'സർവം മായ'യല്ല, ഈ വോൾവോ റൈഡ് യാഥാർത്ഥ്യം! ഹിറ്റ് സിനിമയുടെ വിജയത്തിൽ പിതാവിന് അഖിൽ സത്യന്റെ സർപ്രൈസ്
സമീപകാലത്ത് മലയാള സിനിമ കണ്ട ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നാണ് 'സര്‍വം മായ' (Sarvam Maya). നിവിന്‍ പോളി, റിയ ഷിബു, അജു വര്‍ഗീസ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ച ചിത്രം ആഗോള ബോക്‌സ്ഓഫീസില്‍ നിന്ന് 150 കോടി രൂപയിലധികമാണ് വാരിയത്. കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ വേള്‍ഡ്‌വൈഡ് കളക്ഷന്‍ നേടിയ നാലാമത്തെ മലയാള സിനിമയായിരുന്നു സര്‍വം മായ. ഇപ്പോള്‍ തന്റെ പുതിയ ചിത്രത്തിന്റെ വന്‍ വിജയം സംവിധായകന്‍ അഖില്‍ സത്യന്‍ ഏറ്റവും ഉചിതമായ രീതിയില്‍ തന്നെ ആഘോഷിക്കുകാണ്.
തന്റെ ചിത്രത്തിന് ലഭിച്ച ജനപിന്തുണയുടെ സന്തോഷത്തില്‍ പിതാവും പ്രശസ്ത സംവിധായകനുമായ സത്യന്‍ അന്തിക്കാടിന് ലക്ഷ്വറി എസ്‌യുവി സമ്മാനിച്ചിരിക്കുകയാണ് അഖില്‍. വോള്‍വോയുടെ ഏറ്റവും പ്രശസ്തമായ XC 60 (Volvo XC60) മോഡലാണ് അഖില്‍ സത്യന്‍ തന്റെ പിതാവിനായി വാങ്ങിയത്.ലോകത്തിലെ ഏറ്റവും സുരക്ഷിതമായ എസ്‌യുവികളില്‍ ഒന്നായി കണക്കാക്കപ്പെടുന്ന വോള്‍വോ XC 60 കൊച്ചിയിലെ വോള്‍വോ ഡീലര്‍ഷിപ്പില്‍ നിന്നാണ് അദ്ദേഹം ഡെലിവറിയെടുത്തത്.

ഏകദേശം 68.10 ലക്ഷം രൂപയാണ് ഈ കാറിന്റെ എക്‌സ്-ഷോറൂം വില വരുന്നത്. തിയേറ്ററുകളില്‍ വന്‍ വിജയമായ ശേഷം 'സര്‍വം മായ' ഒടിടി പ്ലാറ്റ്ഫോമിലും തരംഗമായി തുടരുമ്പോഴാണ് മകന്‍ പിതാവിന് ഈ വിലപിടിപ്പുള്ള സമ്മാനം നല്‍കിയിരിക്കുന്നത്. വോള്‍വോയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട മോഡലാണ് XC 60.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ നിരവധി അത്യാധുനിക മാറ്റങ്ങളോടെ എസ്‌യുവിയുടെ പുതുതലമുറ പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ എത്തിയിരുന്നു. പുനര്‍രൂപകല്‍പ്പന ചെയ്ത ഗ്രില്ലുകള്‍, പുതിയ ഫ്രണ്ട് ബമ്പര്‍, അലോയ് വീലുകള്‍ എന്നിവ വാഹനത്തിന് കൂടുതല്‍ പ്രീമിയം ലുക്ക് നല്‍കുന്നുണ്ട്. മോഡേണ്‍ എക്സ്റ്റീരിയര്‍ ഡിസൈനിനൊപ്പം പനോരമിക് ഗ്ലാസ് റൂഫ്, ഫോര്‍-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവയും വോള്‍വോ XC 60-യെ ആകര്‍ഷകമാക്കുന്നു.
സാങ്കേതിക മികവിന്റെ കാര്യത്തില്‍ വോള്‍വോ XC 60 ഏറെ മുന്നിലാണ്. വാഹനത്തിന്റെ അകത്തളത്തില്‍ 11.2 ഇഞ്ച് വലിപ്പമുള്ള ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റവും 12.3 ഇഞ്ച് ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേയും സജ്ജീകരിച്ചിരിക്കുന്നു. കൂടാതെ, മസാജ് ഫംഗ്ഷനോടു കൂടിയ ഫ്രണ്ട് സീറ്റുകള്‍, ബോവേഴ്സ് & വില്‍ക്കിന്‍സ് ഓഡിയോ സിസ്റ്റം എന്നിവ ദീര്‍ഘദൂര യാത്രകള്‍ കൂടുതല്‍ സുഖകരമാക്കാന്‍ സഹായിക്കുന്ന ഘടകങ്ങളാണ്.
സുരക്ഷാ മാനദണ്ഡങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് വോള്‍വോ സ്വീകരിച്ചിരിക്കുന്നത്. അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം (ADAS), അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ലെയിന്‍ കീപ്പിംഗ് എയ്ഡ് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങള്‍ ഈ വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അപകടങ്ങള്‍ ഒഴിവാക്കാനും സുരക്ഷിതമായ ഡ്രൈവിംഗ് അനുഭവം ഉറപ്പാക്കാനും 360-ഡിഗ്രി ക്യാമറകളും പൈലറ്റ് അസിസ്റ്റ് ഫീച്ചറുകളും വാഹനത്തിന് കരുത്തേകുന്നു.

മെക്കാനിക്കല്‍ വശങ്ങളിലേക്ക് നോക്കിയാല്‍, 2.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിനാണ് ഈ ലക്ഷ്വറി എസ്‌യുവിക്ക് കരുത്ത് പകരുന്നത്. 48 വോള്‍ട്ട് മൈല്‍ഡ്-ഹൈബ്രിഡ് സംവിധാനവും ഇതിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. 247 bhp പവറും 360 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തിലാണ് എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്.
8-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായാണ് ഘടിപ്പിച്ചിരിക്കുന്ന എഞ്ചിന്‍ സിറ്റിയിലും ഹൈവേകളിലും മികച്ച പ്രകടനം കാഴ്ചവെക്കുന്നു.സത്യന്‍ അന്തിക്കാടിനെ പോലെ മുതിര്‍ന്ന സംവിധായകന് യാത്രാ സുഖവും സുരക്ഷയും ഒരുപോലെ ഉറപ്പാക്കുന്ന വാഹനം വേണം എന്ന ചിന്തിയിലാകാം അഖില്‍ സത്യന്‍ വോള്‍വോ XC 60 എസ്‌യുവി മോഡല്‍ തന്നെ തിരഞ്ഞെടുത്തത്.

ആരാധകരും സഹപ്രവര്‍ത്തകരുമടക്കം നിരവധിയാളുകള്‍ സത്യന്‍ അന്തിക്കാടിനും അഖിലിനും ആശംസകള്‍ നേര്‍ന്നു. സംവിധായകന്‍ എന്ന നിലയിലുള്ള തന്റെ കരിയറിലെ വലിയൊരു നാഴികക്കല്ല് പിന്നിട്ട അഖിലിന് തന്റെ ഗുരു കൂടിയായ പിതാവിന് ഈ അവസരത്തില്‍ ഇതിലും മികച്ച സമ്മാനം നല്‍കാനില്ല. പുത്തന്‍ വോള്‍വോയില്‍ ഇതിഹാസ സംവിധായകന്റെ ഭാവി യാത്രകള്‍ ഇനി കൂടുതല്‍ സുരക്ഷിതവും ആഡംബര പൂര്‍ണവുമായിരിക്കുമെന്ന് ഉറപ്പാണ്.


Click it and Unblock the Notifications








