ഇവിടെ ബൊലേറോ, അവിടെ ഇലക്ട്രിക് സ്‌പോര്‍ട്‌സ് കാര്‍; ദുബായ് പൊലീസിനെക്കൊണ്ടേ ഇതൊക്കെ പറ്റൂ
കേരളത്തില്‍ പണ്ട് പൊലീസുകാരുടെ വാഹനം മഹീന്ദ്ര ജീപ്പായിരുന്നു. ശേഷം മഹീന്ദ്രയുടെ തന്നെ ബൊലേറോ ഈ സ്ഥാനം ഏറ്റെടുത്തു. ഇന്ന് എര്‍ട്ടിഗ, ഗൂര്‍ഖ എന്നീ വാഹനങ്ങളും കേരള പൊലീസിന്റെ പക്കലുണ്ട്. നമ്മുടെ പൊലീസ് ഇന്നും പരമ്പരാഗത ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന കാറുകളുടെ പിറകെ പോകുമ്പോള്‍ അടിമുടി ഹൈടെക്കാണ് ദുബായ് പൊലീസ്.
ദുബായ് മലയാളികളില്‍ പലര്‍ക്കും രണ്ടാമത്തെ വീടായതിനാല്‍ പലരും ഇത് അനുഭവിച്ചറിഞ്ഞിട്ടുണ്ടാകും. നമ്മുടെ നാട്ടില്‍ പട്രോളിംഗിന് പൊലീസുകാര്‍ ബൊലേറോയിലും മറ്റും റോന്തുചുറ്റുമ്പോള്‍ ദുബൈ പൊലീസ് (Dubai Police) സോനാംഗങ്ങള്‍ സൂപ്പര്‍ കാറുകളിലാണ് കറങ്ങുന്നത്. അതിഗംഭീര കാറുകളുടെ കമനീയ ശേഖരമുള്ള ദുബായ് പൊലീസിന്റെ വാഹന വ്യൂഹത്തിലെ ഏറ്റവും പുതിയ അംഗമായി മാറിയിരിക്കുകയാണ് ഔഡി RS e-ട്രോണ്‍ GT (Audi RS e-tron GT) ഇലക്ട്രിക് സ്‌പോര്‍ട്‌സ് കാര്‍.

ദുബായ് പൊലീസിന്റെ സ്വന്തം നിറങ്ങളായ വെള്ളയും പച്ചയും കലര്‍ന്ന വേഷത്തിലാണ് കാര്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. ദുബായില്‍ നടന്ന അറോബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റ് കോണ്‍ഫറന്‍സിലാണ് കാര്‍ ആദ്യമായി പ്രദര്‍ശിപ്പിച്ചത്. നഗരത്തിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പട്രോളിംഗ് നടത്താന്‍ വേണ്ടിയായിരിക്കും ഔഡി RS e-ട്രോണ്‍ GT ഉപയോഗിക്കുക. ഈ സ്ഥലങ്ങളില്‍ കാണികളുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ ഇലക്ട്രിക് സ്‌പോര്‍ട്‌സ് കാറിന് ഉറപ്പായും സാധിക്കും.
ദുബായ് പൊലീസിന്റെ വാഹന നിരയിലെ ആദ്യത്തെ ഇലക്ട്രിക് സ്പോര്‍ട്സ് കാറായിരിക്കും ഔഡി RS e-ട്രോണ്‍ GT. കാലാവസ്ഥാ വ്യതിയാനവും (Climate change) വെല്ലുവിളികളും ചര്‍ച്ചയാകുന്ന 28-ാമത് ആഗോള ഉച്ചകോടി, കോണ്‍ഫറന്‍സ് ഓഫ് ദ് പാര്‍ട്ടീസ്28(COP28) ന് യുഎഇയാണ് ആതിഥേയത്വം വഹിക്കുന്നത്. ഈ വര്‍ഷം അവസാനം ദുബായില്‍ നടക്കുന്ന ആഗോള ഉച്ചകോടിയെ സൂചിപ്പിക്കുന്ന ഒരു പ്രത്യേക ''28' നമ്പര്‍ പ്ലേറ്റ് ആയിരിക്കും കാറിനുണ്ടായിരിക്കുക.

സുസ്ഥിരതയായിരുന്നു ഈ വര്‍ഷത്തെ അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റിന്റെ പ്രമേയമെന്നതും നമുക്ക് കൂട്ടിവായിക്കാം. പെര്‍ഫോമന്‍സിന്റെ കാര്യത്തില്‍ മിടുക്കനാണ് ഔഡി RS e-ട്രോണ്‍ GT ഇലക്ട്രിക് സ്‌പോര്‍ട്‌സ്. ഇലക്ട്രിക് സ്‌പോര്‍ട്‌സ് കാറിന് തുടിപ്പേകുന്ന ഇരട്ട ഇലക്ട്രിക് മോട്ടോറുകള്‍ 637 bhp പവറും 830 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. വെറും 3.3 സെക്കന്‍ഡിനുള്ളില്‍ ഇലക്ട്രിക് സ്‌പോര്‍ട്‌സ് കാര്‍ നിശ്ചലാവസ്ഥയില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കും.
പരമാവധി വേഗത മണിക്കൂറില്‍ 250 കിലോമീറ്റര്‍ ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്. 84 kWh ലിഥിയം-അയണ്‍ ബാറ്ററി പായ്ക്ക് ആണ് ഈ ഓള്‍ ഇലക്ട്രിക് കാറില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഒറ്റ ചാര്‍ജില്‍ ഇവി ഏകദേശം 501 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കുമെന്നാണ് പറയപ്പെടുന്നത്. ഏകദേശം 1.94 കോടി രൂപയാണ് ഈ കാറിന്റെ ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില.
ദുബൈയുടെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നായ ബുര്‍ജ് ഖലീഫ പോലെ തന്നെ പ്രസിദ്ധമാണ് ദുബായ് പൊലീസിന്റെ കാര്‍ ശേഖരവും (Dubai Police Fleet). സോഷ്യല്‍ മീഡിയയിലെ ദുബൈ പൊലീസിന്റെ കാറുകള്‍ക്കുള്ള ഫാന്‍ബേസ് പ്രസിദ്ധമാണ്. ആസ്റ്റണ്‍ മാര്‍ട്ടിന്‍സ് മുതല്‍ മെര്‍സിഡീസ് AMG വരെ വെള്ളയും പച്ചയും കലര്‍ന്ന ദുബായ് പൊലീസിന്റെ 'യൂണിഫോം' അണിഞ്ഞ് കര്‍മനിരതരാണ്.
ദുബായ് പൊലീസിന്റെ ആദ്യ ഇലക്ട്രിക് സ്‌പോര്‍ട്‌സ് കാര്‍ ആണെങ്കിലും ഔഡി RS അവരുടെ ആദ്യത്തെ ഫുള്‍ ഇലക്ട്രിക് കാര്‍ അല്ല. ഹോങ്കി E-HS9 ഇലക്ട്രിക് എസ്‌യുവിയാണ് ദുബായ് പൊലീസില്‍ ചേര്‍ന്ന ആദ്യ ഇവി. പഴക്കം ചെന്ന ലംബോര്‍ഗിനിക്ക് പകരക്കാരനായാണ് ലക്ഷ്വറി ഇലക്ട്രിക് എസ്‌യുവിയെ കൊണ്ടുവന്നത്.

ചൈനീസ് കമ്പനിയില്‍ നിന്നുള്ള ഇലക്ട്രിക് കാര്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ദൂബൈ പൊലീസ് കൂടെ കൂട്ടിയത്. ഔഡി R8, ലംബോര്‍ഗിനി ഉറൂസ്, ആസ്റ്റണ്‍ മാര്‍ട്ടിന്‍ വാന്റേജ്, ബുഗാട്ടി വെയ്റോണ്‍, മെര്‍സിഡീസ് ബെന്‍സ് SLS AMG, ബിഎംഡബ്ല്യു i8, ഫെറാറി FF, മക്‌ലാരന്‍ MP4-12C, ലെക്‌സസ് RC F, നിസാന്‍ GT, മെര്‍സിഡീസ് AMG G63 എന്നീ ശ്രദ്ധേയ മോഡലുകള്‍ ദുബായ് പൊലീസിന്റെ സ്വന്തമാണ്.
കാര്‍ബണ്‍ പുറംതള്ളല്‍ കുറക്കാനുള്ള പ്രതിജ്ഞാബദ്ധതയുടെ ഭാഗമായി 2030 ഓടെ തങ്ങളുടെ വാഹനങ്ങളുടെ 25 ശതമാനം ഇലക്ട്രിക് അല്ലെങ്കില്‍ ഹൈബ്രിഡ് ആക്കാനാണ് ദുബായ് പൊലീസ് ലക്ഷ്യമിടുന്നത്. ഏതായാലും പുതിയ ഔഡി RS e-ട്രോണ്‍ GT ഇലക്ട്രിക് സ്‌പോര്‍ട്‌സ് കാറും ഡിപാര്‍ട്‌മെന്റിന്റെ റേഞ്ച് ഉയര്‍ത്തി.


Click it and Unblock the Notifications








