ഓഗസ്റ്റ് 15 മുതൽ ഫാസ്ടാഗ് വാർഷിക പാസ്; ഓർമ്മയിൽ വയ്ക്കേണ്ട കാര്യങ്ങൾ ഇതൊക്കെ
ദൂരയാത്രകളിൽ പലപ്പോഴും മറന്ന് പോകുന്ന കാര്യമാണ് നിങ്ങളുടെ കാറുകളിലെ ഫാസ്ടാഗ് റീചാർജ് ചെയ്യാൻ. അങ്ങനെ അബദ്ധം പറ്റി ടോൾ പ്ലാസയിലേക്ക് കയറുമ്പോഴായിരിക്കും മതിയായ ബാലൻസ് ഇല്ല എന്ന കാര്യം അറിയുന്നത്. എന്നാൽ ഇനി നിങ്ങളുടെ യാത്രകളിൽ ഫാസ്ടാഗ് റീചാർജിങ്ങ് ഒരു തലവേദനയാവാതിരിക്കാനാണ് കേന്ദ്ര സർക്കാർ വാർഷിക പാസ് അവതരിപ്പിച്ചത്. ഓഗസ്റ്റ് 15 മുതൽ അത് പ്രാബല്യത്തിൽ വരികയാണ്. രാജ്യത്തുടനീളമുള്ള ക്രോസ് ടോളുകൾ കൂടുതൽ സുഗമമാക്കുക എന്നതാണ് ഈ വാർഷിക പാസിന്റെ ലക്ഷ്യം. ഇതിൻ്റെ പ്രവർത്തനം ഏതുവിധമാണ് എന്നുള്ള ലേഖനങ്ങൾ നിങ്ങളിലേക്ക് ഞങ്ങൾ എത്തിച്ചിട്ടുളളതാണ്. എന്നാൽ ഇനി ദിവസങ്ങൾ മാത്രം ശേഷിക്കെ ഓർക്കേണ്ട ചില കാര്യങ്ങൾ നിങ്ങളെ ഓർമിപ്പിക്കുകയാണ് ഈ ലേഖനത്തിലൂടെ.
പ്രധാനമായും സ്വകാര്യ വാഹന ഉടമകൾക്കാണ് ഇതിന്റെ സേവനം കൊണ്ട് ഗുണം ലഭിക്കുന്നത്. അതായത് ഭാരവാഹനങ്ങളായ ബസ്,ലോറി എന്നിവയക്കൊന്നും തന്നെ വാർഷിക പാസിന് യോഗ്യരല്ല എന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. ആനുവൽ ഫാസ്ടാഗ് പാസ് ആക്ടിവേഷനും പുതുക്കലിനുമായി ഒരു സമർപ്പിത ലിങ്ക് രാജ്മാർഗ് യാത്ര ആപ്പിലും NHAI, MoRTH ഔദ്യോഗിക വെബ്‌സൈറ്റുകളിലും ലഭ്യമാക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത വകുപ്പ് മന്ത്രി ഗഡ്കരി പറഞ്ഞിരുന്നു. പാസ് ലഭിക്കുന്നതിനായി നിങ്ങളുടെ ഫാസ്ടാഗ് പ്രവർത്തനയോഗ്യവുമായിരിക്കണം അത് പോലെ തന്നെ കരിമ്പട്ടികയിൽ ഉൾപ്പെട്ടതായിരിക്കരുത്.

3000 രൂപ കൊടുത്താൽ വർഷത്തിൽ 200 തവണ ടോൾ പ്ലാസകൾ കടക്കാമെന്നതാണ് കേന്ദ്ര സർക്കാരിൻ്റെ പുതിയ നയത്തിൽ വ്യക്തമാക്കുന്നത്. അങ്ങനെ നോക്കിയാൽ ഒരു തവണ ടോൾ പ്ലാസ കടക്കുന്നതിന് മുടക്കേണ്ടത് വെറും 15 രൂപ മാത്രമാണ്. സ്ഥിരമായി ടോൾ പ്ലാസകൾ ഉപയോഗിക്കുന്നവർ വർഷത്തിൽ 10000 രൂപയോളം മുടക്കേണ്ടതായി വരുന്നുണ്ട്. എന്നാൽ പുതിയ വാർഷിക നിരക്ക് 7000 രൂപയോളം ലാഭിക്കുന്നു.
ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം എന്താണെന്ന് വച്ചാൽ വാർഷിക പാസുണ്ടെന്ന് കരുതി എല്ലാ ടോളിലേക്കും ഇടിച്ചുകയറരുതേ. നാഷണൽ ഹൈവേ, എക്സ്പ്രസ് വേ ടോൾ പ്ലാസകളിൽ മാത്രമേ പാസിന് സാധുതയുള്ളൂ എന്നത് ശ്രദ്ധിക്കുക. സംസ്ഥാന ഹൈവേകളിലോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലോ ഉള്ള ടോൾ പ്ലാസകളിൽ, ഫാസ്ടാഗ് സാധാരണയായി പ്രവർത്തിക്കും എന്ന് മാത്രമല്ല സാധാരണ ടോൾ നിരക്കുകളായിരിക്കും.

ഭാവിയിൽ അവതരിപ്പിക്കാനിരിക്കുന്ന സെൻസർ അധിഷ്ഠിത ടോൾ പിരിവ് സംവിധാനങ്ങൾക്ക് അനുസൃതമായി വാർഷിക പാസ് നവീകരിക്കുകയും ചെയ്യുന്നതാവും. വരുമാനത്തിൽ കാര്യമായ സ്വാധീനം ചെലുത്താതെ തന്നെ ടോൾ റോഡുകളിൽ സ്വകാര്യ വാഹനങ്ങളുടെ യാത്ര വളരെ എളുപ്പമാക്കുന്നതാണ് ഈ നീക്കം. 2023-24 സാമ്പത്തിക വർഷത്തിൽ ടോൾ പിരിവിൽ നിന്ന് സർക്കാർ ഏകദേശം 55,000 കോടി രൂപ വരുമാനം നേടിയിട്ടുണ്ട്.
സ്വകാര്യ കാറുകളുടെ മാത്രം കണക്കിലെടുത്താൽ ഇവ ടോൾപ്ലാസകൾ വഴി കടന്നുപോയതിൽ 8,000 കോടി രൂപ മാത്രമേ സർക്കാരിന് ലഭിച്ചിട്ടുള്ളു. എന്തായാലും വരുമാനത്തിന് കാര്യമായ നഷ്‌ടമൊന്നുമില്ലാതെ വാഹന ഉടമകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന സംവിധാനം വളരെ വേഗം ജനപ്രീതി നേടുമെന്ന് തന്നെ കണക്കാക്കാം. പ്രഖ്യാപന വേളയിൽ തന്നെ രാജ്യത്താകെമാനം ഇതിന് സ്വീകാര്യതയും ലഭിച്ചിരുന്നു.

കേരളത്തിലെ കാര്യം നോക്കിയാൽ അന്യസംസ്ഥാനത്ത് ജോലി ചെയ്യുന്ന നിരവധി ആളുകളുണ്ട്. അതായത് കേരളത്തിൽ നിന്ന് ബംഗ്ലൂരുവിലേക്കുളള യാത്രയിൽ സാധാരണയായി 1000 രൂപയോളം ടോൾ പ്ലാസയിൽ നൽകേണ്ടി വരുന്ന സ്ഥാനത്ത് 3000 രൂപയുടെ വാർഷിക പാസ് എടുത്താൽ 300 രൂപയിൽ താഴെയേ വരു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത് ഒരു ഏകദേശ കണക്ക് മാത്രമായിട്ടേ കരുതാവു, കൃത്യമായ നിരക്കുകൾ കേന്ദ്ര സർക്കാരിൻ്റെ താരിഫ് പട്ടിക പുറത്ത് വന്നാലേ ലഭ്യമാകു.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








