നത്. ബൈക്കുകളുടെ കാര്യത്തില്‍ ഇതിന് ഏറ്റവും സ്‌കോപ്പുള്ളത് റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിളുകളാണ്. ഇത്തരത്തില്‍ ഒരു കസ്റ്റം മെയിഡ് ബുള്ളറ്റ് ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായ സയ്യിദ് ഒമര്‍ സിദ്ദീഖ് പങ്കുവെച്ച വീഡിയോ ആണ് ഇന്റര്‍നെറ്റില്‍ വണ്ടിപ്രാന്തന്‍മാര്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുന്നത്. അതിനെ കുറിച്ച് വിശദമായി ചുവടെ വായിക്കാം.
സയ്യിദ് ഒമര്‍ സിദ്ദീഖ് 1000 സിസി എഞ്ചിനുള്ള കസ്റ്റം മെയിഡ് റോയല്‍ എന്‍ഫീല്‍ഡ് ബൈക്ക് ഓടിക്കുന്നതാണ് ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കുക. ഇന്ത്യയിലെ ആദ്യത്തെ 1000 സിസി മോട്ടോര്‍സൈക്കിള്‍ എന്ന് പരിചയപ്പെടുത്തിയാണ് ഇന്‍ഫ്‌ലുവന്‍സര്‍ വീഡിയോ ആരംഭിക്കുന്നത്. ഇപ്പോള്‍ ഇന്ത്യയിലെ ഛത്തീസ്ഗഢ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓസ്ട്രേലിയന്‍ കമ്പനിയായ കാര്‍ബെറി മോട്ടോര്‍സൈക്കിള്‍സ് ആണ് ഈ ബൈക്ക് മോഡിഫൈ ചെയ്തിരിക്കുന്നത്.

വര്‍ഷങ്ങളായി റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍ കസ്റ്റമൈസ് ചെയ്യുന്നതിന്റെ പൈതൃകം അവകാശപ്പെടാനുള്ള കമ്പനിയാണ് കാര്‍ബെറി മോട്ടോര്‍സൈക്കിള്‍സ്. കാര്‍ബെറി ഡബിള്‍ ബാരല്‍ 1000 എന്ന് പേരിട്ടിരിക്കുന്ന ഇത് ഇപ്പോള്‍ ഇന്ത്യയില്‍ ലഭ്യമാണെന്നാണ് സിദ്ദീഖ് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നത്. നിലവിലുള്ള എഞ്ചിന്‍ ബേസില്‍ നിര്‍മ്മിച്ച വി-ട്വിന്‍ എഞ്ചിനാണ് ബൈക്കിന്റെ ഹൃദയം. കാര്‍ബറി 1000 സിസി എഞ്ചിന്‍ കാര്‍ബറേറ്റഡ് ആണ്.
കസ്റ്റമൈസേഷനുകള്‍ക്ക് പേരുകേട്ട കമ്പനിയായ കാര്‍ബെറി മോട്ടോര്‍സൈക്കിള്‍സിന്റെ ഏറ്റവും പുതിയ സൃഷ്ടിയാണ് ഈ ബൈക്ക്. ഈ ഒരു കസ്റ്റം മെയിഡ് ബൈക്കിന്റെ ഡിസൈന്‍ വശം നോക്കിയാല്‍ ഐക്കണിക് റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350-ന്റെ സ്‌റ്റൈലിംഗ് നിലനിര്‍ത്തിയതായി കാണാം. ഫ്യുവല്‍ ടാങ്ക്, ഹെഡ്‌ലൈറ്റ് സെറ്റപ്പ്, റിയര്‍ സെക്ഷന്‍ എന്നിവക്ക് പുറമെ ടെയില്‍ സെക്ഷനും അതേപടി തുടരുന്നു.

റോയല്‍ എന്‍ഫീല്‍ഡില്‍ നിന്നുള്ള 1000 സിസി വി-ട്വിന്‍ എഞ്ചിനാണ് ഇതിന്റെ പ്രധാന നവീകരണം. എഞ്ചിന്‍ പരമാവധി 52 bhp പവറും 82 Nm ടോര്‍ക്കും നല്‍കുന്ന രീതിയിലാണ് ട്യൂണ്‍ ചെയ്തിരിക്കുന്നത്. അങ്ങനെ വരുമ്പോള്‍ പവര്‍ ഔട്ട്പുട്ടിന്റെ കാര്യത്തില്‍ ഈ റോയല്‍ എന്‍ഫീല്‍ഡ് ബൈക്ക് മാരുതിയുടെ ഐതിഹാസിക കാര്‍ മോഡലായ ആള്‍ട്ടോയെ മറികടക്കും.
പുതിയ മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങളെ തുടര്‍ന്ന് അടുത്തിടെയാണ് മാരുതി ആള്‍ട്ടോ 800 നിര്‍ത്തലാക്കിയത്. 5 സ്പീഡ് ഗിയര്‍ബോക്സുമായി എഞ്ചിന്‍ ഇണചേര്‍ത്തിരിക്കുന്നു. 7 പ്ലേറ്റ് ക്ലച്ചും ബൈക്കില്‍ നല്‍കിയിരിക്കുന്നു. ഇന്‍ഫ്‌ലുവന്‍സറായ സിദ്ദീഖ് മോഡിഫൈഡ് ബുള്ളറ്റ് ഓടിച്ച് അഭിപ്രായം പറയുന്നുണ്ട്. റൈഡിംഗ് പൊസിഷനും ഫുട്‌പെഗുകളും അദ്ദേഹം എടുത്തു പറഞ്ഞു.

പലപ്പോഴും റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളുടെ പോരായ്മയായി ചൂണ്ടിക്കാണിക്കുന്ന ഒന്നാണ് വൈബ്രേഷന്‍. എന്നാല്‍ ഈ ബൈക്ക് ഓടിക്കുമ്പോള്‍ തനിക്ക് വൈബ്രേഷന്‍ അനുഭവപ്പെടുന്നില്ലെന്ന് ഇന്‍ഫ്‌ലുവന്‍സര്‍ വ്യക്തമാക്കി. മോഡിഫൈഡ് ബൈക്കുമായി സവാരി നടത്തുമ്പോള്‍ ചുറ്റുമുള്ളവര്‍ അദ്ദേഹത്തെ കണ്ണെടുക്കാതെ നോക്കുകയും കുശലം പറയുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഈ ബൈക്ക് ഇത്തരത്തില്‍ മോഡിഫൈ ചെയ്യാന്‍ എത്ര രൂപ ചെലവായി എന്ന കാര്യം സിദ്ദീഖ് വിശദീകരിക്കുന്നില്ല.
ഈ 1000 സിസി എഞ്ചിന് മാത്രം 4.96 ലക്ഷം രൂപയും മൊത്തത്തില്‍ ഏകദേശം 7 ലക്ഷം രൂപയും ചെലവ് വരുമെന്നാണ് ചില നെറ്റിസണ്‍സ് കമന്റ് ബോക്‌സില്‍ കുറിക്കുന്നത്. ഏതായാലും കസ്റ്റമൈസ്ഡ് ബുള്ളറ്റ് ആവശ്യമുള്ളവര്‍ക്ക് കാര്‍ബെറി മോട്ടോര്‍സൈക്കിള്‍സുമായി ബന്ധപ്പെടാം. ഇവരെ ടാഗ് ചെയ്തുകൊണ്ടാണ് സിദ്ദീഖ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.


Click it and Unblock the Notifications








