പുതിയ കാറിന്റെ ഡെലിവറിക്ക് മുമ്പ് ഇക്കാര്യം ചെയ്യാന്‍ മറക്കരുത്; ഇല്ലെങ്കില്‍ പറ്റിക്കപ്പെട്ടേക്കാം
പുതിയ കാറിന്റെ താക്കോല്‍ ഏറ്റുവാങ്ങുന്നത് വാഹനപ്രേമികള്‍ക്ക് പറഞ്ഞറിയിക്കാനാകാത്ത ഒരു അനുഭൂതിയാണ് സമ്മാനിക്കുന്നത്. പല ഘട്ടങ്ങളിലൂടെ കടന്ന് പോയ ശേഷമാകും താക്കോല്‍ കൈമാറ്റത്തിലേക്ക് എത്തുക. എന്നാല്‍ പുതിയ വാഹനത്തിന്റെ ഡെലിവറിക്ക് മുമ്പ് പലരും ചെയ്യാന്‍ മറക്കുന്ന ഒരു സംഗതിയെ കുറിച്ചാണ് ഈ ലേഖനത്തില്‍ പറയാന്‍ പോകുന്നത്.
പ്രീ ഡെലിവറി ഇന്‍സ്‌പെക്ഷനെ (PDI) കുറിച്ചാണ് പറഞ്ഞ് വരുന്നത്. ഒരു പുതിയ കാര്‍ വാങ്ങുന്നത് ഏതൊരാള്‍ക്കും വളരെ ആവേശം പകരുന്ന സംഗതിയാണ്. പുതിയ വണ്ടി വാങ്ങുന്നവര്‍ തങ്ങള്‍ക്ക് യോജിച്ച കാര്‍ കണ്ടെത്തുന്നതിനായി ധാരാളം ഗവേഷണം നടത്തും. ചില വേളയെങ്കിലും ഇത് മടുപ്പിക്കുന്നതിനാല്‍ കാര്‍ വാങ്ങും മുമ്പ് നിര്‍ബന്ധമായും ചെയ്യേണ്ട ചില സംഗതികള്‍ നമ്മള്‍ വിട്ടുപോകും.

അത്തരത്തില്‍ ആളുകള്‍ പലപ്പോഴും അവഗണിക്കുന്ന ഒരു ഘട്ടം ആണ് പ്രീ ഡെലിവറി ഇന്‍സ്‌പെക്ഷന്‍. ഒരു പുതിയ കാര്‍ വാങ്ങുന്നതിന് മുമ്പ് നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങളില്‍ ഒന്നാണിത്. ആദ്യം നമുക്ക് പ്രീ ഡെലിവറി ഇന്‍സ്‌പെക്ഷന്‍ എന്താണെന്ന് നോക്കാം. കാര്‍ ഡീലര്‍ വാഹനം നിങ്ങളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പുള്ള അവസാന പരിശോധനയാണിത്. കാറിന്റെ ഇന്റീരിയറും എക്‌സ്റ്റീരിയറുമടക്കം ഈ ഘട്ടത്തില്‍ സൂക്ഷ്മമായി പരിശോധിച്ച് വിലയിരുത്താന്‍ അവസരമുണ്ടാകും.
പലപ്പോഴും ഡീലര്‍മാര്‍ ഇത് മനപ്പൂര്‍വ്വം ഒഴിവാക്കി പിഡിഐ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ ഉപഭോക്താക്കള്‍ക്ക് കാര്‍ കൈമാറാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ പ്രീ ഡെലിവറി ഇന്‍സ്പെക്ഷന്റെ പ്രാധാന്യം വേണ്ടത്ര അറിയാത്തത് കൊണ്ടാണ് ഇത് അന്വേഷിക്കാന്‍ പലരും തയാറാവാത്തത്. കാറിന് എന്തെങ്കിലും പിഴവ് ഉണ്ടെങ്കില്‍ പ്രീ ഡെലിവറി ഇന്‍സ്പെക്ഷനിലൂടെ നമുക്കത് മനസിലാക്കാവുന്നതാണ്. ഡെലിവറിക്ക് മുമ്പ് കാറിന് എന്തെങ്കിലും ചെറുതോ വലുതോ ആയ പ്രശ്നങ്ങള്‍ ഉണ്ടോ എന്നറിയുകയാണ് പ്രീ ഡെലിവറി ഇന്‍സ്‌പെക്ഷന്‍ നടത്തുന്നതിന്റെ പ്രധാന ഉദ്ദേശ്യം.

ചില പ്രശ്നങ്ങള്‍ ഈ ഘട്ടത്തില്‍ കണ്ടെത്തുന്നത് ബുദ്ധിമുട്ടായിരിക്കാം. എങ്കിലും ചില പിഴവുകള്‍ നിങ്ങളുടെ ശ്രദ്ധയില്‍ പെട്ടാല്‍ അത് ചൂണ്ടിക്കാണിക്കാന്‍ പറ്റും. ഡെലിവറിക്ക് മുമ്പ് നടത്തുന്ന പരിശോധനയില്‍ കണ്ടെത്തുന്ന തകരാറുകളോ പ്രശ്‌നങ്ങളോ വാഹനം കൈമാറുന്നതിന് മുമ്പ് തന്നെ ഡീലര്‍മാര്‍ക്ക് പരിഹരിക്കാന്‍ പറ്റും. വലിയ പിഴവുകള്‍ എന്തെങ്കിലും കണ്ടെത്താനായാല്‍ നിങ്ങള്‍ക്ക് വാഹനം വാങ്ങാതിരിക്കുകയും ചെയ്യാം. അതിനാല്‍ തന്നെ ഒരു ഉപഭോക്താവ് എന്ന നിലയില്‍ ഒരു നല്ല കാര്‍ ലഭിക്കുന്നതിനായി നമുക്ക് ചെയ്യാന്‍ പറ്റുന്ന ഏറ്റവും മികച്ച കാര്യങ്ങളിലൊന്നാണ് ഡെലിവറിക്ക് മുമ്പുള്ള പരിശോധന.
പ്രീ ഡെലിവറി ഇന്‍സ്‌പെക്ഷന്‍ സമയത്ത് എന്തൊക്കെയാണ് പരിശോധിക്കേണ്ടതെന്ന് അടുത്തതായി നോക്കാം. അത്യാവശ്യം നല്ലപോലെ വെളിച്ചമുള്ള തുറന്ന സ്ഥലത്ത് വണ്ടി പാര്‍ക്ക് ചെയ്ത് പരിശോധിക്കുന്നതാണ് ഉത്തമം. കാറിന്റെ ബോഡിയില്‍ പോറലുകളോ നിറ വ്യത്യാസങ്ങളോ ഉണ്ടോ എന്ന് നോക്കുക. ശേഷം ഡോറുകള്‍ എല്ലാം തുറക്കുകയും അടക്കുകയും ചെയ്ത് നോക്കുക. ഡോര്‍ അടക്കുകയും തുറക്കുകയും ചെയ്യുമ്പോള്‍ ശബ്ദം വരികയോ തടസ്സങ്ങള്‍ നേരിടുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കുക.

ശേഷം കാറിന്റെ അടിഭാഗം പരിശോധിക്കാം. അവിടെ എന്തെങ്കിലും ചോര്‍ച്ചയോ മറ്റോ ഉണ്ടോ എന്ന കാര്യമാണ് ശ്രദ്ധിക്കേണ്ടത്. ഒപ്പം തന്നെ ടയര്‍ ത്രെഡുകളും ടയര്‍ പുതിയതാണോ എന്ന കാര്യങ്ങളെല്ലാം വിലയിരുത്തണം. കാറിന്റെ ഉള്‍വശത്തേക്ക് കടന്നാല്‍ ആദ്യം തന്നെ സീറ്റുകള്‍ പ്ലാസ്റ്റിക് കവര്‍ കൊണ്ട് കവര്‍ ചെയ്തിട്ടുണ്ടോ എന്ന് നോക്കുക. ശേഷം ഡാഷ്ബോര്‍ഡിലും സീറ്റുകളിലോ എതെങ്കിലും തരത്തില്‍ പോറലുകളോ മറ്റോ ഉണ്ടോ എന്ന് ശ്രദ്ധിക്കുക.
തുടര്‍ന്ന് എയര്‍ കണ്ടീഷണറും കണ്‍ട്രോള്‍ ബട്ടണുകളും പരിശോധിക്കണം. ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും സ്പീക്കറുകളും ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന കാര്യവും ഉറപ്പ് വരുത്തണം. പലരും കാര്‍ വാങ്ങുമ്പോള്‍ കൃത്യമായി പഠിച്ചാകും മുന്നോട്ട് നീങ്ങുന്നത്. എങ്കിലും ഇതിനൊന്നും സാധിക്കാതെ ധൃതിപ്പെട്ട് വാങ്ങുന്നവരും ഉണ്ട്. അവരാകും പിഡിഐ പോലുള്ള സുപ്രധാന ഘട്ടങ്ങളിലൂടെ കടന്ന് പോകാതെ കാര്‍ വാങ്ങി ചിലപ്പോള്‍ ഡീലര്‍മാരാല്‍ പറ്റിക്കപ്പെടുന്നത്. അതിനാല്‍ തന്നെ പുതിയ കാര്‍ വാങ്ങുന്നതിന് മുമ്പ് നിര്‍ബന്ധമായും ഫുള്‍ ചെക്കപ്പ് നടത്തിയ ശേഷം മാത്രം താക്കോല്‍ വാങ്ങാന്‍ ശ്രദ്ധിക്കുമല്ലോ.


Click it and Unblock the Notifications








