ഋഷഭ് പന്ത് മുതല്‍ സൈറസ് മിസ്ത്രി വരെ; 2022-ല്‍ വാഹനാപകടത്തില്‍ പെട്ട സെലിബ്രിറ്റികള്‍
ലോകത്തിന്റെ ഓരോ കോണിലും ഓരോ നിമിഷവും റോഡപകടങ്ങള്‍ നടക്കുന്നുണ്ട്. 2021-ല്‍ രാജ്യത്തെ നിരത്തുകളില്‍ ഓരോ മണിക്കൂറിലും 18 ജീവന്‍ പൊലിഞ്ഞുവെന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. നിരത്തുകളില്‍ കൂടുതല്‍ ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ റോഡ് സുരക്ഷക്കായി സര്‍ക്കാറുകള്‍ പല നടപടികളും സ്വീകരിച്ച് വരുന്നുണ്ട്.
എങ്കിലും ഈ സ്ഥിതിക്ക് വലിയതോതില്‍ പരിഹാരം കാണാന്‍ കഴിയാത്ത സാഹചര്യമാണ് രാജ്യത്ത് നിലനില്‍ക്കുന്നത്.ഗതാഗത നിയമലംഘനങ്ങളാണ് മിക്ക അപകടങ്ങളുടെയും പ്രധാന കാരണം. 2022ല്‍ ഗതാഗത നിയമലംഘനം മൂലമാണ് കൂടുതല്‍ അപകടങ്ങളും നടക്കുന്നത്. ഇതുമൂലം അപകടത്തില്‍പ്പെട്ടവരുടെ എണ്ണവും വളരെ കൂടുതലാണ്. 2021-ല്‍ രാജ്യത്ത് മൊത്തം 4,12,432 റോഡപകടങ്ങള്‍ ഉണ്ടായതായി സര്‍ക്കാര്‍ പുറത്തുവിട്ട ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകള്‍ വെളിപ്പെടുത്തുന്നു.

2021-ല്‍ 1,53,972 പേര്‍ക്കാണ് അപകടങ്ങളില്‍ ജീവന്‍ നഷ്ടമായത്. കഴിഞ്ഞ വര്‍ഷത്തേതിന് സമാനമായി 2022-ലും വലിയ തോതിലുള്ള അപകടങ്ങളാണ് നടക്കുന്നത്. ഈ വര്‍ഷം നിരവധി പ്രമുഖരാണ് റോഡപകടങ്ങളില്‍ പെട്ടത്. ഈ വര്‍ഷം രാജ്യം മുഴുവന്‍ ചര്‍ച്ചയായി മാറിയ ചില സെലിബ്രിറ്റികളുടെ അപകട സംഭവത്തെ കുറിച്ചുള്ള വിവരങ്ങളാണ് ഈ ലേഖനത്തില്‍ നമ്മള്‍ പറയാന്‍ പോകുന്നത്.
സൈറസ് മിസ്ത്രി
രാജ്യത്തെ ഒന്നാകെ നടുക്കിയ സംഭവമാണ് സൈറസ് മിസ്ത്രിയുടെ ജീവന്‍ നഷ്ടമായ കാറപകടം. ടാറ്റ സണ്‍സ് ഗ്രൂപ്പിന്റെ മുന്‍ ചെയര്‍മാനായ സൈറസ് മിസ്ത്രി ഗുജറാത്തില്‍ നടന്ന ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ വെച്ചുണ്ടായ അപകടത്തിലാണ് മരിച്ചത്. മെര്‍സിഡീസ് ബെന്‍സ് GLC ആഡംബര എസ്‌യുവിയിലായിരുന്നു സൈറസ് മിസ്ത്രിയുടെ യാത്ര. ലക്ഷ്വറി ഫീച്ചറുകള്‍ മാത്രമല്ല നിരവധി സുരക്ഷാ ഫീച്ചറുകളും ഉളള കാറാണിത്. എന്നാല്‍, അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മിസ്ത്രി സംഭവസ്ഥലത്ത് വെച്ച് തന്നെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ അമിതവേഗതയിലാണ് ഓടിയിരുന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതുമാത്രമല്ല കാറിനുള്ളില്‍ പിറകിലെ സീറ്റില്‍ യാത്ര ചെയ്തിരുന്ന മിസ്ത്രിയും സുഹൃത്തും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ല. ഇക്കാരണത്താല്‍ രാജ്യത്ത് പിന്‍സീറ്റ് യാത്രക്കാരും സീറ്റ്‌ബെല്‍റ്റ് ധരിക്കണമെന്ന നിയമം കര്‍ശനമാക്കിയിരുന്നു. മിസ്ത്രിയുടെ മരണത്തിന് പിന്നാലെ പിന്‍ സീറ്റ്‌ബെല്‍റ്റ് നിര്‍ബന്ധമാക്കിയതിനൊപ്പം സീറ്റ് ബെല്‍റ്റ് അലാറം ഘടിപ്പിക്കാനുള്ള നിര്‍ദേശത്തിനൊപ്പം സര്‍ക്കാര്‍ സീറ്റ് ബെല്‍റ്റ് അലാറം കട്ടിംഗ് ഉപകരണത്തിന്റെ നിരോധനവും ഉടനടി നടപ്പാക്കി.
ഋഷഭ് പന്ത്
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ വിക്കറ്റ് കീപ്പര്‍ ബാറ്ററാണ് ഋഷഭ് പന്ത്. ഇക്കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നിന്ന് സ്വന്തം നാടായ റൂര്‍ക്കിയിലേക്കുള്ള യാത്രക്കിടെയാണ് പന്ത് കാര്‍ അപകടത്തില്‍ പെട്ടത്. ഡിസംബര്‍ 30-ന് പുലര്‍ച്ചെ പന്ത് സഞ്ചരിച്ച മെര്‍സിഡീസ് ബെന്‍സ് GLE കാര്‍ റോഡരികിലെ ഡിവൈഡറില്‍ ഇടിച്ചതിന് പിന്നാലെ അഗ്‌നിക്കിരയാകുകയായിരുന്നു. കാര്‍ പൂര്‍ണമായും കത്തി നശിച്ചു. കാറിന്റെ ഗ്ലാസ് തകര്‍ത്താണ് പന്തിനെ പുറത്തെത്തിച്ചത്.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പന്ത് അപകട നില തരണം ചെയ്തതായാണ് ബിസിസിഐ കഴിഞ്ഞ ദിവസം വാര്‍ത്തകുറിപ്പില്‍ അറിയിച്ചത്. ഈ വര്‍ഷം രാജ്യത്തെ നടുക്കിയ അപകടങ്ങളിലൊന്നായി ഋഷഭ് പന്തിന്റെ അപകടം മാറി. ഡല്‍ഹി-ഡെറാഡൂണ്‍ ഹൈവേയിലാണ് ദാരുണമായ സംഭവം. ഈ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നത് എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. കാര്‍ അമിതവേഗതയില്‍ വന്ന് അപകടത്തില്‍പ്പെടുന്നത് വീഡിയോയില്‍ കാണാം. അമിതവേഗതയ്ക്കെതിരെ ഗതാഗതവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെങ്കിലും പലരും അത് പാലിക്കാത്തതായാണ് കാണുന്നത്. ഈ ഘട്ടത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച യുവതാരങ്ങളിലൊരാള്‍ക്ക് അപകടം സംഭവിച്ചത്.
രംഭ
തെന്നിന്ത്യന്‍ സിനിമ ലോകത്തെ പ്രമുഖ നായികമാരില്‍ ഒരാളാണ് രംഭ. ഈ വര്‍ഷം ഗുരുതര വാഹനാപകടത്തില്‍ പെട്ട സെലിബ്രിറ്റികളില്‍ ഒരാളാണ് നടി രംഭ. 1980-കളിലും 1990-കളിലും ദക്ഷിണേന്ത്യന്‍ ഭാഷകളിലെ നിറസാന്നിധ്യമായിരുന്ന രംഭ നിരവധി ആരാധകരുടെ മനംകവര്‍ന്നു. വിവാഹ ശേഷം ബിസിനസുകാരനായ ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം കാനഡയില്‍ സ്ഥിരതാമസമാക്കി. സംഭവ ദിവസം മകനെയും മകളെയും സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് കൊണ്ടുവരുന്നതിനിടെ കാര്‍ നിയന്ത്രണം വിട്ട് അപകടത്തില്‍പ്പെടുകയായിരുന്നു. ഈ അപകടത്തില്‍ രംഭയും മകനും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. എന്നാല്‍ മകള്‍ക്ക് സാരമായി പരിക്കേറ്റു. ടെസ്ല മോഡല്‍ എക്സ് കാറില്‍ യാത്ര ചെയ്യുന്നതിനിടെയാണ് ഇവര്‍ അപകടത്തില്‍ പെട്ടതെന്നാണ് സൂചന. ടെസ്ലയുടെ കാര്‍ മോഡലുകള്‍ ഡ്രൈവറില്ലാതെ റോഡില്‍ ഓടാന്‍ കഴിവുള്ളവയാണ്. എന്തായാലും നടി രംഭയുടെ കാര്യത്തില്‍ ഈ കാറിന് വലിയ പിഴവ് പറ്റിയെന്ന് പറയാം.
മലൈക അറോറ
പ്രശസ്ത ഹിന്ദി ചലച്ചിത്ര നടിമാരില്‍ ഒരാളാണ് മലൈക അറോറ. കഴിഞ്ഞ ഏപ്രിലില്‍ ഒരു റോഡപകടത്തില്‍ അവര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. പൂനെയില്‍ നിന്ന് മുംബൈയിലേക്കുള്ള യാത്രക്കിടെയാണ് മലൈക അറോറ സഞ്ചരിച്ചിരുന്ന ആഡംബര കാര്‍ അപകടത്തില്‍പ്പെട്ടത്. അവര്‍ സഞ്ചരിച്ചിരുന്ന റേഞ്ച് റോവറിന് സാരമായ കേടുപാടുകള്‍ സംഭവിച്ചു. കുറച്ച് ദിവസം ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നടി പിന്നാലെ ഡിസ്ചാര്‍ജായി മടങ്ങി. മലൈകയുടെ കാര്‍ അപകടവും രാജ്യത്തുടനീളം ചര്‍ച്ചാ വിഷയമായിരുന്നു. അപകടത്തില്‍ സാധരണക്കാര്‍ സെലിബ്രിറ്റികള്‍ എന്ന് ഇല്ലെങ്കിലും പ്രമുഖര്‍ അപകടത്തില്‍ പെടുമ്പോള്‍ ഗതാഗത നിയമങ്ങള്‍ എല്ലാം കര്‍ശനമാക്കുന്ന കാഴ്ച നാം കണ്ടു. ആരായാലും സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഗതാഗത നിയമങ്ങള്‍ കൊണ്ടുവരുന്നത് പൊതുജനങ്ങളുടെ സുരക്ഷക്കാണെന്ന് കരുതി അവ പാലിക്കുന്നതാണ് നമുക്കും സമൂഹത്തിനും നല്ലത് എന്ന് മാത്രം ഓര്‍മിപ്പിക്കുന്നു.


Click it and Unblock the Notifications








