പമ്പില്‍ മാത്രമല്ല ഇവി ചാര്‍ജിംഗ് സ്‌റ്റേഷനിലും മോഷണം തുടങ്ങീട്ടോ! 1 കോടിയുടെ 'മൊതല്‍' വിറ്റത് 6000 രൂപക്ക്
വില പിടിപ്പുള്ള എന്ത് കാര്യമായാലും മോഷ്ടാക്കള്‍ അത് ലക്ഷ്യമിടുമെന്ന കാര്യം നമുക്കറിയാം. പണം മൊത്തത്തില്‍ തട്ടാനായി എടിഎം മെഷീന്‍ വരെ കവര്‍ന്ന മോഷ്ടാക്കളുള്ള നാടാണ് നമ്മുടേത്. ഒരുപാട് പണം ഉണ്ടാവുമെന്നതിനാല്‍ പെട്രോള്‍ പമ്പുകള്‍ തസ്‌കരന്‍മാര്‍ സ്ഥിരം നോട്ടമിടാറുണ്ട്. എന്നാല്‍ ഇവി ചാര്‍ജിംഗ് സ്റ്റേഷനുകളില്‍ മോഷണം നടന്ന സംഭവം നിങ്ങള്‍ അധികം കേട്ടിട്ടുണ്ടാവില്ല. എന്നാല്‍ നമ്മുടെ നാട്ടില്‍ അതും സംഭവിച്ചിരിക്കുകയാണ്.
ഐസി എഞ്ചിന്‍ വാഹനങ്ങളുടെ കാര്യമെടുത്താല്‍ രാജ്യത്തിന്റെ മുക്കിലും മൂലയിലും വരെ പെട്രോള്‍ പമ്പുകളാണ്. എന്നാല്‍ ഇവി ചാര്‍ജിംഗ് അടിസ്ഥാന സൗകര്യങ്ങള്‍ അത്ര കണ്ട് വികസിച്ചിട്ടില്ല. ഇവി നയം പ്രഖ്യാപിച്ച സംസ്ഥാനങ്ങളില്‍ ഭരണകൂടം തന്നെ മുന്‍കൈ എടുത്ത് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നു. കേന്ദ്ര സര്‍ക്കാറും ഫെയിം പദ്ധതിക്ക് കീഴില്‍ കോടിക്കണക്കിന് രൂപ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനായി വകയിരുത്തിയിട്ടുണ്ട്. ഒരു ചാര്‍ജിംഗ് സ്റ്റേഷന്‍ സ്ഥാപിക്കാന്‍ തന്നെ ലക്ഷങ്ങളുടെ ചെലവുണ്ട്.

ഇവി ചാര്‍ജിംഗ് സ്റ്റേഷനുകളില്‍ നിന്ന് ഒരു കോടി രൂപ വില വരുന്ന ഉപകരണങ്ങള്‍ മോഷണം പോയ സംഭവത്തിലെ പ്രതികളെ വലയിലാക്കിയിരിക്കുകയാണ് പൊലീസ് ഇപ്പോള്‍. ചണ്ഡീഗഢിലെ സെക്ടര്‍ 42-ലെ ന്യൂ ലെയ്ക്കിന് സമീപമുള്ള പാം ഗാര്‍ഡനിലാണ് സംഭവം. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഉദ്ഘാടനം ചെയ്യാനിരുന്ന ചാര്‍ജിംഗ് സ്‌റ്റേഷനുകളിലാണ് മോഷണം നടന്നത്. ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ ലക്ഷ്യമിട്ട തസ്‌കര സംഘം പ്രധാനമായും ചാര്‍ജിംഗ് ഗണ്ണുകളാണ് കവര്‍ന്നത്.
മെത്തത്തില്‍ നൂറിലേറെ ചാര്‍ജിംഗ് ഗണ്ണുകളാണ് മോഷ്ടിക്കപ്പെട്ടതെന്നാണ് വിവരം. ഒരു ചാര്‍ജിംഗ് ഗണ്ണിന് മാത്രം ഏകദേശം 1.2 ലക്ഷം രൂപ വില വരും. ചണ്ഡിഗഡ് സെക്ടര്‍ 36 പൊലീസ് സ്റ്റേഷനിലാണ് കേസിന്റെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഏകദേശം 1 കോടി രൂപയുടെ കവര്‍ച്ചയാണ് നടന്നതെന്നാണ് അധികൃതര്‍ പറയുന്നത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ നഗരത്തില്‍ ഒന്നിലേറെ ഇവി ചാര്‍ജിംഗ് സ്‌റ്റേഷനുകളില്‍ മോഷണ ശ്രമം നടന്നതായാണ് പൊലീസ് പറയുന്നത്.

എന്നാല്‍ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവര്‍ ആരെന്നറിഞ്ഞാണ് പൊലീസടക്കം ഞെട്ടിയത്. ഇവി ചാര്‍ജിംഗ് സ്റ്റേഷനുകളില്‍ നിന്ന് ഉപകരണങ്ങള്‍ മോഷണം പോയതുമായി ബന്ധപ്പെട്ട കേസില്‍ എട്ടിനും പതിനൊന്നിനും ഇടയില്‍ പ്രായമുള്ള അഞ്ച് കുട്ടികളാണ് പൊലീസിന്റെ പിടിയിലായത്. മദര്‍ബോര്‍ഡുകള്‍, മിനിയേച്ചര്‍ സര്‍ക്യൂട്ട് ബ്രേക്കറുകള്‍, ഇലക്ട്രിക് മീറ്ററുകള്‍, അയേണ്‍ കവറുകള്‍, ചാര്‍ജറുകള്‍ എന്നിവയുള്‍പ്പെടെയുള്ള ഇവി ചാര്‍ജിംഗ് ഘടകങ്ങളാണ് ഇവര്‍ കവര്‍ന്നത്.
മോഷ്ടിക്കപ്പെട്ട ഉപകരണങ്ങള്‍ രണ്ട് സ്‌ക്രാപ്പ് ഡീലര്‍മാര്‍ക്ക് വില്‍ക്കുകയായിരുന്നു സംഘം. ഇവ വിറ്റിട്ട് വെറും 6,000 രൂപ മാത്രമാണ് കുട്ടികള്‍ക്ക് കിട്ടിയത്. മോഷ്ടിക്കപ്പെട്ട ഇവി സ്്‌റ്റേഷനിലെ ഉപകരണങ്ങള്‍ വാങ്ങിയ സ്‌ക്രാപ്പ് കച്ചവടക്കാരെയും പൊലീസ് പിടികൂടി. മോഷണ മുതല്‍ വാങ്ങിയ കുറ്റത്തിന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 379-ാം വകുപ്പ് പ്രകാരമാണ് ഇവരെ അറസ്റ്റ് ചെയ്തത്. സൂക്ഷ്മമായ അന്വേഷണത്തിലൂടെ മോഷണ വസ്തുക്കള്‍ പൊലീസ് സ്‌ക്രാപ്പ് ഡീലര്‍മാരില്‍ നിന്ന് കണ്ടെത്തി.

തൊണ്ടിമുതല്‍ കണ്ടെത്തിയെങ്കിലും അവ ഉപയോഗശൂന്യമായാണ് കാണപ്പെട്ടത്. ചാര്‍ജ്ജിംഗ് ഗണ്ണുകളില്‍ നിന്നുള്ള ചെമ്പ് കമ്പികള്‍ മാറ്റിയ നിലയിലായിരുന്നു. പ്രതികളായ കുട്ടികള്‍ക്ക് ഇതിനായി സ്‌ക്രാപ് ഡീലര്‍മാര്‍ 150 മുതല്‍ 200 രൂപ വരെയാണ് നല്‍കിയത്. സെക്ടര്‍ 54-ലെ ആദര്‍ശ് കോളനിയിലെ താമസക്കാരാണ് പ്രതികളായ കുട്ടികള്‍. കസ്റ്റഡിക്ക് പകരം ഇവരെ കൗണ്‍സലിംഗിന് വിധേയമാക്കണമെന്നാണ് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് ഉത്തരവിട്ടത്.
മാത്രമല്ല വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത ഈ കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കാനും തീരുമാനമായിട്ടുണ്ട്. ഇവി ചാര്‍ജറുകളുടെ കവര്‍ച്ചകള്‍ സുരക്ഷാ നടപടികളിലെ അപാകതകള്‍ എടുത്തുകാണിക്കുന്നതിനാല്‍ സംഭവം അധികാരികള്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. ഇവി ചാര്‍ജിംഗ് സ്‌റ്റേഷനുകളുടെ സുരക്ഷ വീഴ്ച പരിഹരിക്കുന്നതിനും ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കുന്നതിനുമായുള്ള ചര്‍ച്ചകള്‍ സജീവമായി.

ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ സംരക്ഷിക്കാനായി അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യം ഉയര്‍ന്ന് കഴിഞ്ഞു. 2022-ല്‍ ഇവി നയം പ്രഖ്യാപിച്ചതിന് പിന്നാലെ നഗരത്തിലെ 177 ഇടങ്ങളിലാണ് ഇവി ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ സ്ഥാപിച്ചത്. സിസിടിവി ക്യാമറകള്‍ ഇല്ലാത്ത ചാര്‍ജിംഗ് സ്‌റ്റേഷനുകളുള്ള സ്ഥലങ്ങളില്‍ പൊലീസ് പട്രോളിംഗ് കര്‍ശനമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഈ ഭാഗങ്ങളില്‍ കൂടുതല്‍ സേനാംഗങ്ങളെ വിന്യസിക്കുകയും ചെയ്യും.
Source: HT


Click it and Unblock the Notifications








