പൊന്നുവിളയിക്കുന്ന കര്‍ഷകന്റെ തങ്കംപോലത്തെ മകന്‍! സമ്മാനിച്ചത് 3 കോടിയുടെ ജി-വാഗണ്‍
മാതാപിതാക്കള്‍ക്ക് മക്കള്‍ എല്ലാകാലത്തും പ്രിയപ്പെട്ടവര്‍ ആയിരിക്കും. എന്നാല്‍ ഇന്നത്തെ കാലത്ത് പക്ഷേ എല്ലാ മക്കളും തങ്ങളുടെ മാതാപിതാക്കള്‍ക്ക് അര്‍ഹിക്കുന്ന പരിഗണനയും കരുതലും നല്‍കുന്നുണ്ടോ എന്ന് ചോദിച്ചാല്‍ ദുഖത്തോടെ ഇല്ലെന്ന് പറയേണ്ടി വരും. അവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ചെയ്ത് കൊടുക്കുമ്പോള്‍ തന്നെ സ്‌നേഹത്തോടെ രണ്ട് വാക്ക് സംസാരിക്കാനും ഒരുമിച്ച് പുറത്ത് പോകാന്‍ പോലും സമയമില്ലാത്തവരാണ് ഇന്നത്തെ തലമുറയിലുള്ളവര്‍. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തരായ ഒത്തിരി പേര്‍ നമ്മള്‍ക്കിടയിലുണ്ട്. ജീവിതത്തില്‍ ഉന്നത വിജയങ്ങള്‍ നേടുമ്പോള്‍ മാതാപിതാക്കളെ ചേര്‍ത്തുപിടിക്കുകയും അവരെ അതില്‍ ഭാഗവാക്കാക്കുകയും ചെയ്യുന്ന മക്കളെ കാണുമ്പോള്‍ നമുക്കും സന്തോഷമാണ്.
കര്‍ഷകനായ തന്റെ പിതാവിന് 3 കോടി രൂപ വില വരുന്ന മെര്‍സിഡീസ് എസ്‌യുവി സമ്മാനമായി നല്‍കുന്ന വീഡിയോ അത്തരത്തില്‍ ഒരു കാഴ്ചയാണ്. കൃഷ് ഗുജ്ജര്‍ എന്നയാളാണ് ഹൃദയഹാരിയായ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ഒരു മെര്‍സിഡീസ് ബെന്‍സ് GLS കാറില്‍ ഒരു കര്‍ഷകന്‍ തന്റെ ഭാര്യക്കും മകനുമൊപ്പം വരുന്നതാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയുടെ തുടക്കത്തില്‍ കാണാനാകുക. അച്ഛനും അമ്മയും പരമ്പരാഗത വേഷത്തില്‍ കാണപ്പെടുമ്പോള്‍ മകന്‍ വെസ്‌റ്റേണ്‍ ഔട്ട്ഫിറ്റിലായിരുന്നു.

മെര്‍സിഡീസിന്റെ വിഖ്യാത എസ്‌യുവിയായ ജി-വാഗണാണ് ഇവര്‍ ഡെലിവറിയെടുത്തത്. എസ്‌യുവിയുടെ ബ്ലാക്ക് കളര്‍ ഓപ്ഷനാണ് കര്‍ഷകനും കുടുംബവും വാങ്ങിയിരിക്കുന്നത്. യുവാവിന്റെ അമ്മ ആരതി ഉഴിഞ്ഞ ശേഷം പിതാവ് പ്രാര്‍ത്ഥിച്ച് കാറിന്റെ ഡ്രൈവിംഗ് സീറ്റിലിരുന്നു. അദ്ദേഹമാണ് ഈ കാര്‍ ഷോറൂമില്‍ നിന്നിറക്കി കൊണ്ടുപോയത്. ഇതുപോലുള്ള വീഡിയോ മനംനിറക്കുന്നതാണെന്നും കുടുംബത്തിന് ആശംസകള്‍ എന്നുമാണ് നെറ്റിസണ്‍സ് കമന്റ് ബോക്‌സില്‍ എഴുതുന്നത്.
ഇന്ത്യയില്‍ ഇതാദ്യമായല്ല ഇത്തരത്തിലുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് പൂനെയിലെ ഒരു ജ്വല്ലറി വ്യാപാരി മാതാപിതാക്കള്‍ക്ക് 1.7 കോടി വിലമതിക്കുന്ന പുതിയ മെര്‍സിഡീസ് GLS എസ്‌യുവി സമ്മാനിച്ചത് ഞങ്ങള്‍ വാര്‍ത്തയാക്കിയിരുന്നു. പ്രസാദ് നഗര്‍കര്‍ എന്നയാളാണ് മാതാപിതാക്കള്‍ക്ക് ഹയാസിന്ത് റെഡ് മെറ്റാലിക് ഷേഡില്‍ ഫിനിഷ് ചെയ്ത മെര്‍സിഡീസ് ബെന്‍സ് GLS 450 സമ്മാനിച്ചത്.

ജര്‍മന്‍ ബ്രാന്‍ഡില്‍ നിന്നുള്ള ഐക്കണിക് മോഡലുകളില്‍ ഒന്നാണ് ജി-വാഗണ്‍. ബ്രാന്‍ഡ് ഇതിനെ G-ക്ലാസ് എന്ന് വിശേഷിപ്പിക്കുന്നു. G400d (ഡീസല്‍), G63 AMG എന്നിങ്ങനെ രണ്ട് പതിപ്പുകളില്‍ എസ്‌യുവി ഇന്ത്യയില്‍ വാങ്ങാം. G400d AMG ലൈന്‍, G400d അഡ്വഞ്ചര്‍ എഡിഷനുകള്‍ എന്നിവയ്ക്ക് 2.55 കോടി രൂപയാണ് ഇന്ത്യയിലെ പ്രാരംഭ എക്സ്-ഷോറൂം വില. നികുതികളും ഇന്‍ഷൂറന്‍സ് അടക്കമുള്ള മറ്റ് നിരക്കുകളും കൂടി ചേരുമ്പോള്‍ ആഡംബര എസ്‌യുവി നിരത്തിെലത്തിക്കാന്‍ 3 കോടിക്ക് മുകളില്‍ മുടക്കുണ്ട്.
326 bhp പവറും 700 Nm ടോര്‍ക്കും വികസിപ്പിക്കാന്‍ ശേഷിയുള്ള 3.0 ലിറ്റര്‍ ഇന്‍ലൈന്‍ 6 സിലിണ്ടര്‍ ഡീസല്‍ എഞ്ചിനാണ് മെര്‍സിഡീസ് G 400d എസ്‌യുവിക്ക് തുടിപ്പേകുന്നത്. ഈ എഞ്ചിന്‍ 9 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ഘടിപ്പിച്ചിരിക്കുന്നു. പെര്‍ഫോമന്‍സ് വശം നോക്കുമ്പോള്‍ വെറും 6.4 സെക്കന്‍ഡിനുള്ളില്‍ എസ്‌യുവി പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കി.മീ വേഗത കൈവരിക്കും.

ലാഡര്‍-ഫ്രെയിം ഷാസിയെ അടിസ്ഥാനമാക്കിയുള്ള പുതിയ ജി-വാഗണില്‍ ഓഫ്-റോഡ് ഡ്രൈവിംഗ് സജ്ജീകരണത്തെ കൂടുതല്‍ സഹായിക്കുന്നതിനായി പ്രത്യേക 'ജി-മോഡ്' സജ്ജീകരിച്ചിരിക്കുന്നു. എസ്‌യുവിയുടെ ഗ്രൗണ്ട് ക്ലിയറന്‍സ് 241 മില്ലീമീറ്ററും വാട്ടര്‍ വേഡിംഗ് കപ്പാസിറ്റി 700 മില്ലീമീറ്ററുമാണ്. അപ്രോച്ച് ഡിപാര്‍ചര്‍ ആംഗിളുകള്‍ യഥാക്രമം 30.9, 29.9 ഡിഗ്രിയാണ്.
ആപ്പിള്‍ കാര്‍പ്ലേ പോലുള്ള കണക്റ്റിവിറ്റി ഫീച്ചറുകള്‍, പ്രീമിയം നാപ്പാ ലെതറില്‍ പൊതിഞ്ഞ മള്‍ട്ടി-ഫംഗ്ഷന്‍ സ്റ്റിയറിംഗ് വീല്‍, 64-കളര്‍ ആംബിയന്റ് ലൈറ്റിംഗ്, സ്ലൈഡിംഗ് സണ്‍റൂഫ്, മെമ്മറി ഫംഗ്ഷനുകളുള്ള ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഹീറ്റഡ് ഫ്രണ്ട് സീറ്റുകള്‍, 3-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ബര്‍മെസ്റ്റര്‍ സൗണ്ട് സിസ്റ്റം, എയര്‍ പ്യൂരിഫയര്‍ എന്നിവയടക്കം ക്യാബിന്‍ അനുഭവം ഉയര്‍ത്തിയാണ് എസ്‌യുവിയുടെ പുതിയ തലമുറ പതിപ്പ് എത്തുന്നത്.


Click it and Unblock the Notifications








