ഇലക്ട്രിക്കോ ഹൈബ്രിഡോ, ഏത് വാങ്ങിയാലാണ് ലാഭം? ഇത് വായിച്ചിട്ട് ഷോറൂമിലേക്ക് പോകൂ
ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ പെട്രോള്‍ അല്ലെങ്കില്‍ ഡീസല്‍ പവര്‍ട്രെയിനില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ മാത്രമായിരുന്നു ഇന്ത്യയില്‍ കണ്ടുവന്നിരുന്നത്. എന്നാല്‍ ഇന്ന് സ്ഥിതി മാറി. ഒരു കാര്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് മുന്നില്‍ പെട്രോള്‍, ഡീസല്‍ മോഡലുകള്‍ക്ക് പുറമെ സിഎന്‍ജി, ഹൈബ്രിഡ്, ഇലക്ട്രിക് മോഡലുകള്‍ ഉണ്ട്. ഫോസില്‍ ഇന്ധനങ്ങളുടെ വില ഉയര്‍ന്നിരിക്കുന്നതിനാലും കര്‍ശനമായ എമിഷന്‍ മാനദണ്ഡങ്ങളും കാരണം ഒരുപറ്റം ഉപഭോക്താക്കള്‍ ഇതിനോടകം വൈദ്യുത വാഹനങ്ങളിലേക്ക് തിരിഞ്ഞിട്ടുണ്ട്. വിമര്‍ശനങ്ങള്‍ ഒത്തിരി പറയാനുണ്ടാകുമെങ്കിലും ഇവികള്‍ കൊണ്ട് കുറേ ഗുണങ്ങളുമുണ്ട്. പെട്ടെന്ന് തന്നെ ഇവി വാങ്ങാന്‍ മടിയുള്ള ഒരു കൂട്ടര്‍ ഹൈബ്രിഡ് കാര്‍ മോഡലുകളില്‍ ആകൃഷ്ടരാകുന്നു.
ചിലര്‍ ഇതിലൊന്നും പെടാതെ സ്റ്റക്കായി നില്‍ക്കുന്നു. ഭാവിയുടെ ഇന്ധനമായി കണക്കാക്കപ്പെടുന്ന വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന കാറുകള്‍ക്കും ഹൈബ്രിഡ് കാറുകള്‍ക്കും രാജ്യത്ത് പ്രചാരമേറി വരുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഹൈബ്രിഡ് ആണോ അല്ലെങ്കില്‍ ഇലക്ട്രിക് ആണോ നല്ലത് എന്ന ചോദ്യം ഉയര്‍ന്ന് വരുന്നുണ്ട്. അതിനായി ഇലക്ട്രിക് കാറും ഹൈബ്രിഡ് കാറും തമ്മിലുള്ള വ്യത്യാസം ഞങ്ങള്‍ പറഞ്ഞ് തരാം. ഇത് വായിച്ച് കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ഏറ്റവും മികച്ച ഓപ്ഷന്‍ തിരഞ്ഞെടുക്കാന്‍ പറ്റുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ.

ആദ്യം നമുക്ക് പവര്‍ട്രെയിനും സാങ്കേതികവിദ്യയും നോക്കാം. ഇലക്ട്രിക് കാറുകള്‍ പൂര്‍ണമായും ബാറ്ററികളിലും ഇലക്ട്രിക് മോട്ടോറുകളിലുമാണ് പ്രവര്‍ത്തിക്കുന്നത്. നിലവില്‍ ഏറ്റവും പരിസ്ഥിതി സൗഹൃദമായ ഓപ്ഷനായാണ് ഇവികള്‍ കണക്കാക്കപ്പെടുന്നത്. മറുവശത്ത്, ഹൈബ്രിഡ് കാറുകളില്‍ പെട്രോള്‍/ഡീസല്‍, ഇലക്ട്രിക് മോട്ടോര്‍ എന്നിവയുടെ സംയോജനമാണ് നമുക്ക് കാണാന്‍ സാധിക്കു.
മൈല്‍ഡ് ഹൈബ്രിഡ്, സ്ട്രോംഗ് ഹൈബ്രിഡ്, പ്ലഗ്-ഇന്‍ ഹൈബ്രിഡ് (PHEV) എന്നിങ്ങനെ പ്രധാനമായും മൂന്ന് തരം ഹൈബ്രിഡ് കാറുകളാണ് ഉള്ളത്. മൈല്‍ഡ് ഹൈബ്രിഡില്‍ എഞ്ചിന്റെ പ്രവര്‍ത്തനത്തെ മാത്രമേ ഇലക്ട്രിക് മോട്ടോര്‍ പിന്തുണയ്ക്കൂ. അതേസമയം സ്ട്രോംഗ് ഹൈബ്രിഡ്, പ്ലഗ്-ഇന്‍ ഹൈബ്രിഡ് കാറുകള്‍ക്ക് നിശ്ചിത ദൂരം ഇലക്ട്രിക് മോഡില്‍ ഓടാന്‍ സാധിക്കും.

ഒരു കാര്‍ വാങ്ങുമ്പോള്‍ ഇന്ത്യക്കാര്‍ക്ക് ഏറ്റവും കൂടുതല്‍ അറിയേണ്ടത് മൈലേജും പ്രവര്‍ത്തനച്ചെലവുമാണ്. പെട്രോള്‍/ഡീസല്‍ എഞ്ചിനോടൊപ്പം ഇലക്ട്രിക് മോട്ടോറും ഉപയോഗിക്കുന്നതിലൂടെ ഹൈബ്രിഡ് കാറുകള്‍ നോണ്‍-ഹൈബ്രിഡ് മോഡലുകളേക്കാള്‍ മെച്ചപ്പെട്ട ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നു. ടൊയോട്ട ഇന്നോവ ഹൈക്രോസ്, മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര എന്നിവ തന്നെ ഉദാഹരണം. ഈ കാറുകള്‍ ലിറ്ററിന് 28 കിലോമീറ്റര്‍ വരെ മൈലേജ് വാഗ്ദാനം ചെയ്യുന്നു.
മറുവശത്ത് ഇലക്ട്രിക് കാറുകളുടെ പ്രവര്‍ത്തനച്ചെലവ് കറണ്ട് ചാര്‍ജിനെയും മറ്റ് ചാര്‍ജിംഗ് ചെലവുകളെയും ആശ്രയിച്ചിരിക്കുന്നു. ഇന്ത്യയില്‍ ഒരു യൂണിറ്റിന് വൈദ്യുതിയുടെ ശരാശരി നിരക്ക് 6 മുതല്‍ 8 രൂപ വരൊണ്. ഇത് ഹൈബ്രിഡ് കാറുകളെ അപേക്ഷിച്ച് ഇലക്ട്രിക് വാഹനങ്ങളുടെ പ്രവര്‍ത്തനച്ചെലവ് ഗണ്യമായി കുറയ്ക്കുന്നു. എന്നിരുന്നാലും ഇലക്ട്രിക് വാഹനങ്ങളുടെ റേഞ്ച് പരിമിതമായതിനാല്‍ അവ ദീര്‍ഘദൂര യാത്രകള്‍ക്ക് കൊണ്ടുപോകാന്‍ ആര്‍ക്കും ധൈര്യം കാണില്ല.
പരിസ്ഥിതിക്ക് നല്ലത് ഏത് ഓപ്ഷനാണെന്ന് ചോദിച്ചാല്‍ ഇവിയാണെന്ന് പറയേണ്ടി വരും. ടെയില്‍ പൈപ്പ് എമിഷന്‍ പൂജ്യം ആയതിനാല്‍ പരിസ്ഥിതിക്ക് ഏറ്റവും മികച്ച ഓപ്ഷനായി ഇലക്ട്രിക് കാറുകള്‍ കണക്കാക്കപ്പെടുന്നു. എന്നിരുന്നാലും വൈദ്യുതി ഉല്‍പ്പാദനം കല്‍ക്കരിയുടെയും മറ്റ് ഫോസില്‍ ഇന്ധനങ്ങളെയും ആശ്രയിച്ചിരിക്കുന്നതിനാല്‍ ഇലക്ട്രിക് വാഹനങ്ങള്‍ പരോക്ഷമായി മലിനീകരണത്തിന് കാരണമാകുന്നുവെന്നും ചിലര്‍ വിമര്‍ശിക്കാറുണ്ട്.
ഐസിഇ വാഹനങ്ങളെ അപേക്ഷിച്ച് മലിനീകരണം കുറവാണെങ്കിലും ഇവികളുമായി തട്ടിച്ച് നോക്കുമ്പോള്‍ ഹൈബ്രിഡ് കാറുകള്‍ പിന്നിലാകും. ഹൈബ്രിഡ് കാറുകള്‍ പെട്രോള്‍/ഡീസല്‍ എഞ്ചിനുകളുമായി വരുന്നതിനാല്‍ അവ ഇലക്ട്രിക് വാഹനങ്ങളേക്കാള്‍ കൂടുതല്‍ മലിനീകരണം ഉണ്ടാക്കുന്നു. ഇലക്ട്രിക് കാറുകള്‍ക്ക് ചാര്‍ജ് ചെയ്യാന്‍ ചാര്‍ജിംഗ് സ്റ്റേഷനുകളോ ഹോം ചാര്‍ജിംഗ് സംവിധാനമോ ആവശ്യമാണ്. ഇന്ത്യയില്‍ ചാര്‍ജിംഗ് അടിസ്ഥാന സൗകര്യങ്ങള്‍ ഇപ്പോള്‍ നന്നേ കുറവാണെന്ന്. പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളില്‍ ഇവി ചാര്‍ജിംഗ് വലിയ വെല്ലുവിളിയായി മാറും.

മറുവശത്ത് ഹൈബ്രിഡ് വാഹനമാണെങ്കില്‍ ആ ഒരു തലവേദനയില്ല. ഹൈബ്രിഡ് കാറുകള്‍ക്ക് സാധാരണ പെട്രോള്‍ പമ്പുകളില്‍ ഇന്ധനം നിറയ്ക്കാം. രാജ്യത്തെ മുക്കിലും മൂലയിലും വരെ പമ്പുകള്‍ ഉള്ളതിനാല്‍ ടെന്‍ഷനേ വേണ്ട. സ്ട്രോംഗ് അല്ലെങ്കില്‍ പ്ലഗ്-ഇന്‍ ഹൈബ്രിഡ് കാറുകളില്‍ റീജനറേറ്റീവ് ബ്രേക്കിംഗിലൂടെ ബാറ്ററി ചാര്‍ജാകുകയും ചെയ്യും. ഇതുകൂടാതെ, ഒരു എക്സ്റ്റേണല്‍ ചാര്‍ജറിന്റെ സഹായത്തോടെ ചാര്‍ജ് ചെയ്യാനും കഴിയും.
വിലയാണ് ഇന്ത്യക്കാര്‍ കാര്‍ വാങ്ങുമ്പോള്‍ പരിഗണിക്കുന്ന മറ്റൊരു പ്രധാന സംഗതി. സാധാരണ ഡീസല്‍-പെട്രോള്‍ കാറുകളേക്കാള്‍ ഇലക്ട്രിക് കാറുകള്‍ക്ക് വില കൂടുതലാണ്. എന്നിരുന്നാലും ഇപ്പോള്‍ നിരവധി കാര്‍ ബ്രാന്‍ഡുകള്‍ താങ്ങാവുന്ന വിലയില്‍ നിരവധി പുത്തന്‍ മോഡലുകള്‍ പുറത്തിറക്കിയിട്ടുണ്ട്. ടാറ്റ മോട്ടോര്‍സ്, മഹീന്ദ്ര, എംജി എന്നിവ അതില്‍ പെടുന്നു.

10 ലക്ഷം രൂപയില്‍ താഴെ വിലയില്‍ ലഭിക്കുന്ന എംജി കോമെറ്റ്, ടാറ്റ ടിയാഗോ ഇവി എന്നിവയില്‍ തുടങ്ങി ഏകദേശം 30 ലക്ഷം വില വരുന്ന മഹീന്ദ്ര XEV 9e വരെയുള്ള നിരവധി മോഡലുകളുണ്ട്. പ്രീമിയം ഇവികള്‍ ഇക്കൂട്ടത്തില്‍ എണ്ണിയിട്ടില്ലെന്ന് പ്രത്യേകം ശ്രദ്ധിക്കുക. ഇവികളുടെ അത്ര വരില്ലെങ്കിലും ഹൈബ്രിഡ് കാറുകള്‍ക്കും അത്യാവശ്യം വിലയുണ്ട്.
ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡറും മാരുതി ഗ്രാന്‍ഡ് വിറ്റാരയുമാണ് ഇന്ത്യയില്‍ നിലവില്‍ വാങ്ങാനാകുന്ന ഏറ്റവും കുറഞ്ഞ വിലയുള്ള സ്ട്രോംഗ് ഹൈബ്രിഡ് കാറുകള്‍. ഏകദേശം 16.81 ലക്ഷം രൂപയാണ് ഇവയുടെ എക്സ്-ഷോറൂം വില. മാരുതി സ്വന്തമായി വികസിപ്പിച്ച സീരീസ് ഹൈബ്രിഡ് സെറ്റപ്പുമായി വരുന്ന കാറുകള്‍ എത്തുന്നതോടെ ഹൈബ്രിഡ് കൂടുതല്‍ പ്രാപ്യമായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മെക്കാനിക്കല്‍ ഭാഗങ്ങള്‍ കുറവായതിനാല്‍ ഇലക്ട്രിക് കാറുകള്‍ക്ക് മെയിന്റനന്‍സ് ചെലവ് കുറവാണ്. പക്ഷേ ബാറ്ററി മാറ്റാന്‍ ചെലവേറുമെന്ന കാര്യം മറക്കരുത്. എഞ്ചിനും മോട്ടോറുമുള്ളതിനാല്‍ ഹൈബ്രിഡ് കാറുകളുടെ മെയിന്റനന്‍സ് കോസ്റ്റും അല്‍പ്പം കൂടും. ഹൈബ്രിഡ് അല്ലെങ്കില്‍ ഇവികളില്‍ ഒന്ന് തെരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ അതില്‍ നിങ്ങളുടെ ഉപയാഗവും ആവശ്യവും കൂടി പരിഗണിക്കണം.
സിറ്റി ഡ്രൈവുകള്‍ക്കും ദിവസവും ഓഫീസില്‍ പോകാനും പറ്റിയ ചിലവ് കുറഞ്ഞ വാഹനമാണ് മനസ്സിലെങ്കില്‍ ഇലക്ട്രിക് കാറുകൾ നിങ്ങൾക്ക് പരിഗണിക്കാവുന്നതാണ്. വീടിന് തൊട്ടടുത്തോ ഓഫീസിലോ ചാര്‍ജിംഗ് സൗകര്യമുണ്ടെങ്കില്‍ സംഗതി കുശാലായി. വില അല്‍പ്പം കൂടുതലാകുമെങ്കിലും ഇന്ധനച്ചെലവില്‍ നിശ്ചിത സംഖ്യ എല്ലാ മാസവും ലാഭിക്കാം.
അതേസമയം ഇടക്ക് ദീര്‍ഘദൂര യാത്ര നടത്തുന്ന വ്യക്തിയാണ് നിങ്ങളെങ്കില്‍ ഒരു ഹൈബ്രിഡ് കാര്‍ നിങ്ങള്‍ക്ക് പറ്റിയ ഓപ്ഷനായിരിക്കും. 500 കിലോമീറ്ററില്‍ കൂടുതല്‍ റേഞ്ച് നല്‍കുന്ന ഇവികള്‍ക്ക് നിലവില്‍ ഇന്ത്യയില്‍ തൊട്ടാല്‍ പൊള്ളുന്ന വിലയാണ്. അതേസമയം ബൈക്കിന്റെ മൈലേജ് തരുന്ന ഹൈബ്രിഡ് കാറുകള്‍ അതിനേക്കാള്‍ കുറഞ്ഞ വിലയില്‍ വാങ്ങാം. അതുകൊണ്ട് നിങ്ങളുടെ ബജറ്റും ആവശ്യങ്ങളും മനസ്സില്‍ വെച്ച് ഈ രണ്ടില്‍ ഒരു ഓപ്ഷന്‍ തെരഞ്ഞെടുക്കാം.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








