കാര്‍ വില്‍ക്കുമ്പോള്‍ ഈ തെറ്റ് ചെയ്യല്ലോ; ഡല്‍ഹി സംഭവത്തില്‍ വലിയ പാഠമുണ്ട്
തിങ്കളാഴ്ച വൈകീട്ട് ഡല്‍ഹിയില്‍ നടന്ന കാര്‍ ബോംബ് സ്‌ഫോടനത്തിന്റെ (Delhi Red Fort Blast) ഞെട്ടലിലാണ് രാജ്യം. ചെങ്കോട്ടക്ക് സമീപം ഹ്യുണ്ടായി i20 കാര്‍ ആണ് പൊട്ടിത്തെറിച്ചത്. ഡല്‍ഹിയിലെ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ ഉപയോഗിച്ച വാഹനം സെക്കന്‍ഡ് ഹാന്‍ഡായി വാങ്ങിയതാണെന്നും ഉടമസ്ഥാവകാശം മാറ്റാതെയാണ് സ്‌ഫോടനത്തിന് ഉപയോഗിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 2014 മുതല്‍ ഔദ്യോഗിക രേഖകള്‍ ഇല്ലാതെ ഈ കാറിന്റെ ഉടമസ്ഥാവകാശം നാല്തവണ മാറിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ ഈ കാറിന്റെ ആദ്യ ഉടമയെയും അന്വേഷണ പരിധിയില്‍ കൊണ്ടുവന്നിട്ടുണ്ട്.
സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ വില്‍ക്കുമ്പോള്‍ ഉടമസ്ഥാവകാശം മാറ്റുന്ന കാര്യത്തില്‍ നാം വീഴ്ച വരുത്തിയാല്‍ സംഭവിക്കാന്‍ സാധ്യതയുള്ള വലിയ പ്രശ്‌നങ്ങളിലേക്ക് വിരല്‍ ചൂണ്ടുകയാണ് ഈ ഒരു സംഭവം. വിറ്റ വാഹനം ഉടമസ്ഥാവകാശം മാറ്റാതെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുമ്പോള്‍ മുന്‍ ഉടമകളും കുഴപ്പത്തിലാകും. ഈ സാഹചര്യത്തില്‍ വാഹന ഉടമകള്‍ ഗൗരവത്തിലെടുക്കേണ്ട ഈ വിഷയത്തെ കുറിച്ച് വിശദമായി പരിശോധിക്കാം.

ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ ശക്തമായ സ്‌ഫോടനത്തില്‍ എട്ടുപേര്‍ മരിക്കുകയും ഇരുപതിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഈ സംഭവത്തില്‍ ഉപയോഗിച്ച കാറിനെ കുറിച്ചുള്ള അന്വേഷണമാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ഹരിയാനയില്‍ രജിസ്റ്റര്‍ ചെയ്ത ഈ കാര്‍ 2014 മാര്‍ച്ച് എട്ടിന് മുഹമ്മദ് സല്‍മാന്‍ എന്നയാളാണ് വാങ്ങിയത്. ആദ്യ ഉടമയായ സല്‍മാന്‍ പിന്നീട് കാര്‍ ദേവേന്ദ്ര എന്നയാള്‍ക്ക് വിറ്റു. ദേവേന്ദ്ര പിന്നീട് കാര്‍ സോനുവിന് വിറ്റു.
ഒടുവില്‍ സോനുവാണ് കാര്‍ താരീഖ് എന്നയാള്‍ക്ക് കൈമാറിയത്. ഇവര്‍ എല്ലാം ഉടമസ്ഥാവകാശം കൈമാറിയതിന് സര്‍ക്കാര്‍ രേഖകള്‍ ഒന്നുമില്ല. ഫരീദാബാദില്‍ പ്രവര്‍ത്തിക്കുന്ന ഒരു കാര്‍ ഡീലര്‍ഷിപ്പ് ഇടപാടില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ജമ്മു കശ്മീരിലെ പുല്‍വാമ സ്വദേശിയായ താരിഖ് കാര്‍ വാങ്ങുമ്പോള്‍ എടുത്ത ചിത്രങ്ങള്‍ നിലവില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ സ്‌ഫോടനത്തിന് ഉപയോഗിച്ച കാര്‍ ആദ്യം തിരിച്ചറിഞ്ഞത്. വാഹനത്തിന്റെ നമ്പര്‍ ഉപയോഗിച്ച് സര്‍ക്കാര്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍, സെപ്റ്റംബര്‍ 20-ന് ഫരീദാബാദിലെ ഒരു ടോള്‍ പ്ലാസ കടന്നുപോയതിന്റെ വിവരങ്ങള്‍ ലഭ്യമായി. അന്നേദിവസം നോ പാര്‍ക്കിംഗില്‍ നിര്‍ത്തിയിട്ടതിന് ഈ കാറിന് പിഴ ചുമത്തിയതായും സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിട്ടുണ്ട്.
കൂടുതല്‍ അന്വേഷണത്തില്‍ ഈ കാര്‍ സെക്കന്‍ഡ് ഹാന്‍ഡായി വാങ്ങിയതാണെന്നും വ്യാജരേഖകള്‍ ഇതിനായി സമര്‍പ്പിച്ചിട്ടുണ്ടെന്നും തെളിഞ്ഞു. സെക്കന്‍ഡ് ഹാന്‍ഡായി വാങ്ങിയെങ്കിലും, ഈ കാറിന്റെ ഉടമസ്ഥാവകാശം മാറ്റിയിരുന്നില്ല. ഇതിനാല്‍ കാറിന്റെ ആദ്യ ഉടമ മുതല്‍ ഒടുവില്‍ ഉപയോഗിച്ചയാള്‍ വരെ ഇപ്പോള്‍ അന്വേഷണപരിധിയിലാണുള്ളത്.പലരും തങ്ങളുടെ കാറുകള്‍ സെക്കന്‍ഡ് ഹാന്‍ഡ് മാര്‍ക്കറ്റില്‍ വില്‍ക്കുമ്പോള്‍ ഉടമസ്ഥാവകാശം പുതിയ ഉടമ അയാളുടെ പേരിലേക്ക് മാറ്റിയിട്ടുണ്ടോ എന്ന് ഉറപ്പുവരുത്താറില്ല.
ചില വിരുതന്‍മാര്‍ കാര്‍ വാങ്ങിയ ശേഷം മുന്‍ ഉടമകളുടെ തന്നെ പേരില്‍ ഉപയോഗിക്കുന്നു. പെട്ടെന്ന് വില്‍ക്കേണ്ടി വന്നാല്‍ കാറിന്റെ ഓണര്‍ഷിപ്പ് നമ്പര്‍ മാറാത്തത് മൂല്യം കൂട്ടും എന്നതിനാല്‍ ഇങ്ങനെ ചെയ്യുന്നവര്‍ ഉണ്ട്. സ്വന്തം ഉടമസ്ഥതയിലുള്ള ഒരു കാര്‍ വിറ്റ ശേഷം വാങ്ങിയയാള്‍ ഉടമസ്ഥാവകാശം മാറാതെ അത് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചാല്‍ മുന്‍ ഉടമയും കുടുങ്ങാനിടയുണ്ട്.താന്‍ കാര്‍ വിറ്റതാണെന്ന് തെളിയിച്ചാല്‍ മാത്രമേ പിന്നീട് അന്വേഷണത്തില്‍ നിന്ന് ഒഴിവാകാന്‍ സാധിക്കുകയുള്ളൂ.
ഇത് അനാവശ്യമായ തലവേദനകള്‍ ഉണ്ടാക്കും. അതിനാല്‍, നിങ്ങള്‍ ഒരു കാര്‍ വില്‍ക്കുകയാണെങ്കില്‍ ഉടന്‍ തന്നെ കാര്‍ വാങ്ങിയ ആളുടെ പേരിലേക്ക് ഉടമസ്ഥാവകാശം മാറ്റിയെന്ന് ഉറപ്പുവരുത്തുക. അല്ലെങ്കില്‍ നിങ്ങള്‍ അനാവശ്യമായ പ്രശ്‌നങ്ങളില്‍ അകപ്പെടാന്‍ സാധ്യതയുണ്ട്. ഇതിനായി നിങ്ങള്‍ തന്നെ മുന്‍കൈ എടുക്കണം. പുതിയ ഉടമ ആര്‍സിയില്‍ പേരുമാറ്റാനുള്ള നടപടികള്‍ താന്‍ ചെയ്‌തേക്കാം എന്ന് പറഞ്ഞാല്‍ പോലും ഇക്കാര്യത്തില്‍ തുടര്‍നടപടികള്‍ നിങ്ങള്‍ ശ്രദ്ധിക്കണം.

ഡല്‍ഹിയില്‍ നടന്ന ആക്രമണത്തില്‍ 22 കാറുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും എട്ടുപേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു. ഇപ്പോള്‍ ഈ കാറിന്റെ രേഖാമൂലമുള്ള ഉടമ മുതല്‍ അവസാനമായി കാര്‍ ഉപയോഗിച്ചയാള്‍ വരെ അന്വേഷണം നേരിടുന്നുണ്ട്. ഇത്തരം പ്രശ്‌നങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ യൂസ്ഡ് കാര്‍ വിപണിയില്‍ വാഹനം വില്‍ക്കുമ്പോള്‍ ആദ്യം തന്നെ ഉടമസഥാവകാശം മാറ്റാനുള്ള പരിപാടികള്‍ ചെയ്യുക.
ചെറിയ ചാര്‍ജ് നല്‍കിയാല്‍ ഇത് ശരിയാക്കി തരുന്ന നിരവധി ഏജന്റുമാരുണ്ട്. അതുമല്ല നിങ്ങള്‍ക്ക് സ്വയം ചെയ്യാനും പറ്റും. ഏതായാലും വിറ്റ കാര്‍ ആര്‍സി ഉടമയുടെ പേര് മാറ്റാതെ ഇതേ രീതിയില്‍ രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റും ഉപയോഗപ്പെടുത്തിയാല്‍ പിന്നീട് എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് പറയേണ്ടതില്ലെല്ലോ.


Click it and Unblock the Notifications








