ഇദ്ദേഹത്തിന് വല്ല ഇലക്ട്രിക് ഷോക്കും ഏറ്റോ? ഇവി വിൽപ്പന പൂർണ്ണമായി നിർത്തുമെന്ന് ട്രംപ്; എന്താണ് വിഷയം?
മുൻ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് വീണ്ടും തലക്കെട്ടുകളിൽ ശ്രദ്ധയാകർഷിച്ചിരിക്കുകയാണ്. ഇത്തവണയും ഏറെ വിവാദമായ ഒരു പ്രസ്ഥാപനയാണ് അദ്ദേഹം നടത്തിയിരിക്കുന്നത്. ട്രംപ് അടുത്തിടെ, തന്റെ MAGA (മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയിൻ) റാലിയിൽ, താൻ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാൽ ഇലക്ട്രിക് വാഹന (ഇവി) വിൽപ്പന നിർത്താൻ പദ്ധതിയിടുന്നതായി പ്രഖ്യാപിച്ചിരിക്കുകയാണ്.
ഇതോടെ, നിലവിലെ ബൈഡൻ ഭരണകൂടം നടപ്പിലാക്കിയ കാലാവസ്ഥാ നയങ്ങളും പലവിധ പ്രോത്സാഹനങ്ങളും മാറ്റാൻ ലക്ഷ്യമിട്ടുള്ള ഒരു നിർദ്ദേശം അദ്ദേഹം മുന്നോട്ടു വെച്ചു. ട്രംപിന്റെ ഇവി വിരുദ്ധ നിലപാട് ഇപ്പോൾ അമേരിക്കയുടെ മാത്രമല്ല, ലോകമെമ്പാടുമുള്ള വാഹന വ്യവസായത്തിലുടനീളം വലിയ ആശങ്ക സൃഷ്ടിക്കുന്ന ഒന്നായി മാറിയിരിക്കുകയാണ്.

ഇവി ടാക്സ് ക്രെഡിറ്റുകൾ വെട്ടിക്കുറയ്ക്കുക, ടെയിൽ പൈപ്പ് എമിഷൻ ടാർഗെറ്റുകൾ പിൻവലിക്കുക തുടങ്ങിയ കാര്യമായ നയ മാറ്റങ്ങൾ തന്റെ പദ്ധതികളിൽ ഉൾപ്പെടുന്നു എന്ന് ഡൊണാൾഡ് ട്രംപ് തന്റെ പ്രസംഗത്തിനിടെ വ്യക്തമാക്കി. ബൈഡന്റെ കാലാവസ്ഥാ അജണ്ടയിലെ പ്രധാന ഘടകങ്ങളും താൻ തകർക്കും എന്നും അദ്ദേഹം ഇതോടൊപ്പം കൂട്ടിച്ചേർത്തു.
ട്രംപിന്റെ ഈ പ്രത്യേക നിർദ്ദേശം പല പ്രമുഖ വാഹന നിർമ്മാതാക്കളിൽ നിന്ന് ശക്തമായ എതിർപ്പ് സൃഷ്ടിച്ചു. തങ്ങളുടെ നിക്ഷേപങ്ങളിലും തൊഴിൽ വളർച്ചയിലും സംഭവിക്കുന്ന പ്രതികൂല പ്രത്യാഘാതങ്ങളെക്കുറിച്ച് ആശങ്ക ഉണ്ടെന്ന് കമ്പനികൾ പ്രസ്താവിച്ചു. ഫോർഡ് മോട്ടോറിന്റെ എക്‌സിക്യൂട്ടീവ് ചെയർമാൻ വില്യം ക്ലേ ഫോർഡ് ജൂനിയർ, മാറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ തീരുമാനങ്ങൾ മൂലമുണ്ടാകുന്ന അസ്ഥിരതയെക്കുറിച്ചുള്ള ഇൻഡസ്ട്രിയുടെ ആശങ്കകൾ പ്രകടിപ്പിച്ചു.
ഒരു കമ്പനി എന്ന നിലയിൽ തങ്ങളുടെ സമയപരിധി, തങ്ങളുടെ പ്ലാനിംഗ് സമയപരിധി എന്നിവ തെരഞ്ഞെടുപ്പ് ചക്രങ്ങളേക്കാൾ വളരെ കൂടുതലാണ് എന്ന് അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയക്കാർ തങ്ങളെ അങ്ങോട്ടും ഇങ്ങോട്ടും ഇട്ട് തട്ടിക്കളിക്കുമ്പോൾ അത് തങ്ങൾക്ക് വളരെ ബുദ്ധിമുട്ടാണ് എന്ന് ഫോർഡ് കൂട്ടിച്ചേർത്തു.
കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ശാസ്ത്രീയ തെളിവുകൾ കാലങ്ങളായി ഡൊണാൾഡ് ട്രംപ് മനപ്പൂർവ്വം തള്ളിക്കളയുകയാണ്. ഇത് വെറും തട്ടിപ്പാണെന്ന് അദ്ദേഹം പല അവസരങ്ങളിലും പറഞ്ഞിട്ടുമുണ്ട്. ഇലക്ട്രിക് കാറുകൾ ഫ്യൂച്ചർ അല്ല എന്നും ബൈഡൻ ഭരണകൂടത്തിന്റെയും അതിനെ പിന്തുണയ്ക്കുന്നവരുടെയും പദ്ധതികൾ പ്രോത്സാഹിപ്പിക്കാനാണ് അവ വിൽക്കുന്നത് എന്നും മുൻ പ്രസിഡന്റ് ആരോപിച്ചു.

ഇപ്പോഴത്തെ ബൈഡൻ ഭരണകൂടത്തിന്റെ സുപ്രധാന നേട്ടങ്ങളിലൊന്നാണ് പണപ്പെരുപ്പം കുറയ്ക്കൽ നിയമം എന്നത്. നിലവിൽ, ഈ നിയമം കാരണം, യുഎസ് ഇവി നിർമ്മാണത്തിൽ വൻതോതിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായിയുടേതാണ് ഇതിൽ പ്രധാനമായ ഒന്ന്. 2020 -ൽ ട്രംപിന് നഷ്ടമായ സംസ്ഥാനമായ ജോർജിയയിൽ കമ്പനി 13 ബില്യൺ ഡോളറാണ് നിക്ഷേപിക്കുന്നത്.
ഈ പുതിയ നിക്ഷേപം 12,000 തൊഴിലവസരങ്ങളും സൃഷ്ടിക്കുന്നു. അതുപോലെ, ജോർജിയയിൽ ഇവി ഉൽപ്പാദനത്തിനായി SK ഓൺ 5.0 ബില്യൺ ഡോളർ ഉറപ്പു നൽകിയിട്ടുണ്ട്. ഈ നിക്ഷേപങ്ങൾ സമ്പദ്‌വ്യവസ്ഥയെ ബൂസ്റ്റ് ചെയ്യുക മാത്രമല്ല, പ്രധാന സംസ്ഥാനങ്ങളിൽ ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുമെന്ന് വ്യവസായ വിദഗ്ധർ വിശ്വസിക്കുന്നു. ട്രംപ് ഈ നയങ്ങൾ പിൻവലിച്ചാൽ, അത് ഈ നിക്ഷേപങ്ങളെ ഒക്കെയും അപകടത്തിലാക്കുകയും ബ്ലൂ കോളർ അമേരിക്കൻ ജോലികൾക്ക് വലിയൊരു ഭീഷണി ആവുകയും ചെയ്യും.
ട്രംപ് വീണ്ടും തിരഞ്ഞെടുക്കപ്പെടുകയും റിപ്പബ്ലിക്കൻമാർക്ക് യുഎസ്എയിലെ കോൺഗ്രസിന്റെ നിയന്ത്രണം ലഭിക്കുകയും ചെയ്താൽ, 2022 ലെ പണപ്പെരുപ്പം കുറയ്ക്കുന്നതിനുള്ള നിയമത്തിന്റെ ഭാഗങ്ങൾ റദ്ദാക്കാനുള്ള ശ്രമങ്ങളുണ്ടാകുമെന്ന് വിദഗ്ധർ പ്രസ്താവിച്ചു. ഈ നിയമം നിലവിൽ ശുദ്ധമായ ഊർജ്ജത്തിനും ഇവി നിർമ്മാണത്തിനുമായി ഏകദേശം 370 ബില്യൺ ഡോളർ നികുതി ക്രെഡിറ്റുകൾ നൽകുന്നു.


Click it and Unblock the Notifications








