മോദിയെ കാണാൻ ഇവി ഭീമൻ എത്തുമെന്ന് അറിയിപ്പ്, ഇന്ത്യൻ റോഡിൽ ടെസ്‌ല കാണാൻ കഴിയുമോ
ലോകത്തിലെ ഇലക്ട്രിക് കാറുകളിലെ ഭീമനായ ടെസ്‌ല ഇന്ത്യൻ മണ്ണിലേക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ടെസ്‌ല പ്രേമികളുടെ ആകാംക്ഷയ്ക്ക് ആക്കം കൂട്ടുന്ന ഒരു സോഷ്യൽ മീഡിയ പോസ്റ്റ് ടെസ്‌ല മുതലാളി ഇലോൺ മസ്ക് പോസ്റ്റ് ചെയ്തിരിക്കുകയാണ്. ഇലക്ട്രിക് കാർ നിർമ്മാതാക്കൾക്കായി സർക്കാർ പുതിയ നയം പ്രഖ്യാപിച്ചതിന് പിന്നാലെ ടെസ്‌ലയുടെ ഇന്ത്യൻ വിപണിയിലേക്കുള്ള പ്രവേശനം ഏറെക്കുറെ സ്ഥിരീകരിക്കുന്നതായിരുന്നു.
പുതിയ ഇവി നയം അനുസരിച്ച്, ഇലക്ട്രിക് വാഹനങ്ങൾ ഇറക്കുമതി ചെയ്യുന്ന പുതിയ വാഹനങ്ങൾക്ക് സർക്കാർ ഇറക്കുമതി തീരുവ ഇളവ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഇന്ത്യയിൽ ഉൽപ്പാദന കേന്ദ്രം സ്ഥാപിക്കുന്നതിനായി 500 മില്യൺ ഡോളറോ അതിൽ കൂടുതലോ നിക്ഷേപിക്കുന്ന കമ്പനികൾക്ക് 5 വർഷത്തേക്കാണ് ഇളവ് വാഗ്ദാനം പുതിയ ഇവി നയത്തിൽ പറഞ്ഞിരിക്കുന്നത്.

ടെസ്‌ല നിലവിൽ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡുമായി ഒരു ഇലക്ട്രിക് കാർ നിർമ്മാണ കേന്ദ്രം നിർമ്മിക്കാനുള്ള സംയുക്ത സംരംഭത്തെക്കുറിച്ച് നേരത്തെയുള്ള ചർച്ചയിലാണ് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതുവരെ റിലയൻസുമായി ഒരു ചർച്ചയെ കുറിച്ചോ കൂട്ടായ സംരഭത്തെ പറ്റിയോ കേട്ടു കേൾവി പോലുമില്ലായിരുന്നു എങ്കിലും റിലയൻസിൻ്റെ സഹായത്തെ കുറിച്ച് തള്ളിക്കളയാൻ സാധിക്കുന്നതല്ല.
ഇന്ത്യയിൽ ടെസ്‌ലയ്‌ക്കായി ഉൽപ്പാദന സൗകര്യവും അനുബന്ധ ആവാസവ്യവസ്ഥയും സ്ഥാപിക്കുന്നതിൽ റിലയൻസ് കമ്പനി ഒരു പ്രധാന പങ്ക് വഹിച്ചേക്കാനുളള സാധ്യതയുണ്ട് എന്നാണ് തോന്നുന്നത്. പ്രധാനമന്ത്രിയെ കാണുന്നതിനൊപ്പം തന്നെ അംബാനിയുമായിട്ടും ഒരു ചർച്ചയ്ക്ക് ഇലോൺ മസ്ക് ഒരുങ്ങുന്നുണ്ട് എന്ന് വേണം കരുതാൻ. അധികം താമസിക്കാതെ തന്ന ഇലക്ട്രിക് ഭീമൻ്റെ വരവ് അറിയിച്ചു കൊണ്ട് ഒരു റിപ്പോർട്ട് നമ്മുക്കെല്ലാവർക്കും പ്രതീക്ഷിക്കാം.
ഇന്ത്യൻ മാർക്കറ്റിലേക്ക് വേണ്ടിയുളള ഇലക്ട്രിക് വാഹനങ്ങൾ ജർമനിയിൽ നിർമിച്ച് ഇന്ത്യയിലേക്ക് എത്തിക്കുമെന്ന റിപ്പോർട്ട് ഞങ്ങൾ നിങ്ങളിലേക്ക് എത്തിച്ചിരുന്നു, അതിൻ്റെ വിശദാംശങ്ങളിലേക്ക് നോക്കിയാൽ നിലവിൽ, കമ്പനി അതിൻ്റെ ബെർലിൻ ഫാക്ടറിയിൽ മോഡൽ Y നിർമ്മിക്കുന്നുണ്ട്. ഇന്ത്യയിലേക്ക് കാറുകൾ കയറ്റുമതി ചെയ്യാനുള്ള ടെസ്‌ലയുടെ നീക്കം ബെർലിനിൽ നിർമ്മിക്കുന്ന റൈറ്റ് ഹാൻഡ് ഡ്രൈവ് വാഹനങ്ങളുടെ ആദ്യ ഉദാഹരണമാണ്
സാധാരണയായി ടെസ്‌ലയുടെ ഷാങ്ഹായ് പ്ലാൻ്റ് ഓസ്‌ട്രേലിയ, ജപ്പാൻ തുടങ്ങിയ വിപണികളിലെ റൈറ്റ്-ഹാൻഡ് ഡ്രൈവ് കാറുകളുടെ എല്ലാ നിർമ്മാണവും കൈകാര്യം ചെയ്യുന്നു. ബെർലിൻ ഫാക്ടറിയിലെ RHD കാറുകളുടെ ഉത്പാദനം തികച്ചും പുതിയ കാര്യമാണ്. നിലവിൽ തമിഴ്‌നാട്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിലെ ഫാക്ടറി ലൊക്കേഷനുകൾ ടെസ്‌ല പര്യവേക്ഷണം ചെയ്യുകയാണ്. രണ്ട് വർഷത്തിനുള്ളിൽ കമ്പനി നിർമാണം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പുതിയ എന്‍ട്രി ലെവല്‍ മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കുന്നതോടൊപ്പം വിദേശത്തേക്ക് കയറ്റുമതി ചെയ്യുകയും ചെയ്യുമെന്നായിരുന്നു പറഞ്ഞിരുന്നത്. അമേരിക്കക്ക് പുറത്ത് ടെസ്ലയ്ക്ക് നിലവില്‍ ചൈനയിലെ ഷാങ്ഹായില്‍ ഒരു വമ്പന്‍ ഇവി പ്ലാന്റുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ഫാക്ടറിയാണിത്. ഒരു പുതിയ മാസ്-മാര്‍ക്കറ്റ് ഇവി പ്ലാറ്റ്ഫോമില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ടെസ്‌ല മക്‌സിക്കോയില്‍ ഒരു പുതിയ പ്ലാന്റ് നിര്‍മ്മിക്കുന്നുണ്ട്. ഇന്ത്യയില്‍ നിര്‍മിക്കുന്ന ഫാക്ടറി 2030-ഓടെ പൂര്‍ണ്ണ ശേഷിയില്‍ പ്രവര്‍ത്തിക്കുമെന്നാണ് ടെസ്ല കേന്ദ്രത്തോട് പറഞ്ഞിരിക്കുന്നത്.
ടെസ്‌ലയുടെ ഇന്ത്യയിലേക്കുളള വരവിനെ പറ്റി നിങ്ങൾക്ക് എന്താണ് തോന്നുന്നതെന്ന് ഞങ്ങളുമായി പങ്കുവയ്ക്കാൻ മറക്കരുതേ. ഇന്ത്യൻ മണ്ണിലേക്ക് ഇവി ഭീമൻ എത്തിയാൽ മറ്റ് എതിരാളികളുടെ കാര്യം എന്താകുമെന്ന കാര്യത്തിലാണ് എല്ലാവർക്കും ആശങ്ക ഉയരാൻ പോകുന്നത്. മസ്കിൻ്റെ തന്ത്രങ്ങൾ ഇന്ത്യൻ മണ്ണിൽ വേരോടുമോ എന്ന് കണ്ട് അറിയണം. ഈ കാര്യത്തിൽ നിങ്ങളുടെ അഭിപ്രായം പറയുക, ടെസ്‌ല ഇന്ത്യൻ മണ്ണിൽ കാലുകുത്തുമോ അതോ പിൻവാങ്ങുമോ.


Click it and Unblock the Notifications








