വണ്ടിക്ക് ബുക്കും പേപ്പറുമുണ്ടെങ്കിലും ചെക്കിങ്ങില്‍ 2000 രൂപ പിഴ ലഭിക്കാം; എങ്ങനെ എന്നല്ലേ?
പുതിയ ട്രാഫിക് നിയമ പ്രകാരം വാഹനത്തിന്റെ എല്ലാ രേഖകളും ഉണ്ടെങ്കിലും നിങ്ങള്‍ക്ക് 2000 രൂപ പിഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന കാര്യം അറിയാമോ?. ഹെല്‍മറ്റ് ധരിച്ചാണ് യാത്ര ചെയ്യുന്നതെങ്കില്‍ പോലും ഇതിന് സാധ്യതയുണ്ട്. മുമ്പ്, നിങ്ങള്‍ കാര്‍ ഓടിക്കുമ്പോള്‍ സീറ്റ് ബെല്‍റ്റ് ധരിക്കുകയും ബൈക്കോ ഓടിക്കുമ്പോള്‍ ഹെല്‍മറ്റ് ധരിക്കുകയും ചെയ്യുകയും കൈവശം എല്ലാ രേഖകളും ഉണ്ടെങ്കില്‍ പിഴ ലഭിക്കില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ ട്രാഫിക് നിയമങ്ങളില്‍ മാറ്റം വന്നിട്ടുണ്ട്.

മോട്ടോര്‍ വാഹന നിയമത്തിലെ 179ാം റൂള്‍ പ്രകാരം വാഹനത്തിന്റെ രേഖകള്‍ പരിശോധിക്കുന്ന സമയത്ത് നിങ്ങള്‍ ഒരു ട്രാഫിക് പോലീസുകാരനോട് മോശമായി പെരുമാറിയാല്‍ 2000 രൂപ പിഴ ചുമത്താന്‍ അദ്ദേഹത്തിന് അവകാശമുണ്ട്. ഒരു ട്രാഫിക് പൊലീസുകാരന്‍ മോശമായി പെരുമാറിയാല്‍ എന്തുചെയ്യും എന്ന സംശയം സ്വാഭാവികമായും നിങ്ങളുടെ മനസ്സില്‍ ഉദിക്കാം.

ചിലര്‍ പിഴ കുറയ്ക്കുന്നതിനായി റോഡരികില്‍ രേഖകള്‍ പരിശോധിക്കുന്നതിനിടയില്‍ ട്രാഫിക് പൊലീസുകാരോട് തര്‍ക്കിക്കാറുണ്ട്. താമസിയാതെ ഇതൊരു വഴക്കായി മാറും. ഒരു പൊലീസുകാരന്‍ നിങ്ങളോട് മോശമായി പെരുമാറിയാല്‍ തര്‍ക്കിക്കാനോ മോശമായി പെരുമാറാനോ നില്‍ക്കരുത്. അത് നിങ്ങള്‍ക്ക് തന്നെ പണി തരുന്ന ഏര്‍പ്പാടാണ്. അയാള്‍ക്കെതിരെ കോടതിയില്‍ പോകുകയാണ് ഏറ്റവും നല്ല മാര്‍ഗം.

നിങ്ങള്‍ക്ക് പിഴയിട്ടോ എന്ന് എങ്ങനെ അറിയാം
നിങ്ങള്‍ക്ക് പിഴ ലഭിച്ചോ ഇല്ലയോ എന്നറിയാനായി https://echallan.parivahan.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. തുടര്‍ന്ന് ചെക്ക് ചലാന്‍ സ്റ്റാറ്റസ് എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. ഇതിന് ശേഷം നിങ്ങള്‍ക്ക് ചലാന്‍ നമ്പര്‍, വെഹിക്കിള്‍ നമ്പര്‍, ഡ്രൈവിംഗ് ലൈസന്‍സ് നമ്പര്‍ (ഡിഎല്‍) എന്ന ഓപ്ഷന്‍ ലഭിക്കും. തുടര്‍ന്ന് വാഹന നമ്പര്‍ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. അതിനുശേഷം ആവശ്യപ്പെട്ട വിവരങ്ങള്‍ പൂരിപ്പിച്ച് 'Get Detail' ക്ലിക്ക് ചെയ്യുക. അപ്പോള്‍ ചലാന്‍ സ്റ്റാറ്റസ് ദൃശ്യമാകും. അതിലൂടെ കണ്ണോടിക്കുമ്പോള്‍ നിങ്ങള്‍ക്ക് പിഴ ലഭിച്ചോ ഇല്ലയോ എന്ന് മനസ്സിലാകും.

ഓൺലൈനായി ട്രാഫിക് ചലാന്‍ അടക്കേണ്ട വിധം
നിങ്ങള്‍ക്ക് ഓണ്‍ലൈനില്‍ ട്രാഫിക് ചലാന്‍ അടക്കണമെങ്കില്‍ https://echallan.parivahan.gov.in/ എന്ന സൈറ്റ് സന്ദര്‍ശിക്കുക. ശേഷം ചലാനുമായി ബന്ധപ്പെട്ട ആവശ്യമായ വിവരങ്ങളും ക്യാപ്ചയും പൂരിപ്പിക്കുക. തുടര്‍ന്ന് Get Details എന്നതില്‍ ക്ലിക്ക് ചെയ്യുക. പിന്നാലെ പുതിയ ഒരു പേജ് തുറക്കും. അതില്‍ നിങ്ങളുടെ ചലാന്‍ വിവരങ്ങള്‍ നല്‍കുക. തുടര്‍ന്ന് നിങ്ങള്‍ പണമടയ്ക്കാന്‍ ആഗ്രഹിക്കുന്ന ഇന്‍വോയ്‌സ് കണ്ടെത്തുക. ചലാനോടൊപ്പം ഓണ്‍ലൈന്‍ പേയ്മെന്റ് ഓപ്ഷന്‍ കാണാനാകും. അതില്‍ ക്ലിക്കുചെയ്യുക. പേയ്‌മെന്റ് വിവരങ്ങള്‍ പൂരിപ്പിക്കുക. പേയ്‌മെന്റ് സ്ഥിരീകരിക്കുക. ഇതോടെ ഓണ്‍ലൈന്‍ ചലാന്‍ പേയ്‌മെന്റ് നടപടി പൂര്‍ത്തിയായതായി കാണാം.

ബ്ലൂടൂത്ത് ഉപയോഗിച്ചാല്‍ ലൈസന്‍സ് കാണില്ല
ബൈക്ക് ഓടിക്കുമ്പോള്‍ ബ്ലൂടൂത്ത് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് നിരോധിച്ചിരിക്കുന്ന തരത്തില്‍ അടുത്തിടെ ട്രാഫിക് നിയമങ്ങളില്‍ പരിഷ്‌കാരങ്ങള്‍ വരുത്തിയിട്ടുണ്ടെന്ന കാര്യം അധികമാര്‍ക്കും അറിയില്ല. വാഹനമോടിക്കുമ്പോള്‍ ഏതെങ്കിലും തരത്തിലുള്ള മൊബൈല്‍ ഉപകരണം ഉപയോഗിക്കുന്നത് ട്രാഫിക് നിയമ പ്രകാരം തെറ്റാണ്. അടുത്തിടെയാണ് ബ്ലൂടൂത്ത് പോലുള്ള ഹാന്‍ഡ്സ് ഫ്രീ ഉപകരണങ്ങള്‍ ഈ നിയമത്തിന്റെ പരിധിയില്‍ ഉള്‍പെടുത്തിയത്.

ബൈക്ക് ഓടിക്കുമ്പോള്‍ ബ്ലൂടൂത്ത് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് നമ്മുടെ ശ്രദ്ധ തെറ്റാനും അത് അപകടം ക്ഷണിച്ചുവരുത്താനും ഇടയാക്കുന്നു. ഡ്രൈവിങ്ങിനിടെ ബ്ലൂടൂത്ത് ഉപകരണം വഴി പാട്ട് ആസ്വദിക്കുമ്പോള്‍ റോഡിലെ മറ്റ് വാഹനങ്ങളിലുള്ളവര്‍ ഹോണ്‍ മുഴക്കുന്നത് കേള്‍ക്കാന്‍ സാധിക്കില്ല. അതുപോലെ തന്നെ പാട്ട്കേട്ട് ബൈക്ക് ഓടിക്കുമ്പോള്‍ ചിലപ്പോള്‍ നമ്മുടെ ശ്രദ്ധ മാറിപ്പോകും. നമ്മുടെ ശരീരം ബൈക്കിലുണ്ടെങ്കിലും മനസ്സ് മറ്റെവിടെയോ ആകും. മനസ്സാന്നിധ്യം ഏറെ ആവശ്യമുള്ള ഒരു പ്രവര്‍ത്തിയാണ് ഡ്രൈവിങ്, അത് ഇല്ലാതെ വരുമ്പോള്‍ ഉള്ള കാര്യം പറയേണ്ടെല്ലോ.

ബൈക്ക് ഓടിക്കുമ്പോള്‍ ബ്ലൂടൂത്ത്/മൊബൈല്‍ ഉപയോഗിക്കുന്നയാളുകള്‍ക്ക് ട്രാഫിക് നിയമപ്രകാരം 1000 രൂപ പിഴ ചുമത്തും. ഈ നിയമം ആവര്‍ത്തിച്ച് ലംഘിക്കുന്നതായി കണ്ടെത്തിയാല്‍ ട്രാഫിക് പൊലീസിന് മൂന്ന് മാസത്തേക്ക് വരെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കാം.

'ചട്ടി' ഹെല്‍മെറ്റിന് പിഴ 1000 രൂപ
ഹെല്‍മെറ്റ് ശരിയായി ധരിക്കാത്തതിനും ഇപ്പോള്‍ പിഴയും ചുമത്തുന്നുണ്ട്. ഹെല്‍മെറ്റ് ധരിച്ചിട്ടുണ്ടെങ്കിലും സ്ട്രാപ്പ് ലോക്ക് ചെയ്യാതെയാണ് ചിലര്‍ വാഹനം ഓടിക്കുക. ഇങ്ങനെ ചെയ്താല്‍ ഹെല്‍മെറ്റ് എപ്പോള്‍ വേണമെങ്കിലും തലയില്‍ നിന്ന് താഴെ വീഴാം. ഇത് വലിയ അപകടങ്ങള്‍ക്ക് കാരണമാകാം. ഈ ഹെല്‍മെറ്റ് റോഡില്‍ വീണാല്‍ മറ്റ് യാത്രക്കാര്‍ക്കും അത് ദോഷം ചെയ്യും.

ഹെല്‍മെറ്റ് ധരിക്കാത്തവര്‍ക്ക് 1000 രൂപയാണ് മോട്ടോര്‍ വാഹന നിയമപ്രകാരം പിഴ. ഹെല്‍മെറ്റ് ശരിയായി ധരിക്കാത്തവര്‍ക്ക് 1000 രൂപയും പിഴയടക്കണം. ഇന്ന് പൊലീസ് തല നന്നായി മറക്കാത്ത തരത്തിലുള്ള 'ചട്ടി' ഹെല്‍മെറ്റുകളുടെ ഉപയോഗം വിലക്കുന്നുണ്ട്. ബിഐഎസ് നിലവാരമില്ലാത്ത ഇത്തരം ഹെല്‍മെറ്റുകള്‍ അപകട സമയത്ത് റൈഡര്‍ക്ക് യാതൊരു സുരക്ഷയും നല്‍കുന്നില്ല. മറിച്ച് ഈ ഹെല്‍മെറ്റുകള്‍ പൊട്ടി തലയില്‍ തറക്കാന്‍ സാധ്യതയുണ്ട്.

ഇത്തരം ചട്ടി ഹെല്‍മെറ്റുകള്‍ ഉപയോഗിക്കുന്നവരെ ആദ്യം ബോധവത്കരിക്കുകയും ഉപയോഗം പിന്നുടും തുടര്‍ന്നാല്‍ ശിക്ഷിക്കുകയുമാണ് ചെയ്യുക. ബിഐഎസ് നിലവാരമില്ലാത്ത ഹെല്‍മെറ്റ് ധരിക്കാത്തവര്‍ക്കുള്ള പിഴ 1000 രൂപയാണ്.


Click it and Unblock the Notifications








