ഡ്രൈവിംഗ് ലൈസന്‍സ് ഇനി ഈസിയായി നേടാം; ആധാര്‍ പോലും ആവശ്യമില്ല!
വാഹനമോടിക്കാന്‍ സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ക്കനുസൃതമായി നിങ്ങള്‍ യോഗ്യനാണെന്ന് തെളിയിക്കുന്ന ഒരു രേഖയാണ് ഡ്രൈവിംഗ് ലൈസന്‍സ്. വാഹന പ്രേമികളെ സംബന്ധിച്ച് 18 വയസ്സ് തികഞ്ഞാല്‍ ആദ്യം ചെയ്യേണ്ട കാര്യം ഡ്രൈവിംഗ് ലൈസന്‍സ് എടുക്കലാണ്. ഡ്രൈവിംഗ് ലൈസന്‍സ് എടുക്കുന്നതിനായി നാം ചില ഘട്ടങ്ങളിലൂടെ കടന്ന് പോകണം.
എന്നാല്‍ ഇപ്പോള്‍ ലൈസന്‍സുമായി ബന്ധപ്പെട്ട് ചില സുപ്രധാന പ്രഖ്യാപനങ്ങള്‍ വരാന്‍ പോകുകയാണ്. ഇന്ത്യയില്‍ ഡ്രൈവിംഗ് ലൈസന്‍സിന് ആവശ്യമായ രേഖകളുടെ എണ്ണം വര്‍ധിപ്പിക്കുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നുവെന്നതാണ് വാര്‍ത്ത. അതിനെക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്ന് വായിക്കുക. ഇന്ത്യയില്‍, പൊതുജനങ്ങള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കാനുള്ള ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ്. എന്നാല്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഡോക്യുമെന്റ് വെരിഫിക്കേഷന്‍ മുതല്‍ അതിനായി ഉപയോഗിക്കുന്ന സോഫ്‌റ്റ്വെയര്‍ വരെ കേന്ദ്ര സര്‍ക്കാര്‍ ആണ് നല്‍കുന്നത്.

രാജ്യത്തെ ഏകീകൃത ഡ്രൈവിംഗ് ലൈസന്‍സിന്റെ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നതും കേന്ദ്ര സര്‍ക്കാറാണ്.ഫോട്ടോ ഐഡി പ്രൂഫ്, വയസ് തെളിയിക്കുന്ന രേഖ, വിലാസം തെളിയിക്കുന്ന രേഖ എന്നിവയാണ് നിലവില്‍ ഇന്ത്യയില്‍ ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുന്നതിനായി സമര്‍പ്പിക്കേണ്ടത്. ആധാര്‍ കാര്‍ഡ്, വോട്ടര്‍ ഐഡി കാര്‍ഡ്, പാസ്‌പോര്‍ട്ട് എന്നിവയില്‍ ഒന്ന് തിരിച്ചറിയല്‍ രേഖയായി ഗതാഗത വകുപ്പ് സ്വീകരിക്കുന്നു.
പുതുതായി 30 രേഖകള്‍ പുതിയ ലൈസന്‍സ് അപേക്ഷക്കൊപ്പം സ്വീകരിക്കാനാണ് പോകുന്ന്. ഗസറ്റഡ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന രേഖകള്‍ സ്വീകരിക്കണമോയെന്ന കാര്യം സംസ്ഥാന സര്‍ക്കാരുകളുടെ പരിഗണനയിലാണ്. ഫോട്ടോ പതിച്ച കിസാന്‍ പാസ്ബുക്ക്, ഫോട്ടോ പതിച്ച റേഷന്‍ കാര്‍ഡുകള്‍, ഭിന്നശേഷിക്കാര്‍ക്കുള്ള ഐഡി കാര്‍ഡ്, വിവാഹ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ തിരിച്ചറിയല്‍, മേല്‍വിലാസം, പ്രായം എന്നിവ തെളിയിക്കുന്ന രേഖയായി സ്വീകരിക്കും.

ഇത്തരത്തില്‍ ആകെ 30 രേഖകള്‍ സ്വീകരിക്കുമെന്നാണ് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പുതിയ പരിഷ്‌കാരങ്ങള്‍ ട്രാന്‍സ്ജെന്‍ഡറുകള്‍ക്കും പരിഗണന ലഭിക്കുന്നു. ട്രാന്‍സ്‌ജെന്‍ഡര്‍ ഐഡന്റിറ്റി കാര്‍ഡും ലൈസന്‍സിനുള്ള രേഖയായി സ്വീകരിക്കും. ഇന്ന് ഡ്രൈവിംഗ് ലൈസന്‍സിന്റെ രൂപം മാറിയിട്ടുണ്ട്. അതിനൊപ്പം തന്നെ ഡ്രൈവിംഗ് ലൈസന്‍സ് സ്വന്തമാക്കാനുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കുന്നത് കൂടി ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ മുന്‍കൈ എടുത്തുള്ള ഈ നീക്കങ്ങള്‍.
ആധാര്‍ കാര്‍ഡ്, വോട്ടര്‍ ഐഡി കാര്‍ഡ്, പാസ്‌പോര്‍ട്ട് എന്നിവ തുടര്‍ന്നും ഡ്രൈവിംഗ് ലൈസന്‍സ് അപേക്ഷക്കൊപ്പം ശുപാര്‍ശ ചെയ്യുന്ന രേഖകളായി തുടരും. ഈ രേഖകള്‍ ഇല്ലാത്തവര്‍ക്ക് സഹായകരമാകാനാണ് 30-ലധികം മറ്റ് രേഖകള്‍ കൂടി പരിഗണിക്കാന്‍ പോകുന്നത്. ഒരു അപേക്ഷകന്റെ വയസ്സ് തെളിയിക്കുന്നതിനായി എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ പത്താം ക്ലാസ് മാര്‍ക്ക് ഷീറ്റ് അല്ലെങ്കില്‍ അംഗീകൃത ബോര്‍ഡ് നല്‍കുന്ന മറ്റ് സര്‍ട്ടിഫിക്കറ്റ് എന്നിവ തിരിച്ചറിയല്‍ രേഖയായി സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
ഇതോടൊപ്പം ദീര്‍ഘകാല വിസയില്‍ ഇന്ത്യയില്‍ എത്തിയ വിദേശരാജ്യത്തെ പൗരന്‍മാര്‍ക്കും ഡ്രൈവിംഗ് ലൈസന് സ് ലഭിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രത്യേകിച്ചും, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍ എന്നിവിടങ്ങളിലെ ന്യൂനപക്ഷങ്ങളായ സിഖുകാര്‍, ഹിന്ദുക്കള്‍, ജൈനര്‍, ബുദ്ധമതക്കാര്‍, പാഴ്‌സികള്‍, ക്രിസ്ത്യാനികള്‍ എന്നിവര്‍ക്ക് ഇന്ത്യയില്‍ ആയിരിക്കുമ്പോള്‍ വിദേശ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് ലൈസന്‍സ് എടുക്കാമെന്നാണ് അറിയിച്ചിരിക്കുന്നത്. ഡ്രൈവിംഗ് ലൈസന്‍സിന് അപേക്ഷിക്കാനുള്ള രേഖകളുടെ എണ്ണം ഉയര്‍ത്താനുള്ള തീരുമാനത്തിന് അംഗീകാരം ആയിട്ടുണ്ട്.
എന്നാല്‍ ഇത് എന്നുമുതല്‍ നടപ്പില്‍ വരുത്തുമെന്ന കാര്യം ഉറപ്പായിട്ടില്ല. അങ്ങനെയെങ്കില്‍ ഇത് ഡ്രൈവിംഗ് ലൈസന്‍സ് എടുക്കാനുള്ള നടപടിക്രമങ്ങള്‍ എളുപ്പമാക്കുന്നതിനൊപ്പം ഏറെ ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുകയും ചെയ്യും. അധികൃതരുടെ ഭാഗത്ത് നിന്നുള്ള ഈ നീക്കം സ്വാഗതാര്‍ഹമാണ്. സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന രേഖകള്‍ ഇല്ലാത്തവര്‍ക്ക് ഈ തീരുമാനം സന്തോഷം പകരും.
കേരളത്തില്‍ പഴയ ലാമിനേഷന്‍ കാര്‍ഡുകളോട് വിടപറഞ്ഞ് ഡ്രൈവിംഗ് ലൈസന്‍സ് സ്മാര്‍ട്ട് ആയിരിക്കുകയാണ്. ഡ്രൈവിംഗ് ലൈസന്‍സ് പുതിയ പിവിസി പെറ്റ് ജി കാര്‍ഡിലേക്ക് മാറ്റാന്‍ ഇപ്പോള്‍ അപേക്ഷിച്ച് തുടങ്ങാവുന്നതാണ്. 245 രൂപയാണ് അപേക്ഷ ഫീസ്. ഓണ്‍ലൈന്‍ ഫീസ് 200 രൂപയും തപാല്‍ ഫീസായി 45 രൂപയും ഉള്‍പ്പെടെ 245 രൂപ അടച്ച് അപേക്ഷിച്ചാല്‍ പെറ്റ്ജി കാര്‍ഡ് ലൈസന്‍സുകള്‍ സ്വന്തം വീട്ടിലെത്തും.
ലൈസന്‍സ് പുതുക്കല്‍, വിലാസം മാറ്റല്‍, ഫോട്ടോ സിഗ്നേച്ചര്‍ തുടങ്ങിയവ മാറ്റല്‍, ജനന തീയതി മാറ്റല്‍, ഡൂപ്ലിക്കേറ്റ് ലൈസന്‍സ് എടുക്കല്‍ എന്നിവ ചെയ്യാനായുള്ളവര്‍ പെറ്റ് ജി കാര്‍ഡിലേക്ക് മാറ്റാന്‍ തിരക്കിട്ട് അപേക്ഷ സമര്‍പ്പിക്കേണ്ട ആവശ്യമില്ലെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് (MVD) അധികൃതര്‍ നിര്‍ദേശിക്കുന്നത്.
പുസ്തക രൂപത്തിലും പേപ്പര്‍ രൂപത്തിലും ഉള്ള ലൈസന്‍സുകള്‍ ഇനിയും അപ്‌ഡേറ്റ് ചെയ്യാന്‍ ബാക്കിയുള്ളവര്‍ അതത് ആര്‍ടിഒ / സബ് ആര്‍ടി ഓഫീസുകളുമായി ബന്ധപ്പെട്ട് പുതിയ കാര്‍ഡിനായി അപേക്ഷിക്കണമെന്നും നിര്‍ദേശമുണ്ട്. അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെ മാത്രമേ 245 രൂപ നിരക്കില്‍ സ്മാര്‍ട്ട് ലൈസന്‍സ് ലഭിക്കുകയുള്ളൂ. അതിനു ശേഷം കാര്‍ഡ് രൂപത്തിലേക്ക് മാറാന്‍ ഡ്യൂപ്ലിക്കേറ്റ് ലൈസന്‍സിനുള്ള ഫീസ് അടുക്കണമെന്നാണ് ബന്ധപെട്ടവര്‍ വ്യക്തമാക്കുന്നത്.


Click it and Unblock the Notifications








