ഉടമകളുടെ നെഞ്ചില്‍ തീകോരിയിട്ട് ടൊയോട്ട! E20 പെട്രോള്‍ അടിച്ച് വണ്ടി പണിയായാല്‍ വാറണ്ടി തരാന്‍ ഒക്കൂലെന്ന്
രാജ്യം E20 ഇന്ധനലക്ഷ്യത്തിലേക്ക് നടന്നടുക്കുന്ന സാഹചര്യത്തില്‍ ഓട്ടോമൊബൈല്‍ ഇന്‍ഡസ്ട്രിയില്‍ ചര്‍ച്ചകള്‍ക്കും ചൂടുപിടിക്കുകയാണ്. 10 ശതമാനത്തിലധികം എഥനോള്‍ കലര്‍ന്ന പെട്രോളാണ് നിലവില്‍ ഇന്ത്യയില്‍ വില്‍ക്കുന്നത്. ഇത് 20 ശതമാനമാക്കി വര്‍ധിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇന്ധന ഇറക്കുമതി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പെട്രോളില്‍ എഥനോള്‍ കലര്‍ത്തുന്ന പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ തുടക്കം കുറിച്ചത്. എന്നാല്‍, പുതിയ ഇന്ധനം പഴയ വാഹനങ്ങള്‍ക്ക് ദോഷകരമാകുമോ എന്ന ചോദ്യമാണ് ഇപ്പോള്‍ എല്ലാ കോണില്‍ നിന്നും ഉയര്‍ന്ന് വരുന്നത്. പുതിയ മോഡലുകള്‍ക്ക് പ്രശ്‌നമുണ്ടാകില്ലെന്നും പഴയ വാഹനങ്ങള്‍ക്ക് പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്നുമാണ് പൊതുവെ കരുതുന്നത്.
ഹോണ്ടയടക്കം ചില വാഹന നിര്‍മാതാക്കള്‍ തങ്ങളുടെ മോഡല്‍ നിര E20 ഇന്ധനത്തിന് അനുസൃതമായി പരിഷ്‌കരിച്ചിട്ടുണ്ട്. പതിറ്റാണ്ടുകളുടെ കാലപ്പഴക്കമുള്ള വാഹനങ്ങള്‍ക്ക് ഒഴികെ E20 ഇന്ധനം നിറച്ചാല്‍ എഞ്ചിന് കേടുപാടുകള്‍ സംഭവിക്കില്ലെന്നാണ് പറയപ്പെടുന്നത്. ഇപ്പോള്‍ E20 ഇന്ധനം ഉപയോഗിക്കുമ്പോള്‍ വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചാല്‍ വാറണ്ടി ലഭിക്കില്ലെന്ന് കാണിച്ച് ടൊയോട്ട (Toyota) ഉപഭോക്താവിന് അറിയിച്ച ഇ-മെയില്‍ സന്ദേശമാണ് ചൂടന്‍ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ടത്.

ടൊയോട്ടയുടെ അര്‍ബന്‍ ക്രൂയിസര്‍ എന്ന മോഡലിന്റെ ഉടമയാണ് E20 ഇന്ധനം ഉപയോഗിക്കുന്നത് സുരക്ഷിതമാണോ എന്ന് ഇമെയില്‍ വഴി കമ്പനിയോട് ആരാഞ്ഞത്. മാരുതി ബ്രെസയുടെ റീബാഡ്ജ്ഡ് പതിപ്പായ അര്‍ബന്‍ ക്രൂയിസര്‍ നിലവില്‍ ഇന്ത്യയില്‍ വില്‍പ്പനക്കെത്തുന്നില്ല. അര്‍ബന്‍ ക്രൂയിസര്‍ ഉടമയുടെ ചോദ്യങ്ങള്‍ക്ക് ടൊയോട്ട അധികൃതര്‍ നല്‍കിയ മറുപടിയുടെ സ്‌ക്രീന്‍ഷോട്ടുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.
വാഹനത്തിന്റെ ഓണേഴ്‌സ് മാനുവലില്‍ E10 ഇന്ധനമാണ് ശുപാര്‍ശ ചെയ്തിരിക്കുന്നതെന്നും. E20 ഇന്ധനം ഉപയോഗിക്കാന്‍ ശുപാര്‍ശ ചെയ്യുന്നില്ലെന്നും കമ്പനി അറിയിച്ചു. E20 ഇന്ധനം ഉപയോഗിക്കുകയാണെങ്കില്‍ വാഹനത്തിന്റെ വാറണ്ടി നഷ്ടപ്പെടുമോ എന്നതായിരുന്നു രണ്ടാമത്തെ ചോദ്യം. ഇതിനുള്ള മറുപടിയായാണ് മാനുവലില്‍ ശുപാര്‍ശ ചെയ്തത് ഒഴികെ മറ്റേതെങ്കിലും ഇന്ധനം ഉപയോഗിച്ചാല്‍ ഉണ്ടാകുന്ന കേടുപാടുകള്‍ക്ക് വാറണ്ടി ക്ലെയിം ചെയ്യാനാകില്ലെന്ന് ടൊയോട്ട വ്യക്തമാക്കിയതായി ഉടമ പറയുന്നത്.

കമ്പനിയില്‍ നിന്നുള്ള പ്രതികരണത്തില്‍ ഞെട്ടിപ്പോയ ഉടമ ഉടന്‍ തന്നെ ഇ-മെയില്‍ സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ട് ടീം ബിഎച്ച്പിയിലും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും പങ്കുവെച്ചു. പോസ്റ്റ് ആളുകള്‍ ഏറ്റെടുത്തതില്‍ നിന്ന് 20 ശതമാനം എഥനോള്‍ കലര്‍ത്തിയ പെട്രോളിന് എതിരെയാണ് പൊതുവികാരമെന്ന് മനസ്സിലാക്കാം. അര്‍ബന്‍ ക്രൂയിസര്‍ ഉടമയ്ക്ക് ഇ-മെയിലിലൂടെ മറുപടി നല്‍കിയെങ്കിലും ഇക്കാര്യം ടൊയോട്ട ഔദ്യോഗികമായി പൊതുസമൂഹത്തെ അറിയിച്ചിട്ടില്ല.
E20 ഇന്ധനം വ്യാപകമാവുന്ന സാഹചര്യത്തില്‍ ടൊയോട്ടയുടെ ഈ നിലപാട് പലര്‍ക്കും അപ്രതീക്ഷിത തിരിച്ചടിയാകും. E20 ഇന്ധനത്തില്‍ E10 പതിപ്പുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത് അപകടകരമാണെങ്കില്‍ 2023-ന് മുമ്പുള്ള നിരവധി മോഡലുകളെ ഇത് ബാധിക്കും. ബലേനോയുടെ ബാഡ്ജ് എഞ്ചിനിയറിംഗ് പതിപ്പായ ഗ്ലാന്‍സ 2019-ല്‍ E10 കംപ്ലയിന്റ് മോഡലായാണ് പുറത്തിറങ്ങിയത്. 2023-ലാണ് പ്രീമിയം ഹാച്ച്ബാക്ക് E20 കംപ്ലയിന്റ് എഞ്ചിനുമായി എത്തിയത്.

സമാനമായ രീതിയില്‍ ഹൈറൈഡര്‍ എസ്‌യുവിയുടെ മാനുവലില്‍ E10 ഇന്ധനം നിറയ്ക്കാനാണ് ശുപാര്‍ശ ചെയ്യുന്നത്. എന്നാല്‍ എഥനോള്‍ 20 ശതമാനത്തില്‍ കൂടാന്‍ പാടില്ലെന്നും പറയുന്നു. ടൊയോട്ടയുടെ ജനപ്രിയ എംപിവിയായ ഇന്നോവ ഹൈക്രോസിന്റെ E10 കംപ്ലയിന്റ് പതിപ്പാണ് 2022 ഡിസംബറില്‍ ആദ്യമായി വിപണിയില്‍ എത്തിയത്. 2023 മാര്‍ച്ചില്‍ എംപിവി E20 ഇന്ധനത്തിന് അനുസൃതമായി അപ്‌ഡേറ്റ് ചെയ്തു.
E10 പതിപ്പ് ഉപയോഗിക്കുന്നവര്‍ ഇതുവരെ കാര്യമായ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നിരുന്നാലും കാലക്രമേണ ഇതിന് മാറ്റം വന്നേക്കാന്‍ സാധ്യതയുണ്ട്. E10 എഞ്ചിനുകള്‍ E20 ഇന്ധനത്തില്‍ കൂടുതല്‍ കാലം സുരക്ഷിതമായി പ്രവര്‍ത്തിക്കാന്‍ സാധ്യതയില്ലെന്ന് നിരവധി ടൊയോട്ട ഡീലര്‍മാരും സമ്മതിച്ചതായി നെറ്റിസണ്‍സ് ഈ വിഷയത്തില്‍ നടന്ന ചര്‍ച്ചകളില്‍ വെളിപ്പെടുത്തിയിരുന്നു.
E20 ഇന്ധന ഉപയോഗത്തിന്റെ കാര്യത്തില്‍ പൊതുജനങ്ങള്‍ക്ക് കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാക്കി കൊടുക്കാന്‍ വേണ്ടി ടൊയോട്ട ഔദ്യോഗികമായി നിലപാട് പ്രഖ്യാപിക്കുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. നിങ്ങള്‍ ടൊയോട്ടയുടെ E10 ഫ്യുവല്‍ പതിപ്പുകളില്‍ ഒന്നാണ് ഉപയോഗിക്കുന്നതെങ്കില്‍ വാറണ്ടി പരിരക്ഷ ലഭിക്കാനായി മാനുവലില്‍ പറഞ്ഞിരിക്കുന്ന ഫ്യുവല്‍ സ്‌പെസിഫിക്കേഷന്‍ പാലിക്കാന്‍ ശ്രദ്ധിക്കുമല്ലോ.


Click it and Unblock the Notifications








