വിരുന്നെത്തി അപകടങ്ങള്‍; മൂടല്‍മഞ്ഞില്‍ വാഹനമോടിക്കുമ്പോള്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങള്‍
ശൈത്യകാലത്ത് മൂടല്‍മഞ്ഞ് മൂടിയ ഹൈവേകളി വാഹനമോടിക്കുന്നത് അത്യന്തം ദുഷ്‌കരമായ ഒരു പ്രവര്‍ത്തിയാണ്. അപകട സാധ്യത വളരെ കൂടുതലായതിനാല്‍ മൂടല്‍മഞ്ഞുള്ള റോഡുകളിലൂടെ വാഹനം ഓടിക്കുമ്പോള്‍ വളരെയേറെ ശ്രദ്ധിക്കേണ്ടതുണ്ട്. ഇത്തരം സാഹചര്യത്തില്‍ വാഹനം ഓടിക്കാന്‍ ആളുകള്‍ക്ക് വലിയ താല്‍പര്യമില്ലെങ്കിലും സാഹചര്യങ്ങള്‍ കാരണം അപകടകരമായ ദൗത്യം ഏറ്റെടുക്കാന്‍ അവര്‍ നിര്‍ബന്ധിതരാകുന്നു.
ചില സമയങ്ങളില്‍ അതീവ ജാഗ്രത പാലിച്ചാലും അപകടങ്ങള്‍ സംഭവിക്കുന്നു. മൂടല്‍മഞ്ഞ് മൂലമുണ്ടായ ഏറ്റവും പുതിയ അപകടങ്ങളിലൊന്ന് കഴിഞ്ഞ ദിവസം യമുന നഗറില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തു. കനത്ത മൂടല്‍മഞ്ഞ് കാരണം ദേശീയപാതയില്‍ 25 ഓളം കാറുകളാണ് കൂട്ടിയിടിച്ചത്. 24 വാഹനങ്ങള്‍ ഉള്‍പ്പെട്ട കൂട്ടയിടിയില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. ഭൂരിഭാഗം വാഹനങ്ങള്‍ക്കും വന്‍തോതില്‍ കേടുപാടുകള്‍ സംഭവിച്ചതായാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഭാഗ്യവശാല്‍ അപകടത്തില്‍ ആളപായമൊന്നും സംഭവിച്ചില്ല.

വന്‍ മൂടല്‍മഞ്ഞ് മൂലമാണ് അപകടമുണ്ടായതെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. ഈ കാലാവസ്ഥയില്‍ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്നും വളരെ കുറഞ്ഞ വേഗതയില്‍ വാഹനങ്ങള്‍ ഓടിക്കണമെന്നും പൊലീസ് അഭ്യര്‍ത്ഥിച്ചു. രാജ്യത്തിന്റെ വടക്കന്‍ ഭാഗങ്ങളില്‍ മൂടല്‍മഞ്ഞ് മൂലം വീണ്ടും റോഡപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് തുടങ്ങിയതിനാല്‍ തന്നെ നമ്മളും ജാഗ്രത പാലിക്കണം. ഉത്തര്‍പ്രദേശിലെ മെയിന്‍പുരിയില്‍ ദൂരക്കാഴ്ച കുറവായതിനെ തുടര്‍ന്ന് ട്രാക്ടര്‍ മറിഞ്ഞുണ്ടായ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചിരുന്നു. ശൈത്യകാലത്ത് കുറഞ്ഞ ദൃശ്യപരതയും അശ്രദ്ധയും കാരണം എപ്പോള്‍ വേണമെങ്കിലും അപകടങ്ങള്‍ സംഭവിക്കാം. അതിനാല്‍ തന്നെ മൂടല്‍മഞ്ഞില്‍ വാഹനമോടിക്കുമ്പോള്‍ ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തതുമായ കുറച്ച് കാര്യങ്ങളാണ് നമ്മള്‍ ഇന്ന് പറയാന്‍ പോകുന്നത്.
അമിതവേഗത, ഓവര്‍ടേക്ക് എന്നിവ ഒഴിവാക്കുക
മൂടല്‍ മഞ്ഞിലൂടെ വാഹനം ഓടിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ട പോയിന്റാണിത്. മൂടല്‍മഞ്ഞിലൂടെ നിങ്ങള്‍ക്ക് മുമ്പോട്ട് വ്യക്തമായ കാഴ്ച ലഭിക്കുന്നില്ലെങ്കില്‍ അമിതവേഗതയോ ഓവര്‍ടേക്കിംഗോ പൂര്‍ണ്ണമായും ഒഴിവാക്കണമെന്നത് വ്യക്തമാണ്. പെഡലില്‍ നേരിയ തോതില്‍ കാല്‍ അമര്‍ത്തുകയും സ്ലോ ബ്രേക്കിംഗും പിന്നില്‍ വരുന്ന വാഹനങ്ങള്‍ നിങ്ങളെ ഇടിക്കാതിരിക്കാനും സഹായിക്കും. മൂടല്‍മഞ്ഞ് ഉള്ളപ്പോള്‍ വാഹനമോടിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം പരമാവധി ക്ഷമയോടെ വാഹനമോടിക്കുക എന്നതാണ്. ക്ഷമയോടെ വേഗത കുറച്ച് വണ്ടിയോടിച്ചാല്‍ സുരക്ഷിതരായി വീട്ടിലെത്തിച്ചേരാം.

സുരക്ഷിത അകലം പാലിച്ച് ലെയ്‌നില്‍ ഡ്രൈവ് ചെയ്യുക
മൂടല്‍മഞ്ഞ് മൂലമുള്ള റോഡപകടങ്ങള്‍ക്ക് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് കാഴ്ച കുറയുന്നതാണ്. സുരക്ഷ ഉറപ്പാക്കാന്‍, മറ്റ് വാഹനങ്ങളുമായി മതിയായ അകലം പാലിക്കേണ്ടത് പ്രധാനമാണ്. മൂടല്‍മഞ്ഞില്‍ വാഹനമോടിക്കുമ്പോള്‍ ലെയ്‌നില്‍ ഉറച്ച് വണ്ടി ഓടിക്കുന്നതും വളരെ പ്രധാനമാണ്. പെട്ടെന്ന് ലെയ്ന്‍ മാറുന്നത് കൂട്ടിയിടിയില്‍ ചെന്ന് കലാശിച്ചേക്കാം. ദൃശ്യപരത കുറവാണെങ്കില്‍, വാഹനം അതിന്റെ ലെയ്‌നില്‍ തന്നെ തുടരുന്നുവെന്നും മാറുന്നില്ലെന്നും ഉറപ്പാക്കാന്‍ വെള്ള നിറത്തിലുള്ള ലെയ്ന്‍ മാര്‍ക്കിംഗുകളും പിന്തുടരുക. അത് നിങ്ങളെ സഹായിക്കും.
ജാഗ്രത പാലിക്കുക, മറ്റുള്ളവര്‍ക്ക് ദൃശ്യമാകുക
കണ്ണുകള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയാതെ വരുമ്പോള്‍ ചെവികള്‍ നിങ്ങളെ സഹായിക്കും. ഇതിനായി ചില കാര്യങ്ങള്‍ നമ്മള്‍ ചെയ്യേണ്ടതുണ്ട്. മ്യൂസിക് ശബ്ദം കുറയ്ക്കുക, കോളുകള്‍ ഒഴിവാക്കുക, മൂടല്‍മഞ്ഞ് സമയത്ത് റോഡിലേക്ക് പരമാവധി ശ്രദ്ധിക്കുക. ഇത് ഡ്രൈവിംഗിനിടെ നല്ല ശ്രദ്ധയോടെ കേള്‍ക്കാനും എതിര്‍ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങളെ മനസ്സിലാക്കാനും കൂട്ടിയിടി ഒഴിവാക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കാനും നിങ്ങളെ സഹായിക്കും. ഇതോടൊപ്പം വാഹനത്തിന്റെ ഹസാര്‍ഡ് ലൈറ്റുകള്‍ ഓണ്‍ ചെയ്തുകൊണ്ടിരിക്കുക. യാത്രയില്‍ ദൃശ്യപരത കുറവാണെങ്കില്‍ പോലും നിങ്ങള്‍ മറ്റുള്ള വാഹനങ്ങളുടെ ശ്രദ്ധയില്‍ പെടാന്‍ ഇത് കാരണമാകും. നിങ്ങള്‍ ലെയ്ന്‍ മാറ്റുകയോ തിരിയുകയോ ചെയ്യുന്നതിനുമുമ്പ് ഇന്‍ഡിക്കേറ്ററുകള്‍ മുന്‍കൂട്ടി ഉപയോഗിക്കുന്നത് മറ്റുള്ളവരെ ജാഗ്രത പാലിക്കാന്‍ സഹായിക്കും.
ട്രാക്കില്‍ തുടരാന്‍ മാപ്പുകള്‍ ഉപയോഗിക്കുക
ഗൂഗിള്‍ മാപ്പ്് എല്ലാ സമയത്തും കൃത്യമല്ലെന്നും പലപ്പോഴും 'പണി' തരാറുണ്ടെന്ന കാര്യം നമ്മള്‍ക്കറിയാം. എങ്കിലും മൂടല്‍മഞ്ഞിലൂടെയുള്ള ഡ്രൈവിംഗിനിടെയില്‍ നിങ്ങള്‍ നാവിഗേഷന്‍ സ്‌ക്രീന്‍ ഓണായി സൂക്ഷിക്കുന്നത്, കോടയില്‍ മൂടിയ റോഡുകളിലെ വളവുകളും തിരിവുകളും വഴികളും തിരിച്ചറിയാന്‍ നിങ്ങളെ സഹായിക്കും. ഒരു തെറ്റായ വളവോ തിരിവോ ദുരന്തത്തിലേക്ക് നയിച്ചേക്കാവുന്ന മലയോര പ്രദേശങ്ങളിലൂടെ ഡ്രൈവ് ചെയ്യുമ്പോള്‍ പ്രത്യേകിച്ചും. റോഡില്‍ ഒന്നും കാണാന്‍ കഴിയാത്ത സാഹചര്യങ്ങളില്‍ മുമ്പില്‍ വരാനിരിക്കുന്ന തിരക്ക് പരിശോധിക്കാനും വേഗത കുറയ്ക്കാന്‍ ഡ്രൈവര്‍ക്ക് മുന്നറിയിപ്പ് നല്‍കാനും മാപ്പുകള്‍ സഹായിക്കും.
വിന്‍ഡോ, ലൈറ്റ്, വിന്‍ഡ്ഷീല്‍ഡ് വൃത്തിയായി സൂക്ഷിക്കുക
വിന്‍ഡ്സ്‌ക്രീനോ ലൈറ്റോ മൂടല്‍മഞ്ഞുള്ള ദിവസങ്ങളില്‍ തെളിച്ചമില്ലാതെ വൃത്തികേടായിരുന്നാല്‍ അത് കാഴ്ച കുറയ്ക്കുകയും അതുവഴി റോഡപകടങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും. അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍, സൈഡ് വിന്‍ഡോകള്‍ക്കൊപ്പം ആ വളരെ പ്രധാനമായും ഈ ഭാഗങ്ങള്‍ ശരിയായി വൃത്തിയാക്കേണ്ടത് വളരെ പ്രധാനമാണ്. കണ്ടന്‍സേഷന്‍ കാരണം വിന്‍ഡോകളിലും വിന്‍ഡ്ഷീല്‍ഡിലും ഫോഗ് വരുന്നത് ഒഴിവാക്കാ്‌നും ദൃശ്യപരത വര്‍ദ്ധിപ്പിക്കുന്നതിന് ഹീറ്റര്‍ അല്ലെങ്കില്‍ ഡീഫോഗര്‍ ഓണാക്കുക. മൂടല്‍ മഞ്ഞ് നിറഞ്ഞ റോഡുകളിലൂടെയുള്ള യാത്ര അത്യന്തം ജാഗ്രത പാലിക്കേണ്ട ഒന്നാണ്. അതിനാല്‍ തന്നെ കേരളത്തിലെയടക്കം ഹൈറേഞ്ചുകളിലുടെയും ഹൈവേകളിലുടെയും ശൈത്യകാലത്ത് ഡ്രൈവ് ചെയ്യുമ്പോള്‍ മുകളില്‍ പറഞ്ഞ നുറുങ്ങുകള്‍ പാലിക്കാന്‍ ശ്രദ്ധിക്കുന്നത് വളരെയേറെ ഗുണം ചെയ്യും.


Click it and Unblock the Notifications








