വെള്ളത്തിലൂടെ പാഞ്ഞുപോകാൻ 'ബരക്കുഡ'; ഏറ്റവും വേഗമേറിയ സോളാർ ബോട്ടുമായി നവാൾട്ട്
ജലപാതകൾ കൊണ്ട് സമ്പന്നമായ കേരളത്തിൽ പ്രധാന സഞ്ചാരമാർഗമാണ് വളളങ്ങളും ബോട്ടുകളും. സോളാർ കൊണ്ട് പ്രവർത്തിക്കുന്ന ബോട്ടുകൾ കേരളത്തിൽ അവതരിപ്പിച്ചിരുന്നു. ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ സോളാര്‍-ഇലക്ട്രിക് ബരക്കുഡ എന്ന് പേര് ഇട്ടിരിക്കുന്ന ബോട്ടാണ് നീറ്റിലിറക്കിയിരിക്കുകയാണ്.
കൊച്ചിയിലെ നവാള്‍ട്ട് എന്ന കമ്പനിയും മസഗോണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്സ് ലിമിറ്റഡും ഒരുമിച്ചാണ് ബോട്ടിൻ്റെ നിർമാണ പ്രവർത്തങ്ങൾ നടത്തിയത്. പരിസ്ഥിതി സൗഹൃദ സമുദ്രഗതാഗതത്തില്‍ രാജ്യത്തിന്റെ പുതിയ ചുവടുവെപ്പായിട്ട് വേണം ഈ സംരഭത്തെ കാണാൻ. ബരക്കുഡ എന്നാൽ കടലിൽ ഏറ്റവും വേഗതയിൽ സഞ്ചരിക്കുന്ന ഒരു മീനാണ്.

12 നോട്ടിക്കൽ മൈലാണ് ഈ ബോട്ടിൻ്റെ വേഗത. ഒറ്റ ചാർജിൽ ഏഴ് മണിക്കൂറാണ് റേഞ്ച്. 14 മീറ്റര്‍ നീളവും 4.4 മീറ്റര്‍ വീതിയുമുള്ള ബോട്ട് ഇരട്ട 50 കിലോ വാട്ട് ഇലക്ട്രിക് മോട്ടോറുകള്‍, ഒരു മറൈന്‍ ഗ്രേഡ് എല്‍.എഫ്.പി ബാറ്ററി, 6 കിലോ വാട്ട് സോളാര്‍ പവര്‍ എന്നിവയുണ്ട്. 12 പേർക്കാണ് ബോട്ടിൽ സഞ്ചരിക്കാൻ സാധിക്കുന്നത്.
നാല് മീറ്റർ ഉയരത്തിൽ വരെ വീശിയടിക്കുന്ന തിരമാലകളെ പ്രതിരോധിക്കാൻ സാധിക്കുന്ന തരത്തിലാണ് ബോട്ട് നിർമിച്ചിരിക്കുന്നത്. വാഹന വിപണി ഇലക്ട്രികിലേക്ക് നീങ്ങുകയാണെങ്കിൽ ജലഗതാഗതം സോളാറിലേക്കാണ് തിരിയുന്നത്. അത് പോലെ തന്നെയാണ് ഹൈഡ്രജൻ ബോട്ടുകളും. കാറുകളിലും ട്രെയിനുകളിലുമെല്ലാം ഹൈഡ്രജൻ പ്രാവർത്തികമായെങ്കിലും ബോട്ടുകളിലേക്കും ഈ ടെക്നോളജി യാഥാർഥ്യമാവാൻ പോവുകയാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാർലിമെന്റ് മണ്ഡലമായ വാരാണസിയിൽ ഹൈഡ്രജൻ ഇന്ധനത്തിൽ ഓടുന്ന രാജ്യത്തെ ആദ്യത്തെ വാട്ടർ ടാക്സി യാഥാർഥ്യമാക്കാൻ പോവുകയാണ്. ഹൈഡ്രജനിൽ പ്രവർത്തിക്കുന്ന ഈ പുതിയ വാട്ടർ ടാക്സി സർവീസ് ബനാറസിലെ ഘാട്ടുകളിലാണ് പ്രവർത്തന സജ്ജമാക്കുക.
രാജ്യത്തെ ആദ്യത്തെ റിവർ ക്രൂയിസും ബനാറസിൽ നിന്നാണ് ഫ്ലാഗ് ഓഫ് ചെയ്തത്. ഒരു പൈലറ്റ് പ്രോജക്റ്റ് എന്ന നിലയിലാണ് ഹൈഡ്രജൻ വാട്ടർ ടാക്‌സി സർവീസിന് തുടക്കമിട്ടിരിക്കുന്നത്. രാംനഗർ കോട്ടയിൽ നിന്ന് യാത്ര ആരംഭിച്ച് നമോ ഘട്ടിൽ എത്തുന്ന രീതിയിലാണ് ഇതിന്റെ യാത്ര ക്രമീകരിച്ചിരിക്കുന്നതും.

രാംനഗർ കോട്ടയിൽ നിന്നാരംഭിക്കുന്ന ഹൈഡ്രജൻ വാട്ടർ ടാക്‌സി ഏകദേശം 11 കിലോമീറ്റർ ദൂരം പിന്നിട്ടാണ് നമോ ഘട്ടിൽ എത്തിച്ചേരുന്നത്. ഈ രണ്ട് സ്ഥലങ്ങൾക്കിടയിലും അസി ഘട്ട്, ദശാശ്വമേധ് ഘട്ട്, രാജ് ഘട്ട് എന്നിങ്ങനെ മൂന്ന് സ്റ്റോപ്പുകളാണ് ഇപ്പോൾ നിലവിലുള്ളത്. കൂടാതെ, പ്രളയകാലത്തിനുശേഷം ഗംഗാനദിയിൽ 4 വാട്ടർ ടാക്‌സികൾ കൂടി അവതരിപ്പിക്കാനും സർക്കാർ പദ്ധതിയിടുന്നുണ്ടെന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം.
വാട്ടർ ടാക്‌സികൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് റോഡുകളിലെ തിരക്ക് കുറയ്ക്കുക എന്നതാണ്. കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി, രാംനഗർ കോട്ടയ്ക്കും നമോ ഘട്ടിനും ഇടയിലുള്ള 11 കിലോമീറ്റർ മുഴുവൻ യാത്രയ്ക്കും 165 രൂപ നിരക്കാണ് ഓരോ യാത്രക്കാരനും മുടക്കേണ്ടി വരിക. യാത്രാക്കൂലി നിശ്ചയിച്ചിരിക്കുന്നതും സ്റ്റോപ്പുകൾക്കനുസരിച്ച് മാറില്ല എന്നതും എടുത്തുപറയേണ്ടതാണ്.
അതായത് രാംനഗർ കോട്ടയ്ക്കും നമോ ഘട്ടിനും ഇടയിലുള്ള മൂന്ന് സ്റ്റോപ്പുകളിൽ ഏതെങ്കിലും ഒന്നിൽ ഇറങ്ങാനായാലും ഇതേ തുക തന്നെ മുടക്കേണ്ടി വരും. മേൽപറഞ്ഞതു പോലെ ഹൈഡ്രജനിൽ പ്രവർത്തിക്കുന്ന വാട്ടർ ടാക്സി സർവീസ് ഒരു പൈലറ്റ് പ്രോജക്റ്റാണ്. ഈ സേവനം വിപുലീകരിക്കാൻ സർക്കാർ ആഗ്രഹിക്കുന്നുവെന്നതും സ്വീകാര്യമായ കാര്യമാണ്. വാസ്തവത്തിൽ, കാശി വിശ്വനാഥ് ധാമിന്റെ പ്രവേശന കവാടം വരെ സർവീസ് റൂട്ട് നീട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഹൈഡ്രജനിൽ പ്രവർത്തിക്കുന്ന വാട്ടർ ടാക്‌സി സർവീസിന്റെ നടത്തിപ്പിന്റെ ചുമതല റോഡ്‌വേസ് മാനേജ്‌മെന്റിനെയാണ് ഏൽപ്പിച്ചിരിക്കുന്നത്. മാത്രമല്ല ഒരേസമയം 80 യാത്രക്കാർക്ക് സഞ്ചരിക്കാനുള്ള ശേഷിയാണ് ഹൈഡ്രജൻ വാട്ടർ ടാക്‌സിയിൽ ഒരുക്കിയിരിക്കുന്നതെന്നാണ് പറയപ്പെടുന്നത്. രാജ്യത്തെ ആദ്യത്തെ റിവർ ക്രൂയിസ് ബംഗ്ലാദേശ് വഴി ആസാമിലെ ദിബ്രുഗഢ് വരെയാണ്. ഇത് മൊത്തംയാത്ര പൂർത്തീകരിക്കാൻ ഏകദേശം 50 ദിവസമെടുക്കും. ആഗ്ര, മഥുര തുടങ്ങിയ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ യമുന നദിയിൽ വാട്ടർ ടാക്‌സികൾ ഏർപ്പെടുത്താനും സർക്കാർ പദ്ധതിയിടുന്നുണ്ട്.


Click it and Unblock the Notifications








