വെരി വെരി ചീപ്പ്... ഇന്ത്യയില്‍ കോടികള്‍ വിലയുള്ള ആഢംബര കാറുകളുടെ ദുബൈയിലെ വില കണ്ടോ?
നിരവധി മലയാളികളാണ് വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്നത്. അവര്‍ അവിടെ എത്തിയ ഉടനെ തന്നെ വില കൂടിയ കാറുകള്‍ സ്വന്തമാക്കുന്നതിന്റെയും ഓടിക്കുന്നതിന്റെയും ചിത്രങ്ങളും വീഡിയോയും കണ്ട് പലപ്പോഴും നമ്മള്‍ അത്ഭുതപ്പെടും. എന്നാല്‍ ഇതിന് കൃത്യമായ കാരണങ്ങളുമുണ്ട്. ഇന്ത്യയുമായി തട്ടിച്ച് നോക്കുമ്പോള്‍ പല വിദേശ രാജ്യങ്ങളിലും കാറുകള്‍ക്ക് ഇത്രയും ഉയര്‍ന്ന വില വരില്ല.
ഉയര്‍ന്ന നികുതിയുള്ള രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. അതുകൊണ്ട് തന്നെ വിദേശ കമ്പനികളുടെ ആഢംബര കാറുകള്‍ക്ക് ഇന്ത്യയില്‍ ചെലവേറുമെന്നത് നഗ്‌ന സത്യമാണ്. പുറംരാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന മറ്റ് ഉല്‍പ്പന്നങ്ങളുടെ സ്ഥിതിയും മറിച്ചല്ല. ഇന്ത്യയില്‍ പല സെലിബ്രിറ്റികളും പല വില കൂടിയ കാറുകള്‍ സ്വന്തമാക്കിയ വാര്‍ത്ത നമ്മള്‍ വായിക്കാറുണ്ട്.

വിദേശത്ത് ഏറ്റവും കൂടുതല്‍ മലയാളികള്‍ വസിക്കുന്ന നഗരമാണ് യുഎഇയിലെ ദുബൈ. പല മലയാളികൾക്കും രണ്ടാമത്തെ വീടാണ് ദുബൈയും യുഎഇയും. ഇന്ത്യയില്‍ വില്‍ക്കുന്ന പല ആഡംബര കാറുകളുടെ വിലയും അവ ലഭിക്കാന്‍ ദുബൈയില്‍ എത്ര മുടക്കണമെന്നുമുള്ള കാര്യങ്ങളെ കുറിച്ചാണ് നമ്മള്‍ ഈ ലേഖനത്തില്‍ പറയുന്നത്.
റോള്‍സ് റോയ്‌സ് കലിനന്‍: നമ്മുടെ രാജ്യത്ത് 7.2 കോടി രൂപ വരുന്ന ഈ ആഢംബര കാറിന്റെ ദുബൈയിലെ വില 2.8 കോടി രൂപ മാത്രമാണ്. കഴിഞ്ഞ ദിവസം ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്‍ റോള്‍സ് റോയ്‌സ് കലിനന്‍ ബ്ലാക്ക് ബാഡ്ജ് എഡിഷന്‍ സ്വന്തമാക്കിയത് ഏവരും വായിച്ചിട്ടുണ്ടാകും.

ആഡംബരവും സുഖ സൗകര്യങ്ങളും സമന്വയിപ്പിച്ച് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പാണ് റോള്‍സ് റോയ്‌സ് അവരുടെ ആദ്യത്തെ എസ്‌യുവിയായ കലിനന്‍ അവതരിപ്പിച്ചു. ഈ ആഢംബര എസ്‌യുവി ചുരുങ്ങിയ നാള്‍കൊണ്ട് കോടീശ്വരന്‍മാര്‍ക്കും സെലിബ്രിറ്റികള്‍ക്കുമിടയില്‍ തരംഗമായി. ഇന്ത്യയിലും ഇതിന് നിരവധി ആരാധകരുണ്ട്. ഷാരൂഖിനെ കൂടാതെ മുകേഷ് അംബാനി, ഭൂഷണ്‍ കുമാര്‍, അജയ് ദേവ്ഗണ്‍ എന്നിവരാണ് റോള്‍സ് റോയ്‌സ് കലിനന്‍ സ്വന്തമായുള്ള ഇന്ത്യന്‍ സെലിബ്രിറ്റികളില്‍ ചിലര്‍.
ലംബോര്‍ഗിനി ഉറൂസ്: ദുബൈയില്‍ 2.2 കോടി രൂപ വിലയുളള ലംബോര്‍ഗിനി ഉറൂസ് ഇന്ത്യയില്‍ എത്തുമ്പോൾ 3.15 കോടി രൂപയാകും വില. ഇന്ന് ലോകത്ത് അതിവേഗം വിറ്റഴിക്കപ്പെടുന്ന ലംബോര്‍ഗിനി മോഡലുകളില്‍ ഒന്നാണ് ഉറൂസ്. ആഗോളതലത്തില്‍ തന്നെ സെലിബ്രിറ്റികള്‍ക്കിടയിലെ ഇഷ്ട ചോയ്‌സാണ് ഈ സ്‌പോര്‍ട്‌സ് എസ്‌യുവി.
മലയാള സിനിമ താരങ്ങളായ ഫഹദ് ഫാസില്‍, പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ ഉറൂസ് സ്വന്തമാക്കിയിരുന്നു. രണ്‍വീര്‍ സിംഗ്, കാര്‍ത്തിക് ആര്യന്‍, രോഹിത് ഷെട്ടി, ബാദ്ഷാ, അംബാനി കുടുംബം എന്നിവരുടെ ഗരാജുകളിലും ഉറൂസ് ഉണ്ട്. ഏകദേശം 3.15 കോടി രൂപയില്‍ വില ആരംഭിക്കുന്ന ഉറൂസ് കസ്റ്റമൈസ് ചെയ്യാനും അവസരമുണ്ട്.
മക്ലാരന്‍ GT: ഇന്ത്യ 3.72 കോടി രൂപ വിലയുള്ള മക്‌ലാരന്‍ GT-ക്ക് ദുബൈയില്‍ 1.94 കോടി രൂപയാണ് വില. കഴിഞ്ഞ വര്‍ഷമാണ് മക്‌ലാരന്‍ ഇന്ത്യന്‍ വിപണിയില്‍ അരങ്ങേറിയത്. അവരുടെ എന്‍ട്രി ലെവല്‍ സ്‌പോര്‍ട്‌സ് കാര്‍ മക്ലാരന്‍ GT ആദ്യമായി സ്വന്തമാക്കിയത് ബോളിവുഡ് നടനായ കാര്‍ത്തിക് ആര്യനാണ്. ടി-സീരീസ് ഉടമയായ ഭൂഷണ്‍ കുമാര്‍ കാര്‍ത്തിക്ക് ആര്യന് സമ്മാനിച്ചതായിരുന്നു ഈ കാര്‍.
CBU യൂണിറ്റായി എത്തുന്നതിനാല്‍ മക്ലാരന്‍ GT മോഡലിന്റെ വിലയില്‍ കാര്യമായ മാറ്റം കാണുന്നുണ്ടാവില്ല. എന്നാല്‍ രാജ്യത്ത് ഇറക്കുമതി ചെയ്യുന്ന കാറുകളുടെ ഇറക്കുമതി തീരുവയാണ് വിലയില്‍ വലിയ അന്തരങ്ങള്‍ സൃഷ്ടിക്കാന്‍ കാരണം. ഇന്ത്യയില്‍ ഇംപോര്‍ട്ടഡ് കാറുകളുടെ ഇറക്കുമതി തീരുവ 110 ശതമാനമാണ് എന്നോർക്കണം.
മെര്‍സിഡീസ് മെയ്ബാക്ക് GLS600: ദുബൈയില്‍ 2.1 കോടി രൂപ മാത്രം വിലയുള്ള മെയ്ബാക്ക് GLS600 സ്വന്തമാക്കാന്‍ ഇന്ത്യയില്‍ 2.9 കോടിരൂപയാകും. ഇന്ത്യന്‍ തീരത്തെത്തിയ ആദ്യത്തെ മെയ്ബാക്ക് എസ്‌യുവിയാണ് GLS600. നിരവധി ബോളിവുഡ് സെലിബ്രിറ്റികളും ബിസിനസുകാരും കോടിക്കണക്കിന് രൂപ മുടക്കി ഈ എസ്‌യുവി സ്വന്തമാക്കിയിരുന്നു. മലയാളികളുടെ സ്വന്തം നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ കഴിഞ്ഞ ദിവസം കാര്‍ സ്വന്തം ഗരാജിലെത്തിച്ചിരുന്നു. മലയാള സിനിമയില്‍ മെയ്ബാക്ക് സ്വന്തമാക്കിയ ആദ്യ താരമാണ് ദുല്‍ഖര്‍.

2023 ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍: ഇന്ത്യയില്‍ ലാന്‍ഡ്‌റോവര്‍ റേഞ്ച് റോവര്‍ സ്വന്തമാക്കാന്‍ 1.64 കോടി രൂപ മുടക്കേണ്ടി വരുമ്പോള്‍ ദുബൈയില്‍ ഈ കാര്‍ സ്വന്തമാക്കാന്‍ വെറും 1.12 കോടി രൂപ മുടക്കിയാല്‍ മതി. ലാന്‍ഡ് റോവര്‍ റേഞ്ച് റോവറിന്റെ ഏറ്റവും പുതിയ തലമുറ കാര്‍ സ്വന്തമാക്കിയ ആദ്യ സെലിബ്രിറ്റികളില്‍ ഒരാളാണ് അഭിനേതാവായ നിമ്രത് കൗര്‍.
നവീകരണത്തിന് വിധേയമായ എസ്‌യുവിയില്‍ ഒരുപാട് പുതിയ ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. നിമ്രത് കൗറിനെ കൂടാതെ ശതകോടീശ്വരനും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമയുമായ മുകേഷ് അംബാനി രണ്ട് 2023 മോഡല്‍ റേഞ്ച് റോവറുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യയിലെ മറ്റൊരു ശതകോടീശ്വരനായ ഗൗതം അദാനിയുടെ പക്കലും ഒരു പുതിയ റേഞ്ച് റോവറുണ്ട്.
റോള്‍സ് റോയ്സ് ഫാന്റം VIII: ഇന്ത്യയില്‍ 9.8 കോടി രൂപ വില വരുന്ന ഈ കാറിന് ഏകദേശം പകുതി വിലയേ ദുബൈയില്‍ (4.6 കോടി രൂപ) വരുന്നുള്ളൂ. ലോകത്തെ ശതകോടീശ്വരന്‍മാരുടെ ഇഷ്ടവാഹനമായ റോള്‍സ് റോയ്സ് ഫാന്റം VIII സെഡാന്‍ കാര്‍ നിരവധി ഇന്ത്യക്കാരും സ്വന്തമാക്കിയിട്ടുണ്ട്.
ഇന്ത്യയില്‍ മുകേഷ് അംബാനിയും സെറം ഇന്‍സ്റ്ററ്റിയൂട്ട് ഓഫ് ഇന്ത്യയുടെ സിഇഒയായ അദാര്‍ പൂനവല്ലയും ഏറ്റവും പുതിയ റോള്‍സ് റോയ്സ് ഫാന്റം VIII സ്വന്തമാക്കിയ പ്രമുഖരില്‍ ചിലരാണ്. ആര്‍കിടെക്ചര്‍ ഓഫ് ലക്ഷ്വറി എന്ന് കമ്പനി തന്നെ വിശേഷിപ്പിക്കുന്ന പുതിയ അലുമിനിയം സ്‌പേസ് ഫ്രെയിം പ്ലാറ്റ്‌ഫോം ആണ് ഈ ലക്ഷ്വറി സെഡാന് അടിത്തറയാകുന്നത്.


Click it and Unblock the Notifications








