ഇവികള്‍ക്ക് സബ്‌സിഡി ആവശ്യമില്ലെന്ന് കേന്ദ്ര മന്ത്രി ഗഡ്കരി! വിലവര്‍ധനക്കുള്ള കോളല്ലേ ആ കേട്ടത് കേളപ്പേട്ടാ...
നിതിന്‍ ഗഡ്കരി (Nitin Gadkari) കേന്ദ്ര ഉപരിതല ഗതാഗത ഹൈവേ മന്ത്രാലയത്തിന്റെ തലപ്പത്തെത്തിയ ശേഷം ഇന്ത്യയില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. റോഡ് അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനൊപ്പം സുരക്ഷക്കും അദ്ദേഹം വലിയ പ്രാധാന്യം കൊടുക്കുന്നു. അത് മാത്രമല്ല ഫോസില്‍ ഇന്ധനങ്ങൡ നിന്ന് ബദല്‍ ഇന്ധനങ്ങളിലേക്കുള്ള മാറണമെന്ന് ആവശ്യപ്പെടുന്ന ഒരു വ്യക്തി കൂടിയാണ് ഗഡ്കരി. എപ്പോഴും ഇലക്ട്രിക്, സിഎന്‍ജി, ഹൈഡ്രജന്‍, എഥനോള്‍ വാഹനങ്ങളെ അദ്ദേഹം പ്രോത്സാഹിപ്പിക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ ഇവികളെ (Electric Vehicles) കുറിച്ച് ഗഡ്കരി നടത്തിയ ഒരു ശക്തമായ പ്രസ്താവനയാണ് ചര്‍ച്ചയാകുന്നത്.
ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഇപ്പോള്‍ സബ്സിഡി ആവശ്യമില്ലെന്നാണ് ഗഡ്കരി പറഞ്ഞത്. ഐസിഇ വാഹനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇവികള്‍ക്ക് ഇപ്പോള്‍ തന്നെ വളരെ കുറഞ്ഞ ജിഎസ്ടിയാണ് ഈടാക്കുന്നതെന്നും അതിനാല്‍ വൈദ്യുത വാഹനങ്ങള്‍ക്ക് കൂടുതല്‍ സബ്സിഡി ആവശ്യപ്പെടുന്നത് കുറച്ച് കൂടുതലാണെന്ന് ഗ്രീന്‍ ഭാരത് ഉച്ചകോടിയില്‍ സംസാരിക്കവേ ഗഡ്കരി പറഞ്ഞു.

'നമുക്ക് വളരെയധികം സബ്‌സിഡികള്‍ ആവശ്യമില്ലെന്നാണ് എന്റെ വിശ്വാസം. പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്ക് ജിഎസ്ടി 48 ശതമാനമാണ്. അതേസമയം ഇലക്ട്രിക് വാഹനങ്ങള്‍ക്ക് അത് 5 ശതമാനം മാത്രമാണ്. എന്നിട്ടും ആരെങ്കിലും സബ്‌സിഡി പ്രതീക്ഷിക്കുന്നുണ്ടെങ്കില്‍ അത് ആവശ്യമില്ലെന്നാണ് എന്റെ സത്യസന്ധമായ അഭിപ്രായം' ഗഡ്കരി വ്യക്തമാക്കി.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇവി വിപണി വളരെയധികം പക്വത പ്രാപിച്ചിട്ടുണ്ടെന്നും ഇക്കാരണത്താല്‍ രാജ്യത്ത് കൂടുതല്‍ വാഹനങ്ങള്‍ വില്‍ക്കുന്നതിന് ഇപ്പോള്‍ സര്‍ക്കാരില്‍ നിന്ന് ഇന്‍സെന്റീവുകളും സബസിഡികളും ആവശ്യമില്ലെന്നുമാണ് ഗതാഗത മന്ത്രിയുടെ പക്ഷം. ഇരുചക്ര വാഹനങ്ങള്‍, മുച്ചക്ര വാഹനങ്ങള്‍, ഫോര്‍ വീലറുകള്‍ എന്നിവയുള്‍പ്പെടെയുള്ള ഇലക്ട്രിക് വാഹനങ്ങള്‍ക്ക് നല്‍കി വന്നിരുന്ന ഫെയിം II സബ്സിഡി സ്‌കീം ഈ വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തിയിരുന്നു.

എന്നാല്‍ സ്വകാര്യ ഉടമസ്ഥതയിലുള്ള ഇലക്ട്രിക് കാറുകള്‍ക്ക് പുതിയ പ്രധാനമന്ത്രി ഇ-ഡ്രൈവ് സ്‌കീമിന് കീഴില്‍ സബ്സിഡി നല്‍കുന്നില്ല എന്നതായിരുന്നു ശ്രദ്ധേയം. ഈ ഒരു നീക്കത്തില്‍ നിന്നും ഗതാഗത മന്ത്രിയുടെ വാക്കുകളില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ ഇവികള്‍ക്കുള്ള സബ്‌സിഡി ഘട്ടംഘട്ടമായി എടുത്ത് കളയുകയാണെന്ന് മനസ്സിലാക്കാം. 2026 മാര്‍ച്ചില്‍ ഈ പദ്ധതിയും അവസാനിക്കുന്നതോടെ ഇലക്ട്രിക് വാഹനങ്ങള്‍ സബ്സിഡി ഇല്ലാതെ വില്‍ക്കേണ്ടി വരും.
രാജ്യത്തെ ചില സംസ്ഥാനങ്ങള്‍ ഇവി നയം രൂപീകരിച്ച് രജിസ്‌ട്രേഷന്‍, റോഡ് നികുതികള്‍ പൂര്‍ണമായി ഒഴിവാക്കി കൊടുക്കുന്നു. തെലങ്കാനയാണ് ഇവി നയം ഏറ്റവും ഒടുവിലായി പ്രഖ്യാപിച്ച സംസ്ഥാനം. ഇതിനും ഏതാനും മാസങ്ങള്‍ മാത്രമേ സാധുതയുള്ളൂ. അവ തുടരുമോ ഇല്ലയോ എന്ന കാര്യത്തില്‍ വ്യക്തമല്ല. സര്‍ക്കാര്‍ സബ്‌സിഡി പൂര്‍ണമായി ഒഴിവാക്കിയാല്‍ വില കൂടുമോ എന്നറിയാന്‍ ആയിരിക്കും എല്ലാവര്‍ക്കും താല്‍പര്യം. ഭാരത സര്‍ക്കാര്‍ സബ്‌സിഡികള്‍ പൂര്‍ണമായി എടുത്തുകളയാന്‍ തീരുമാനിച്ചാല്‍ ഇവികളുടെ വിലകള്‍ തീര്‍ച്ചയായും ഉയരും.
ഇവികള്‍ മുഖ്യധാരയിലേക്ക് എത്തിത്തുടങ്ങിയതിനാല്‍ അവയുടെ ചെലവ് കുറയ്ക്കുന്ന പുത്തന്‍ സാങ്കേതികവിദ്യകള്‍ പുല്‍കുന്ന തിരക്കിലാണ് നിര്‍മാതാക്കള്‍. അങ്ങനെ വരുമ്പോള്‍ സമീപഭാവിയില്‍ തന്നെ ഐസി എഞ്ചിന്‍ വാഹനങ്ങളും ഇവികളും തമ്മിലുള്ള അന്തരം ഇല്ലാതാകും. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവിളോട് ജനങ്ങള്‍ മുഖംതിരിഞ്ഞ് നില്‍ക്കുന്ന സാഹചര്യത്തില്‍ ഇവ സ്വീകരിക്കപ്പെടുന്നതിനായി സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കേണ്ടതായുണ്ടായിരുന്നു.
എന്നാല്‍ ഇപ്പോള്‍ ഇവി വിപണി ഏറെ മുന്നേറിയ സാഹചര്യത്തില്‍ ഇനി അവ മെറിറ്റില്‍ ഐസി എഞ്ചിന്‍ വാഹനങ്ങളോട് മത്സരിക്കേണ്ടി വരും. ഐസി എഞ്ചിന്‍ വാഹനങ്ങളേക്കാള്‍ വളരെ കുറച്ച് ജിഎസ്ടി മാത്രമാണ് സര്‍ക്കാര്‍ ഇപ്പോള്‍ ഇവികള്‍ക്ക് ഈടാക്കുന്നത്. ഇതിന്റെ കൂടെ സബ്‌സിഡി കൂടി നല്‍കേണ്ടതുണ്ടോ?. നിങ്ങള്‍ക്ക് എന്താണ് തോന്നുന്നത്?. അഭിപ്രായങ്ങള്‍ കമന്റ് ബോക്‌സിലൂടെ ഞങ്ങളെ അറിയിക്കൂ.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








