ലോക പൃതൃദിനം; വാഹന പ്രേമിയായ അച്ഛന് സമ്മാനിക്കാം ഈ ഗിഫ്റ്റുകള്‍
ഇന്നാണ് ലോക പൃതൃദിനം. നമ്മളെ വളര്‍ത്തി വലുതാക്കാനായി ആരോടും പരാതിയോ പരിഭവങ്ങളോ ഇല്ലാതെ രാപ്പകല്‍ കഷ്ടപ്പെടുന്ന പിതാക്കന്‍മാരെ ആദരിക്കുന്നതിനായുള്ളതാണ് ഈ ദിനം. മാതൃദിനം പലപ്പോഴും കെങ്കേമമായി കൊണ്ടാടുമ്പോഴും പൃതൃദിനം മനപ്പൂര്‍വമായോ അല്ലാതയൊ വിസ്മരിക്കപ്പെടുന്നുവെന്നതാണ് സത്യം. ഇന്ത്യയടക്കം പല രാജ്യങ്ങളിലും ജൂണ്‍ മാസത്തെ മൂന്നാമത്തെ ഞായറാഴ്ചയാണ് പൃതൃദിനം കൊണ്ടാടുന്നത്.
വണ്ടി ഭ്രാന്തമാരുടെ ലോകത്തിലേക്ക് വന്നാല്‍ പലരുടെയും ഡ്രൈവിംഗിലെ ഗുരു സ്വന്തം അച്ഛന്‍മാരായിരിക്കും. റോഡില്‍ മുതല്‍ ജീവിത പാതയില്‍ വരെ നമ്മെ മുന്നോട്ട് നയിക്കുന്നവരാണ് പിതാക്കന്‍മാര്‍. നിങ്ങളുടെ പിതാവ് ഒരു വാഹന പ്രേമിയാണെങ്കില്‍ ഈ പൃതൃദിനത്തില്‍ സമ്മാനിക്കാന്‍ പറ്റുന്ന ചില സമ്മാനങ്ങളാണ് ഇനി പറയാന്‍ പോകുന്നത്.

ആദ്യം പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് സണ്‍ഗ്ലാസുകളാണ്. നമ്മുടെ ചുട്ടുപൊള്ളുന്ന കാലാവസ്ഥയില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട ഒരു ഡ്രൈവിംഗ് ആക്‌സസറിയാണ് സണ്‍ഗ്ലാസ്. നിങ്ങളുടെ പിതാവിന് നന്നായി ഇണങ്ങുന്ന ഒരു സണ്‍ഗ്ലാസ് വാങ്ങി നല്‍കുന്നത് നല്ലൊരു ഓപ്ഷനായിരിക്കും. പ്രമുഖ ഓട്ടോമോട്ടീവ്, സണ്‍ഗ്ലാസ് ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങള്‍ അവരുടെ വെബ്‌സൈറ്റുകളില്‍ നിന്നോ പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളില്‍ നിന്നോ ഷോറൂമുകളില്‍ നിന്നോ വാങ്ങാം. സണ്‍ഗ്ലാസ് വാങ്ങുമ്പോള്‍ യുവി പ്രൊട്ടക്ഷന്‍ സണ്‍ഗ്ലാസുകള്‍ വാങ്ങാന്‍ ശ്രമിക്കാം.
വീട്ടില്‍ ഒരു കാര്‍ ഉണ്ടെങ്കില്‍ അത് വൃത്തിയാക്കി പൊന്നുപോലെ കാത്തു സൂക്ഷിക്കുന്ന അച്ഛന്‍മാര്‍ ഉണ്ടാവും അവര്‍ക്ക് സമ്മാനിക്കാന്‍ പറ്റിയ ബെസ്റ്റ് സംഗതിയാണ് പോര്‍ട്ടബിള്‍ കാര്‍ വാക്വം. പ്രിയപ്പെട്ട കാര്‍ മക്കളെ പോലെ കണ്ട് വൃത്തിയാക്കുന്ന പിതാവാണെങ്കില്‍ ഇത് തീര്‍ച്ചയായും ഇഷ്ടപ്പെടും. 12V സോക്കറ്റിലേക്ക് പ്ലഗ് ഇന്‍ ചെയ്യുന്ന കോര്‍ഡുള്ളതും കോര്‍ഡില്ലാത്തതുമായ കാര്‍ വാക്വം നിങ്ങള്‍ക്ക് വാങ്ങാന്‍ കിട്ടും. നിങ്ങളുടെ പോക്കറ്റ് നോക്കി പറ്റിയ ഒന്ന് വാങ്ങാം. വിവിധ ബ്രാന്‍ഡുകളുടെ ക്വാളിറ്റിയില്ലാത്ത ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ ലഭ്യമാണെങ്കിലും മികച്ച ഒന്ന് തന്നെ നോക്കി തെരഞ്ഞെടുക്കുക. അവ ദീര്‍ഘകാലം നിലനില്‍ക്കും.

എയര്‍ കംപ്രസര്‍ കിറ്റ് കാറില്‍ അത്യാവശ്യമായി ഉണ്ടായിരിക്കേണ്ട സംഗതിയാണെന്ന് ഞങ്ങള്‍ വിശദീകരിക്കേണ്ട ആവശ്യമില്ല. നിങ്ങളുടെ വീട്ടിലെ കാറില്‍ ഒരു എയര്‍ കംപ്രസര്‍ ഇല്ലെങ്കിലോ അല്ലെങ്കില്‍ അത് മാറ്റേണ്ട സമയം ആയിട്ടുണ്ടെങ്കിലോ ഒരു ബെസ്റ്റ് ഓപ്ഷനാണ് പുതിയൊരെണ്ണം വാങ്ങി അച്ഛന് നല്‍കുന്നത്. വാഹനത്തിന്റെ സംരക്ഷണത്തിനും റോഡില്‍ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള എളുപ്പവഴികളില്‍ ഒന്നാണ് ടയര്‍ പ്രഷര്‍ നിയന്ത്രിക്കുന്നത്. എയര്‍ കംപ്രസറും കോര്‍ഡഡ്, കോര്‍ഡ്‌ലെസ് രൂപത്തില്‍ ലഭിക്കും. ബജറ്റ് നോക്കി പറ്റിയൊരെണ്ണം വാങ്ങാം.
ലിംഗ പ്രായഭേദമന്യേ ആര്‍ക്കും സമ്മാനിക്കാവുന്ന ഒന്നാണ് വാച്ച്. വാച്ചുകള്‍ ഒരു സ്‌റ്റൈല്‍ ഐക്കണ്‍ കൂടിയാണ്. ഇവിടെ വാഹനപ്രേമിയായ പിതാവിനെ ന്യൂജെന്‍ ആക്കാന്‍ ഓട്ടോമോട്ടീവ് തീമിലുള്ള ഒരു വാച്ച് സമ്മാനിക്കാവുന്നതാണ്. ഓട്ടോമൊബൈല്‍ ബ്രാന്‍ഡുകളുടേത് കൂടാതെ കാഷിയോ അടക്കമുള്ള വന്‍കിട ബ്രാന്‍ഡുകളും ഈ തീമില്‍ വാച്ചുകള്‍ വിപണിയില്‍ ഇറക്കുന്നുണ്ട്. ഇത് ഓണ്‍ലൈനായും ഓഫ്‌ലൈനായും കിട്ടും.

പൊതുവേ ഫ്രീക്കന്‍മാരുടെ ആക്‌സസറീസിന്റെ കൂട്ടത്തിലുള്ള സുപ്രധാന സംഗതിയാണ് ക്യാപ്പുകള്‍ നമ്മുടെ പട്ടികയിലെ അടുത്ത ഓപ്ഷനും ക്യാപ്് ആണ്. ക്യാപ്പുകള്‍ ഇഷ്ടപ്പെടുന്ന പിതാവാണെങ്കില്‍ അദ്ദേഹത്തിന്റെ ഇഷ്ടപ്പെട്ട കാര്‍ ബ്രാന്‍ഡിന്റെയോ മറ്റോ ലോഗോ പതിച്ച ക്യാപ് വാങ്ങി സമ്മാനിച്ചാല്‍ വേറെ ലെവലാകും. മോട്ടോസ്‌പോര്‍ട്‌സില്‍ കമ്പമുള്ളയാളാണ് കക്ഷിയെങ്കില്‍ പ്രത്യേകിച്ചും. ഇതും ഓണ്‍ലൈനിലൂടെ ഈസിയായി വാങ്ങാം. ഫോര്‍മുല വണ്‍ കാറോട്ട മത്സരത്തിന്റെ ഫാനാണ് അച്ഛനെങ്കില്‍ F1-ന്റെ മെര്‍ച്ചന്‍ൈറസുകള്‍ ഒരു നല്ല ഓപ്ഷനാണ്.
ഔദ്യോഗിക മെര്‍ച്ചന്‍ൈറസ് പാര്‍ട്‌നറായ F1 ഒതന്‍ഡിക്‌സില്‍ നിന്ന് അനുയോജ്യമായവ തരഞ്ഞെടുക്കാം. ഇത് ചിലപ്പോള്‍ അല്‍പ്പം ചിലവേറുമെന്ന് ഓര്‍മിപ്പിക്കട്ടെ. കാര്‍ യാത്രകള്‍ കംഫര്‍ട്ടായിരിക്കാന്‍ ഇന്റീരിയറിന്റെ വൃത്തിയും മണവും അത്യാവശ്യമാണ്. വീട്ടിലെ കാര്‍ മുതലാളിയായ അച്ഛന് ഒരു കാര്‍ പെര്‍ഫ്യൂമും സമ്മാനമായി നല്‍കാവുന്നതാണ്. നിരവധി തരത്തിലും സുഗന്ധത്തിലുമുള്ള കാര്‍ പെര്‍ഫ്യൂമുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്.
ജെല്ലുകള്‍, ഹാംഗിംഗ് സെന്റുകള്‍, ബോട്ടിലില്‍ തൂക്കിയിടുന്ന പെര്‍ഫ്യുമുകള്‍ എന്നിവയില്‍ മികച്ച ഒരെണ്ണം വാങ്ങി സമ്മാനിക്കാം. ഒരു മനുഷ്യന്റെ ജീവിതത്തിലെ സുപ്രധാനപ്പെട്ട സംഗതിയാണ് സമയം. പലപ്പോഴും തിരക്ക് പിടിച്ച ജീവിതത്തിനിടെയില്‍ കുടുംബത്തോടൊപ്പം സമയം ചെലവിടാന്‍ പലപ്പോഴും ആര്‍ക്കും സാധിക്കാറില്ല. ഇന്ന് ഞായറാഴ്ചയാണ് അവധി ദിവസമാണ്.
പിതൃദിനം കൂടിയാണ്. അതിനാല്‍ മാതാപിതാക്കളുടെ കുടെ മക്കള്‍ കുറച്ച് സമയം ചെലവഴിക്കുന്നത് അവര്‍ക്ക് സന്തോഷകരമായിരിക്കും. അച്ഛന്റെ കൂടെ കാര്‍ കഴുകാന്‍ സഹായിക്കുകയോ അവരെ ഒരു ഡ്രൈവിന് കൊണ്ടുപോകുകയോ ചെയ്താല്‍ ഇരട്ടി സന്തോഷമാകും. മുകളില്‍ പറഞ്ഞ ഒന്നും കൊടുക്കാന്‍ സാധിച്ചില്ലെങ്കിലും അവസാനം പറഞ്ഞത് നിങ്ങളെ കൊണ്ട് സാധിക്കും.


Click it and Unblock the Notifications








