പ്രളയം ബാധിച്ച കാറിന് ഇന്‍ഷൂറന്‍സ് ലഭിക്കുമോ? ഞെട്ടിക്കുന്ന സത്യം ഇതാ
നമ്മള്‍ മലയാളികള്‍ മറക്കാന്‍ ആഗ്രഹിക്കുന്ന ഒരു പ്രകൃതി ദുരന്തം ഉണ്ടായ വര്‍ഷമാണ് 2018. ശേഷം ഓരോ വര്‍ഷത്തെ മണ്‍സൂണിലും മഴ ഇടമുറിയാതെ പെയ്യുമ്പോള്‍ ആളുകളുടെ മനസ്സില്‍ തീയാണ്. ജനങ്ങളുടെ സ്വത്തിനും ജീവനും നാശം വരുത്തുന്ന പ്രളയത്തിന്റെ തീവ്രത മലയാളികള്‍ അന്ന് അനുഭവിച്ചറിഞ്ഞിരുന്നു.
ഇപ്പോള്‍ പേമാരിയെ തുടര്‍ന്ന് വടക്കേ ഇന്ത്യയിലെ പല ഭാഗങ്ങളും വെള്ളത്തിനടിയിലായി. യമുന നദി കരകവിഞ്ഞൊഴുകുകയാണ്. ഹിമാചല്‍ പ്രദേശിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ കാറുകളും ബൈക്കുകളും ഒലിച്ച് പോകുന്ന വീഡിയോ വാഹന പ്രേമികളുടെ കരളലിയിക്കുന്നതായിരുന്നു. വെള്ളപ്പൊക്കം മറ്റ് സ്വത്തുക്കള്‍ക്കുണ്ടാക്കുന്ന നാശനഷ്ടങ്ങള്‍ പോലെ തന്നെ കാറുകള്‍ക്കും ബൈക്കുകള്‍ക്കും വലിയ കേടുപാടുകള്‍ വരുത്തി. ഇത്തരം സാഹചര്യത്തില്‍ പ്രളയം ബാധിതമായ വാഹനങ്ങള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കുമോ എന്ന സംശയം പലര്‍ക്കുമുണ്ടാകാം.

നിങ്ങള്‍ ഏത് കവര്‍ തെരഞ്ഞെടുക്കുന്നുവെന്നത് അനുസരിച്ചായിരിക്കും വെള്ളപ്പൊക്കത്തില്‍ സംഭവിച്ച നാശനഷ്ടങ്ങള്‍ കാര്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുമോ ഇല്ലയോ എന്നതിന് ഉത്തരം പറയാന്‍ സാധിക്കുകയുള്ളൂ. ഇന്ത്യയില്‍ പൊതുവായി രണ്ട് തരം ഇന്‍ഷൂറന്‍സ് കവറുകളാണ് ലഭ്യമായിരിക്കുന്നത്. സമഗ്ര ഇന്‍ഷൂറന്‍സ് കവറേജും തേര്‍ഡ് പാര്‍ട്ടി കവറേജുമാണ് അവ.നിങ്ങള്‍ ഒരു സമഗ്ര കാര്‍ ഇന്‍ഷൂറന്‍സ് പോളിസി തെരഞ്ഞെടുക്കുകയാണെങ്കില്‍ വെള്ളപ്പൊക്കം, ഭൂകമ്പം, തീപിടിത്തം എന്ന് തുടങ്ങി പ്രകൃതിദുരന്തങ്ങള്‍ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങള്‍ പരിരക്ഷിക്കപ്പെടും.
മറ്റൊരു മെച്ചം എന്തെന്നാല്‍ ഈ ഇന്‍ഷൂറന്‍സ് കവറേജ് ക്ലെയിം ചെയ്യാന്‍ നിങ്ങള്‍ അധികം തുക മുടക്കേണ്ടതില്ല. ഇനി നമുക്ക് സമഗ്ര ഇന്‍ഷൂറന്‍സ് കവറേജും തേര്‍ഡ് പാര്‍ട്ടി ഇന്‍ഷൂറന്‍സും തമ്മിലുള്ള വ്യത്യാസം നോക്കാം. തേര്‍ഡ് പാര്‍ട്ടി ഇന്‍ഷൂറന്‍സ് ലെയബിലിറ്റി ഇന്‍ഷുറന്‍സ് എന്ന പേരിലും അറിയപ്പെടുന്നു. നിയമപരമായി അടിസ്ഥാനപരമായി ആവശ്യമായ കാര്‍ ഇന്‍ഷൂറന്‍സ് പോളിസിയാണിത്. ഒരു അപകടമുണ്ടായാല്‍ മൂന്നാം കക്ഷിക്കുണ്ടാകുന്ന പരിക്കിനും നാശനഷ്ടങ്ങളും കവര്‍ ചെയ്യുന്നതാണ് ഈ ഇന്‍ഷൂറന്‍സ് കവറേജ്.

നിങ്ങള്‍ കാരണമുണ്ടാകുന്ന ഒരു അപകടത്തില്‍ മൂന്നാം കക്ഷിയുടെ വാഹനത്തിനോ വസ്തുവകകള്‍ക്കോ ഉണ്ടാകുന്ന അറ്റകുറ്റപ്പണികള്‍ അല്ലെങ്കില്‍ അവയില്‍ വല്ല മാറ്റി സ്ഥാപിക്കലുകളോ ഉണ്ടെങ്കില്‍ അവ ഇതില്‍ ഉള്‍ക്കൊള്ളുന്നു. മെഡിക്കല്‍ ചെലവുകളും അപകടത്തില്‍ ഉള്‍പ്പെട്ട മൂന്നാം കക്ഷിക്ക് സംഭവിച്ച പരിക്കുകള്‍ക്കുള്ള നഷ്ടപരിഹാരവും കവര്‍ ചെയ്യുന്നു.
പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം എന്തെന്നാല്‍ ഇത്തരം സാഹചര്യങ്ങളില്‍ നിങ്ങളുടെ സ്വന്തം വാഹനത്തിനുണ്ടാകുന്ന കേടുപാടുകള്‍ക്കോ നിങ്ങള്‍ക്കോ കൂടെയുള്ളവര്‍ക്കോ ഏല്‍ക്കുന്ന പരിക്കുകള്‍ക്കോ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷൂറന്‍സ് കവര്‍ പരിരക്ഷ നല്‍കുന്നില്ല. മൂന്നാം കക്ഷിയുടെ വാഹനങ്ങള്‍ക്കോ വസ്തുക്കള്‍ക്കോ ഉണ്ടാകുന്ന കേടുപാടുകള്‍ക്കും പരിക്കുകള്‍ക്കും മാത്രമേ ഇത് പരിരക്ഷ നല്‍കുകയുള്ളൂ.
സമഗ്ര കാര്‍ ഇന്‍ഷൂറന്‍സ് അല്ലെങ്കില്‍ കോംപ്രിഹെന്‍സീവ് കാര്‍ ഇന്‍ഷുറന്‍സ് തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സുമായി താരതമ്യം ചെയ്യുമ്പോള്‍ ഉയര്‍ന്ന തലത്തിലുള്ള കവറേജ് വാഗ്ദാനം ചെയ്യുന്നു. ഇതില്‍ എന്തെല്ലാം ഉള്‍പ്പെടുന്നുവെന്ന് നമുക്ക് നോക്കാം. തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് കവറേജ് പോലെ തന്നെ ഈ പോളിസിയും നിങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകുന്ന തെറ്റിന്റെ ഫലമായുണ്ടാകുന്ന അപകടത്തില്‍ മൂന്നാം കക്ഷിക്കുണ്ടാകുന്ന നാശനഷ്ടങ്ങളും പരിക്കുകളും പരിരക്ഷിക്കുന്നു.
അപകടങ്ങള്‍, കവര്‍ച്ച, വെള്ളപ്പൊക്കം, കൊടുങ്കാറ്റ് തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍, തീപിടുത്തം, എന്നിവയില്‍ നിങ്ങളുടെ സ്വന്തം വാഹനത്തിനുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്കും സമഗ്ര ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നു. കാറിന്റെ അറ്റകുറ്റപ്പണികള്‍ക്കുള്ള ചെലവുകളും വല്ല പാര്‍ട്‌സും മാറ്റിസ്ഥാപിക്കേണ്ട സാഹചര്യമുണ്ടെങ്കില്‍ അതിനുള്ള ചെലവുകളും ഉള്‍ക്കൊള്ളുന്നു. നിങ്ങള്‍ തെരഞ്ഞെടുത്ത പോളിസിയെ ആശ്രയിച്ച് വാഹനത്തിനുള്ളിലെ വ്യക്തിഗത വസ്തുക്കള്‍ക്കുള്ള കവറേജ്, ടൗ സര്‍വീസ്, റോഡ് സൈഡ് അസിസ്റ്റന്‍സ് എന്നിവയടക്കം മറ്റ് നിരവധി അധിക സര്‍വീസുകളും സമഗ്ര ഇന്‍ഷുറന്‍സ് കവറേജ് വാഗ്ദാനം ചെയ്തേക്കാം.
നിങ്ങള്‍ ഒരു സമഗ്ര ഇന്‍ഷൂറന്‍സ് കവറേജ് ആണ് എടുക്കുന്നതെങ്കില്‍ അതില്‍ പ്രളയമടക്കമുള്ള പ്രകൃതി ദുരന്തങ്ങള്‍ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്കും പരിരക്ഷ ലഭിക്കുന്നു. എന്നാല്‍ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷൂറന്‍സുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതിന് ചെലവ് അല്‍പ്പം കൂടുതലായിരിക്കും. ഇന്‍ഷൂറന്‍സ് പോളിസി തെരഞ്ഞെടുക്കുമ്പോള്‍ നിങ്ങളുടെ വാഹനത്തിന്റെ പഴക്കം കൂടി പരിഗണിക്കണമെന്ന് പറയുന്നത് ഈ സാഹചര്യത്തിലാണ്.


Click it and Unblock the Notifications








