കോടികളുടെ കാറിന് സേഫ്റ്റിയില്ലെങ്കില്‍ പിന്നെന്തിനാ; മുന്‍ ഇന്ത്യന്‍ ക്രിക്കറ്റർ രക്ഷപ്പെട്ടത് കണ്ടോ!
സമീപകാലത്തായി ക്രിക്കറ്റ് താരങ്ങള്‍ അപകടത്തില്‍ പെടുന്ന വാര്‍ത്തകള്‍ നിരവധിയാണ് നമ്മള്‍ കാണുന്നത്. കഴിഞ്ഞ വര്‍ഷം ഒരു ഡിസംബര്‍ പുലരിയില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്തിന് കാര്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ വാര്‍ത്ത കേട്ടാണ് രാജ്യം ഉണര്‍ന്നത്. ഇന്ത്യക്കാര്‍ സുപരിചിതനായ മറ്റൊരു മുന്‍ ക്രിക്കറ്റര്‍ കൂടി വാഹനാപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു.
ഒരുകാലത്ത് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സ്ഥിരം സാന്നിധ്യമായിരുന്ന പ്രവീണ്‍ കുമാറാണ് ഉത്തര്‍ പ്രദേശിലെ മീററ്റില്‍ നടന്ന അപകടത്തില്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. ചൊവ്വാഴ്ച രാത്രി ഒരു ട്രക്ക് പ്രവീണ്‍ സഞ്ചരിച്ച ലാന്‍ഡ് റോവര്‍ ഡിഫെൻഡര്‍ ലക്ഷ്വറി എസ്‌യുവിയുടെ പിന്നില്‍ ഇടിക്കുകയായിരുന്നു. പണ്ഡവ് നഗര്‍ പ്രദേശത്തെ കമീഷണറുടെ വസതിക്ക് സമീപത്ത് വെച്ചായിരുന്നു അപകടം. വാഹനം ഓടിച്ച പ്രവീണ്‍ കുമാറും കൂടെയുണ്ടായിരുന്ന മകനും പരിക്കുകള്‍ കൂടാതെ രക്ഷപ്പെട്ടു.

സംഭവ സ്ഥലത്തെത്തിയ പൊലീസ് അപകടം വരുത്തിയ വാഹനത്തിന്റെ ഡ്രൈവറെ പിടികൂടി. സ്വന്തം ബന്ധുവിനെ കൊണ്ടുവിടാന്‍ പോയി വരുന്ന വേളയില്‍ ചൊവ്വാഴ്ച രാത്രി 9.30-ന് വലിയ ട്രക്ക് തന്റെ കാറിന്റെ പിറകില്‍ ഇടിക്കുകയായിരുന്നുവെന്ന് പ്രവീണ്‍ കുമാര്‍ മാധ്യമങ്ങളോട് വിശദീകരിച്ചു. ദൈവാനുഗ്രഹത്താല്‍ തങ്ങള്‍ക്ക് കുഴപ്പമില്ലെന്നും ഇതൊരു വലിയ കാറായതിനാല്‍ രക്ഷപെട്ടതാണെന്നും മറിച്ചായിരുന്നെങ്കില്‍ പരിക്കേല്‍ക്കാന്‍ സാധ്യത കൂടുതലായിരുന്നുവെന്നും മുന്‍ ക്രിക്കറ്റര്‍ വിശദീകരിച്ചു.
ഇടിയില്‍ കാറിന്റെ ബമ്പറിന് മാത്രമേ കേടുപാടുള്ളുവെന്നായിരുന്നു പ്രവീണ്‍ കുരുതിയിരുന്നത് എന്നാല്‍ പരിശോധനയില്‍ കാര്യമായ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇവിടെ അപകടത്തില്‍ ലാന്‍ഡ് റോവര്‍ ഡിഫെൻഡറിന്റെ മുന്‍ഭാഗം മുഴുവന്‍ തകര്‍ന്നു. ഇത് ആദ്യമായല്ല പ്രവീണ്‍ കുമാര്‍ വാഹനാപകടത്തെ അഭിമുഖീകരിക്കുന്നത്. 2007-ല്‍ മീററ്റില്‍ ഒരു സ്വീകരണ പരിപാടിയില്‍ പങ്കെടുക്കവെ തുറന്ന ജീപ്പില്‍ നിന്ന് താരം വീണിരുന്നു.

നിലവില്‍ ഇന്ത്യന്‍ വിപണിയിലുള്ള ഏറ്റവും ജനപ്രിയ ലക്ഷ്വറി എസ്‌യുവികളിലൊന്നാണ് ലാന്‍ഡ് റോവര്‍ ഡിഫെൻഡര്‍. സിനിമ താരങ്ങള്‍ അടക്കം സെലിബ്രിറ്റികളില്‍ പലരും ഈ വാഹനത്തിന്റെ ഫാന്‍സാണ്. 2.0 ലിറ്റര്‍, 3.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ ഡിഫെൻഡര്‍ ലഭ്യമാണ്. ഡീസല്‍ വാഹന പ്രേമികള്‍ക്ക് വേണ്ടവര്‍ക്ക് 3.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനുമുണ്ട്. കഴിഞ്ഞ വര്‍ഷം ഡിഫെൻഡര്‍ 110, 90 പതിപ്പുകള്‍ക്കായി 5.0 ലിറ്റര്‍ V8 പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനും കമ്പനി പുറത്തിറക്കിയിരുന്നു.
ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായിട്ടാണ് ഈ എഞ്ചിനുകള്‍ ജോടിയാക്കിയിരിക്കുന്നത്. 4WD, AWD കോണ്‍ഫിഗറേഷനുകളില്‍ ലക്ഷ്വറി എസ്‌യുവി ലഭിക്കും. 93.55 ലക്ഷം മുതല്‍ 2.30 കോടി രൂപ വരെ ആണ് ഡിഫെൻഡറിന്റെ വില വരുന്നത്. യൂറോ NCAP ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് നേടിയ എസ്‌യുവിയാണിത്.
ആര്‍ക്കും ഏത് നിമിഷവും അപകടം സംഭവിക്കാമെന്ന കാര്യം വീണ്ടും വീണ്ടും ഓര്‍മിപ്പിക്കുകയാണ് ഈ സംഭവം. റോഡില്‍ വണ്ടി ഇറക്കുന്നവര്‍ എല്ലാം ട്രാഫിക് നിയമങ്ങള്‍ പാലിക്കേണ്ടതിന്റെയും ഡ്രൈവിംഗ് സമയത്ത് വളരെ ജാഗ്രത പുലര്‍ത്തേണ്ടതിന്റെയും ആവശ്യകത ഇത് വ്യക്തമാക്കുന്നു. പ്രവീണ്‍ കുമാറിനെപ്പോലുള്ള സെലിബ്രിറ്റികള്‍ ഉള്‍പ്പെടുമ്പോള്‍ ആണ് റോഡ് സുരക്ഷ അതോറിറ്റിയടക്കമുള്ള അധികാരികള്‍ ഉറക്കത്തില്‍ നിന്ന് ഉണരുന്നതും നിയമങ്ങള്‍ കര്‍ശനമാക്കുന്നതും. ഓരോ ജീവനും പ്രധാനമായതിനാല്‍ വളയം പിടിക്കുമ്പോള്‍ അതീവ ശ്രദ്ധ പുലര്‍ത്താന്‍ ശ്രദ്ധിക്കണം.
കളിയുടെ മൂന്ന് ഫോര്‍മാറ്റുകളിലും ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞ പ്രവീണ്‍ കുമാര്‍ രാജ്യത്തിന് ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ ബൗളറാണ്. 2007-2011 കാലയളവില്‍ ഇന്ത്യന്‍ ടീമിലെ സ്ഥിരം സാന്നിധ്യമായിരുന്നു. 2011 ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ പ്രവീണ്‍ കുമാറിനെ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും പരിക്ക് മൂലം ടൂര്‍ണമെന്റ് കളിക്കാനായില്ല. ഇന്ത്യക്കായി പ്രധാനമായും ഏകദിന മത്സരങ്ങളിലാണ് വലംകൈയ്യന്‍ പേസര്‍ തിളങ്ങിയത്. 68 ഏകദിനങ്ങള്‍ 78 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. 31-ന് നാലു വിക്കറ്റാണ് ഏകദിനത്തിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം.

യുപി പേസര്‍ ആറ് ടെസ്റ്റുകളില്‍ നിന്നായി 27 വിക്കറ്റുകളും 10 ട്വന്റി20 മത്സരങ്ങളില്‍ നിന്നായി എട്ട് വിക്കറ്റുകളും നേടിയിട്ടുണ്ട്. സ്വിംഗ് ബൗളിംഗ് മികവില്‍ ബാറ്റ്‌സ്മാന്‍മാരെ വട്ടംചുറ്റിച്ചിരുന്ന പ്രവീണ്‍ കുമാറിന് പരിക്കാണ് വിനയായത്. ഐപിഎല്ലില്‍ ഹാട്രിക് നേടിയ 18 ബൗളര്‍മാരില്‍ ഒരാള്‍ കൂടിയാണ് പ്രവീണ്‍. 2012-ലാണ് പ്രവീണ്‍ അവസാനമായി ഇന്ത്യക്കായി കളിച്ചത്. ഇപ്പോള്‍ സ്വന്തം നാടായ മീററ്റില്‍ റിയല്‍ എസ്‌റ്റേറ്റ് ബിസിനസും സ്വന്തം ഉടമസ്ഥതയിലുള്ള റെസ്റ്ററന്റും നോക്കി നടത്തി വരുന്നു.


Click it and Unblock the Notifications








