ഘോഷിന്‍റെ ആയാസരഹിത റിക്ഷ
പത്തുമുപ്പത്തഞ്ചു കൊല്ലക്കാലം ഇടതുപക്ഷത്തിന്‍റെ ഭരണത്തിന്‍ കീഴിലിരുന്ന സംസ്ഥാനമാണ് ബംഗാള്‍. ഇന്ന് ബംഗാളി തൊഴിലാളികളെ നമ്മുടെ നാട്ടില്‍ കാണുമ്പോള്‍, ഇത്രയും കാലം ഭരണാധികാരികള്‍ എന്താണ് ചെയ്തുകൊണ്ടിരുന്നതെന്ന ചോദ്യം ആരുടെയും മനസ്സില്‍ ഉയര്‍ന്നുവരും. കൊല്‍ക്കത്ത നഗരത്തില്‍ ചെന്നാല്‍ കാണാവുന്ന ഏറ്റവും ദയനീയവും പ്രാകൃതവുമായ കാഴ്ചയാണ് തടിയന്മാരായ യാത്രക്കാരെ ചുമലില്‍ വലിച്ചോടുന്ന റിക്ഷാ തൊഴിലാളികള്‍. ഇത്രകാലം ഭരിച്ചിട്ടും ഇവരുടെ ചുമലില്‍ നിന്ന് ഈ ഭാരം താഴേക്കിറക്കിവെക്കാന്‍ അവര്‍ക്ക് സാധിച്ചില്ലേ എന്ന് ആരും ചോദിച്ചുപോകും. കേന്ദ്രത്തിന്‍റെ 'തെറ്റായ സാമ്പത്തിക നയ'ങ്ങളായിരിക്കണം ഇതിനെല്ലാം കാരണമെന്ന് അവരെപ്പോലെ നമുക്കും സമാധാനിക്കാം.
ഈ ദയനീയ പരിതസ്ഥിതിക്ക് ഒരു മാറ്റം വേണമെന്ന് കൊല്‍ക്കത്തക്കാരനായ പ്രതീക് കുമാര്‍ ഘോഷ് ആഗ്രഹിച്ചു. ഘോഷ് ഒരു എന്‍ജിനീയറാണ്. കുറെനാളത്തെ ശ്രമഫലമായി ഒരു പുതിയ സൈക്കിള്‍റിക്ഷയ്ക്ക് രൂപം നല്‍കാന്‍ അദ്ദേഹത്തിന് സാധിച്ചു.
ഒരു സാധാരണ സൈക്കിള്‍ റിക്ഷ തന്നെയാണിത് കാഴ്ചയില്‍. കയറുന്ന ആളുകളുടെ ഭാരം ഉപയോഗിച്ചാണ് ഈ റിക്ഷ മുമ്പോട്ട് നീങ്ങുക എന്നതാണ് പ്രത്യേകത. റോഡിലെ ബംപുകളും കുണ്ടും കുഴിയുമെല്ലാം ഈ വാഹനത്തെ മുമ്പോട്ട് തള്ളുന്ന ഊര്‍ജ്ജമായി പരിവര്‍ത്തിപ്പിക്കുന്നു.
റിക്ഷയുടെ ചേസിസിലാണ് പ്രത്യേകതയിരിക്കുന്നത്. സാധാരണ റിക്ഷകളുടെ ചേസിസ് റോഡിന് സമാന്തരമായുള്ളതാണ്. ഘോഷിന്‍റെ റിക്ഷയുടേത് 10 ഡിഗ്രിയോളം മുമ്പോട്ട് ചെരിഞ്ഞിട്ടാണ്.
ഈ പുതുആശയത്തിന്‍റെ പേരില്‍ പ്രതീക് കുമാര്‍ ഘോഷിന് ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. വളരെ ലളിതവും ചെലവ് കുറഞ്ഞതും സാധാരണക്കാരന് ഉപകാരപ്രദമാകുന്നതുമായ കണ്ടുപിടിത്തം എന്ന നിലയിലാണ് സമ്മാനം ലഭിച്ചത്. നിലവിലുള്ള സൈക്കിള്‍ റിക്ഷയുടെ അതേ ചെലവ് മാത്രമേ ഘോഷിന്‍റെ റിക്ഷയ്ക്കും വരൂ!


Click it and Unblock the Notifications









