ഇവികളുടെ കാര്യത്തിൽ ഡൽഹിയെ പോലും പുറംകാലിനടിച്ച് ഒന്നാമനായി കേരളം; കാരണങ്ങൾ ഇതാണ്
ഇന്ത്യയിൽ പ്യുവർ ഇലക്ട്രിക് കാറുകളേക്കാൾ വേഗത്തിൽ ഹൈബ്രിഡ് വാഹനങ്ങൾ വളരുന്നുണ്ട് എന്ന് ഞങ്ങൾ അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു. ഇലക്ട്രിക് വാഹനങ്ങളെ അപേക്ഷിച്ച് വേഗത്തിലുള്ള ഹൈബ്രിഡ് കാർ വിൽപ്പന വളർച്ചയുടെ കാരണങ്ങളും ഞങ്ങൾ വിശദീകരിച്ചിരുന്നു. പ്യുവർ ഇവികളേക്കാൾ ഹൈബ്രിഡുകൾക്കുള്ള നേട്ടങ്ങളും ഞങ്ങൾ പറഞ്ഞിരുന്നു.
എന്നാൽ ഇവി അഡോപ്ഷൻ ഇന്ത്യയിൽ മറ്റ് എല്ലാ സംസ്ഥാനങ്ങളേക്കാളും വേഗത്തിൽ വളരുന്ന ഒരോയൊരു സംസ്ഥാനം നമ്മുടെ കേരളമാണ്. സമീപകാല റിപ്പോർട്ട് അനുസരിച്ച്, മറ്റ് ഏതൊരു സംസ്ഥാനത്തേക്കാളും കൂടുതൽ ഇവികൾ കേരളം വാങ്ങുന്നു. ഇതിനു പിന്നിലെ കാരണങ്ങൾ എന്തെല്ലാമാണ് എന്നാണ് ഞങ്ങൾ ഇവിടെ ചർച്ച ചെയ്യുന്നത്.

വിൽപ്പന കണക്കുകൾ: കേരളത്തിലെ ഇലക്‌ട്രിക് വാഹനങ്ങളുടെ ആവശ്യകത/ ഡിമാൻഡ് ടാറ്റ, എംജി തുടങ്ങിയ കാർ നിർമാതാക്കളെ വളരെയധികം അത്ഭുതപ്പെടുത്തിയിട്ടുണ്ട്. റിപ്പോർട്ട് പ്രകാരം, കേരളത്തിലെ മൊത്തം കാർ വിൽപ്പനയുടെ 13.2 ശതമാനവും കഴിഞ്ഞ വർഷം ഇവികളിലേക്കാണ് പോയത്, ഇത് കൃത്യമായി സംസ്ഥാനത്തെ ഇവികളുടെ ഡിമാൻഡും ജനപ്രീതിയും വ്യക്തമാക്കുന്നു.
ഹോം ചാർജിംഗ്: അപ്പാർട്ട്‌മെൻ്റ് ലിവിംഗ് കേരളത്തിൽ ഇപ്പോഴും ഒരു പുതിയ കാര്യമാണ്. ജനങ്ങളിൽ ഭൂരിഭാഗവും ഇതിനകം തന്നെ വൈദ്യുതീകരിച്ച വീടുകളിലാണ് താമസിക്കുന്നത്. ഇതിനർത്ഥം മിക്കവാറും എല്ലാ ഇവി ഉപഭോക്താക്കൾക്കും തങ്ങളുടെ കാറുകൾ രാത്രി സമയങ്ങളിൽ വീട്ടിൽ തന്നെ ചാർജ് ചെയ്യാം എന്നതാണ്. പബ്ലിക്ക് ചാർജിംഗ് പോയിൻ്റുകളെ ആശ്രയിക്കാതെ, ഇന്ന് ഒരു കാർ ചാർജ് ചെയ്യാനുള്ള ഏറ്റവും ലളിതമായ മാർഗമാണിത്.

ജോലി കഴിഞ്ഞ് വീട്ടിൽ എത്തുക, കാർ പ്ലഗ് ഇൻ ചെയ്യുക, രാവിലെ ഇവി പൂർണ്ണമായി ചാർജ് ചെയ്ത് പോകാൻ റെഡിയായി ഇരിക്കുക. ഇലക്ട്രിസിറ്റിയുടെ അഭാവമോ അവിശ്വസനീയമായ വൈദ്യുതി ലഭ്യതയോ അല്ലെങ്കിൽ താമസക്കാർക്കായി ഇപ്പോഴും കൃത്യമായ ചാർജിംഗ് പോയിൻ്റുകൾ സ്ഥാപിക്കാത്ത അപ്പാർട്ട്‌മെൻ്റ് താമസമോ കാരണം ഈ സൗകര്യം മിക്ക സംസ്ഥാനങ്ങൾക്കും ലഭ്യമല്ല എന്നതും ശ്രദ്ധേയമാണ്.
ഷോർട്ട് ഡ്രൈവിംഗ് ഡിസ്റ്റൻസ്: ഇന്ത്യൻ വിപണിയിൽ നിലവിൽ വിൽപ്പനയ്ക്ക് എത്തുന്ന മിക്ക ഇലക്ട്രിക് കാറുകളും പൂർണ്ണമായി ചാർജ് ചെയ്ത ബാറ്ററികളോടെ കുറഞ്ഞത് 200 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ച് വാഗ്ദാനം ചെയ്യുന്നു. കേരളത്തിലെ മിക്ക ഉപഭോക്താക്കളുടെയും ശരാശരി/ ദൈനംദിന ഓട്ടം ഈ പരിധിക്കുള്ളിലാണ്.
ജോലിക്ക് പോയി തിരിച്ചുവരാൻ പലർക്കും 20 കിലോമീറ്ററിൽ കൂടുതൽ സാധാരണഗതിയിൽ ഓടേണ്ടിവരില്ല. കേരളത്തിൽ ഡ്രൈവിംഗ് വേഗത കുറവാണെങ്കിലും ദൂരവും അധികമില്ല എന്നതാണ് വാസ്തവം. ഇതിനർത്ഥം ഒരു കാർ പലപ്പോഴും മൂന്ന് അല്ലെങ്കിൽ നാല് ദിവസത്തിൽ ഒരിക്കൽ ചാർജ് ചെയ്താൽ മതി എന്നതാണ്!

ദീർഘദൂര/ ലോംഗ് ഡ്രൈവുകൾക്കായി, അവർ ICE കാറുകൾ ചൂസ് ചെയ്യുന്നു അല്ലെങ്കിൽ പബ്ലിക്ക് ചാർജിംഗ് സ്റ്റേഷനുകളെ ആശ്രയിക്കുന്നു, അവ കേരളത്തിൽ കണ്ടെത്താൻ അത്ര പ്രയാസമില്ല എന്നതും ശ്രദ്ധേയമാണ്. ഇനി അധവാ ബന്ധുക്കളെ കാണാനോ, കല്യാണം, പാലുകാച്ചൽ തുടങ്ങിയ ആഘോഷങ്ങൾക്കോ ചടങ്ങുകൾക്കോ നാട്ടിലേക്കുള്ള യാത്രകൾക്കോ വാഹനമോടിക്കുമ്പോൾ, ഈ ദൂരം മിക്കവാറും 200 കിലോമീറ്ററിനുള്ളിൽ വരാനുള്ള സാധ്യതയാണ് കൂടുതലും.
ഉയർന്ന ഫ്യുവൽ വില: താരതമ്യേന ഉയർന്ന ഇന്ധന വിലയാണ് ഇവികൾക്ക് കേരളത്തിൽ പ്രചാരം ലഭിക്കുന്നതിന് പിന്നിലെ മറ്റൊരു പ്രധാന കാര്യം എന്ന് ഞങ്ങൾക്ക് തോന്നുന്നത്. പല ഇന്ത്യൻ സംസ്ഥാനങ്ങളിലും 100 രൂപയിൽ താഴെയാണ് പെട്രോൾ വില എങ്കിൽ, കേരളത്തിലെ പ്രദേശമനുസരിച്ച് ഇപ്പോഴും ലിറ്ററിന് 107-108 രൂപയാണ് വില. ഈ ഉയർന്ന വിലനിർണ്ണയം തങ്ങളുടെ ഡ്രൈവുകൾ ലാഭകരമാക്കാൻ ബദൽ ഓപ്ഷനുകൾ തേടാൻ പലരെയും നിർബന്ധിതരാക്കി എന്ന് നിസംശയം പറയാം.

നീണ്ട യാത്രകൾ/ ലോംഗ് ട്രിപ്പുകൾ: കേരളത്തിനകത്ത് ഒരു റോഡ് ട്രിപ്പിനായി ഇലക്ട്രിക് കാർ എടുക്കാൻ ഉദ്ദേശിക്കുന്ന ഒരാളാണെങ്കിൽ പോലും, മിക്ക വിനോദസഞ്ചാര കേന്ദ്രങ്ങളും സമീപത്താണ്. ഉദാഹരണത്തിന്, കേരളത്തിലെ കൊച്ചിയിൽ നിന്ന് പ്രശസ്തമായ ഹിൽസ്റ്റേഷനായ മൂന്നാറിലേക്കുള്ള ദൂരം വെറും 126 കിലോമീറ്റർ മാത്രമാണ്. വീട്ടിലിരുന്ന് സിംഗിൾ ചാർജിൽ ആധുനിക ഇലക്ട്രിക് കാറിൽ ഇത് ചെയ്യാൻ കഴിയും.
കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യണമെങ്കിൽ ഏകദേശം 206 കിലോമീറ്ററാണ് ദൂരം. നിങ്ങൾക്ക് വേണമെങ്കിൽ, ഒരു ഇടവേളയ്ക്ക് വാഹനം നിർത്താതെ ഈ ദൂരം പിന്നിടാം. അത് അല്ലാതെ ഇനി നിങ്ങൾക്ക് റേഞ്ചിനെക്കുറിച്ച് ആത്മവിശ്വാസമില്ലെങ്കിൽ, എല്ലായ്പ്പോഴും അടുത്തുള്ള ഫാസ്റ്റ് ചാർജറിൽ വാഹനം നിർത്തി ചാർജ് ചെയ്യാനുമാവും.
വഴിയിൽ പെട്ടുപോവും എന്ന പേടിവേണ്ട: നിങ്ങളുടെ കാറിൽ ഫ്യുവൽ തീർന്നാലും കേരളത്തിലെ ജനസാന്ദ്രത കൂടുതലായതിനാൽ നിങ്ങൾ നടുറോഡിൽ കുടുങ്ങിപ്പോകില്ല. ജനസംഖ്യയോ സൗകര്യങ്ങളോ ഇല്ലാത്ത ശൂന്യമായ റോഡ് സ്‌ട്രെച്ചുകൾ വളരെ കുറവാണ് എന്നാണ് ഇതിനർത്ഥം. മറ്റ് സംസ്ഥാനങ്ങളിലെ ഏക്കർ കണക്കിന് ആൾതാമസമില്ലാത്ത പ്രദേശങ്ങൾ പോലെയുള്ളവ ഇവിടെ ഇല്ലെന്ന് തന്നെ പറയാം.
അതിനാൽ നിങ്ങൾക്ക് ഒരു ചാർജിംഗ് സ്റ്റേഷനിൽ വന്ന് എത്താൻ കഴിയുന്നില്ല എങ്കിൽ, നിങ്ങൾക്ക് അല്പം നേരം നിർത്തി, സമീപത്തെ വീടുകളിലോ കടകളിലോ ഉള്ള ആളുകളോട് വാഹനം കുറച്ച് സമയത്തേക്ക് ചാർജ് ചെയ്യാനും കുറച്ച് കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ച് സംഘടിപ്പിക്കാനും അഭ്യർത്ഥിക്കാം. ഇത് ഒരു ഇലക്ട്രിക് കാർ വാങ്ങുന്നതിൽ ജനങ്ങ8ക്ക് കൂടുതൽ ആത്മവിശ്വാസം നൽകുന്നു.
ഇതുകൂടാതെ, ഈ ഇലക്ട്രിക് വാഹനങ്ങളുടെ പരിപാലനച്ചെലവും റണ്ണിംഗ് കോസ്റ്റും ICE വാഹനങ്ങളെ അപേക്ഷിച്ച് വളരെ കുറവാണ്. കേരളത്തിൽ ഇലക്‌ട്രിക് വാഹന ഉടമകളുടെ എണ്ണത്തിൽ വളിയ വർധനവ് കാണുന്നതിൻ്റെ ചില കാരണങ്ങളാണിവയാണ് എന്ന് ഞങ്ങൾ കരുതുന്നു. ഞങ്ങൾ എന്തെങ്കിലും പോയിൻ്റുകൾ വിട്ടു പോയതായി നിങ്ങൾക്ക് തോന്നുന്നുവെങ്കിലോ, നിങ്ങൾക്ക് ഇതോടൊപ്പം എന്തെങ്കിലും കൂട്ടിച്ചേർക്കാൻ ഉണ്ടെങ്കിലോ കമന്റ്സിലൂടെ ഞങ്ങളെ അറിയിക്കുക.


Click it and Unblock the Notifications








