ദുബൈ: പാവങ്ങള്‍ കാര്‍ പുറത്തിറക്കരുതെന്ന്
എത്ര സമ്പന്നമായ നഗരത്തിനും ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ട്രാഫിക് ജാമുകള്‍. വന്‍ ഫ്‌ലൈഓവര്‍ ശൃംഘലകളും മെട്രോകളും മികവുറ്റ പൊതുഗതാഗത സംവിധാനങ്ങളുമെല്ലാമുണ്ടായിട്ടും ഗതാഗതക്കുരുക്കില്‍ നിന്ന് ദുബൈ നഗരത്തിന് വിടുതിയില്ല. ലോകത്തിലെ ഏതു നഗരത്തിലെയും സ്ഥിതി ഇതൊക്കെത്തന്നെയാണ്. സമ്പന്നമെന്നോ ദരിദ്രമെന്നോ വേര്‍തിരിവ് ഇക്കാര്യത്തിലില്ല.
ഗതാഗതക്കുരുക്കില്‍ നിന്നു രക്ഷപ്പെടാനെന്താണ് വഴി? സമ്പത്തു കൊണ്ട് ഇതിനെ നേരിടാനാവില്ല എന്ന് പൊതുവില്‍ തീര്‍ച്ചയായിട്ടുണ്ട്. എന്നാല്‍, ദുബൈ നഗരത്തിന് അതിന്റേതായ ശൈലികളുണ്ട്. പ്രശ്‌നങ്ങളെ അവര്‍ സമ്പത്തിന്റെ വഴിയില്‍ നിന്നുകൊണ്ടുതന്നെ നേരിടും!
ദരിദ്രരായവര്‍ കാറോടിക്കണ്ട എന്നാണ് ദുബൈയില്‍ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറയുന്നത്. ഇതല്ലാതെ ട്രാഫിക് കുരുക്കുകള്‍ നീക്കാന്‍ മറ്റൊരു മാര്‍ഗവുമില്ലെന്നാണ് ദുബൈ ഡയറക്ടര്‍ ജനറള്‍ ഹുസൈന്‍ ലൂട്ടയുടെ അഭിപ്രായം.

എല്ലാവര്‍ക്കും അവരവരുടേതായ ആഡംബരജീവിതമുണ്ടെന്ന് ചൂണ്ടിക്കാണിക്കുന്ന ലൂട്ട, എല്ലാവരെയും ഉള്‍ക്കൊള്ളാന്‍ ദുബൈ വീഥികള്‍ക്ക് വീതി പോരെന്ന് ലൂട്ട പറയുന്നു. എല്ലാവരും കാറുകൊണ്ട് നിരത്തിലിറങ്ങുന്നതാണ് പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം. ശക്തമായ ഉടമസ്ഥതാനിയമങ്ങള്‍ രാജ്യത്ത് നിലവില്‍ വരണം, ലൂട്ട പറഞ്ഞു.
കര്‍ശനമായ നിയമങ്ങള്‍ കൊണ്ടു മാത്രമേ ട്രാഫിക് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാവൂ എന്നു ചൂണ്ടിക്കാട്ടുന്ന ലൂട്ട സാധാരണക്കാരെ പൊതുഗതാഗത സംവിധാനം ഉപയോഗിക്കാന്‍ നിര്‍ബന്ധിക്കണമെന്ന് നിര്‍ദ്ദേശിക്കുന്നു. ബോധവല്‍ക്കരണം കൊണ്ടൊന്നും വലിയ കാര്യമില്ല.
പാര്‍ക്കിംഗ് ഫീസ് ഉയര്‍ത്തുക, ഇന്‍ഷൂറന്‍സ് പോളിസി തുകകള്‍ വര്‍ധിപ്പിക്കുക, നികുതി വര്‍ധിപ്പിക്കുക തുടങ്ങിയ വഴികളിലൂടെ അധികം കാറുകള്‍ നിരത്തിലിറങ്ങുന്നത് തടയാമെന്ന് ലൂട്ട പറയുന്നു.


Click it and Unblock the Notifications








