വെടിവച്ചാൽ പുക മാത്രം; ബുളളറ്റ് പ്രൂഫ് വാഹനങ്ങളുടെ പ്രത്യേകതകൾ അറിയാം
ബുളളറ്റ് പ്രൂഫ് വാഹനങ്ങളെ കുറിച്ചു കേൾക്കുകയും ചിലപ്പോഴൊക്കെ നേരിട്ട് കാണാൻ സാധിച്ചിട്ടുമുണ്ട്. എന്നാൽ എങ്ങനെയാണ് ഈ വാഹനം നിർമിക്കുന്നതെന്നും, ഇതിൽ ഒരുക്കിയിരിക്കുന്ന സംവിധാനങ്ങൾ എങ്ങനെയൊക്കെ ആണെന്നും എല്ലാവർക്കും പരിചയമുളളതല്ല. ടൊയോട്ട ഫോർച്യൂണർ, നമുക്കെല്ലാവർക്കും അറിയാവുന്നതുപോലെ, അധികാര സ്ഥാനങ്ങളിലുള്ളവരുടെയും സെലിബ്രിറ്റികളുടേയും ആദ്യ ചോയിസാണ്. അത് കൊണ്ട് തന്നെ കസ്റ്റമേഴ്സിൻ്റെ ആവശ്യപ്രകാരം ഇന്ത്യയിൽ ബുള്ളറ്റ് പ്രൂഫ് ലഭിക്കുന്ന ഏറ്റവും ജനപ്രിയമായ വാഹനങ്ങളിൽ ഒന്നാണിത്.
അടുത്തിടെ, അത്തരമൊരു ബുള്ളറ്റ് പ്രൂഫ് ഫോർച്യൂണർ കാണിക്കുന്ന ഒരു വീഡിയോ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഒരു നോർമൽ വാഹനവും ബുള്ളറ്റ് പ്രൂഫ് ടൊയോട്ട ഫോർച്യൂണർ എസ്‌യുവിയും തമ്മിലുള്ള എല്ലാ വ്യത്യാസങ്ങളും വീഡിയോയിൽ വളരെ വിശദമായി കാണിക്കുന്നുണ്ട്. വീഡിയോയിൽ, വെളുത്ത നിറമുള്ള ടൊയോട്ട ഫോർച്യൂണർ എസ്‌യുവിയാണ് കാണിക്കുന്നത്. പുറത്ത് നിന്ന് നോക്കുമ്പോൾ ഒരു സാധാരണ ഫോർച്യൂണറിനെപ്പോലെയാണ് തോന്നുന്നത്. പക്ഷേ അതൊരു ബുളളറ്റ് പ്രൂഫ് വാഹനമാണ്.

ഈ ബുള്ളറ്റ് പ്രൂഫ് ടൊയോട്ട ഫോർച്യൂണർ സൃഷ്ടിച്ച കടയുടെ ഉടമയെ അവതാരകൻ ആദ്യം പരിചയപ്പെടുത്തുന്നുണ്ട്. എസ്‌യുവിയുടെ പുറംഭാഗം കാണിക്കുകയും, തുടർന്ന് ബുള്ളറ്റ് പ്രൂഫ് ചെയ്ത ഡോർ വിശദീകരിക്കുന്നു. ബുള്ളറ്റുകളിൽ നിന്ന് സംരക്ഷിക്കുന്നതിനായി എസ്‌യുവിയുടെ ഡോറിന്റെ ഗ്ലാസ് പൂർണ്ണമായും മാറ്റി വളരെ കട്ടിയുള്ള ഒന്ന് ഉപയോഗിച്ചിരിക്കുകയാണ്. സംരക്ഷണത്തിനായി വാതിൽ പാനലുകൾക്ക് പിന്നിൽ ഉറപ്പിച്ച ഉരുക്ക് ഉണ്ടെന്ന് അവതാരകൻ വിശദീകരിക്കുന്നു. ഇതുകൂടാതെ, ഡോർ സീലുകളുടെ ഇടയിൽ തുകൽ കൊണ്ട് പൊതിഞ്ഞ ഒരു സ്റ്റീൽ ക്ലാഡിംഗ് ലഭിക്കുന്നു.
എസ്‌യുവിയുടെ ബുള്ളറ്റ് പ്രൂഫ് വിൻഡ്‌ഷീൽഡിലേക്ക് നോക്കിയാൽ എകെ 47 മെഷീൻ ഗണ്ണിന്റെയും എസ്എൽആർ തോക്കിന്റെയും വെടിയുണ്ടകളെ ചെറുക്കാൻ പ്രാപ്തമാണ് ഈ ഗ്ലാസുകൾ, അത് പോലെ തന്നെ ബുള്ളറ്റുകൾ കൊണ്ടാലും 200-250 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയുന്ന റൺ ഫ്ലാറ്റ് ടയറുകളാണ് കാറിലുള്ളത്. 1000 കിലോ താങ്ങാൻ ശേഷിയുളള സസ്പെൻഷനുകളാണ് കാറിൽ സജ്ജീകരിച്ചിരിക്കുന്നത്. ഉയർന്ന സസ്പെൻഷനുളള വാഹനങ്ങൾക്കാണ് ബുളളറ്റ് പ്രൂഫ് ആക്കാൻ പരിഗണിക്കാറുളളു.

വാഹനത്തിൻ്റെ റൂഫ് പോലും സ്റ്റീൽ കൊണ്ട് പൊതിഞ്ഞിട്ടുണ്ട് എന്നാണ് അവതാരകൻ പറയുന്നത്. ഒരു വാഹനം ബുളളറ്റ് ഫ്രൂഫാക്കിയതിന് ശേഷം അധിക ഭാരം കാരണം ഇത് സാധാരണയായി പെർഫോമൻസ് കുറയ്ക്കുമെന്ന് ഉടമ പറയുന്നു. വാഹനത്തിന്റെ മൈലേജും ഗണ്യമായി കുറയും. അവസാനമായി, സസ്‌പെൻഷനും ടയറുകളും ഒരു നിശ്ചിത കിലോമീറ്ററുകൾക്ക് ശേഷം മാറ്റേണ്ടതിനാൽ അറ്റകുറ്റപ്പണികൾ വളരെ ചെലവേറിയതായി മാറുമെന്ന് കൂടി അദ്ദേഹം ഓർമിപ്പിക്കുന്നു.
ഇന്ത്യന്‍ വിപണിയില്‍ എംജി ഗ്ലോസ്റ്റര്‍, ജീപ്പ് മെറിഡിയന്‍, സ്‌കോഡ കൊഡിയാക്ക്, ഫോക്സ്‍വാഗണ്‍ ടിഗുവാന്‍ എന്നീ മോഡലുകള്‍ക്കെതിരെയാണ് ടൊയോട്ട ഫോര്‍ച്യൂണര്‍ മത്സരിക്കുന്നത്. വില്‍പ്പനയുടെ കാര്യത്തില്‍ ഈ മോഡുകളൊന്നും ഫോര്‍ച്യൂണറിന്റെ ഏഴയലത്ത് എത്തില്ലെന്നതാണ് യാഥാര്‍ത്ഥ്യം. മുമ്പ് ഫോര്‍ഡ് എന്‍ഡവര്‍ ടൊയോട്ട ഫോര്‍ച്യൂണറിന് ചെറുതായി വെല്ലുവിളി ഉയര്‍ത്തിയിരുന്നെങ്കിലും അമേരിക്കന്‍ വാഹന നിര്‍മാതാക്കള്‍ മുമ്പേ ഇന്ത്യ വിട്ടതും ഫേര്‍ച്യൂണറിന് ഗുണമായി.

ഫോര്‍ഡ് ഇന്ത്യ വിട്ടതിനെ തുടര്‍ന്ന് എന്‍ഡവര്‍ ലഭ്യമല്ലാത്തതിനാല്‍ സെഗ്‌മെന്റ് ഇപ്പോള്‍ ഫോര്‍ച്യൂണര്‍ അടക്കിഭരിക്കുകയാണ്. 2.7 ലിറ്റര്‍ പെട്രോള്‍, 2.8 ലിറ്റര്‍ ഡീസല്‍ എന്നിങ്ങനെ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലാണ് വാഹനം സ്വന്തമാക്കാനാവുന്നത്. ആദ്യത്തെ എഞ്ചിന്‍ 164 bhp പവറില്‍ പരമാവധി 245 Nm ടോര്‍ക്ക് നല്‍കുമ്പോള്‍ രണ്ടാമത്തേത് 201 bhp കരുത്തില്‍ 500 Nm ടോര്‍ക്ക് വരെ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്.
ഓപ്ഷണല്‍ 4x4 സിസ്റ്റമുള്ള 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകളാണ് എസ്‌യുവിയില്‍ ഒരുക്കിയിരിക്കുന്നത്. ഇക്കഴിഞ്ഞ ദിവസം ടൊയോട്ട 7 സീറ്റര്‍ എസ്‌യുവിയുടെ വില വീണ്ടും വര്‍ധിപ്പിച്ചിരുന്നു. ഇനി പുതുതായി എസ്‌യുവി വാങ്ങാന്‍ താല്‍പര്യമുള്ളവര്‍ 70,000 രൂപയോളം അധികം കരുതണമെന്നാണ് കമ്പനി പറയുന്നത്. ഇപ്പോള്‍ കാറിന്റെ പ്രാരംഭ എക്‌സ്‌ഷോറൂം വില 33.43 ലക്ഷം രൂപയായി ഉയര്‍ന്നു.
രാജ്യത്ത് ഏറ്റവും കൂടുതല്‍ വില്‍പ്പന നടക്കുന്ന സമയമായ ഉത്സവ സീസണിനോട് അനുബന്ധിച്ചാണ് വില വര്‍ധിപ്പിച്ചിരിക്കുന്നത്. ഇത് വില്‍പ്പനയില്‍ പ്രതിഫലിക്കുമോ എന്ന് കണ്ടറിയണം. അടുത്ത വര്‍ഷം ഫുള്‍സൈസ് എസ്‌യുവിയുടെ പുതുതലമുറ പതിപ്പ് പുറത്തിറക്കാനിരിക്കുകയാണ് ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍. ഹൈബ്രിഡ് പവര്‍ട്രെയിന്‍ ഓപ്ഷനുമായിട്ടായിരിക്കും എസ്‌യുവി എത്തുകയെന്ന് നിര്‍മാതാക്കള്‍ സ്ഥിരീകരിച്ചിരുന്നു.


Click it and Unblock the Notifications








