ഇന്നോവാ മാത്രമല്ല ലഡാക്കിലെ ഇലക്ട്രിക് ബസും പത്ത് ലക്ഷം കിലോമീറ്റർ ഓടും; ഇവി എന്ന സുമ്മാവാ
ലഡാക്കിലെ ഇലക്ട്രിക് ബസുകൾ സർവീസ് ആരംഭിച്ച് ഒരു വർഷം പൂർത്തിയാക്കിരിക്കുകയാണ്, കഴിഞ്ഞ 12 മാസത്തിനുള്ളിൽ 25 ലക്ഷം കിലോ കാർബൺ പുറന്തള്ളലാണ് ഇതിലൂടെ ലാഭിച്ചത്. പിഎംഐ ഇലക്‌ട്രോ മൊബിലിറ്റി നിർമ്മിക്കുന്ന ഈ ഇലക്ട്രിക് ബസുകൾ പ്രതിദിനം ശരാശരി 1,500 യാത്രക്കാരെ വഹിച്ചുകൊണ്ട് 10 ലക്ഷം കിലോമീറ്ററിലധികം ഓടിക്കഴിഞ്ഞിരിക്കുകയാണ്. പൊതുഗതാഗതം കുറവായ അങ്ങേയറ്റം ഇക്കോ സെൻസിറ്റീവ് മേഖലയിൽ കാർബൺ പുറന്തളളൽ കുറയ്ക്കാനുള്ള ശ്രമത്തിലാണ് ഈ 19 ഇലക്ട്രിക് ബസുകൾ കഴിഞ്ഞ വർഷം പുറത്തിറക്കിയത്.
ഗതാഗത വകുപ്പ് നടത്തുന്ന പിഎംഐ ഇലക്ട്രിക് ബസുകൾ കേന്ദ്രഭരണ പ്രദേശത്തിലെ രണ്ട് പ്രധാന നഗരങ്ങളായ ലേയ്ക്കും കാർഗിലിനും ഇടയിലാണ് സർവീസ് നടത്തുന്നത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഗതാഗതയോഗ്യമായ റോഡുകളിലൂടെ ഈ ഇലക്ട്രിക് ബസുകൾ 10.50 ലക്ഷം കിലോമീറ്റർ വരെ കഠിനമായ തണുപ്പിലും സഞ്ചരിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

ഈ ഇലക്ട്രിക് ബസുകൾക്ക് ഒറ്റ ചാർജിൽ 180 കിലോമീറ്റർ വരെ റേഞ്ച് ഉണ്ട്, ഫാസ്റ്റ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്നവ ആയത് കൊണ്ട്, ഇത് ഒരു മണിക്കൂറിനുള്ളിൽ പൂർണ്ണമായി റീചാർജ് ചെയ്യാൻ അനുവദിക്കുന്നു, കൂടാതെ യാത്രക്കാർക്ക് സുഖപ്രദമായ ഒരുപാട് സൗകര്യങ്ങൾ നൽകുന്നുണ്ട്. പിഎംഐ ഇലക്‌ട്രോ മൊബിലിറ്റി സൊല്യൂഷൻസിന് നിലവിൽ ഇന്ത്യയിലെ 27 നഗരങ്ങളിലായി 1200-ലധികം ബസുകൾ സർവീസ് നടത്തുന്നുണ്ട്.
ലഡാക്കിൽ പിഎംഐ നടത്തുന്ന ഇലക്ട്രിക് ബസുകൾ യാത്രക്കാരുടെ സുഖസൗകര്യങ്ങൾക്കായി ഹീറ്റിങ്ങ്, വെന്റിലേഷൻ, എയർ കണ്ടീഷനിംഗ് എന്നിവയുൾപ്പെടെ നിരവധി അത്യാധുനിക സവിശേഷതകളോടെയാണ് വരുന്നത്. 360 ഡിഗ്രി ക്യാമറകൾ, അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റന്റ് സിസ്റ്റം (ADAS), AI അടിസ്ഥാനമാക്കിയുള്ള മോണിറ്ററിംഗ്, അഡ്വാൻസ്ഡ് റിയർ വ്യൂ ക്യാമറകൾ, നൂതന എസ്ഒഎസ് ഫീച്ചറുകൾ തുടങ്ങിയ സുരക്ഷാ ഫീച്ചറുകളോടെയാണ് ഈ ബസുകൾ വരുന്നത്. ബസിനുള്ളിൽ ഫാക്ടറി ഘടിപ്പിച്ച ക്യാമറകളുണ്ട്, അത് എല്ലാ യാത്രക്കാരെയും നിരീക്ഷിക്കുന്നു.

ഈ ബസുകളിൽ ഇന്റലിജന്റ് ട്രാൻസ്‌പോർട്ടേഷൻ മാനേജ്‌മെന്റ് സിസ്റ്റവും സജ്ജീകരിച്ചിരിക്കുന്നു, കൂടാതെ നാവിഗേഷൻ, ഓട്ടോമേറ്റഡ് പാസഞ്ചർ കൗണ്ടിംഗ് എന്നിവയ്‌ക്കായി ഗൂഗിൾ മാപ്‌സിലേക്കുള്ള ആക്‌സസ് വാഗ്ദാനം ചെയ്യുന്നവയാണ്. കേന്ദ്രഭരണ പ്രദേശമായ ലഡാക്കിൽ സർവീസ് നടത്തുന്ന ഇലക്ട്രിക് ബസുകൾ 204 KwH അഡ്വാൻസ്ഡ് ലിഥിയം-അയൺ ബാറ്ററി പാക്കിലാണ് പ്രവർത്തിക്കുന്നത്. റൂട്ടുകൾ നിയന്ത്രിക്കുമ്പോൾ ഈ ബസുകൾക്ക് ഷെഡ്യൂളുകൾ സ്വയമേവ ട്രാക്ക് ചെയ്യാനും മോണിറ്ററുകൾ ചാർജ് ചെയ്യാനും കണക്കാക്കിയ റേഞ്ച് വിലയിരുത്താനും കഴിയും.
ഒന്നരകോടി രൂപയാണ് ഒരു ബസിൻ്റെ വില. ഡൽഹിയിലെ ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർട്ട് ഉൾപ്പെടെ നിരവധി വിമാനത്താവളങ്ങളിൽ പിഎംഐ ഇലക്ട്രിക് ബസുകൾ ഉപയോഗിക്കുന്നു. സൂറത്ത്, ഷിംല, ധർമ്മശാല തുടങ്ങിയ നഗരങ്ങളിലും അവ പൊതുഗതാഗതത്തിന്റെ ഭാഗമാണ്. ചൈനയുടെ Beiqi ഫോട്ടോൺ മോട്ടോർസിന്റെ പങ്കാളിത്തത്തോടെ PMI ഇലക്‌ട്രോ തങ്ങളുടെ സ്വന്തം ഇലക്ട്രിക് ട്രക്കുകളും ഇൻട്രാ-സിറ്റി ഇ-ബസുകളും നിർമിക്കാൻ ശ്രമിക്കുന്നതായി നേരത്തെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.

ഇതിനായി ഒന്നിലധികം സംസ്ഥാന പൊതുഗതാഗത സംവിധാനത്തിന്റെ ഭാഗമായി പൈലറ്റ് റണ്ണുകളും ട്രയലുകളും 2024 സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ തന്നെ ആരംഭിച്ചേക്കുമെന്നാണ് വിവരം. കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി) വാങ്ങുന്ന ആദ്യ ഇലക്‌ട്രിക് ബസുകളാണ് PMI ഇലക്‌ട്രോയുടേത്. ഇവയുടെ വരവോടെ സിറ്റി സർക്കുലർ സർവീസുകൾക്ക് ഉത്തേജനമായിട്ടുണ്ട്. കുറഞ്ഞ ചെലവിൽ കൂടുൽ ലാഭമുണ്ടാക്കാൻ ഇതുവഴി കഴിഞ്ഞേക്കാം.
കേരളത്തിലെ 113 ബസുകളിൽ അറുപതെണ്ണം ഐഷർ ബസുകളും അൻപത്തിമൂന്നെണ്ണം പിഎംഎ ഫോട്ടോണിൻ്റേയുമാണ്. കൂടുതൽ ചിലവ് ചുരുക്കാൻ കെഎസ്ആർടിസി സിഎൻജിയിലേക്കും മാറുന്നുണ്ട്. ഒരു കെഎസ്ആർടിസി ബസ് സി.എന്‍.ജി.യിലേക്ക് മാറ്റാന്‍ അഞ്ചുലക്ഷംരൂപയോളം ചിലവ് വരുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ആദ്യം പരീക്ഷണാടിസ്ഥാനത്തില്‍ അഞ്ച് ബസുകളാണ് സി.എന്‍.ജി.യിലേക്ക് മാറ്റിയിരുന്നത്. സിഎൻജിയിലേക്ക് മാറ്റിയതോടെ ഇത് വിജയകരമാണെന്ന് കണ്ടതോടെയാണ് കൂടുതൽ ഡീസൽ ബസുകൾ സിഎൻജിയിലേക്ക് മാറ്റാനുളള നടപടി സ്വീകരിക്കുന്നത്.
കിഫ്ബി വായ്പ വഴി 400 ബസ് വാങ്ങാൻ ആദ്യം കെഎസ്ആർടിസി ഒരു പദ്ധതി ഇട്ടിരുന്നു. എന്നാൽ ഇത് ഉപേക്ഷിച്ചിക്കുകയായിരുന്നു. പുതിയ ബസുകള്‍ക്കുള്ള അമിതമായ വിലയും ഇന്ധനവിലക്കയറ്റവുമാണ് പദ്ധതിക്ക് തിരിച്ചടിയായത്. നിലവിലുള്ള ഡീസൽ ബസുകള്‍ ഹരിത ഇന്ധനത്തിലേക്ക് മാറ്റുക എന്നതാണ് താരതമ്യേന ചെലവുകുറഞ്ഞ രീതി. കേന്ദ്രാവിഷ്‌കൃതപദ്ധതിയില്‍ 1000 ഇലക്ട്രിക് ബസുകള്‍ക്കും വഴിതുറന്നിട്ടുണ്ട്. ഇതില്‍ അന്തിമതീരുമാനമായിട്ടില്ല. 750 ബസുകള്‍ വാടകയ്ക്കാണ് ലഭിക്കുക.


Click it and Unblock the Notifications








