കാറിൻ്റെ ഡോർ തുറന്ന് അഭ്യാസ പ്രകടനം; ഡ്രൈവറും കാറുടമയും അറസ്റ്റിൽ
സോഷ്യൽ മീഡിയയിൽ കുറച്ച് നാളുകളായി ആളുകൾ അശ്രദ്ധമായി വാഹനമോടിക്കുന്നത് കൂടിക്കൊണ്ടിരിക്കുകയാണ്. അത് കൊണ്ട് പൊലീസും മോട്ടോർ വാഹന വകുപ്പും എല്ലാം ഇപ്പോൾ സദാ ജാഗരൂകരാണ്. പലരും സോഷ്യൽ മീഡിയയിൽ പ്രശസ്തി പിടിച്ചു പറ്റാനാണ് ഇത്തരത്തിലുളള കോപ്രായങ്ങൾ കാണിച്ചു കൂട്ടുന്നത്. പക്ഷേ അത് വഴിയിൽ കൂടെ പോകുന്ന സാധാരണ ആളുകൾക്ക് ദോഷമായി തീരുമ്പോഴാണ് അത് വലിയ പ്രശ്നമാകുന്നത്.
ഇത്തരത്തിലുളള ഒരു കൂട്ടം യുവാക്കളെ ഗോവ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. കാറിൻ്റെ നാല് ഡോറുകളും തുറന്ന് ഹൈവേയിലൂടെ അമിതവേഗത്തിൽ സഞ്ചരിച്ച ഡ്രൈവറേയും ഉടമയേയും കസ്റ്റഡിയിലെടുത്തു. മാരുതി റിറ്റ്സിൽ സഞ്ചരിച്ച് ഇവരുടെ പിന്നിലുളള വാഹനത്തിൽ യാത്ര ചെയ്തവരാണ് വീഡിയോ പകർത്തിയത്. ഗോവയിലെ പോർവോറിമിൽ ദേശീയ പാതയിലായിരുന്നു സംഭവം.

വീഡിയോ വൈറലായതോടെയാണ് ഗോവ പോലീസ് അന്വേഷണം ആരംഭിക്കുകയും കാറിന്റെ ഡ്രൈവറെയും ഉടമയെയും കണ്ടെത്തുകയും ചെയ്തത്. ഡ്രൈവർ ഫാഹിദ് ഹമാസയെ അറസ്റ്റ് ചെയ്യുകയും കാർ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. നോർത്ത് ഗോവ പോലീസ് സൂപ്രണ്ട്, കുറ്റവാളികളുടെ ചിത്രങ്ങൾ ഔദ്യോഗികമായി ട്വിറ്ററിൽ പോസ്റ്റ് ചെയ്യുകയും, അവർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു എന്ന് അറിയിക്കുകയും ചെയ്തു. പ്രതികൾ മദ്യപിച്ചിരുന്നോ എന്ന് ഉറപ്പില്ല, പക്ഷേ ഇത്തരം പ്രവർത്തികൾ സ്വബോധത്തോടെ ആരെങ്കിലും ചെയ്യുമോ.
പിന്നിലെ ഡോർ അടഞ്ഞ് പോകാതിരിക്കാൻ കൈകൊണ്ട് പിടിക്കുന്നത് വീഡിയോയിൽ കാണാൻ സാധിക്കുന്നുണ്ട്. അപ്പോൾ പിന്നിലും ആളുകൾ ഇരിപ്പുണ്ട് എന്ന് ഉറപ്പിക്കാൻ സാധിക്കും. അത് മാത്രമല്ല വാഹനം പെട്ടെന്ന് യു-ടേൺ എടുക്കുന്നത് വീഡിയോയിൽ കാണാൻ സാധിക്കും. റിറ്റ്സിൻ്റെ പിൻസീറ്റിൽ ഇരിക്കുന്നവർ സീറ്റബെൽറ്റ് ധരിച്ചിട്ടില്ല എന്ന് വേണം മനസിലാക്കാൻ. വലിയ അപകടമാണ് സംഭവിക്കാതിരുന്നത്.

വശങ്ങളിലൂടെ പോകുന്നതോ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളിലോ മറ്റോ ഉരയാതെ പോയത് തന്നെ വലിയ ഭാഗ്യം. അല്ലെങ്കിൽ എന്ത് വലിയ അപകടമായിരിക്കും സംഭവിക്കുക. അമിത വേഗത മാത്രമല്ല അശ്രദ്ധമായ ഡ്രൈവിംഗ് എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. നിശ്ചലാവസ്ഥയിലോ ചലിക്കുന്നതോ ആയ വാഹനങ്ങളെ ഓവര്‍ടേക്ക് ചെയ്യുമ്പോള്‍ മതിയായ ശ്രദ്ധയില്ലാതെ വാഹനമോടിക്കുന്നതും അശ്രദ്ധയോടെയുള്ള വാഹനമോടിക്കലായി കണക്കാക്കാമെന്നാണ് കോടതി പറയുന്നത്.
റോഡിലൂടെ വാഹനങ്ങള്‍ ഓടിക്കുമ്പോള്‍ ഏറ്റവും ആവശ്യമുള്ള സംഗതി ശ്രദ്ധയാണ്. ശ്രദ്ധ തെറ്റിയാല്‍ അപകടം ഏത് ഭാഗത്ത് നിന്നാണ് വരുന്നതെന്ന് നമുക്ക് ഊഹിക്കാന്‍ സാധിക്കില്ല. അതിനാല്‍ തന്നെ വാഹനം ഓടിക്കുമ്പോള്‍ ശ്രദ്ധാലുവായിരിക്കു. ഇല്ലെങ്കില്‍ പ്രത്യാഘാതങ്ങള്‍ വളരെ വലുതായിരിക്കും. അതിനാല്‍ തന്നെ നിങ്ങള്‍ക്കും നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കുമായി വാഹനം ഓടിക്കുമ്പോള്‍ സംരക്ഷണ കവചങ്ങള്‍ക്കൊപ്പം ശ്രദ്ധ കൂടി വേണമെന്ന് ഓര്‍ത്തിരിക്കുക.
പൊതുവഴികളില്‍ അഭ്യാസപ്രകടനങ്ങള്‍ നടത്തുന്നത് നിയമവിരുദ്ധമാണ്. അതിന് വ്യക്തമായ കാരണങ്ങളുണ്ട്. സ്റ്റണ്ട് ചെയ്യുന്നത് മറ്റ് വാഹനയാത്രക്കാരുടെ ശ്രദ്ധ തിരിക്കാന്‍ കാരണമാകുകയും അപകടങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും. പൊതുനിരത്തുകളില്‍ ഏതെങ്കിലും തരത്തിലുള്ള സ്റ്റണ്ടുകള്‍ ചെയ്യുന്നത് നിയമവിരുദ്ധമാണ്. നിയമലംഘകര്‍ക്ക് വന്‍ പിഴക്കൊപ്പം ജയില്‍ ശിക്ഷയും ലഭിച്ചേക്കാം. ആരെങ്കിലും സ്റ്റണ്ടിംഗ് പരിശീലിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അല്ലെങ്കില്‍ അത് വിഡിയോ റീലുകള്‍ ആക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ റേസ് ട്രാക്കുകള്‍, ഫാം ഹൗസുകള്‍ എന്നിവ പോലുള്ള സ്വകാര്യ സ്ഥലങ്ങളില്‍ ചെയ്യണം.
റോഡ് പൊതു ഇടമാണെന്നും ഇത്തരം സ്ഥാലങ്ങളിൽ വാഹനങ്ങളിൽ അഭ്യാസപ്രകടനങ്ങള്‍ നടത്തുന്നവര്‍ സ്വന്തം ജീവന്‍ അപായപ്പെടുത്തുന്നതിനൊപ്പം മറ്റുള്ളവരുടെ ജീവനും ഭീഷണി ഉയര്‍ത്തുകയാണെന്നും പോലീസ് പറയുന്നു. കേരളത്തിൽ നിരത്തിൽ ബൈക്കിലും കാറിലുമെല്ലാം അഭ്യാസം നടത്തി സോഷ്യൽ മീഡിയയിൽ ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നവരെ കണ്ടെത്തി കർശനമായ നടപടിയിലേക്ക് നീങ്ങുകയാണ് മോട്ടോർ വാഹന വകുപ്പ്. നിയമലംഘകരുടെ ലൈസൻസ് റദ്ദാക്കുക, പിഴ ഈടാക്കുക എന്നിവയാണ് ചെയ്യുന്നത്.


Click it and Unblock the Notifications








