മഴക്കാലത്ത് കാറോടിക്കുമ്പോള്‍ കാഴ്ച തടസമുണ്ടോ? ഈ കാര്യങ്ങള്‍ ചെയ്ത് നോക്കൂ
കേരളത്തില്‍ മഴ ഇങ്ങെത്തി. മഴക്കാലത്ത് വാഹനമോടിക്കുന്നത് ദുര്‍ഘടം പിടിച്ച പണിയാണ്. കനത്ത് മഴയത്ത് കാര്‍ ഓടിക്കുമ്പോള്‍ കാഴ്ച മറയുന്നതാണ് അതില്‍ ഒരു സുപ്രധാന പ്രശ്‌നം. കനത്ത മഴ പെയ്താല്‍ നിങ്ങളുടെ കാറിന്റെ വിന്‍ഡ്ഷീല്‍ഡ് വൈപ്പറുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചേക്കില്ല. അത് കാഴ്ചക്ക് തടസ്സമാകും.
മഴ കാരണം ഹെഡ്ലൈറ്റ് ബീം ചിതറിപ്പോകുന്നതിനും കാരണമാകുന്നതിനാല്‍ അതും ലൈറ്റിന്റെ പെര്‍ഫോമന്‍സിനെ ബാധിക്കാനിടയുണ്ട്. അങ്ങനെ വരുമ്പോള്‍ റോഡിലുള്ള മറ്റ് വാഹനങ്ങള്‍, ട്രാഫിക് സിഗ്‌നലുകള്‍, റോഡ് സൈന്‍ ബോര്‍ഡുകള്‍, കാല്‍നടയാത്രക്കാര്‍ എന്നിവ ചിലപ്പോള്‍ കണ്ണില്‍ പെടാതെ പോയേക്കാം. ഇത് അത്യന്തം അപകടകരമാണ്. മണ്‍സൂണില്‍ വാഹനമോടിക്കുമ്പോള്‍ ദൃശ്യപരത കൂട്ടാനും അപകട സാധ്യത കുറക്കാനും സഹായിക്കുന്ന ചില കാര്യങ്ങള്‍ പറയാം.

വിന്‍ഡ്ഷീല്‍ഡ് വൈപ്പര്‍ പരിശോധിക്കുക: കാര്‍ വലുതോ അതോ ചെറുതോ ഏതുമായിക്കോട്ടെ വിന്‍ഡ്ഷീല്‍ഡ് വൈപ്പര്‍ അതിന്റെ അവിഭാജ്യ ഘടകമാണ്. മഴക്കാലത്താണ് ഇതിന്റെ പ്രധാന പ്രവര്‍ത്തനം. എന്നാല്‍ മറ്റ് സമയങ്ങളില്‍ ഇതിന്റെ ഉപയോഗം കുറവായതിനാല്‍ അതിന്റെ കാര്യക്ഷമത കുറയാന്‍ സാധ്യതയുണ്ട്. അതിനാല്‍ മഴക്കാലത്ത് കാറുമായി നിരത്തിലിറങ്ങുന്നതിന് മുമ്പ് വൈപ്പറിന്റെ കണ്ടീഷന്‍ പരിശോധിക്കുക.
മഴക്കാലം തുടങ്ങുന്നതിന് മുമ്പേ തന്നെ അതിന് വല്ല വിള്ളലുകളും മറ്റുമുണ്ടോ എന്ന് പരിശോധിച്ച് ആവശ്യമെങ്കില്‍ മാറ്റിസ്ഥാപിക്കുന്നതാണ് നല്ലത്. കാര്‍ ഓടിക്കുമ്പോള്‍ മഴയുടെ തീവ്രതയനുസരിച്ച് വൈപ്പറിന്റെ വേഗത കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യേണ്ടത് പരമ പ്രധാനമാണ്. അതിനാല്‍ വൈപ്പര്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് അത് ഓണാക്കി പരിശോധിക്കണം. അഥവാ വിന്‍ഡ്ഷീല്‍ഡ് വൈപ്പര്‍ മാറ്റുകയാണെങ്കില്‍ വാഹന നിര്‍മ്മാതാവ് നിര്‍ദേശിക്കുന്ന വലുപ്പത്തിലും ബ്രാന്‍ഡിലുമുള്ളവ ഉപയോഗിക്കുക. വൈപ്പര്‍ മാറ്റി ഘടിപ്പിച്ചാല്‍ അത് പ്രകടനത്തെ ബാധിക്കും.

വിന്‍ഡോ ഡീഫോഗിംഗ്: പുറത്ത് മഴ പെയ്യുമ്പോള്‍ സ്വാഭാവികമായും കാര്‍ വിന്‍ഡോ അടക്കും. എന്നാല്‍ വിന്‍ഡേ അടയ്ക്കുമ്പോള്‍ കാറിനുള്ളിലെ താപനില മാറി വിന്‍ഡ്ഷീല്‍ഡില്‍ ഫോഗ് വരാം. ചില കാറുകള്‍ ഡിഫോഗിംഗ് അല്ലെങ്കില്‍ ഡിഫ്രോസ്റ്റിംഗ് സിസ്റ്റം സജ്ജീകരിച്ചാണ് വരുന്നത്. എന്നാല്‍ എല്ലാ മോഡലുകളുടെയും സ്ഥിതി ഇതല്ല. മണ്‍സൂണില്‍ കാര്‍ പുറത്തെടുക്കുന്നതിന് മുമ്പ് വാഹനത്തില്‍ ഇന്‍ബില്‍റ്റ് ഡിഫോഗിംഗ് സിസ്റ്റം ഉണ്ടോ എന്ന് പരിശോധിക്കുക. ഇല്ല എന്നാണെങ്കില്‍ റിയര്‍ ഡിഫോഗിംഗ്/ഡീഫ്രോസ്റ്റിംഗ് സിസ്റ്റം ഇന്‍സ്റ്റാള്‍ ചെയ്യുന്നത് നന്നാകും.
ഹെഡ്‌ലൈറ്റുകള്‍ ഓണാക്കുക: പല ആളുകളും ഹെഡ്‌ലാമ്പ് ഓണാക്കുന്നതിന് മുമ്പ് തന്നെ വൈപ്പറുകള്‍ ഓണ്‍ ചെയ്യുന്നത് കാണാം. എന്നാല്‍ വൈപ്പറുകള്‍ സജീവമാക്കുന്നതിന് മുമ്പ് ഹെഡ്‌ലൈറ്റുകള്‍ ഓണാക്കേണ്ടത് അത്യാവശ്യമാണ്. ഹെഡ്ലൈറ്റുകള്‍ ഓണാക്കുന്നത് നിങ്ങള്‍ക്ക് മികച്ച ദൃശ്യപരത നല്‍കുകയും കാര്‍ മറ്റുള്ളവരുടെ ശ്രദ്ധയില്‍ പെടാന്‍ സഹായിക്കുകയും ചെയ്യുന്നു. മഴക്കാലം തുടങ്ങുന്നതിന് മുമ്പ് തന്നെ ഹെഡ്‌ലൈറ്റിന്റെ കാര്യക്ഷമതയും കണ്ടീഷനും പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. ഹെഡ്‌ലൈറ്റ് കൂടാതെ നാല് ഇന്‍ഡിക്കേറ്ററുകള്‍ ബ്ലിങ്ക് ചെയ്യിക്കുന്നതും നല്ലതാണ്.

ലെയ്ന്‍ മാറ്റരുത്: മഴ പെയ്യുമ്പോള്‍ ഇന്‍ഡിക്കേറ്ററുകള്‍ കാരണം നിങ്ങളുടെ കാര്‍ മറ്റുള്ളവരുടെ കണ്ണില്‍ പെടും. എന്നാല്‍ ശരിയായ രീതിയില്‍ സിഗ്‌നല്‍ നല്‍കാതെ മഴക്കാലത്ത് ഓവര്‍ടേക്ക് ചെയ്യുകയോ ലെയ്ന്‍ മാറുകയോ ചെയ്യരുത്. മഴക്കാലത്ത് ഒരേ ലെയ്‌നിലുള്ള വാഹനത്തിനെ പിന്തുടരുന്നതാണ് ബുദ്ധിപരമായ നീക്കം. റോഡിനെ കുറിച്ച് ഒരു കൃത്യമായ ധാരണ ലഭിക്കാനും സേഫ്റ്റി ഉറപ്പാക്കാനും ഇതുവഴി സാധിക്കും. എങ്കിലും മുന്നിലുള്ള വാഹങ്ങളുമായി മാന്യമായ അകലം പാലിച്ച് വേണം പോകാന്‍.
വേഗത കുറയ്ക്കുക: മഴക്കാലത്ത് വാഹനം കുറഞ്ഞ സ്പീഡില്‍ ഓടിക്കുകയെന്നതാണ് ഏറ്റവും നല്ല ശീലം. നനവുള്ള റോഡുകളില്‍ ടയറിന്റെ ട്രാക്ഷന്‍ നഷ്ടപ്പെടും. കുറഞ്ഞ വേഗതയില്‍ വാഹനം ഓടിക്കുമ്പോള്‍ നിയന്ത്രണം നമ്മുടെ കൈയ്യില്‍ തന്നെ നില്‍ക്കും. ലക്ഷ്യസ്ഥാനത്ത് സുരക്ഷിതമായി എത്തണമെന്നുണ്ടെങ്കില്‍ തിരക്കുള്ളവര്‍ക്ക് വഴി കൊടുത്ത് പതുക്കെ സമാധാനത്തില്‍ പോകാം.

വെള്ളക്കെട്ടുകള്‍ ഒഴിവാക്കുക: മഴക്കാലത്ത് വെള്ളക്കെട്ട് കാരണം നമുക്ക് റോഡിലെ കുഴികളും ഗട്ടറുകളുമൊന്നും കാണാന്‍ സാധിച്ചേക്കില്ല. നിങ്ങളുടെ കാര്‍ ഒരു കുഴിയില്‍ വീണാല്‍ അത് ബ്രേക്കുകളുടെ ഫലപ്രാപ്തി കുറയ്ക്കുകയും അപകടത്തിലേക്ക് നയിക്കുകയും ചെയ്‌തേക്കാം. ഗട്ടര്‍ നിറഞ്ഞ വെള്ളക്കെട്ടില്‍ അറിയാതെ കാര്‍ ചാടിയെന്ന് കരുതുക. അപ്പോള്‍ കെട്ടിക്കിടക്കുന്ന ചെളിവെള്ളം വിന്‍ഡ്ഷീല്‍ഡിലും മിററുകളിലും സൈഡ് വിന്‍ഡോകളിലും തെറിച്ച് നിങ്ങളുടെ കാഴ്ചയെ മറക്കാം. അതിനാല്‍ വെള്ളക്കെട്ടുകള്‍ നിറഞ്ഞ റോഡുകള്‍ മഴക്കാലത്ത് പരമാവധി ഒഴിവാക്കുക.
ക്രൂയിസ് കണ്‍ട്രോള്‍ ഒഴിവാക്കുക: മോഡേണ്‍ കാറുകളില്‍ ഇന്ന് കാണപ്പെടുന്ന ഒരു സുപ്രധാന സവിശേഷതയാണ് ക്രൂയിസ് കണ്‍ട്രോള്‍. ദീര്‍ഘദൂര യാത്രയില്‍ ഒരേ വേഗത നിലനിര്‍ത്താന്‍ കാര്‍ ഡ്രൈവര്‍മാരെ ഇത് പ്രാപ്തരാക്കുന്നു. സെന്‍സറുകളുടെ സഹായത്തോടെയാണ് ക്രൂയിസ് കണ്‍ട്രോള്‍ സിസ്റ്റം കാറിന്റെ വേഗത നിയന്ത്രിക്കുന്നത്. ഇത് യാന്ത്രികമായി റോഡിന്റെ അവസ്ഥ മനസ്സിലാക്കുകയും വേഗത ക്രമീകരിക്കുകയും ചെയ്യുന്നു.
ക്രൂയിസ് കണ്‍ട്രോള്‍ കൊണ്ടുള്ള നേട്ടങ്ങള്‍ അനവധിയാണെങ്കിലും മണ്‍സൂണില്‍ അത് പ്രവര്‍ത്തനസജ്ജമാക്കാത്തതാണ് നല്ലത്. റോഡ് നനഞ്ഞിരിക്കുമ്പോള്‍ ടയറുകളുടെ കാര്യക്ഷമത കുറയുന്നതിനാല്‍ ക്രൂയിസ് കണ്‍ട്രോള്‍ സിസ്റ്റം മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചേക്കില്ല. അതിനാല്‍ മഴക്കാലത്ത് ക്രൂയിസ് കണ്‍ട്രോള്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കുക. ഏത് കാലാവസ്ഥയിലായാലും കാഴ്ച വളരെ പ്രധാനപ്പെട്ടതാണ്. അതിനാല്‍ സുരക്ഷിത യാത്രക്കായി മുകളില്‍ പറഞ്ഞ ടിപ്പുകള്‍ പാലിക്കാന്‍ ശ്രമിക്കുമല്ലോ.


Click it and Unblock the Notifications








