പബ്ലിക് ചാര്‍ജിംഗ് സ്‌റ്റേഷന്‍ ഇനി എളുപ്പത്തില്‍ കണ്ടെത്താം; ഇവി-യാത്ര മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി
ഇന്ത്യന്‍ ഇവി വിപണി അനുദിനം വളര്‍ന്ന് കൊണ്ടിരിക്കുകയാണ്. ഇലക്ട്രിക് വാഹന വിപ്ലവം അരങ്ങേറിക്കൊണ്ടിരിക്കുന്ന ഈ സമയത്ത് ആളുകള്‍ പരിസ്ഥിതി സൗഹൃദമായ ബദല്‍ ഇന്ധനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളോട് കൂടുതല്‍ താല്‍പര്യം കാണിച്ച് തുടങ്ങിയിട്ടുണ്ട്. റേഞ്ച്, ചാര്‍ജിംഗ് ശൃംഖല എന്നിവയെ കുറിച്ചാണ് പ്രധാനമായും ഉപഭോക്താക്കള്‍ ആശങ്കപ്പെട്ടിരുന്നത്.
മികച്ച റേഞ്ച് വാഗ്ദാനവുമായി നിരവധി മോഡലുകള്‍ അടുത്ത കാലത്തായി വിപണിയില്‍ അരങ്ങേറ്റത്തിനൊരുങ്ങുകയാണ്. ആളുകളുടെ ചാര്‍ജിംഗ് പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാറും പിന്തുണയുമായി ഒപ്പമുണ്ട്. ഇതിന്റെ ഭാഗമായി ഡല്‍ഹിയില്‍ ദേശീയ ഊര്‍ജ സംരക്ഷണ ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇവി-യാത്ര പോര്‍ട്ടല്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സി (ബിഇഇ) ആണ് പുതിയ മൊബൈല്‍ ആപ്പ് വികസിപ്പിച്ചെടുത്തത്. ഇലക്ട്രിക് വാഹന ഉപയോക്താക്കള്‍ക്ക് ഏറ്റവും അടുത്തുള്ള പബ്ലിക് ചാര്‍ജിംഗ് സ്‌റ്റേഷനോ ചാര്‍ജറോ കണ്ടെത്താന്‍ ഈ ആപ്പ് സഹായിക്കും.

പ്ലാറ്റ്ഫോമില്‍ രജിസ്റ്റര്‍ ചെയ്യാനും ദേശീയ ഓണ്‍ലൈന്‍ ഡാറ്റാബേസില്‍ വിശദാംശങ്ങള്‍ രേഖപ്പെടുത്താനും ചാര്‍ജ് പോയിന്റ് ഓപ്പറേറ്റര്‍മാരെ (സിപിഒ) ഇവി യാത്ര ആപ്പ് അനുവദിക്കുന്നു. ഇലക്ട്രിക് വാഹന ഉപയോക്താക്കള്‍ക്ക് അവരുടെ സമീപത്തുള്ള പബ്ലിക് ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ എളുപ്പത്തില്‍ കണ്ടെത്താന്‍ ഇത് സഹായിക്കും. സ്റ്റേഷനില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന ചാര്‍ജറുകളുടെ തരങ്ങള്‍, ചാര്‍ജിംഗ് സ്ലോട്ടുകളുടെ ലഭ്യത, ഇവി ചാര്‍ജ് ചെയ്യുന്നതിനുള്ള താരിഫ്, സര്‍വീസ് എന്നിവയും അതില്‍ കൂടുതല്‍ വിവരങ്ങളും ആപ്പ് ഉപഭോക്താക്കള്‍ക്ക് നല്‍കും.
ഉപയോക്താക്കള്‍ക്ക് ഇവി യാത്ര ആപ്പ് ഉപയോഗിച്ച് ചാര്‍ജിംഗ് സ്ലോട്ട് മുന്‍കൂട്ടി ബുക്ക് ചെയ്യാനും കഴിയും. ഇവി യാത്ര ആപ്പ് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ആപ്പിള്‍ സ്റ്റോറിലും നിന്നും ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. കൂടാതെ മിക്ക സ്മാര്‍ട്ട്ഫോണുകളിലും ഇത് പിന്തുണക്കും. ആപ്പ് നിലവില്‍ ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലാണ് ലഭ്യമാക്കിയിട്ടുള്ളത്. ഇവികളിലേക്ക് ചുവടുമാറുന്നതിനെ സര്‍ക്കാര്‍ നല്ല രീതിയില്‍ പ്രേത്സാഹിപ്പിക്കുന്നുണ്ട്. ശക്തമായ പബ്ലിക് ചാര്‍ജിംഗ് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയാല്‍ മാത്രമേ സര്‍ക്കാര്‍ ഉദ്ദേശിക്കുന്ന ലക്ഷ്യത്തിലേക്ക് വളരാന്‍ സാധിക്കൂ.
രാജ്യത്ത് ഇവികള്‍ക്കായി ഏകദേശം 5,151 ഓപ്പറേഷന്‍ പബ്ലിക് ചാര്‍ജിംഗ് സ്റ്റേഷനുകളുണ്ടെന്ന് റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി അടുത്തിടെ ഒരു പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. കര്‍ണാടകയില്‍ ഏകദേശം 698 ചാര്‍ജിംഗ് സ്റ്റേഷനുകളുണ്ട്. മഹാരാഷ്ട്രയില്‍ 660 ചാര്‍ജിംഗ് സ്റ്റേഷനുകളും ഡല്‍ഹിയില്‍ 539 ഇവി ചാര്‍ജിംഗ് സ്റ്റേഷനുകളുമുണ്ട്. ഇവി ചാര്‍ജിംഗ് ശൃംഖല വിപുലീകരിക്കുന്നതിന് പുറമേ, ഇവികള്‍, ഘടകങ്ങള്‍, ബാറ്ററി സെല്ലുകള്‍ എന്നിവ നിര്‍മ്മിക്കുന്നതിന് പ്രൊഡക്ഷന്‍-ലിങ്ക്ഡ് ഇന്‍സെന്റീവ് (PLI) പദ്ധതികളും കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചിട്ടുണ്ട്.
രാജ്യത്ത് ഇവി ഉപയോഗം പ്രാത്സാഹിപ്പിക്കുന്നതിനായി ആഗോള മാനദണ്ഡങ്ങള്‍ക്കനുസൃതമായി സുരക്ഷാ മാനദണ്ഡങ്ങളും ഇത് പരിഷ്‌കരിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ പ്രവര്‍ത്തനക്ഷമമായ പൊതു ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ (പിസിഎസ്) മഹാരാഷ്ട്രയിലാണ് ഉള്ളത്. 660 പ്രവര്‍ത്തനക്ഷമമായ പിസിഎസുകളാണ് മഹാരാഷ്ട്രയിലുള്ളത്. ഡല്‍ഹിയും (539) തമിഴ്നാടും (439) ഇക്കാര്യത്തില്‍ പിറകില്‍ തന്നെയുണ്ട്. ഇന്ത്യയില്‍ മൊത്തം 5,151 പൊതു ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ പ്രവര്‍ത്തനക്ഷമമാണെന്ന് ഗഡ്കരി പറഞ്ഞു. രാജ്യത്ത് ഇതുവരെ 18 ലക്ഷത്തിലധികം ഇലക്ട്രിക് വാഹനങ്ങളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് സര്‍ക്കാര്‍ കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു.
ഉത്തര്‍പ്രദേശ്, ഡല്‍ഹി, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ ഇവികള്‍ വില്‍ക്കപ്പെടുന്നത്. ഉത്തര്‍പ്രദേശും ഡല്‍ഹിയുമാണ് ഇലക്ട്രിക് വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഇന്ത്യയിലെ രണ്ട് മുന്‍നിര സംസ്ഥാനങ്ങള്‍. ഏറ്റവും കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ഉത്തര്‍പ്രദേശിലാണ്. 4,14,978 ഇവികളാണ് യുപിയിലെ നിരത്തുകളില്‍ ഇപ്പോള്‍ ഉള്ളത്. 1,83,074 ഇലക്ട്രിക് വാഹനങ്ങളുമായി ഡല്‍ഹി രണ്ടാം സ്ഥാനത്തെത്തി. 1,79,087 ഇവികള്‍ രജിസ്റ്റര്‍ ചെയ്ത് മഹാരാഷ്ട്ര മൂന്നാമതെത്തിയതായി കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി ഗഡ്കരി രാജ്യസഭയില്‍ വ്യക്തമാക്കി.
വിവിധ സംസ്ഥാനങ്ങളുടെ ചുവടുപിടിച്ച് യുപി കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് ഇവി നയം പ്രഖ്യാപിച്ചത്. ഇവി നയത്തിന് കീഴില്‍ യുപി സര്‍ക്കാര്‍ വമ്പന്‍ പ്രഖ്യാപനങ്ങളാണ് നടത്തിയത്. എല്ലാത്തരം ഇലക്ട്രിക് വാഹനങ്ങള്‍ക്കും രജിസ്‌ട്രേഷനിലും റോഡ് നികുതിയിലും 100% ഇളവ് നല്‍കുന്നു. ഇലക്ട്രിക് വാഹന നയം ആരംഭിച്ചതിന് ശേഷം മൂന്ന് വര്‍ഷത്തേക്ക് ഈ ആനുകൂല്യങ്ങള്‍ ലഭ്യമായിരിക്കും. ഇത് മാത്രമല്ല, യുപിയില്‍ നിര്‍മ്മിക്കുന്ന ഇലക്ട്രിക് വാഹനങ്ങള്‍ക്ക് നാലാമത്തെയും അഞ്ചാമത്തെയും വര്‍ഷത്തേക്ക് ഈ ഇളവ് ലഭിക്കും.


Click it and Unblock the Notifications








