ഹൈദരാബാദ് ഇ-പ്രിക്‌സില്‍ ജീന്‍ എറിക് വെഗ്‌നെ ജേതാവ്; ഹോം റേസില്‍ പോയിന്റുമായി മഹീന്ദ്ര
ലോകത്തിലെ ഏറ്റവും ജനപ്രിയമായ സിംഗിള്‍ സീറ്റര്‍ ഇലക്ട്രിക് റേസിംഗ് ഫോര്‍മുല ഇ-ക്ക് രാജ്യത്ത് ഗംഭീര വരവേല്‍പ്പ്. അടുത്ത കാലത്തായി സീരീസ് കണ്ട ഏറ്റവും മികച്ച റേസുകളില്‍ ഒന്നിനാണ് ഹൈദരാബാദ് സാക്ഷ്യം വഹിച്ചത്. 2022-23 ഫോര്‍മുല ഇ സീസണിന്റെ നാലാം റൗണ്ടിനാണ് രാജ്യം വേദിയായത്.
ഇന്ത്യ ആദ്യമായാണ് ഒരു ഫോര്‍മുല ഇ റേസിന് ആതിഥേയത്വം വഹിച്ചത്. ഹുസൈന്‍ സാഗര്‍ തടാകത്തിന് സമീപം ഒരുക്കിയ സ്ട്രീറ്റ് സര്‍ക്യൂട്ടിലാണ് ഇ-പ്രിക്സ് അരങ്ങേറിയത്. ആദ്യ ഇന്ത്യന്‍ ഇ പ്രിക്‌സില്‍ ഡിഎസ് പെന്‍ക്‌സെയുടെ ജീന്‍ എറിക് വെഗ്‌നെ ജേതാവായി. എന്‍വിഷന്‍ റേസിംഗിന്റെ ഡ്രൈവറായ നിക് കാസിഡി രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ടാഗ് ഹ്യൂവര്‍ പോര്‍ഷയുടെ അന്‍േറാണിയോ ഫെലിക്‌സ് ഡാ കോസ്റ്റയാണ് മൂന്നാമാന്‍.

രാജ്യത്ത് വിരുന്നെത്തിയ ഇ-പ്രിക്‌സില്‍ മാറ്റുരച്ച ഹോം ടീമായ മഹീന്ദ്ര റേസിംഗിനും സന്തോഷിക്കാം. മഹീന്ദ്ര റേസിംഗിന്റെ രണ്ട് ഡ്രൈവര്‍മാര്‍ക്കും പോയിന്റ് നേടാനായി. എന്നാല്‍ ഹൈദരാബാദ് ഇ പ്രിക്‌സ് രണ്ടാം ഹോം റേസ് എന്ന് വിശേഷിപ്പിക്കുന്ന ജാഗ്വാര്‍ ടിസിഎസ് റേസിന് നിരാശയായിരുന്നു ഫലം. തങ്ങളുടെ മാതൃകമ്പനിയായ ടാറ്റയുടെ സ്വന്തം നാടായ ഇന്ത്യയില്‍ നടക്കുന്ന കാറോട്ട മത്സരമായതിനാലാണ് ഹൈദരാബാദ് ഇ-പ്രിക്സിനെ അവര്‍ രണ്ടാം ഹോം റേസ് എന്ന് വിളിച്ചത്.
പോള്‍ പൊസിഷനില്‍ ആരംഭിച്ച മിച്ച് ഇവാന്‍സ് സ്വന്തം സഹതാരവുമായി ഉരസിയതോടെയാണ് ഫോര്‍മുല ഇ പ്രേമികള്‍ സ്‌നേഹത്തോടെ ജെഇവി എന്ന് വിളിക്കുന്ന വെര്‍ഗ്‌നെക്ക് കുറച്ച് ലാപ്പുകള്‍ക്ക് ശേഷം ലീഡ് എടുക്കാനായത്. നിസാന്‍ ഡ്രൈവര്‍ സാഞ്ച ഫെനസ്ട്രാസിനെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു ജാഗ്വാര്‍ ഡ്രൈവര്‍മാര്‍ ഉരസിയത്. ആ ഇടിയില്‍ മസെരാട്ടിയുടെ മാക്‌സ് ഗുന്തറും പോരാട്ടത്തില്‍ പിന്നാക്കം പോയി. ഗുന്തറിനും ഫെനെസ്ട്രാസിനും തുടരാനായെങ്കിലും രണ്ട് ജാഗ്വാര്‍ ഡ്രൈവര്‍മാരും പിന്‍മാറേണ്ടി വന്നു.

പോള്‍ പൊസിഷനില്‍ തുടങ്ങിയ ഇവാന്‍സിന് നിരാശയോടെ മത്സരം അവസാനിപ്പിക്കേണ്ടി വന്നു. മറ്റുള്ളവരുടെ പിഴവിന് കിവി ഡ്രൈവര്‍ വലിയ വിലകൊടുക്കേണ്ടി വന്നത് ഇതാദ്യമായല്ല. 'അറ്റാക്ക് മോഡ്' എടുക്കാന്‍ ടീം പറഞ്ഞപ്പോള്‍ ഏഴാം ലാപ്പ് വരെ ഇവാന്‍സ് ലീഡ് ചെയ്യുകയായിരുന്നു. ഡാന്‍ ടിക്ടം (നിയോ 333), ജാക്ക് ഹ്യൂസ് (നിയോം മക്ലാരന്‍), മിച്ച് ഇവാന്‍സ് (ജാഗ്വാര്‍ ടിസിഎസ്), കെല്‍വിന്‍ വാന്‍ ഡെര്‍ ലിന്‍ഡെ (എബിടി കുപ്ര), സാം ബേര്‍ഡ് (ജാഗ്വാര്‍ ടിസിഎസ്), റെനെ റാസ്റ്റ് (നിയോം മക്ലാരന്‍) എന്നിങ്ങനെ മൊത്തം മൊത്തം 6 റേസര്‍മാര്‍മാര്‍ മത്സരം പൂര്‍ത്തിയാക്കിയില്ല.
ജാഗ്വാറിനൊപ്പം മക്ലാരനും മറക്കാന്‍ ആഗ്രഹിക്കുന്ന ദിവസമായിരുന്നു ഇന്ന്. 68 പോയിന്റുമായി പാസ്‌കല്‍ വെര്‍ലിന്‍ ആണ് ഇപ്പോള്‍ ഡ്രൈവര്‍മാരുടെ സ്റ്റാന്‍ഡിംഗില്‍ മുന്നിലുള്ളത്. 62 പോയിന്റുമായി ജെയ്ക്ക് ഡെന്നിസ് രണ്ടാമതാണ്. എന്‍വിഷന്‍ റേസിംഗിന്റെ സെബാസ്റ്റ്യന്‍ ബ്യൂമി 31 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. റേസിംഗ് ടീമുകളുടെ പോയിന്റ് പട്ടികയില്‍ 76 പോയിന്റുമായി അവലാഞ്ച് ആന്ദ്രേറ്റി ആണ് മുന്നില്‍. വെറും രണ്ട് പോയിന്റിന്റെ മാത്രം കുറവില്‍ ടാഗ് ഹ്യൂവര്‍ പോര്‍ഷെ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു.

ഇതുവരെ നടന്ന 4 റൗണ്ടുകളില്‍ നിന്ന് 53 പോയിന്റുമായി നിയോം മക്ലാരന്‍ മൂന്നാം സ്ഥാനത്താണ്. ഹൈദരാബാദ് ഇ-പ്രിക്സിലൂടെ മോട്ടോര്‍ റേസിംഗ് ലോക ചാമ്പ്യന്‍ഷിപ്പ് 10 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യയില്‍ തിരിച്ചെത്തുകയായിരുന്നു. മഹീന്ദ്രയുടെ ഒലിവര്‍ റോളണ്ട് ആറാം സ്ഥാനത്തെത്തി പോയിന്റ് സ്‌കോറര്‍ ആയെങ്കിലും മഹീന്ദ്ര റേസിംഗിന് അത്ര മികച്ച മത്സരമായിരുന്നില്ല ഇത്. മഹീന്ദ്രയുടെ മറ്റൊരു ഡ്രൈവറായ ലൂക്കാസ് ഡി ഗ്രാസി 14-ാം സ്ഥാനത്തെത്തി.
ടോപ്പ്-ടയര്‍ റേസിംഗിന് ഇന്ത്യ കൂടുതല്‍ തയ്യാറാണെന്ന് ഒരിക്കല്‍ കൂടി കാണിച്ച് കൊടുക്കുന്നതായിരുന്നു ഹൈദരാബാദ് ഇ പ്രിക്‌സ്. ഈ മാസം 25 ന് ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിലാണ് സീസണിലെ അഞ്ചാമത്തെ ഫോര്‍മുല ഇ റേസ്.


Click it and Unblock the Notifications








