പെട്രോള്‍-ഡീസല്‍ കാറുകളുടെ കാര്യം 'തീരുമാനമാക്കി' യൂറോപ്യന്‍ യൂണിയന്‍; വില്‍പ്പന ഏതാനും വര്‍ഷം കൂടി മാത്രം
നിങ്ങള്‍ ഒരു വാഹന പ്രേമിയും സമീപകാലത്ത് യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങിലേക്ക് ഏതിലേക്കെങ്കിലും കുടിയേറാന്‍ താല്‍പര്യപ്പെടുകയും ചെയ്യുന്ന ഒരാളാണെങ്കില്‍ ശ്രദ്ധിക്കുക. പുതിയ പെട്രോള്‍, ഡീസല്‍ കാറുകളുടെയും വാനുകളുടെയും വില്‍പ്പന നിരോധിക്കാന്‍ യൂറോപ്യന്‍ പാര്‍ലമെന്റും യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളും തീരുമാനിച്ചു.

പുതിയ തീരുമാനം 2035-ഓടെ നടപ്പാക്കും. യൂറോപ്യന്‍ യൂണിയന്‍ വ്യാഴാഴ്ച രാത്രി രൂപീകരിച്ച കമ്മീഷന്‍ ബ്ലോക്കിന്റെ 'ഫിറ്റ് ഫോര്‍ 55' പാക്കേജില്‍ ആദ്യത്തേത് അംഗീകരിച്ചു. ഈ ദശകത്തില്‍ ആഗോളതാപനത്തിന് കാരണമാകുന്ന വാതകങ്ങളുടെ ഉദ്വമനം 55% കുറച്ചുകൊണ്ട് യൂറോപ്യന്‍ യൂണിയന്റെ കാലാവസ്ഥാ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ഇത് ലക്ഷ്യമിടുന്നു.

പരിസ്ഥിതി സംരക്ഷണത്തിനായി നിരവധി നിയമങ്ങള്‍ കൊണ്ടുവരാനും യൂറോപ്യന്‍ യൂണിയന്‍ തയ്യാറാണെന്ന് യുഎന്‍ സിഒപി 27 കാലാവസ്ഥാ ഉച്ചകോടിക്ക് മുന്നോടിയായി വ്യക്തമായ സൂചന നല്‍കുകയാണ് ഉടമ്പടിയെന്ന് യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ് പറഞ്ഞു.

ബ്ലോക്ക് എഗ്രിമെന്റ് ഡേറ്റ അനുസരിച്ച്, കഴിഞ്ഞ മൂന്ന് ദശകങ്ങളില്‍ ഏറ്റവും കൂടുതല്‍ ഹരിതഗൃഹ വാതക വര്‍ദ്ധനവിന് കാരണമായ ഒരേയൊരു മേഖല ഗതാഗതമാണ്. 1990-നും 2019-നും ഇടയില്‍ ഏറ്റവും ഉയര്‍ന്ന 33.5% വര്‍ദ്ധനവ് രേഖപ്പെടുത്തി.

ഇവയില്‍ പാസഞ്ചര്‍ കാറുകളാണ് മലിനീകരണ കാരണക്കാരില്‍ മുന്‍പന്തിയിലുള്ളത്. മൊത്തം കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് (CO2) പുറന്തള്ളലിന്റെ 61% പാസഞ്ചര്‍ കാറുകളില്‍ നിന്നാണ്. 2050 ഓടെ ഗതാഗതത്തില്‍ നിന്നുള്ള മലിനീകരണം ഗണ്യമായി കുറയ്ക്കാനും ഇലക്ട്രിക് കാറുകള്‍ പ്രോത്സാഹിപ്പിക്കാനും യൂറോപ്യന്‍ യൂണിയന്‍ ആഗ്രഹിക്കുന്നു.

എന്നിരുന്നാലും, കഴിഞ്ഞ വര്‍ഷം ബ്ലോക്കിന്റെ എക്സ്റ്റേണല്‍ ഓഡിറ്ററുടെ റിപ്പോര്‍ട്ടില്‍ ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് ചാര്‍ജിംഗ് സ്റ്റേഷനുകളുടെ അഭാവം തടസ്സമായി നില്‍ക്കുന്നതായി വെളിപ്പെടുത്തിയിരുന്നു.

'പെട്രോള്‍-ഡീസല്‍ കാറുകള്‍ നിര്‍ത്തുന്നത് ചരിത്രപരമായ തീരുമാനമാണ്, കാരണം അത് ഡീകാര്‍ബണൈസേഷനെ വ്യക്തമായി നിര്‍ണ്ണയിക്കുന്നു. കൂടാതെ 2025, 2030, 2035 എന്നീ വര്‍ഷങ്ങളിലെ ടാര്‍ഗറ്റുകളിലൂടെ 2050 ഓടെ ഞങ്ങള്‍ ലക്ഷ്യം കൈവരിക്കും'-പരിസ്ഥിതി കമ്മിറ്റിയുടെ ചെയര്‍മാന്‍ പാസ്‌കല്‍ കാന്‍ഫിന്‍ അവകാശപ്പെട്ടു.

നിലവില്‍ യൂറോപ്പില്‍ 16% ഉദ്വമനത്തിന് കാരണക്കാരാകുന്ന ഗതാഗത മേഖല 2050 ആകുമ്പോഴേക്കും ചുരുങ്ങും. ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ആഗോള താപനില 2 ഡിഗ്രി സെല്‍ഷ്യസിന് മുകളിലേക്ക് ഉയരാതെയും 1.5 ഡിഗ്രി സെല്‍ഷ്യസിലേക്ക് ചുരുക്കുന്നതിനുമായി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ലോക നേതാക്കള്‍ 2015-ല്‍ പാരീസില്‍ സമ്മതിച്ചിരുന്നു.

ഹരിതഗൃഹ വാതകങ്ങളുടെ ബാഹിര്‍ഗമനം കുറയ്ക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍, ശാസ്ത്രജ്ഞര്‍ക്ക് ഏറ്റവും ചെറിയ ലക്ഷ്യം പോലും കൈവരിക്കാന്‍ കഴിയില്ലെന്ന് ഗ്രീന്‍പീസ് യൂറോപ്യന്‍ യൂണിയന്‍ ട്രാന്‍സ്‌പോര്‍ട്ട് പ്രചാരകന്‍ ലോറെലി ലിമോസിന്‍ പറഞ്ഞു. 'യൂറോപ്യന്‍ യൂണിയന്റെ നീക്കം വളരെ മികച്ചതാണ്, ഇത് വരാനിരിക്കുന്ന ഒരു ദുരന്തത്തെ തടയും. 2035-ഓടെ പെട്രോള്‍-ഡീസല്‍ കാറുകള്‍ നിര്‍ത്തിയാല്‍ മാത്രം പോരാ, 2028-ഓടെ അവയുടെ നിര്‍മ്മാണം നിരോധിക്കണം' ലിമോസിന്‍ കൂട്ടിച്ചേര്‍ത്തു.

ഇത്തരത്തില്‍ പ്രഖ്യാപനങ്ങളിലൂടെ രാഷ്ട്രീയക്കാര്‍ക്ക് വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കാന്‍ കഴിയും, എന്നാല്‍ കാലാവസ്ഥ വ്യതിയാനം നിയന്ത്രണത്തിലുള്ള അവരുടെ ആവര്‍ത്തിച്ചുള്ള പരാജയങ്ങളുടെ യാഥാര്‍ത്ഥ്യം മറയ്ക്കാന്‍ കഴിയില്ല. ഈ തീരുമാനം നിലവില്‍ വരുന്നതിന് മുമ്പ് യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റും അംഗരാജ്യങ്ങളും കരാര്‍ ഔദ്യോഗികമായി അംഗീകരിക്കേണ്ടതുണ്ട്.


Click it and Unblock the Notifications








