47000 കിലോമീറ്റർ നീളമുളള റോഡ്, ലോകത്തിലെ ഏറ്റവും വലിയ ഹൈവേ ഏതാണെന്ന് അറിയാമോ
റോഡ് ട്രിപ്പ് ഇഷ്ടപ്പെടാത്ത് ആരും തന്നെ കാണില്ല. കാറിലോ ബൈക്കിലോ ഒക്കെ ഒരു ട്രിപ്പ് പോകാൻ എല്ലാവർക്കും ഇഷ്ടമാണ്. എന്നാൽ ഒരു 47000 കിലോമീറ്ററുളള റോഡ് ട്രിപ്പ് പോകാൻ നിങ്ങൾ റെഡിയാണോ. ലോകത്തിലെ ഏറ്റവും വലിയ ഗതാഗത യോഗ്യമായ ഹൈവേ ഏതാണെന്ന് അറിയാമോ. ഏകദേശം 200 ദിവസം നീളുന്ന യാത്ര എവിടെ നിന്ന് ആരംഭിക്കണം എവിടെ അവസാനിക്കും എന്നാൽ നമ്മൾ ഈ ലേഖനത്തിലൂടെ പങ്ക് വയ്ക്കാൻ പോകുന്നത്. കൂടുതലറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.
പലരും കേട്ടിട്ടുളള ഒരു പേരായിരിക്കും പാൻ അമേരിക്കൻ ഹൈവേ എന്നത്. 15 രാജ്യങ്ങളിലൂടെ കടന്ന് പോകുന്ന ഈ ഹൈവേയുടെ നീളം അല്ലെങ്കിൽ ദൂരം എന്നത് 47000 കിലോമീറ്ററാണ്. വടക്കേ അമേരിക്കയെയും തെക്കേ അമേരിക്കയെയും ബന്ധിപ്പിക്കുന്ന ഹൈവേകളുടെ കൂട്ടമായിരുന്നു ഇത്. 1923-ൽ ഒറ്റ റൂട്ടായി വിഭാവനം ചെയ്ത ഈ റോഡ് പല രാജ്യങ്ങളിലെ റോഡുകളുമായി ബന്ധിപ്പിച്ച് കൊണ്ട് വലിയ ഹൈവേ ആയി വളരുകയായിരുന്നു. അലാസ്ക, കാനഡ എന്നിവിടങ്ങളിൽ നിന്ന് ചിലി, ബ്രസീൽ, അർജൻ്റീനയുടെ തെക്കേ അറ്റം എന്നിവിടങ്ങളിലേക്ക് വരെ വ്യാപിച്ചുകിടക്കുന്ന രീതിയിലേക്ക് എത്തി.

ഹൈവേയുടെ ചരിത്രത്തിലേക്ക് കൂടുതലായി നോക്കിയാൽ 1937-ൽ അർജൻ്റീന, ബൊളീവിയ, കാനഡ, ചിലി, കൊളംബിയ, കോസ്റ്റാറിക്ക, എൽ സാൽവഡോർ, ഗ്വാട്ടിമാല, ഹോണ്ടുറാസ്, മെക്സിക്കോ, നിക്കരാഗ്വ, പനാമ, പെറു, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നീ രാജ്യങ്ങൾ പാൻ-അമേരിക്കൻ ഹൈവേയിലെ കൺവെൻഷനിൽ ഒപ്പുവച്ചതിലൂടെ ഹൈവേയുടെ അതത് ഭാഗങ്ങളുടെ നിർമ്മാണം മെക്സിക്കൻ വിഭാഗവും യുഎസ് വിഭാഗവും ഏറ്റെടുത്തു.
ലാറ്റിനമേരിക്കൻ വിഭാഗമായ മെക്‌സിക്കൻ വിഭാഗം പൂർണമായും മെക്‌സിക്കോയാണ് നിർമ്മിക്കുകയും ധനസഹായം നൽകുകയും ചെയ്‌തത്, അതേസമയം നിരവധി മധ്യ അമേരിക്കൻ രാജ്യങ്ങളിലൂടെയുള്ള ഭാഗങ്ങൾ യു.എസ് സഹായത്തോടെ നിർമ്മിച്ചതാണ്. നിങ്ങൾ പാൻ അമേരിക്കൻ ഹൈവേയിലൂടെ സഞ്ചരിക്കാൻ ഏകദേശം 250 ദിവസം വേണ്ടി വരും. ഈ ഹൈവേയിലെ കാഴ്ച്കൾ കണ്ടും നിർത്തിയും പോയാൽ നിങ്ങൾക്ക് ഒരു വർഷം തന്നെ വേണ്ടി വരും എന്നാണ് കണക്കുകൾ പറയുന്നത്.

ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സ് പാൻ-അമേരിക്കൻ ഹൈവേയെ "ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ മോട്ടോർ റോഡ്" എന്ന് വിശേഷിപ്പിച്ചിട്ടുണ്ട് എങ്കിലും ഞാൻ മുകളിൽ സൂചിപ്പിച്ചത് പോലെ ഇത് യഥാർത്ഥത്തിൽ ഒരൊറ്റ റോഡല്ല. വടക്കേ അമേരിക്ക മുതൽ തെക്കേ അമേരിക്ക വരെ ഏകദേശം 47,000 കിലോമീറ്ററുകൾ ഉൾക്കൊള്ളുന്ന വ്യത്യസ്ത റോഡുകളുടെ ഒരു ശൃംഖലയാണിത്, വഴിയിൽ ലോകത്തിലെ ഏറ്റവും മനോഹരമായ ഭൂപ്രകൃതികളിൽ ചിലത് കാണാനും സാധിക്കും.
പാൻ അമേരിക്കൻ ഹൈവേ 24 ദിവസം കൊണ്ട് യാത്ര ചെയ്തതാണ് നിലവിലെ റെക്കോർഡ്. എന്നാൽ അത് മറികടക്കാനൊന്നും ശ്രമിക്കരുത് കേട്ടോ. പാൻ-അമേരിക്കൻ ഹൈവേ അമേരിക്കയിലെ മിക്കവാറും എല്ലാ പസഫിക് തീരദേശ രാജ്യങ്ങളിലൂടെയും ഒരു കണക്റ്റീവ് ത്രെഡ് ആയിട്ടാണ് പ്രവർത്തിക്കുന്നത്. പനാമയ്ക്കും കൊളംബിയയ്ക്കും ഇടയിലുള്ള 160 കി.മീ. ഡാരിയൻ ഗ്യാപ്പ് എന്നാണ് അറിയപ്പെടുന്നത്. മഴക്കാടുകൾ, വന്യജീവികൾ, തദ്ദേശീയ ഗോത്രങ്ങൾ എന്നിവയുള്ള ഈ പ്രദേശത്ത് കൂടെ കാറിൽ കടന്നുപോകാൻ കഴിയില്ല, വിമാനത്തിലോ കപ്പലിലോ വേണം പോകാൻ. പനാമയിൽ നിന്ന് കൊളംബിയയിലേക്കും തിരിച്ചും വാഹനങ്ങൾക്ക് കപ്പലുകൾ ലഭ്യമാണ്.
അതോടൊപ്പം തന്നെ ഹൈവേയിലൂടെ സഞ്ചരിക്കാൻ തയ്യാറെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങൾ കൂടിയുണ്ട്. നിങ്ങളുടെ ലൈസൻസിന് പുറമേ, നിങ്ങളുടെ പാസ്‌പോർട്ട്, വാക്‌സിനേഷൻ കാർഡ്, നിങ്ങളുടെ ദേശീയതയെ ആശ്രയിച്ച് ആവശ്യമായ ആവശ്യമായ വിസകൾ എന്നിവ പോലുള്ള മറ്റ് പ്രധാനപ്പെട്ട യാത്രാ രേഖകളും കൊണ്ടുവരാൻ മറക്കരുത്. നിങ്ങൾ പോകാൻ ഉദ്ദേശിക്കുന്ന സ്ഥലങ്ങൾക്കനുസരിച്ച് നിങ്ങൾക്ക് ആവശ്യമായ വാക്സിനേഷനുകൾ എടുക്കുക. മലേറിയ, ടൈഫോയ്ഡ് പനി, ഹെപ്പറ്റൈറ്റിസ് എ, ബി, റാബിസ്, ഡിഫ്തീരിയ എന്നിവ തടയുന്നതിനുള്ള കുത്തിവയ്പ്പുകളോ ഗുളികകളോ ഉൾപ്പെടുത്തുക.
ഉയർന്ന ഊഷ്മാവ്, കുത്തനെയുള്ള ഭൂപ്രദേശം, റോഡിലെ അപ്രതീക്ഷിത കന്നുകാലികൾ എന്നിവ നിങ്ങളുടെ യാത്രയ്ക്കിടെ നിങ്ങൾക്ക് നേരിടേണ്ടി വന്നേക്കാവുന്ന ചില കാര്യങ്ങളാണ്, അതിനാൽ ശ്രദ്ധയോടെ വാഹനമോടിക്കുക. ഇടതൂർന്ന കാടുകൾ മുതൽ വരണ്ട മരുഭൂമികൾ വരെ വൈവിധ്യമാർന്ന കാലാവസ്ഥകളിലൂടെയും പരിസ്ഥിതിയിലൂടെയുമാണ് ഹൈവേ കടന്നുപോകുന്നത് .
അമേരിക്കയിൽ ഉടനീളം യാത്ര ചെയ്യുക എന്നതിനർത്ഥം നിങ്ങൾക്ക് വേനൽക്കാലവും ശീതകാലവും അനുഭവപ്പെടാം എന്നതാണ് അർത്ഥം, അതിനാൽ അലാസ്കയിലെ മഞ്ഞുമൂടിയ തണുപ്പ് മുതൽ മധ്യരേഖയിലെ ചൂട് വരെ വ്യത്യസ്തമായ എല്ലാ കാലാവസ്ഥകൾക്കും ഉതകുന്ന വസ്ത്രങ്ങൾ പായ്ക്ക് ചെയ്യുകയും വേണം. പാൻ അമേരിക്കൻ ഹൈവേയിലൂടെ പോയിട്ടുളളവരാണ് നിങ്ങളെങ്കിൽ അനുഭവങ്ങൾ പങ്കുവയ്ക്കാൻ മറക്കരുതേ. കമൻ്റ് ബോക്സിൽ കമൻ്റ് ചെയ്യുക


Click it and Unblock the Notifications








