കർഷകനല്ലേ മേഡം കള പറിക്കാൻ റോൾസ് റോയ്സ്; വൈറൽ വീഡിയോയുടെ സത്യാവസ്ഥ എന്ത്?
ആഡംബരത്തിൻ്റെ അവസാന വാക്ക് എന്നൊക്കെ പറയുന്ന റോൾസ് റോയ്സ് നിങ്ങളുടെ അടുത്തുള്ള പാടത്ത് കൂടെ ഉഴുത് മറിക്കുന്നത് കണ്ടാൽ നിങ്ങളുടെ പ്രതികരണം എന്തായിരിക്കും. അതേ ഇപ്പോൾ സോഷ്യൽ മീഡിയയിൽ കാണുന്നവരുടെ കിളി പറത്തുന്ന വീഡിയോ വൈറലായിരിക്കുകയാണ്. സംഭവമെന്താണെന്ന് വച്ചാൽ കോടികൾ വിലയുള്ള റോൾസ് റോയ്സ് കാർ പിന്നിൽ ഉഴുതു മറിക്കാനുള്ള യന്ത്രം ഘടിപ്പിച്ച് പാടത്ത് നിലം ഉഴുതു മറിക്കുന്നതാണ് വീഡിയോയിൽ. കണ്ട് കണ്ണുതള്ളി ഇരിക്കുമ്പോൾ ഒന്ന് ശ്രദ്ധിച്ച് നോക്കിയാൽ നിങ്ങൾക്ക് മറ്റൊരു കാര്യം കാണാൻ സാധിക്കുന്നതാണ്.അത് എന്താണെന്ന് അറിയാൻ നിങ്ങൾ ഈ ലേഖനം തുടർന്ന് വായിക്കാൻ മറക്കരുതേ.
ഓഫ്റോഡർ വാഹനങ്ങളുപയോഗിച്ച് നിലം ഉഴുതു മറിക്കുന്ന വീഡിയോകൾ നിങ്ങൾ കണ്ടിട്ടുണ്ടാകാം. എന്നാൽ കോടികൾ വിലയുള്ള റോൾസ് റോയ്സ് ഉപയോഗിച്ച് ആരെങ്കിലും ഇങ്ങനെ ഒരു പ്രവർത്തി ചെയ്യുമോ എന്ന് തോന്നിയേക്കാം. പക്ഷേ പേടിക്കണ്ട നിങ്ങൾ കണ്ട വീഡിയോ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ സഹായത്തോടെ നിർമിച്ചിരിക്കുന്നതാണ് എന്നതാണ് തമാശ. എഐ ഏതൊക്കെ രീതിയിൽ നമ്മളെ പറ്റിക്കുന്നു എന്നതിൻ്റെ വലിയ ഉദാഹരണമാണ് ഇത്.

ഒരു വ്യക്തിയുടെ ചിത്രം മാത്രം മതി എഐ സാങ്കേതിക വിദ്യ എന്ത് മായാജാലം വേണമെങ്കിലും നമ്മൾക്ക് കാണിക്കാൻ സാധിക്കും. എഐ സാങ്കേതി വിദ്യ ചില സമയത്ത് അപകടകാരികളുമാണ് എന്ന് പ്രത്യേകം നിങ്ങളെ ഓർമിപ്പിക്കേണ്ട കാര്യമില്ലല്ലോ. സമൂഹത്തിൽ എഐ സാങ്കേതിക വിദ്യ കൊണ്ട് ഗുണവും ദോഷവും ഉണ്ട്. ഇനി റോൾസ് റോയ്സിലേക്ക് തിരികെ വന്നാൽ വീഡിയോയിൽ ഗോസ്റ്റ് മോഡലാണ് കാണിച്ചിരിക്കുന്നത്.
കേരളത്തിലും ഉണ്ട് റോൾസ് റോയ്സ്. അതിൽ ഏറ്റവും പ്രശസ്തനായി നിൽക്കുന്നത് സോഫ്റ്റ്‌വെയർ കമ്പനിയായ ലിറ്റ്മസ് 7 സിസ്റ്റം കൺസൽട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ മുതലാളി വേണു ഗോപാലകൃഷ്‌ണൻ ആണ്. റോൾസ് റോയ്‌സ് ബ്ലാക്ക് ബാഡ്‌ജ് ഗോസ്റ്റ് സീരീസ് II എന്ന ആഡംബര കാറാണ് അദ്ദേഹം സ്വന്തമാക്കിയത്. 10.52 കോടി രൂപയോളം എക്സ്ഷോറൂം വില വരുന്ന ബ്ലാക്ക് ബാഡ്‌ജിന് 13.13 കോടി രൂപയോളം ഓൺ-റോഡ് വില വരുമെന്നാണ് കണക്കുകൾ. കസ്റ്റമൈസേഷനും മറ്റും തെരഞ്ഞെടുത്തിട്ടുണ്ടെങ്കിൽ വില ഇനിയും ഉയരുകയും ചെയ്യും.

ഫീനിക്സ് റെഡ്, ബ്ലാക്ക് എന്നിവ ഉൾപ്പെടുന്ന കസ്റ്റമൈസ്‌ഡ് ടു-ടോൺ കളർവേയാണ് കാറിന്റെ ഇന്റീരിയറിന് സമ്മാനിച്ചിരിക്കുന്നത്. ഇന്ത്യയിലെ ആദ്യത്തെ റോൾസ് റോയ്‌സ് ബ്ലാക്ക് ബാഡ്‌ജ് ഗോസ്റ്റ് സീരീസ് II സെഡാൻ കൂടിയാണ് ഈ മലയാളി സ്വന്തമാക്കിയത് എന്നത് നമ്മളെയെല്ലാം അസൂയപ്പെടുത്തുന്ന കാര്യമാണ്. മുമ്പുണ്ടായിരുന്ന ഒന്നാംതലമുറ ആവർത്തനത്തെ അപേക്ഷിച്ച് നോക്കുമ്പോൾ ഗോസ്റ്റിന്റെ രണ്ടാംതലമുറ ആവർത്തനമായ സീരീസ് II എല്ലാ കാര്യങ്ങളിലും ആഡംബരമാണ്.
സീരീസ് II-ൽ പുതിയതും മെച്ചപ്പെട്ടതുമായ ഹെഡ്‌ലാമ്പ് ഡിസൈൻ, റീഡിസൈൻ ചെയ്‌ത ബമ്പറുകൾ, കിടിലൻ അലോയ് വീലുകൾ എന്നിവ പോലുള്ള കാര്യങ്ങളെല്ലാം വാഹനത്തെ അടിപൊളിയാക്കുന്ന സംഗതികളാണ്. രാജ്യത്ത് അവതരിപ്പിച്ചതിൽ വെച്ച് ഏറ്റവും നീളമേറിയ സെഡാനുകളിൽ ഒന്നായ ഇതിന് 5.5 മീറ്റർ വലിപ്പമാണുള്ളത്. 6.75 ലിറ്റർ V12, ട്വിൻ-ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് കാറിന്റെ ഹൃദയം.
ഏകദേശം 2,490 കിലോഗ്രാം ഭാരമുണ്ടങ്കിലും അന്യായ പെർഫോമൻസാണ് കക്ഷി വാഗ്‌ദാനം ചെയ്യുന്നത്. അതായത് 592 bhp കരുത്തിൽ പരമാവധി 900 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള വാഹനമാണിത്. സമാനതകളില്ലാത്ത സുഖസൗകര്യങ്ങൾക്കായി അതിശയകരമായ സസ്‌പെൻഷൻ സജ്ജീകരണത്തോടെയാണ് ഇത് വരുന്നത്. ഫാന്റം, കലിനൻ എന്നിവ ഒരുങ്ങിയിരിക്കുന്ന അതേ 'ആർക്കിടെക്ചർ ഓഫ് ലക്ഷ്വറി' പ്ലാറ്റ്‌ഫോമിലാണ് റോൾസ് റോയ്‌സ് ബ്ലാക്ക് ബാഡ്‌ജ് ഗോസ്റ്റ് സീരീസ് II നിർമിച്ചിരിക്കുന്നതും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








