'ചൊട്ടയിലെ ശീലം ചുടല വരെ'; ഡ്രൈവിംഗ് പഠിക്കുമ്പോള്‍ ശീലിക്കാം ഈ മര്യാദകള്‍
രാജ്യത്ത് സിബിഎസ്ഇ പരീക്ഷ ഫലങ്ങള്‍ വന്ന് കഴിഞ്ഞു. വരും ദിവസങ്ങളില്‍ പുതിയ ഡ്രൈവര്‍മാര്‍ പിറവികൊള്ളും. പരീക്ഷയില്‍ മികച്ച വിജയം നേടിയ മക്കള്‍ക്ക് വാഹനങ്ങള്‍ സമ്മാനമായി നല്‍കുന്ന മാതാപിതാക്കളുണ്ട്. എന്നാല്‍ പുതിയ ഡ്രൈവര്‍മാര്‍ റോഡില്‍ സുരക്ഷിതവും മര്യാദയുള്ള പെരുമാറ്റം ഉറപ്പാക്കാന്‍ ചില ഡ്രൈവിംഗ് മര്യാദകള്‍ പാലിക്കേണ്ടത് അത്യാവശ്യമാണ്.
അതിനാല്‍ തന്നെ പുതുതായി ഡ്രൈവിംഗ് സീറ്റിലിരിക്കാന്‍ പോകുന്നവരുടെ ശ്രദ്ധയില്‍ ഉണ്ടായിരിക്കേണ്ട ചില പ്രധാന ഡ്രൈവിംഗ് മര്യാദകളെ കുറിച്ചാണ് നമ്മള്‍ പറയാന്‍ പോകുന്നത്. ഇത് പുതിയ ഡ്രൈവര്‍മാര്‍ക്ക് മാത്രമല്ല നിലവില്‍ വണ്ടിയോടിക്കുന്നവര്‍ക്കും ശീലിക്കാവുന്നതാണ്. നിങ്ങള്‍ വണ്ടിയോടിക്കാന്‍ പഠിച്ചുകഴിഞ്ഞാല്‍ ആദ്യം ചെയ്യേണ്ടത് ട്രാഫിക് നിയമങ്ങള്‍ പാലിക്കുക എന്നതാണ്. കൗമാരത്തിന്റെ ചോരത്തിളപ്പില്‍ 'നിയമം ലംഘിക്കാനുള്ളതാണ്' എന്ന തോന്നല്‍ വരാം.

എന്നാല്‍ അത് അപകടകരമാണെന്ന് പറയേണ്ട കാര്യമില്ലെല്ലോ. അതിനാല്‍ തന്നെ വേഗപരിധി, ട്രാഫിക് സിഗ്‌നലുകള്‍, സ്റ്റോപ്പ് സിഗ്‌നല്‍, ലെയ്ന്‍ മാര്‍ക്കിംഗ് എന്നിവ ഉള്‍പ്പെടെയുള്ള എല്ലാ ട്രാഫിക് നിയമങ്ങളും പാലിക്കുക. സ്വന്തം സുരക്ഷയ്‌ക്കൊപ്പം മറ്റുള്ളവരുടെ സുരക്ഷയ്ക്കും ഇത് നിര്‍ണായകമാണ്. അടുത്തതായി ഉണ്ടായിരിക്കേണ്ടത് നിങ്ങളുടെ ചുറ്റുപാടുകളെക്കുറിച്ച നല്ല ബോധവാനായിരിക്കുകയെന്നതാണ്.
വാഹനമോടിക്കുമ്പോള്‍ മറ്റ് വാഹനങ്ങള്‍, കാല്‍നടയാത്രക്കാര്‍, സൈക്കിള്‍ യാത്രക്കാര്‍ എന്നിവരെ കുറിച്ച് ബോധവാന്മാരാകുകയും നിരത്തിലൂടെ നിരന്തരം കണ്ണോടിക്കുകയും ചെയ്യുക. റിയര്‍വ്യൂ മിറര്‍ ഇതിനായി പരമാവധി ഉപയോഗപ്പെടുത്താം. ഡ്രൈവിംഗിനിടെ ജാഗ്രത പാലിച്ചാല്‍ അപകടങ്ങള്‍ മുന്‍കൂട്ടി കാണാന്‍ ഒരുപക്ഷേ സാധിച്ചേക്കാം. ചൊട്ടയിലെ ശീലം ചുടല വരെ എന്നാണല്ലോ. അതിനാല്‍ ഡ്രൈവിംഗില്‍ കൈതെളിയിക്കുന്ന സമയത്ത് തന്നെ ടേണ്‍ സിഗ്‌നല്‍ ഉപയോഗിക്കാന്‍ യാതൊരു മടിയും കാണിക്കാതിരിക്കുക.

പലര്‍ക്കും മടിയുള്ള കാര്യമാണിത്. നിങ്ങള്‍ വാഹനം വളക്കുകയോ ലെയ്ന്‍ മാറുകയോ ചെയ്യുന്ന വിവരം മറ്റ് ഡ്രൈവര്‍മാരെ അറിയിക്കുന്നതിനാണിത്. അതുവഴി ആശയക്കുഴപ്പം ഒഴിവാക്കാനും അപകടങ്ങള്‍ തടയാനും പറ്റും. വാഹനം ഓടിക്കുമ്പോള്‍ മുമ്പിലുള്ള വാഹനവുമായി സുരക്ഷിതമായ അകലം സൂക്ഷിക്കാന്‍ ശ്രദ്ധിക്കണം. മുന്നിലോടുന്ന വണ്ടി പെട്ടെന്ന് നിര്‍ത്തിയാല്‍ അതിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ക്ക് മതിയായ സമയം ലഭിക്കുമെന്നതാണ് ഇതുകൊണ്ടുള്ള മെച്ചം. കുറഞ്ഞത് മൂന്ന് സെക്കന്‍ഡ് സമയം കിട്ടുന്ന രീതിയില്‍ അകലം പാലിക്കുന്നതാണ് നല്ലത്.
ഒപ്പം തന്നെ സൈക്കിള്‍ യാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും മറ്റും ആവശ്യമായ പരിഗണന നല്‍കാന്‍ ശ്രമിക്കാം. ഇതിനൊപ്പം തന്നെ റോഡിലെ മറ്റ് യാത്രക്കാരോട് മര്യാദയും ബഹുമാനവും കാണിക്കുക. അങ്ങനെ ചെയ്താല്‍ അത് നിങ്ങള്‍ക്ക് തിരിച്ചും കിട്ടും. ടെയില്‍ഗേറ്റിംഗ്, അമിതമായി ഹോണടി, മോശം അംഗവിക്ഷേപങ്ങള്‍ എന്നിവ ഒഴിവാക്കാം. മറ്റുള്ളവര്‍ നിങ്ങളോട് എങ്ങനെ പെരുമാറാന്‍ ആഗ്രഹിക്കുന്നുവോ അത്തരത്തില്‍ തന്നെ വാഹനമോടിക്കുമ്പോഴും പെരുമാറുക.

ഡ്രൈവിംഗില്‍ ശ്രദ്ധ തെറ്റിക്കുന്ന മറ്റ് പരിപാടികള്‍ ഒന്നും ചെയ്യാതിരിക്കുകയെന്നതാണ് മറ്റൊരു മര്യാദ. സ്റ്റിയറിംഗ് വീല്‍ കൈയ്യിലുള്ളപ്പോള്‍ ഫോണ്‍ ഉപയോഗിക്കുക, ഭക്ഷണം കഴിക്കുക, മ്യൂസിക് പ്ലെയര്‍ ക്രമീകരിക്കുക എന്നീ ശീലങ്ങള്‍ പിന്തുടരുന്നത് നന്നല്ല. അശ്രദ്ധയാണ് പലപ്പോഴും അപകടം ക്ഷണിച്ചുവരുത്തുന്നത്. അതിനാല്‍ ഇക്കാര്യങ്ങള്‍ ചെയ്യാതിരിക്കുക.
വാഹനങ്ങളുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് ഗതാഗതക്കുരുക്കുകളും കൂടും. അതിനാല്‍ ട്രാഫിക് ബ്ലോക്കുകളില്‍ ക്ഷമശീലം ഉണ്ടായിരിക്കണം. അത്തരം സാഹചര്യങ്ങളില്‍ ക്ഷമ നശിച്ച് നിയമലംഘനം നടത്തുന്നത് ഒരിക്കലും നന്നല്ല. അതുപോലെ തന്നെ വാഹനവുമായി പുറത്തിറങ്ങുന്ന ഒരാള്‍ പാര്‍ക്കിംഗില്‍ നന്നായി ശ്രദ്ധിക്കണം. വണ്ടി പാര്‍ക്ക് ചെയ്യുമ്പോള്‍ നിങ്ങളുടെ വാഹനം പാര്‍ക്ക് ചെയ്യാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തെ ലെയ്‌നുകള്‍ക്കുള്ളില്‍ നിര്‍ത്താന്‍ ശ്രമിക്കുക.

ഒന്നില്‍ കൂടുതല്‍ വാഹനങ്ങള്‍ നിര്‍ത്താനുള്ള ഇടം കൈയ്യടക്കരുത്. അതുപോലെ അംഗവൈകല്യമുള്ളവര്‍ക്കായി മാറ്റിവെച്ച സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യുന്നത് ഒഴിവാക്കണം. നിങ്ങളുടെ ഡ്രൈവിംഗ് കഴിവുകള്‍ അനുഭവങ്ങളിലൂടെ മെച്ചപ്പെടുത്താനൊക്കും. സുരക്ഷിതമായ ഡ്രൈവിംഗ് നമ്മുടെ ഉത്തരവാദിത്തമാണ്. നമ്മുടെ മാത്രമല്ല മറ്റ് റോഡ് ഉപഭോക്താക്കളുടെ കൂടി സുരക്ഷ മുന്‍നിര്‍ത്തിയാണത് പറയുന്നത്.


Click it and Unblock the Notifications








