മാരുതി ഗുജറാത്ത് പ്ലാന്‍റിനെതിരെ കര്‍ഷകര്‍ രംഗത്ത്
ഗുജറാത്തിലെ മണ്ഡല്‍-ബെച്ചാര്‍ജി പ്രദേശത്തെ പ്രത്യേക നിക്ഷേപ മേഖലയാക്കി മാറ്റുവാനുള്ള നരേന്ദ്ര മോഡിയുടെ നീക്കത്തിന് തിരിച്ചടി. കൃഷിഭൂമികള്‍ ഏറ്റെടുക്കുന്നതിനെതിരെ പ്രദേശത്തെ ഭൂരിഭാഗം വരുന്ന ഗ്രാമ പഞ്ചായത്തുകള്‍ പ്രമേയം പാസ്സാക്കിയതോടെയാണ് പദ്ധതി നടപ്പാക്കാനുള്ള ശ്രമം പാളിയത്. പ്രത്യേക സാമ്പത്തിക മേഖല രൂപീകരിച്ച ശേഷം ഇവിടേക്ക് മാരുതി സുസൂക്കിയെ കൊണ്ടുവരാനായിരുന്നു മോഡിയുടെ ശ്രമം. സംഗതി പാളിയതോടെ മാരുതിയുടെ വരവ് അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
മേഖലയില്‍ 44 ഗ്രാമ പഞ്ചായത്തുകളില്‍ 36 എണ്ണവും നരേന്ദ്ര മോഡിയുടെ വികസന പദ്ധതിക്കെതിരെ കഴിഞ്ഞ ദിവസം പ്രമേയം പാസ്സാക്കി. സജീവമായി കൃഷി നടക്കുന്ന ഭൂമി മാരുതിക്ക് ഫാക്ടറി തുടങ്ങാനായി വിട്ടുകൊടുക്കാനാവില്ല എന്ന നിലപാടിലാണ് ഈ പഞ്ചായത്തുകള്‍. മണ്ഡല്‍ ബച്ചാര്‍ജിയില്‍ പ്രത്യേക സാമ്പത്തിക മേഖല അനുവദിച്ചുകൊണ്ടുള്ള വിജ്ഞാപനത്തിന്‍റെ പകര്‍പ്പുകള്‍ കത്തിച്ചാണ് കര്‍ഷകര്‍ പ്രതിഷേധമറിയിച്ചത്. മാരുതി ഇവിടെ 640 ഏക്കര്‍ ഭൂമിയാണ് ചോദിച്ചിട്ടുള്ളത്.

മുഖ്യധാരാ മാധ്യമങ്ങള്‍ കൊണ്ടാടുന്ന ഗുജറാത്ത് വികസന മാതൃകയിലെ പ്രധാന ഘടകങ്ങളിലൊന്നാണ് എസ്ഐആര്‍ അഥവാ പ്രത്യേക നിക്ഷേപ പ്രദേശങ്ങള്‍. പ്രത്യേക സാമ്പത്തിക പ്രദേശം അഥവാ സെസ് എന്ന സംവിധാനത്തില്‍ നിന്ന് വ്യത്യസ്തമാണിത്. സെസ് കയറ്റുമതി ഉല്‍പന്നങ്ങളുടെ ഉല്‍പാദനത്തെ കേന്ദ്രീകരിച്ചുള്ളതാണ്. എസ്ഐആറുകളില്‍ ബാങ്കിംഗ്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഫാക്ടറികള്‍ തുടങ്ങിയ ഏത് തരം കച്ചവടവുമാകാം. കൂടാതെ സെസ്സിനെക്കാള്‍ കൂടുതല്‍ പ്രദേശങ്ങള്‍ ഏറ്റെടുക്കാന്‍ എസ്ഐആര്‍ സംവിധാനത്തിന് കഴിയും.
നിലവില്‍ ഗുജറാത്തില്‍ 13 പ്രത്യേക സാമ്പത്തിക മേഖലകളാണുള്ളത്. 2009ലാണ് ഇത് സംബന്ധിച്ച നിയമനിര്‍മാണം നടന്നത്. ടാറ്റ നാനോ പ്ലാന്‍റ് സ്ഥിതി ചെയ്യുന്ന സനന്ദ് ഒരു പ്രത്യേക സാമ്പത്തക മേഖലയാണ്. ഇവിടെയും ഭൂമിയേറ്റെടുക്കലിനെതിരെ പ്രതിഷേധങ്ങളുണ്ടായിരുന്നെങ്കിലും മുഖ്യധാരാ മാധ്യമങ്ങള്‍ അവയെ അവഗണിക്കുകയായിരുന്നു. കര്‍ഷക ഭൂമി പിടിച്ചെടുത്ത് തങ്ങള്‍ക്ക് നല്‍കിയതിന്‍റെ ഇരട്ടി തുകയ്ക്ക് ബില്‍ഡര്‍മാര്‍ക്ക് വില്‍ക്കുന്നത് നാട്ടുകാരില്‍ പ്രതിഷേധമുണ്ടാക്കുന്നുണ്ട്.
ഹരിയാണയിലെ ഗുഡ്‍ഗാവില്‍ സ്ഥിതി ചെയ്യുന്ന മനെസര്‍ പ്ലാന്‍റില്‍ തൊഴിലാളികള്‍ ന്യായമായ വേതനം ചോദിച്ച് സമരം തുടങ്ങിയതിന് ശേഷമാണ് മാരുതി മറ്റൊരിടം തേടി ഇറങ്ങിയത്. ഹരിയാണയിലെ പതിറ്റാണ്ടുകളായി ഓട്ടോമൊബൈല്‍ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം ശക്തമായതിനാല്‍ തൊഴിലാളികളുടെ അവബോധം ഉയര്‍ന്നതാണ്. ഗുജറാത്തില്‍ തൊഴിലാളി സംഘടനകള്‍ ഹരിയാണയിലേതുമായി താരതമ്യം ചെയ്യുമ്പോള്‍ ദുര്‍ബലമാണ്.


Click it and Unblock the Notifications








