പുറത്ത് മാത്രമല്ല അകത്തും കിടിലം; കുഞ്ഞിക്കയുടെ ഫെറാറിയുടെ ഇന്റീരിയർ ഇങ്ങനെ
മലയാളത്തിന്റെ പ്രിയ താരം ദുൽഖർ സൽമാന്റെ കാർ കമ്പത്തെക്കുറിച്ച് നമുക്ക് എല്ലാവർക്കും അറിയാം മമ്മൂക്കയ്ക്ക് ഒപ്പം പുത്തൻ കാറുകൾ സ്വന്തമാക്കുന്ന കാര്യത്തിൽ താരം ഒട്ടും പിന്നിൽ അല്ല. ഈ ഇടയ്ക്ക് താൻ സ്വന്തമാക്കിയ ഫെറാറി 296 GTB ആണ് ഇപ്പോൾ തലക്കെട്ടുകളിൽ ഇടം പിടിക്കുന്നത്.
ചെന്നൈ റോഡുകളിൽ നിന്നുള്ള താരത്തിന്റെ ഫെറാറിയുടെ ചില ചിത്രങ്ങൾ നാം ഇതിനോടകം കണ്ടിരുന്നു, ഇപ്പോൾ ദുൽഖറിന്റെ പുതിയ ഫെറാറിയെ അടുത്ത് കാണിക്കുന്ന കുറച്ച് ചിത്രങ്ങൾ കൂടി പുറത്തു വന്നിരിക്കുകയാണ്. ദുൽഖറിന്റെ ഫെറാറിയുടെ ചിത്രങ്ങൾ ഓട്ടോമൊബിലി ആർഡന്റ് ഇന്ത്യ തങ്ങളുടെ ഇൻസ്റ്റാഗ്രാം പേജിലാണ് പങ്കുവെച്ചിരിക്കുന്നത്.

താരത്തിനായി കാർ ചെന്നൈയിൽ എത്തിക്കുന്നതിന് മുമ്പ് ഡൽഹിയിലെ ഫെറാറി ഡീലർഷിപ്പിൽ നിന്ന് എടുത്തതാണ് ഈ ചിത്രങ്ങൾ. മുമ്പത്തെ ലേഖനങ്ങളിൽ സൂചിപ്പിച്ചതുപോലെ, റോസ്സോ റൂബിനോ മെറ്റലിസാറ്റോ എന്ന റെഡ് നിറത്തിലുള്ള വളരെ വ്യത്യസ്തമായ ഷേഡിലാണ് ദുൽഖർ സൂപ്പർകാർ വാങ്ങിയത്, ഇത് സാധാരണയായി പഴയ ഫെറാറി കാറുകളിൽ കാണപ്പെടുന്ന ഒരു പ്രത്യേക കളർ ഷെയ്ഡാണ്.
കാറുകളോടുള്ള അഗാധമായ താൽപ്പര്യത്തിന് പേരുകേട്ട വ്യക്തിയാണ് ദുൽഖർ സൽമാൻ, പലപ്പോഴും അവയുടെ ചരിത്രത്തിലേക്കും നിർമ്മാതാക്കളിലേക്കും കാര്യമായി തന്നെ ആഴ്ന്നിറങ്ങി നോക്കാറുമുണ്ട്. അതുകൊണ്ടായിരിക്കാം അദ്ദേഹം തന്റെ കാറിന് ഈ പ്രത്യേക ഷേഡ് തെരഞ്ഞെടുത്തത്. പുതിയ ചിത്രങ്ങൾ കാറിന്റെ ഇന്റീരിയറും വളരെ വ്യക്തമായി കാണിക്കുന്നു.

ദുൽഖർ തന്റെ ഫെറാറിക്കായി ടാൻ നിറത്തിലുള്ള ഇന്റീരിയറാണ് തെരഞ്ഞെടുത്തിരിക്കുന്നത്, എക്സ്റ്റീരിയർ പെയിന്റിന് കോംപ്ലിമെന്റ് ചെയ്യുന്ന ബോർഡോ ഇൻസേർട്ടുകളുള്ള ഡേടോണ സീറ്റുകൾ സ്പോർട്സ് കാർ ഫീച്ചർ ചെയ്യുന്നു. ടാൻ, റെഡ് എന്നിവയുടെ കോംബിനേഷൻ കാറിന് ഒരു മികച്ച ലുക്ക് നൽകുന്നു. പൂർണമായും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, സ്റ്റിയറിംഗ് വീൽ, പാഡിൽ ഷിഫ്റ്ററുകൾ എന്നിവയും ചിത്രങ്ങളിൽ കാണാം.
നേരത്തെ സൂചിപ്പിച്ചതുപോലെ, കാർ ചെന്നൈയിലേക്ക് ഷിപ്പ് ചെയ്യുന്നതിന് മുമ്പ് ഫെറാറി ഡീലർഷിപ്പിൽ വെച്ച് എടുത്ത ചിത്രങ്ങളാണിത്. മലയാള സിനിമയിൽ നിന്ന് ആദ്യമായി ഫെറാറി സ്വന്തമാക്കിയ നടൻ ദുൽഖർ സൽമാനാണ് എന്ന് അല്പം അഹങ്കാരത്തോടെ തന്നെ നമുക്ക് പറയാം. തന്റെ ഗാരേജിലെ മറ്റ് പല കാറുകളെയും പോലെ തന്നെ, ഈ കാറിനായും ദുൽഖർ 369 എന്ന ഫാൻസി നമ്പറിനായി അപേക്ഷിക്കാൻ സാധ്യതയുണ്ട്.

കാർ ചെന്നൈയിലേക്ക് ഷിപ്പ് ചെയ്തതിനാൽ താരം തമിഴ്‌നാട്ടിൽ ഈ സൂപ്പർകാർ രജിസ്റ്റർ ചെയ്യുമെന്നാണ് സൂചന. അടുത്തിടെ വാങ്ങിയ ഫെറാറിക്ക് പുറമെ പുതിയ ബിഎംഡബ്ല്യു 7 -സീരീസ് ലക്ഷ്വറി സെഡാനും ദുൽഖർ സ്വന്തമാക്കിയിരുന്നു. ചെന്നൈ വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടെയാണ് കാറിൽ താരത്തെ കണ്ടത്. ഇതിനും TN രജിസ്ട്രേഷനാണ്.
ഫെറാറി 296 GTB വളരെ സവിശേഷമായ ഒരു കാറാണ്, ഫെറാറിയുടെ ടിപ്പിക്കൽ എലഗന്റ് ഡിസൈൻ ഇത് വഹിക്കുന്നു. ഒരു എൻട്രി ലെവൽ സൂപ്പർകാർ ആണെങ്കിലും, വാഹനത്തിലുള്ളത് ഒന്നും തന്നെ എൻട്രി ലെവൽ ആയി നമുക്ക് തോന്നുകയില്ല. ചിത്രങ്ങളിൽ കാണിച്ചിരിക്കുന്നതുപോലെ, മാനെറ്റിനോ ഡയൽ ഉൾപ്പെടെ എല്ലാ അവശ്യ കൺട്രോളുകളും അടങ്ങുന്ന സ്‌പോർട്ടി ഫോർമുല 1 ഇൻസ്പയർഡ് സ്റ്റിയറിംഗ് വീലുള്ള വളരെ ഗംഭീരവും പ്രീമിയം ലുക്കിംഗ് കാബിനും ഈ കാറിനുണ്ട്.

ഫെറാറി 296 GTB, വാസ്തവത്തിൽ, V6 എഞ്ചിനുമായി വരുന്ന ഫെറാറിയുടെ ഏറ്റവും ശക്തമായ കാറാണ്. ഒരു ഇലക്ട്രിക് മോട്ടോറുമായി സംയോജിപ്പിച്ച 3.0 ലിറ്റർ V6 എഞ്ചിനാണ് ഇതിൽ നിർമ്മാതാക്കൾ സജ്ജീകരിച്ചിരിക്കുന്നത്. ഈ ഹൈബ്രിഡ് പെട്രോൾ എഞ്ചിൻ ഫെറാറികളുടെ സവിശേഷതയായ ഹൈ പെർഫോമെൻസിനായി ട്യൂൺ ചെയ്തിരിക്കുന്നു. ഹൈബ്രിഡ് സജ്ജീകരണം പരമാവധി 818 PS പവറും 740 Nm torque ഉം സൃഷ്ടിക്കുന്നു.
2.9 സെക്കൻഡിനുള്ളിൽ കാർ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കും, സ്പോർട്സ് കാറിന്റെ ടോപ്പ് സ്പീഡ് മണിക്കൂറിൽ 330 കിലോമീറ്ററാണ്. ഒരു പുതിയ ഫെറാറി 296 GTB -യുടെ എക്സ്-ഷോറൂം വില എന്നത് 5.40 കോടി രൂപയാണ്. എന്നാൽ കസ്റ്റമൈസേഷനുകൾ അനുസരിച്ച്, വില ഇനിയും ഉയരും.


Click it and Unblock the Notifications








