ഈ ഇത്തരിക്കുഞ്ഞനെ അവഗണിക്കല്ലേ...എയര്‍ വാല്‍വ് ക്യാപ് ഇല്ലെങ്കിലുള്ള പ്രശ്‌നങ്ങള്‍ അറിയാമോ?
വാഹനങ്ങളുടെ ചക്രം നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടെങ്കില്‍ അതില്‍ ഒരു എയര്‍ വാല്‍വ് ക്യാപ് കാണാന്‍ സാധിക്കും. എന്നാല്‍ വാഹന ടയറുകളുടെ എയര്‍ വാല്‍വ് ഏരിയ മറച്ച് സുരക്ഷിതമാക്കി വെക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പലര്‍ക്കും അറിയില്ല. ഇത് വണ്ടിയുടെ സൗന്ദര്യത്തിന് വേണ്ടി നല്‍കുന്ന ഒന്നല്ല. നേരെമറിച്ച് ടയറിന്റെ ഈടിന് ഇത് വളരെ പ്രധാനമാണ്.
കൂടാതെ ടയറുകള്‍ക്ക് അപ്രതീക്ഷിത കേടുപാടുകള്‍ ഉണ്ടാകാനുള്ള സാധ്യതയും ഇത് കുറയ്ക്കുന്നു. ഇന്ന് വാഹനമോടിക്കുന്ന അധികം പേരുടെയും വണ്ടികളുടെ ടയറുകള്‍ ശ്രദ്ധിച്ചാല്‍ ഭൂരിപക്ഷത്തിനും എയര്‍ വാല്‍വ് കവര്‍ കാണാന്‍ സാധ്യതയില്ല. പലരും ടയറില്‍ കാറ്റ് നിറക്കുമ്പോള്‍ ഈ എയര്‍ വാല്‍വ് ക്യാപ്പുകള്‍ നഷ്ടപ്പെടുത്തുന്നു. ഒരുപക്ഷേ അത് ശരിയായി ധരിക്കാന്‍ മറക്കുകയോ ചെയ്യുന്നു. ഇത് ആശയക്കുഴപ്പത്തിലേക്ക് നയിക്കുന്നു. ഒരു ചെറിയ ക്യാപ്പ് അല്ലേ എന്ന് കരുതി പലരും അത് കാര്യമായി എടുക്കാറില്ല.

ഇതുമൂലമാണ് നമ്മുടെ നിരത്തില്‍ ഓടുന്ന ഒട്ടുമിക്ക വാഹനങ്ങളിലും ഈ എയര്‍ വാല്‍വ് ക്യാപ് കാണാന്‍ പറ്റാത്തത്. ക്യാപില്ലെങ്കിലും എയര്‍ വാല്‍വ് മാത്രം പുറത്ത് കാണാന്‍ പറ്റും. ഈ എയര്‍ വാല്‍വ് ക്യാപിന്റെ യഥാര്‍ത്ഥ ഉപയോഗം പലര്‍ക്കും അറിയില്ല എന്നതാണ് ഇതിന് പ്രധാന കാരണം. കാരണം എയര്‍ വാല്‍വ് ക്യാപ് ഇല്ലെങ്കിലും വാഹനത്തിന് യാതൊരു പ്രശ്‌നവും ഇല്ലെന്നാണ് പലരും കരുതുന്നത്.
ടയറില്‍ കാണുന്ന എയര്‍ വാല്‍വ് കവറോ ക്യാപോ ഇല്ലാതെ ഓടിക്കുന്നത് സുരക്ഷിതമല്ല.ടയറില്‍ എയര്‍ വാല്‍വ് ക്യാപ് നല്‍കുന്നതിന് പിന്നില്‍ വ്യക്തമായ ചില കാരണങ്ങള്‍ ഉണ്ട്. എയര്‍ വാല്‍വിലേക്ക് പൊടിയും മറ്റ് അവശിഷ്ടങ്ങളും പ്രവേശിക്കുന്നത് തടയുക എന്നതാണ് ഇതിന്റെ പ്രധാന ഉദ്ദേശ്യം. ഒപ്പം എയര്‍ വാല്‍വ് ഏരിയയിലൂടെ ടയറില്‍ നിന്ന് കാറ്റ് പുറത്തേക്ക് പോകുന്നത് തടയുക എന്നതും ഒരു കര്‍ത്തവ്യമാണ്. നമ്മള്‍ റോഡിലൂടെ വാഹനം ഓടിക്കുന്നവരായതിനാല്‍ ഇത് രണ്ടും വളരെ പ്രധാനപ്പെട്ട സംഗതികളാണെന്ന് മനസ്സിലാക്കണം.

റോഡും വാഹനവും തമ്മിലുള്ള ഏക ബന്ധം ടയര്‍ മാത്രമാണ്. റോഡിലോ പരിസരത്തോ ഉള്ള പൊടിപടലങ്ങളും മറ്റും എയര്‍ വാല്‍വില്‍ കുടുങ്ങിക്കിടന്നാല്‍ അത് ടയറിന് നല്ലതല്ലെന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലെല്ലോ. അതുകൊണ്ടാണ് ഒരു എയര്‍ വാല്‍വ് ക്യാപ് ടയറിന് വളരെ സുപ്രധാനമാണെന്ന് പറയുന്നത്. ഇതിന്റെ വിലയും വളരെ തുച്ഛമാണ്. ചെറിയൊരു സംഗതിയല്ലേ പോട്ടെ എന്ന് കരുതുന്നതിന് പകരം അത് ഉപയോഗിച്ചാല്‍ നേട്ടങ്ങള്‍ വളരെ വലുതാണ്.
നിങ്ങളുടെ വാഹനത്തിന്റെ ടയറിന്റെ എയര്‍ വാല്‍വ് ക്യാപ്പ് നഷ്ടപ്പെട്ടാല്‍ ഉടന്‍ തന്നെ അടുത്തുള്ള ഓട്ടോമൊബൈല്‍ സ്പെയര്‍ പാര്‍ട്സ് സ്റ്റോറുകളില്‍ പോയി പുതിയൊരെണ്ണം വാങ്ങി ഫിറ്റ് ചെയ്യുക. കടകളില്‍ ലഭ്യമല്ലെങ്കില്‍ ഇത് ഓണ്‍ലൈനായും വാങ്ങി ടയറില്‍ ഉപയോഗിക്കാവുന്നതാണ്. പ്ലാസ്റ്റിക്, മെറ്റല്‍ എന്നിവയാല്‍ നിര്‍മിച്ച എയര്‍ വാല്‍വ് ക്യാപ്പുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. മെറ്റലിനേക്കാള്‍ നല്ലത് പ്ലാസ്റ്റിക് ആണെന്നാണ് ഞങ്ങളുടെ അഭിപ്രായം. കാരണം മെറ്റല്‍ ടയര്‍ ക്യാപ് ആയാല്‍ അത് വേഗത്തില്‍ തുരുമ്പെടുക്കാന്‍ സാധ്യതയുണ്ട്.
വേറെ ഒരു പ്രശ്‌നം എന്തെന്നാല്‍ മെറ്റല്‍ ക്യാപ് ആയാല്‍ അത് നീക്കംചെയ്യുന്നതും വളരെ ബുദ്ധിമുട്ടാണ്. അതുകൊണ്ട് പ്ലാസ്റ്റിക് ആണ് നല്ലത്. നിങ്ങള്‍ ഒരുപക്ഷേ ദീര്‍ഘദൂര യാത്രയില്‍ ആയിരിക്കുമ്പോയോ മറ്റോ ആണ് എയര്‍ വാല്‍വ് ക്യാപ് നഷ്ടപ്പെടുന്നതെങ്കില്‍ അത് ഉടനെ മാറ്റുന്നത് ഒരുപക്ഷേ ബുദ്ധിമുട്ടായാക്കോം. ഈ എയര്‍ വാല്‍വ് ക്യാപ് ഇല്ലാതെ യാത്ര ചെയ്യുന്നത് വലിയ അപകടമല്ല, എങ്കിലും അതുകൊണ്ടുള്ള ഗുണങ്ങള്‍ പരിഗണിച്ച് ഒരു മുന്‍കരുതല്‍ എന്ന നിലയില്‍ യാത്ര പൂര്‍ത്തിയാക്കി സമയം കിട്ടുമ്പോള്‍ ഈ കവര്‍ വാങ്ങി ഇന്‍സ്റ്റാള്‍ ചെയ്യുന്നതാണ് ഉത്തമം.
വാഹന ഉടമകളും വാഹനം ഓടിക്കുന്നവരുമായ നമ്മള്‍ പലപ്പോഴും അത്ര ശ്രദ്ധിക്കാത്ത ഒരു സംഗതിയായിരിക്കും ഈ എയര്‍ വാല്‍വ് ക്യാപ്പുകള്‍. ഇത് എന്തിനാണ് നല്‍കിയിരിക്കുന്നതെന്നും അതിന്റെ ഗുണങ്ങളുമെല്ലാം മനസ്സിലായിക്കാണുമെന്ന് വിശ്വസിക്കുന്നു. അഥവാ നിങ്ങളുടെ വാഹനത്തിന്റെ ടയറില്‍ എയര്‍ വാല്‍വ് ക്യാപ് കാണുന്നില്ലെങ്കില്‍ ഉടന്‍ പോയി ഒരെണ്ണം വാങ്ങൂന്നേ.. ഉപകാരം മാത്രമേ ഉണ്ടാകൂ.


Click it and Unblock the Notifications








