കേന്ദ്രത്തിന്റെ വക 'ബൂസ്റ്റര്‍' ഡോസ്! ഇവി വാങ്ങാന്‍ ഒരുങ്ങുന്നവര്‍ സന്തോഷിച്ചാട്ടെ...
ഫെയിം എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ചറിംഗ് ഓഫ് ഇലക്ട്രിക് വെഹിക്കിള്‍സ് ഇന്‍ ഇന്ത്യ എന്ന പദ്ധതിയെ കുറിച്ച് വാഹന പ്രേമികള്‍ക്ക് ഇതിനോടകം അറിയാമെന്ന് കരുതുന്നു. ഇവികളുടെയും ഹൈബ്രിഡ് വാഹനങ്ങളുടെയും ജനകീയവല്‍ക്കരണത്തിനായി കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിയുടെ രണ്ടാം ഘട്ടം ഈ വരുന്ന മാര്‍ച്ച് 31-ന് അവസാനിക്കാനിരിക്കുകയാണ്.
ഇതിനിടെ ഇലക്ട്രിക് വാഹന നിര്‍മാതാക്കള്‍ക്കും ഇവി പ്രേമികള്‍ക്കുമെല്ലാം സന്തോഷം നല്‍കിക്കൊണ്ട് ഫെയിം II പദ്ധതിക്കുള്ള സാമ്പത്തിക സഹായം വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. 1,500 കോടി രൂപയാണ് പദ്ധതിക്കായി അധികമായി നീക്കിവച്ചിരിക്കുന്നത്. ഇതോടെ ഫെയിം പദ്ധതിയുടെ രണ്ടാം ഘട്ടത്തിനായി മൊത്തം നീക്കിയിരുത്തിയ തുക 10,000 കോടി രൂപയില്‍ നിന്ന് 11,500 കോടി രൂപയില്‍ എത്തി. രാജ്യത്ത് ഹരിത മൊബിലിറ്റിയെ കൂടുതല്‍ പ്രോത്സാഹിപ്പിക്കാനാണ് ധനസഹായം മെച്ചപ്പെടുത്തുന്നത് വഴി ലക്ഷ്യമിടുന്നത്.

ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍, മുച്ചക്ര വാഹനങ്ങള്‍, ഫോര്‍ വീലറുകള്‍ എന്നിവ വാങ്ങുന്നവര്‍ക്ക് ഡിമാന്‍ഡ് ഇന്‍സെന്റീവുകള്‍ പ്രയോജനപ്പെടുമെന്ന് ഉറപ്പാക്കിക്കൊണ്ട് 'ഫണ്ട് ആന്‍ഡ് ടേം-ലിമിറ്റഡ്' അടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കുമെന്ന് കേന്ദ്ര മന്ത്രാലയം വ്യക്തമാക്കി. 2024 മാര്‍ച്ച് 31 വരെ വില്‍ക്കുന്ന ഇലക്ട്രിക് ടു-വീലറുകള്‍, ഇലക്ട്രിക് ത്രീ-വീലറുകള്‍, ഇലക്ട്രിക് ഫോര്‍ വീലറുകള്‍ എന്നിവക്കോ അല്ലെങ്കില്‍ ഫണ്ട് തീരുന്നത് വരെയോ, ഏതാണോ ആദ്യം വരുന്നത് അത് വരെ ഡിമാന്‍ഡ് ഇന്‍സെന്റീവുകള്‍ക്കുള്ള സബ്സിഡികള്‍ ബാധകമാകുമെന്ന് ഇത് സൂചിപ്പിക്കുന്നു.
പുതുക്കിയ അടങ്കലില്‍ 7,048 കോടി രൂപ വാഹന സബ്സിഡിക്കായി നീക്കിവച്ചിരിക്കുന്നു. കൂടാതെ മൂലധന ആസ്തികള്‍ സ്ഥാപിക്കുന്നതിന് 4,048 കോടി രൂപയും പദ്ധതിക്ക് കീഴിലുള്ള മറ്റ് വിവിധ സംരംഭങ്ങള്‍ക്കായി 400 കോടി രൂപയും നീക്കിവച്ചിരിക്കുന്നു. 2019-ലാണ് ഫെയിം പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കമായത്. 895 കോടി രൂപയായിരുന്നു ആദ്യ ഘട്ടത്തില്‍ അനുവദിച്ചതെങ്കില്‍ ഫെയിമിന്റെ രണ്ടാം ഘട്ടത്തിനായി 10,000 കോടി രൂപയാണ് സര്‍ക്കാര്‍ നീക്കിവെച്ചത്.

പൊതുഗതാഗതത്തിന്റെ വൈദ്യുതീകരണമാണ് ഈ ഘട്ടത്തില്‍ പ്രധാനമായും ലക്ഷ്യമിടുന്നത്. 2022-ല്‍ ഫെയിം II അവസാനിക്കാനിരുന്നതായിരുന്നു എന്നാല്‍ കോവിഡ്-19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് പദ്ധതി 2024 മാര്‍ച്ച് 31 വരെ നീട്ടുകയായിരുന്നു. പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ 7,000 ഇലക്ട്രിക് ബസുകള്‍, 5 ലക്ഷം ഇലക്ട്രിക് ത്രീ-വീലറുകള്‍, സ്ട്രോംഗ് ഹൈബ്രിഡുകള്‍ ഉള്‍പ്പെടെ 55,000 ഇലക്ട്രിക് ഫോര്‍ വീലറുകള്‍, 10 ലക്ഷം ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ എന്നിവക്ക് പിന്തുണ നല്‍കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നു.
2024 ജനുവരി 31 വരെ മൊത്തം 13.41 ലക്ഷം വാഹനങ്ങള്‍ക്കായി ഇവി നിര്‍മ്മാതാക്കള്‍ക്ക് മൊത്തം 5,790 കോടി രൂപ സബ്‌സിഡി നല്‍കിയിട്ടുണ്ട്. 11.86 ലക്ഷം ഇരുചക്രവാഹനങ്ങള്‍, 1.39 ലക്ഷം മുച്ചക്രവാഹനങ്ങള്‍, 16,991 നാലുചക്രവാഹനങ്ങള്‍ എന്നിവക്ക് പദ്ധതിക്ക് കീഴില്‍ പിന്തുണ ലഭിച്ചു. വിവിധ നഗരങ്ങള്‍, സംസ്ഥാന റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനുകള്‍, സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയിലേക്ക് 6,862 ഇലക്ട്രിക് ബസുകള്‍ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.

കൂടാതെ 7,432 ഇവി പബ്ലിക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ക്കായി എണ്ണക്കമ്പനികള്‍ക്ക് മൂലധന സബ്സിഡിയായി 800 കോടി രൂപയും അനുവദിച്ചു. കഴിഞ്ഞ ആഴ്ച അവതരിപ്പിച്ച ഇടക്കാല ബജറ്റില്‍ അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ഫെയിം പദ്ധതിക്കായി സര്‍ക്കാര്‍ 2,671 കോടി രൂപ അനുവദിച്ചിരുന്നു. പദ്ധതി മാര്‍ച്ച് 31-ന് ശേഷം നീട്ടുമോ അതോ മൂന്നാം ഘട്ടം വരുമോ എന്നതിനെ കുറിച്ചുള്ള പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ലെങ്കിലും അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള വിഹിതം പ്രോത്സാഹനം സര്‍ക്കാര്‍ തുടരുമെന്നതിനുള്ള സൂചനകളാണ്.
ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണി ശ്രദ്ധേയമായ കുതിച്ചുചാട്ടത്തിനാണ് സമീപകാലത്ത് സാക്ഷ്യം വഹിച്ചു. 2023-ല്‍ മൊത്തം ഇവി വില്‍പ്പന 1.53 ദശലക്ഷം യൂണിറ്റിലെത്തി. അതേസമയം 2022 കലണ്ടര്‍ വര്‍ഷം 1.02 ദശലക്ഷം യൂണിറ്റായിരുന്നു വില്‍പ്പന. പരിസ്ഥിതി സൗഹൃദ ഗതാഗത മാര്‍ഗങ്ങളിലേക്കുള്ള ഇന്ത്യക്കാരുടെ ചായ്‌വ് കൂടി വരുന്നതിന് അടിവരയിടുന്നതാണ് ഈ കണക്കുകള്‍.

കുറഞ്ഞ കാര്‍ബണ്‍ ഉദ്വമനം, കുറഞ്ഞ പ്രവര്‍ത്തനച്ചെലവ് എന്നിവയെല്ലാം ഇലക്ട്രിക് വാഹനങ്ങളിലേക്ക് ജനങ്ങളെ അടുപ്പിക്കുന്ന ഘടകങ്ങളാണ്. ഫെയിം II പദ്ധതിക്ക് അധിക ഫണ്ട് ഉള്‍പ്പെടുത്താനുള്ള ഹെവി ഇന്‍ഡസ്ട്രീസ് വകുപ്പിന്റെ തീരുമാനം ഇലക്ട്രിക് മൊബിലിറ്റിയിലേക്കുള്ള ഇന്ത്യയുടെ യാത്രക്ക് ഏറെ ഗുണകരമാകുമെന്ന് നമുക്ക് ഉറപ്പിച്ച് പറയാം. ഇവികള്‍ എല്ലാവരിലേക്കും എത്തിക്കുന്നതിനായി കുറഞ്ഞ വിലയില്‍ ലഭ്യമാക്കുന്നതോടെ ആഗോള താപനം കുറക്കുന്നതിനായുള്ള പ്രതിജ്ഞയിലേക്ക് ഓരോ പടികളും അടുക്കുകയാണ് രാജ്യം.


Click it and Unblock the Notifications








