ട്രാഫിക്: ശസ്ത്രക്രിയക്കെത്താന്‍ കാര്‍ ഉപേക്ഷിച്ച് ഡോക്ടര്‍ ഓടിയത് 3 കിലോമീറ്റര്‍
ബെംഗളൂരു നഗരത്തിലെ ഗതാഗതക്കുരുക്കിനെക്കുറിച്ച് ഒരുപാടൊന്നും വിശദീകരിക്കേണ്ട കാര്യമില്ലെന്ന് തോന്നുന്നു. ഈ ലേഖനം വായിക്കുന്ന നിങ്ങളില്‍ ചിലര്‍ക്കും ഇത് അനുഭവപ്പെട്ടിട്ടുണ്ടാകുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. തിരക്കുള്ള സമയങ്ങളില്‍ ബംഗളൂരു നഗരത്തിലെ ഗതാഗതക്കുരുക്കിന്റെ കാര്യം പറയാതിരിക്കുന്നതാണ് നല്ലത്. ലോകത്ത് ഏറ്റവും കൂടുതല്‍ ഗതാഗതക്കുരുക്കുള്ള നഗരങ്ങളുടെ പട്ടികയില്‍ ആദ്യ അഞ്ചില്‍ തന്നെ ബെംഗളൂരു ഉണ്ട്.

അടുത്തിടെ ബെംഗളൂരുവില്‍ കനത്ത മഴ പെയ്യുകയും നിരവധി റോഡുകള്‍ വെള്ളത്തിനടിയിലാവുകയും ചെയ്തത്് നഗരത്തില്‍ വലിയ ഗതാഗതക്കുരുക്കിന് കാരണമായിരുന്നു. കുപ്രസിദ്ധമായ ബംഗളൂരു ട്രാഫിക്കില്‍ കുടുങ്ങിയ ഒരു ഡോക്ടറുടെ വീഡിയോയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. വളരെ നിര്‍ണായകമായ ഒരു ശസ്ത്രക്രിയ നടത്തേണ്ട ഡോക്ടര്‍ തന്റെ കാര്‍ ഉപേക്ഷിച്ച് ആശുപത്രിയിലേക്ക് ഓടുകയായിരുന്നു.

ഓഗസ്റ്റ് 30-നാണ് സംഭവം. മണിപ്പാല്‍ ഹോസ്പിറ്റലിലെ ഗ്യാസ്‌ട്രോഎന്‍ട്രോളജി സര്‍ജന്‍ ഡോ. ഗോവിന്ദ് നന്ദകുമാര്‍ പതിവുപോലെ ആശുപത്രിയിലേക്ക് പോകുകയായിരുന്നു. ആ ദിവസം അദ്ദേഹത്തിന് നിരവധി ശസ്ത്രക്രിയകള്‍ ഉണ്ടായിരുന്നു. അടിയന്തിരമായി പിത്തസഞ്ചി ലാപ്രോസ്‌കോപ്പിക് ശസ്ത്രക്രിയ നടത്തേണ്ടതിനാല്‍ അന്ന് അദ്ദേഹത്തിന്റെ ആദ്യ ശസ്ത്രക്രിയ വളരെ നിര്‍ണായകമായിരുന്നു.

വീട്ടില്‍ നിന്ന് കാറില്‍ ആശുപത്രിയിലേക്ക് പുറപ്പെട്ട അദ്ദേഹം യാത്രാമധ്യേ ഗതാഗതക്കുരുക്കില്‍ പെട്ടു. സര്‍ജാപൂര്‍-മാറാത്തല്ലി പാതയിലാണ് ഡോക്ടര്‍ കുടുങ്ങിയത്. ശസ്ത്രക്രിയയ്ക്ക് എത്താന്‍ വൈകുമെന്ന് തിരിച്ചറിഞ്ഞതോടെ ഡോക്ടര്‍ തന്റെ കാര്‍ ഉപേക്ഷിച്ച് ആശുപത്രിയിലേക്ക് ഓടാന്‍ തീരുമാനിച്ചു. ഡ്രൈവറെ കാര്‍ ഏല്‍പിച്ച ശേഷമായിരുന്നു ഓട്ടം.

ട്രാഫിക്ക് ബ്ലോക്കില്‍ കുടുങ്ങിയ സ്ഥലത്ത് നിന്ന് ഏകദേശം മൂന്ന് കിലോമീറ്റര്‍ അകലെയായിരുന്നു ആശുപത്രി. ആശുപത്രിയിലേക്ക് ഓടിയ ഡോക്ടര്‍ ലക്ഷ്യസ്ഥാനത്ത് എത്താന്‍ ഏകദേശം 45 മിനിറ്റ് എടുത്തു. ആശുപത്രിയിലേക്ക് ഓടുന്നതിന്റെ ഒരു ചെറിയ വീഡിയോ അദ്ദേഹം തന്റെ ഇന്‍സ്റ്റാഗ്രാം പ്രൊഫൈലില്‍ പോസ്റ്റ് ചെയ്തു.

ഡോ. നന്ദകുമാറിനായി മെഡിക്കല്‍ സംഘം ആശുപത്രിയില്‍ കാത്ത് നില്‍ക്കുകയായിരുന്നു. ഡോക്ടര്‍ ആശുപത്രിയിലെത്തിയ ഉടന്‍ അവര്‍ രോഗിക്ക് അനസ്‌തേഷ്യ നല്‍കി. ഒട്ടും താമസിക്കാതെ ഡോക്ടര്‍ ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയ വിജയകരമായിരുന്നു. രോഗിയെ കൃത്യസമയത്ത് ഡിസ്ചാര്‍ജ് ചെയ്തുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

'എനിക്ക് കണ്ണിംഗ്ഹാം റോഡില്‍ നിന്ന് സര്‍ജാപൂരിലെ മണിപ്പാല്‍ ആശുപത്രിയില്‍ എത്തേണ്ടതായിരുന്നു. കനത്ത മഴയും വെള്ളക്കെട്ടും കാരണം ആശുപത്രിക്ക് മുന്നില്‍ കിലോമീറ്ററുകളോളം ഗതാഗതക്കുരുക്കുണ്ടായി. ഓപ്പറേഷന്‍ കഴിയുന്നതുവരെ എന്റെ രോഗികള്‍ക്ക് ഭക്ഷണം കഴിക്കാന്‍ അനുവാദമില്ലാത്തതിനാല്‍ ഗതാഗതക്കുകരുക്ക് ഒഴിയുന്നത് വരെ കാത്ത് കൂടുതല്‍ സമയം പാഴാക്കാന്‍ ഞാന്‍ ആഗ്രഹിച്ചില്ല. അധികനേരം അവരെ കാത്തിരിപ്പിക്കാന്‍ എനിക്ക് താല്‍പര്യമില്ലായിരുന്നു' -ഡോ. ഗോവിന്ദ് നന്ദകുമാര്‍ ദേശീയ മാധ്യമത്തോട് പറഞ്ഞു.

ഡോ. നന്ദകുമാര്‍ കഴിഞ്ഞ 18 വര്‍ഷമായി ഇതുപോലെ ഗുരുതരമായ നിരവധി ശസ്ത്രക്രിയകള്‍ക്ക് നേതൃത്വം നല്‍കി വരുന്നു. ഇതുവരെ 1000 വിജയകരമായ ശസ്ത്രക്രിയകള്‍ അദ്ദേഹം നടത്തി. ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട ശസ്ത്രക്രിയകള്‍ ചെയ്യുന്ന അദ്ദേഹം ദഹനനാളത്തിലെ മുഴകളും കേടായ ഭാഗങ്ങളും നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട ശസ്ത്രക്രിയകളും ചെയ്തിട്ടുണ്ട്.

തുടര്‍ച്ചയായി പെയ്ത കനത്ത മഴ ബംഗളൂരു നഗരത്തെ സാരമായി ബാധിച്ചിരുന്നു. രാത്രിയില്‍ പെയ്ത മഴയില്‍ പല റോഡുകള്‍ പൂര്‍ണമായും വെള്ളത്തിനടിയിലായി. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങി. ഏറെനേരം നീണ്ടു നില്‍ക്കുന്ന ഗതാഗതക്കുരുക്കും വെള്ളം നിറഞ്ഞ റോഡില്‍ വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നതും പതിവ് കാഴ്ചയായി മാറി.

കോടക്കണക്കിന് രൂപയുടെ നഷ്ടമാണ് വെള്ളപ്പൊക്കത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മഴ കാരണം പല ഓഫീസുകളും തങ്ങളുടെ ജീവനക്കാര്‍ക്ക് വര്‍ക്ക്ഫ്രം ഹോം സംവിധാനം ഏര്‍പെടുത്തി. ചില പ്രദേശങ്ങളില്‍ നിന്നും ട്രാക്ടര്‍ ഉപയോഗിച്ചും ചിലയിടങ്ങളില്‍ ബോട്ടുകളും ജെസിബിയും വരെ ഉപയോഗിച്ചാണ് ആളുകളെ രക്ഷപ്പെടുത്തിയത്.

ബംഗളൂരുവിലെ അതിസമ്പന്നര്‍ തിങ്ങിപ്പാര്‍ക്കുന്ന വൈറ്റ്ഫീല്‍ഡും വെള്ളത്തിനടിയിലായിരുന്നു. ആ സമയത്ത് ജനവാസ മേഖലയായ വൈറ്റ്ഫീല്‍ഡില്‍ കോടികള്‍ വിലമതിക്കുന്ന വാഹനങ്ങള്‍ വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ലെക്‌സസ്, ബെന്റ്‌ലി തുടങ്ങിയ ആഡംബര വാഹനങ്ങള്‍ വീടുകളുടെ പോര്‍ച്ചില്‍ മുങ്ങിക്കിടക്കുന്നതായിരുന്നു കാഴ്ച.

പ്രളയം ബാധിച്ച വാഹനങ്ങള്‍ക്ക് 24x7 സൗജന്യ റോഡ് സൈഡ് അസിസ്റ്റന്‍സ് നല്‍കുമെന്ന് ഫോകസ്‌വാഗണ്‍ പ്രഖ്യാപിച്ചിരുന്നു. ബെംഗളൂരുവിലെ പ്രളയബാധിതരായ കാര്‍ ഉടമകള്‍ക്കായി പ്രത്യേക സര്‍വീസ് കാമ്പെയ്ന്‍ പ്രഖ്യാപിച്ച ആദ്യ വാഹന നിര്‍മാതാക്കളില്‍ ഒന്നാണ് ജര്‍മന്‍ കമ്പനിയായ ഫോക്‌സ്‌വാഗണ്‍.

ഈ വര്‍ഷം സെപ്റ്റംബര്‍ 30 വരെ ഉപഭോക്താക്കള്‍ക്ക് 24x7 സൗജന്യ റോഡ്‌സൈഡ് അസിസ്റ്റന്‍സ് അധിക നിരക്കുകളൊന്നുമില്ലാതെ നല്‍കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഉപഭോക്താക്കളെ അവരുടെ സാധാരണ ജീവിതത്തിലേക്ക് മടക്കിയെത്തിക്കുന്നതിനും സുരക്ഷിതമായ ഡ്രൈവിംഗ് അനുഭവം നേടുന്നതിനും സഹായിക്കുക ലക്ഷ്യമിട്ട് ഒരു പ്രത്യേക സര്‍വീസ് സപ്പോര്‍ട്ട് ക്യാമ്പയിന്‍ തുടങ്ങുന്നതായി ജര്‍മ്മന്‍ ഓട്ടോ ഭീമന്‍മാര്‍ പ്രസ്താവനയില്‍ പറഞ്ഞു.

പ്രളയവുമായി ബന്ധപ്പെട്ട നാശനഷ്ടങ്ങള്‍ കൃത്യസമയത്ത് പരിഹരിക്കുന്നതിന് വാഹനത്തിന്റെ വിശദവും സമഗ്രവുമായ സേവന പരിശോധന നടത്തുമെന്ന് വാഹന നിര്‍മ്മാതാവ് ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു. ഡീലര്‍ഷിപ്പുകളിലുടനീളം ആവശ്യമായ സ്റ്റാന്‍ഡേര്‍ഡ് റിപ്പയര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ദ്രുത സേവന അനുഭവം ഉറപ്പാക്കുന്നതിന് ഡീലര്‍ഷിപ്പുകളിലുടനീളം മതിയായ തൊഴിലാകളികളുടെ സാന്നിധ്യവും സ്പെയര്‍ പാര്‍ട്‌സുകളുടെ ലഭ്യതയും ഉറപ്പാക്കുമെന്നും ഫോക്‌സ്‌വാഗണ്‍ വ്യക്തമാക്കി.


Click it and Unblock the Notifications








