ഫാസ്ടാഗ് KYV വെരിഫിക്കേഷന്‍ ചെയ്തില്ലേ? ഇത് അറിയാതെ പോയാല്‍ ടോള്‍ബൂത്തില്‍ 'പെട്ടേക്കും'
ദേശീയപാതകളിലൂടെ സ്ഥിരമായി യാത്ര ചെയ്യുന്നവരാണ് നിങ്ങളെങ്കില്‍ വാഹനത്തില്‍ ഇതിനോടകം ഫാസ്ടാഗ് ആക്ടിവേറ്റ് ചെയ്തിട്ടുണ്ടാകും. എന്നാല്‍ ബാങ്കുകളില്‍ KYC (നോ യുവര്‍ കസ്റ്റമര്‍) എന്നത് പോലെ ഫാസ്ടാഗ് ഉപയോക്താക്കള്‍ക്ക് KYV (നോ യുവര്‍ വെഹിക്കിള്‍) വെരിഫിക്കേഷന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയ കാര്യം നിങ്ങള്‍ അറിഞ്ഞിരുന്നോ?. KYV വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കാത്ത ഫാസ്ടാഗ് കാര്‍ഡുകള്‍ പ്രവര്‍ത്തനരഹിതമാക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഫാസ്ടാഗുകളുടെ കാര്യത്തില്‍ പുതുതായി വന്ന മാറ്റങ്ങള്‍ അറിഞ്ഞിട്ടില്ലെങ്കില്‍ ടോള്‍ പ്ലാസകളില്‍ കുടുങ്ങുന്ന അവസ്ഥയും പെനാല്‍റ്റിയും അടക്കേണ്ട സാഹചര്യം വരാം. അതിനാല്‍ ഫാസ്ടാഗ് KYV വെരിഫിക്കേഷനെ കുറിച്ച് ഈ ലേഖനത്തില്‍ വിശദമായി വായിക്കാം.
ഇന്ത്യയില്‍ വാഹനങ്ങളില്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കിയിട്ട് കുറച്ച് വര്‍ഷങ്ങളായി. ഫാസ്ടാഗ് കാര്‍ഡ് എടുത്ത് കഴിഞ്ഞാല്‍ അത് റീചാര്‍ജ് ചെയ്താല്‍ മാത്രമേ ടോള്‍ പ്ലാസകളിലൂടെ കടന്നുപോകാന്‍ സാധിക്കൂ. ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് ഉയര്‍ന്ന ടോള്‍ നിരക്ക് നല്‍കേണ്ടി വരും. ഫാസ്ടാഗ് കാര്‍ഡുകളുമായി ബന്ധപ്പെട്ട് നടക്കുന്ന തട്ടിപ്പുകള്‍ തടയാന്‍ സര്‍ക്കാര്‍ ഇടയ്ക്കിടെ നിയമങ്ങള്‍ കര്‍ശനമാക്കാറുണ്ട്. ഇതിന്റെ ഭാഗമായാണ് ഇപ്പോള്‍ ഫാസ്ടാഗ് ഉപയോക്താക്കള്‍ക്ക് KYV നിര്‍ബന്ധമാക്കിയിരിക്കുന്നത്.

KYV എന്നാല്‍ 'നോ യുവര്‍ വെഹിക്കിള്‍' എന്നാണ്. അതായത്, വാഹനത്തെക്കുറിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ ഉപയോക്താക്കള്‍ അപ്ലോഡ് ചെയ്യണം. നിശ്ചിത സമയത്തിനുള്ളില്‍ ഇത് ചെയ്യാത്ത ഫാസ്ടാഗ് ഉപയോക്താക്കള്‍ക്ക് ഭാവിയില്‍ പ്രശ്നങ്ങള്‍ നേരിടേണ്ടി വരും. KYV വെരിഫിക്കേഷനായി ഫാസ്ടാഗ് യൂസര്‍ വാഹനത്തിന്റെ ചിത്രം, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അപ്ലോഡ് ചെയ്യേണ്ടതാണ്.
നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഫാസ്ടാഗ് കാര്‍ഡുകളില്‍ വലിയ തോതില്‍ തട്ടിപ്പുകള്‍ നടക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തില്‍ ഇത് തടയാന്‍ വേണ്ടിയാണ് പുതിയ നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്. പ്രധാനമായും ചെറിയ കാറുകള്‍ക്കായി വാങ്ങിയ ഫാസ്ടാഗ് കാര്‍ഡുകള്‍ വലിയ വാണിജ്യ വാഹനങ്ങളില്‍ ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്നതായാണ് കണ്ടെത്തിയത്. വാഹനത്തിന്റെ ഇനം അനുസരിച്ച് ടോള്‍ നിരക്കില്‍ വ്യത്യാസമുള്ളതിനാല്‍, കുറഞ്ഞ ടോള്‍ നല്‍കുന്നതിനായി ചില വാണിജ്യ വാഹന ഉടമകള്‍ ഇത്തരത്തില്‍ തട്ടിപ്പുകള്‍ നടത്തുന്നു.

ചിലര്‍ ഒന്നിലധികം വാഹനങ്ങള്‍ക്കുള്ള ടാഗുകള്‍ കൈവശം വെച്ച് ഓരോ ടോള്‍ പ്ലാസയിലും മാറ്റി മാറ്റി ഉപയോഗിച്ച് തട്ടിപ്പുകള്‍ നടത്തുന്നു. ഇത് തടയാന്‍ വേണ്ടിയാണ് ഫാസ്ടാഗ് ഉപയോക്താക്കള്‍ തങ്ങളുടെ വാഹനത്തെ കുറിച്ചുള്ള വിവരങ്ങള്‍ അധികൃതര്‍ക്ക് കൈമാറാന്‍ വേണ്ടി നിര്‍ദേശിച്ചിരിക്കുന്നത്. വാഹനത്തിന്റെ മുന്‍ഭാഗം, രജിസ്‌ട്രേഷന്‍ നമ്പര്‍ എന്നിവ വ്യക്തമാകുന്ന രീതിയിലുള്ള ചിത്രങ്ങളാണ് അപ്ലോഡ് ചെയ്യേണ്ടത്. വിന്‍ഡ്ഷീല്‍ഡില്‍ ഫാസ്ടാഗ് സ്റ്റിക്കര്‍ ഒട്ടിച്ചതിന്റെ വ്യക്തമായ ചിത്രങ്ങളും നല്‍കണം.
കൂടാതെ, വാഹനത്തിന്റെ വിന്‍ഡ്ഷീല്‍ഡില്‍ ഒട്ടിച്ച ഫാസ്ടാഗ് കാര്‍ഡിന്റെ ക്ലോസപ്പ് ചിത്രങ്ങളും രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ രണ്ട് പേജുകളും അപ്ലോഡ് ചെയ്യണം. ഈ നടപടികള്‍ പൂര്‍ത്തിയാക്കാത്ത ഫാസ്ടാഗ് കാര്‍ഡുകള്‍ പ്രവര്‍ത്തനരഹിതമാക്കും. വിന്‍ഡ്ഷീല്‍ഡില്‍ ഫാസ്ടാഗ് കാര്‍ഡ് ഒട്ടിക്കാതെ യാത്ര ചെയ്യുന്ന വാഹന ഉടമകള്‍ക്ക് പിഴയോ അല്ലെങ്കില്‍ ഫാസ്ടാഗ് ഇല്ലാതെ യാത്ര ചെയ്തതിനുള്ള പിഴയോ നല്‍കേണ്ടി വരും. വിവരങ്ങളുടെ കൃത്യത ഉറപ്പാക്കാനായി KYV നടപടി ഓരോ മൂന്ന് വര്‍ഷത്തിലും ആവര്‍ത്തിക്കണമെന്ന് നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ അറിയിച്ചിട്ടുണ്ട്.

2024 ഒക്ടോബര്‍ 31-നാണ് ഈ നിയമം പ്രാബല്യത്തില്‍ വന്നതെങ്കിലും, ഫാസ്ടാഗ് നല്‍കുന്ന കമ്പനികള്‍ ഇത് നിര്‍ബന്ധമാക്കിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഇത് കര്‍ശനമാക്കിയിരിക്കുകയാണ്. ഇന്ത്യയിലെ ടോള്‍ പ്ലാസകളില്‍ നടക്കുന്ന പല തട്ടിപ്പുകള്‍ക്കും പ്രധാന കാരണം ഉയര്‍ന്ന ടോള്‍ നിരക്കാണ്. ഈ നിരക്കുകള്‍ കുറയ്ക്കുകയാണെങ്കില്‍ തട്ടിപ്പുകള്‍ ഗണ്യമായി കുറയ്ക്കാനും വലിയ സാമ്പത്തിക ഭാരം ഒഴിവാക്കാനും സാധിക്കും. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ ഹൈവേ അതോറിറ്റി ഫാസ്ടാഗ് വാര്‍ഷിക പാസ് കൊണ്ടുവന്നിരുന്നു.
3000 രൂപ മുടക്കി ഈ പാസ് എടുക്കുന്ന വാണിജ്യേതര വാഹനങ്ങള്‍ക്ക് 1 വര്‍ഷം 200 ടോള്‍ ഫ്രീ യാത്രകള്‍ നടത്താമെന്നതാണ് ഗുണം. ഹൈവേ അതോറിറ്റിക്ക് കീഴിലെ ദേശീയപാതകളിലും എക്‌സ്പ്രസ്‌വേകളിലും മാത്രമാണ് ഇത് ഉപയോഗപ്പെടുത്താനാകുക. രാജമാര്‍ഗ്‌യാത്ര ആപ്പ് വഴിയോ ഹൈവേ അതോറിറ്റി വെബ്‌സൈറ്റ് വഴിയോ വെറും 2 മണിക്കൂറിനുള്ളില്‍ ഈ പാസ് ആക്റ്റിവേറ്റ് ചെയ്യാനാകും.


Click it and Unblock the Notifications








