വെറും 15% പെട്രോള്‍ മാത്രം മതി! E85, E100 ഫ്ലെക്സ് ഫ്യൂവലുകൾക്ക് വഴിയൊരുക്കി സർക്കാർ; കരട് പുറത്ത്
ഒരിടവേളക്ക് ശേഷം എഥനോള്‍ കലര്‍ത്തിയ ഇന്ധനം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ഉയര്‍ന്ന അളവില്‍ എഥനോള്‍ കലര്‍ത്തിയ E85, E100 ഇന്ധനങ്ങളുടെ എന്നിവയുടെ ഉപയോഗത്തിന് വഴിയൊരുക്കുന്ന കരട് വിജ്ഞാപനം പുറത്തിറക്കി രാജ്യത്തിന്റെ ഇന്ധനനയത്തില്‍ നിര്‍ണായക മാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. അസംസ്‌കൃത എണ്ണ ഇറക്കുമതിയെ അമിതമായി ആശ്രയിക്കുന്നത് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ഈ സുപ്രധാന നീക്കം നടത്തുന്നത്. കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രാലയമാണ് കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തില്‍ ഭേദഗതികള്‍ നിര്‍ദേശിച്ചുകൊണ്ട് കരട് വിജ്ഞാപനം പുറപ്പെടുവിച്ചത്. ഭാവിയിലെ ഇന്ധന ഉപഭോഗത്തില്‍ വരാനിരിക്കുന്ന വിപ്ലവകരമായ മാറ്റങ്ങളുടെ സൂചനയാണിത്.
ഇന്ത്യ നേരത്തെ നിശ്ചയിച്ചിരുന്നതിലും വേഗത്തില്‍ പെട്രോളില്‍ 20 ശതമാനം എഥനോള്‍ കലര്‍ത്തിയ E20 ഇന്ധന ലക്ഷ്യം 2025-ല്‍ തന്നെ കൈവരിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ E85, E100 ഇന്ധനങ്ങളിലേക്ക് കടക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നത്. E85 എന്നത് 85% എഥനോളും 15% പെട്രോളും ചേര്‍ന്നതാണ്. E100 എന്നത് ഏകദേശം ശുദ്ധമായ എഥനോള്‍ ഇന്ധനമാണ്. സാധാരണ വാഹനങ്ങളില്‍ ഇവ ഉപയോഗിക്കാന്‍ സാധിക്കില്ല, ഫ്ലെക്സ് ഫ്യൂവല്‍ വാഹനങ്ങള്‍ (FFV) മാത്രമാണ് ഈ ഇന്ധനങ്ങളില്‍ പ്രവര്‍ത്തിക്കുക.

ഈ വര്‍ഷം ഡിസംബറോടെ ഇതിന്റെ ട്രയലുകള്‍ ആരംഭിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത എണ്ണയെ അമിതമായി ആശ്രയിക്കുന്നത് ഒഴിവാക്കുന്നതിലൂടെ വലിയൊരു സാമ്പത്തിക ലാഭമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എഥനോള്‍ ബ്ലെന്‍ഡിംഗ് പ്രോഗ്രാം വഴി പ്രതിവര്‍ഷം കോടിക്കണക്കിന് ബാരല്‍ ക്രൂഡ് ഓയില്‍ ലാഭിക്കാന്‍ ഇതിനകം സാധിച്ചിട്ടുണ്ട്. കൂടാതെ പരിസ്ഥിതി സൗഹൃദമായ എഥനോള്‍ ഉപയോഗിക്കുന്നതിലൂടെ നഗരങ്ങളിലെ വായു മലിനീകരണം ഗണ്യമായി കുറയ്ക്കാന്‍ കഴിയുമെന്നും അധികൃതര്‍ കണക്കുകൂട്ടുന്നു.
പെട്രോളിനെക്കാള്‍ ശുദ്ധമായി എഥനോള്‍ കത്തുന്നതുകൊണ്ട് പരിസ്ഥിതിക്ക് ഇത് വലിയ ആശ്വാസമായിരിക്കും. കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി അടുത്തിടെ നടത്തിയ പ്രസ്താവന വാഹന വിപണിയെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരുന്നു. ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്ക് ഭാവിയില്ലെന്നും എഥനോള്‍, ഹൈഡ്രജന്‍, സിഎന്‍ജി തുടങ്ങിയ ബദല്‍ ഇന്ധനങ്ങളിലേക്ക് മാറണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. വാഹന നിര്‍മ്മാതാക്കള്‍ ഇതിന് അനുസരിച്ച് പുതിയ നവീകരണങ്ങള്‍ വരുത്താന്‍ തയാറാകണമെന്നും മന്ത്രി നിര്‍ദേശിച്ചു.
സര്‍ക്കാര്‍ നിലപാട് വ്യക്തമായതോടെ വണ്ടിക്കമ്പനികള്‍ തങ്ങളുടെ ഭാവി പദ്ധതികളില്‍ മാറ്റങ്ങള്‍ വരുത്താന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. എന്നിരുന്നാലും, ഈ മാറ്റം അത്ര എളുപ്പമാകില്ലെന്നതാണ് വസ്തുത. പഴയ വാഹനങ്ങള്‍ ഇത്തരത്തിലുള്ള ഉയര്‍ന്ന തോതില്‍ എഥനോള്‍ കലര്‍ന്ന ഇന്ധനം ഉപയോഗിക്കുന്നത് കാരണം മൈലേജ് കുറയുന്നതുള്‍പ്പെടെയുള്ള സാങ്കേതിക പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരും. 2012 മുതല്‍ 2023 തുടക്കം വരെ നിര്‍മ്മിച്ച വാഹനങ്ങളിലാണ് ഇത്തരം വെല്ലുവിളികള്‍ക്ക് കൂടുതല്‍ സാധ്യതയുള്ളത്.
എഞ്ചിന്‍ ഡിസൈനിലും ഇന്ധന സംവിധാനങ്ങളിലും വലിയ മാറ്റങ്ങള്‍ വരുത്തിയാല്‍ മാത്രമേ ഉയര്‍ന്ന അളവിലുള്ള എഥനോള്‍ മിശ്രിതം കൈകാര്യം ചെയ്യാന്‍ സാധിക്കൂ. കമ്പനികള്‍ ഈ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ സമയമെടുക്കും. ഇക്കാര്യത്തില്‍ വാഹന നിര്‍മ്മാതാക്കള്‍ സര്‍ക്കാരിനോട് സഹായം തേടിയിട്ടുണ്ട്. എഥനോള്‍ കലര്‍ത്തിയ ഇന്ധനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് ഉണ്ടാകുന്ന ഇന്ധനക്ഷമത കുറവ് നികത്താന്‍ നികുതി ആനുകൂല്യങ്ങള്‍ നല്‍കണമെന്നാണ് ഓട്ടോമൊബൈല്‍ നിര്‍മ്മാതാക്കളുടെ സംഘടനയായ SIAM സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനമൊന്നും കൈക്കൊണ്ടിട്ടില്ല. സര്‍ക്കാരും വ്യവസായ പ്രമുഖരും തമ്മില്‍ ഭാവി ഇന്ധന നയത്തെ കുറിച്ച് ചര്‍ച്ചകള്‍ തുടരുകയാണ്. ഭാവിയില്‍ ഫ്‌ലെക്‌സ് ഫ്യൂവല്‍ വാഹനങ്ങള്‍ക്ക് ഇവികള്‍ക്ക് ലഭിച്ചതുപോലെ ആനുകൂല്യങ്ങള്‍ ലഭിക്കുമോ എന്നത് കണ്ടറിയണം. ഈ കരട് നിയമത്തെ കുറിച്ച് പൊതുജനങ്ങള്‍ക്ക് അഭിപ്രായങ്ങള്‍ അറിയിക്കാവുന്നതാണ്. പൊതുജനങ്ങളില്‍ നിന്നും ഓട്ടോമൊബൈല്‍ ഇന്‍ഡസ്ട്രിയില്‍ നിന്നും ലഭിക്കുന്ന നിര്‍ദേശങ്ങള്‍ വിശകലനം ചെയ്ത ശേഷമാകും സര്‍ക്കാര്‍ അന്തിമ തീരുമാനത്തില്‍ എത്തുക.
ഈ വര്‍ഷം അവസാനത്തോടെ ട്രയല്‍ റണ്ണുകള്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍, അടുത്ത ഏതാനും മാസങ്ങള്‍ നിര്‍ണായകമായിരിക്കും. എന്ത് തന്നെയായാലും രാജ്യത്തെ വാഹനവിപണിയിലും ഇന്ധന ഉപയോഗത്തിലും വന്‍ മാറ്റങ്ങളള്‍ക്കാണ് സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. പുതിയ സാങ്കേതികവിദ്യകള്‍ വരുമ്പോള്‍ പലരീതിയിലുള്ള വെല്ലുവിളികള്‍ നേരിടാറുണ്ട്. എങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇത് രാജ്യത്തിന് ഗുണകരമാകും.

പുതിയ ഇന്ധനനയം വാഹന വിപണിയില്‍ പുതിയ വിപ്ലവത്തിന് തന്നെ തുടക്കമിട്ടേക്കാം. പുതിയ മാറ്റങ്ങള്‍ക്ക് അനുസരിച്ച് വാഹനങ്ങള്‍ക്കും സാങ്കേതികമായ മാറ്റങ്ങള്‍ അനിവാര്യമാണ്. ഉപഭോക്താക്കളുടെ താല്‍പ്പര്യങ്ങള്‍ കൂടി സംരക്ഷിച്ചുകൊണ്ട് നടപ്പിലാക്കുന്ന ഏത് പരിഷ്‌കാരവും വിജയകരമാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. E85, E100 ഇന്ധനങ്ങള്‍ക്ക് വഴിവെക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ ഈ കരട് വിജ്ഞാപനത്തെ കുറിച്ചുള്ള മാന്യ വായനക്കാരുടെ അഭിപ്രായങ്ങള്‍ കമന്റ് ബോക്‌സിലൂടെ അറിയിക്കൂ.


Click it and Unblock the Notifications