'ഗഡ്കരി ഉത്തരവാദിത്തം ഏറ്റെടുക്കുമോ'? E20 പെട്രോളടിച്ച് കട്ടപ്പുറത്തായ ഫെറാറിയുടെ ചിത്രവുമായി ഇൻഫ്ലുവന്‍സര്‍
കഴിഞ്ഞ കുറേ നാളുകളായി E20 ഇന്ധനവും അത് വാഹനങ്ങളില്‍ സൃഷ്ടിച്ചേക്കാവുന്ന പ്രശ്‌നങ്ങളുമൊക്കെയാണ് വാഹനലോകത്ത് ചര്‍ച്ചാ വിഷയം. പെട്രോളില്‍ 20 ശതമാനം എഥനോള്‍ കലര്‍ത്തുന്ന കേന്ദ്ര സര്‍ക്കാറിന്റെ നീക്കത്തിന് സുപ്രീം കോടതി വരെ പച്ചക്കൊടി വീശിയിരിക്കുകയാണ്. E20 പെട്രോള്‍ നിറച്ച് വരുന്ന പ്രശ്‌നങ്ങള്‍ക്ക് വാറണ്ടി തരാമെന്ന് ഉറപ്പ് നല്‍കി കൂടുതല്‍ കമ്പനികളും മുന്നോട്ട് വന്നിട്ടുണ്ട്. എന്നിരുന്നാലും സോഷ്യല്‍ മീഡിയയില്‍ E20 ഇന്ധനത്തെ കുറിച്ചുള്ള പരാതികള്‍ക്ക് ഒരു കുറവുമില്ല. പല വാഹന ഉടമകളും ഇന്ധനക്ഷമത കുറയുന്നതിനെക്കുറിച്ചും മറ്റ് പ്രശ്‌നങ്ങളെക്കുറിച്ചും പരാതികള്‍ ഉന്നയിച്ചിട്ടുണ്ട്.
ഇതിനിടെ, E20 ഇന്ധനം നിറച്ച ഒരു ഫെറാറി സ്റ്റാര്‍ട്ട് ചെയ്യാതെ വഴിയില്‍ കിടക്കുന്ന ചിത്രം ഓണ്‍ലൈനില്‍ വൈറലായി. കോടികള്‍ വിലവരുന്ന ഈ വാഹനം ഇപ്പോള്‍ പ്രവര്‍ത്തനരഹിതമാണെന്നാണ് പോസ്റ്റില്‍ പറയുന്നത്. റത്തന്‍ ധില്ലണ്‍ എന്നയാളാണ് തന്റെ X പേജില്‍ ഫെറാറി വഴിയില്‍ കിടക്കുന്ന ചിത്രം പങ്കുവെച്ചത്. ചിത്രത്തില്‍ കാണുന്ന ചുവന്ന ഫെറാറി ഒരു റോമയോ പോര്‍ട്ടോഫിനോയോ ആവാനാണ് സാധ്യത.

ഫെറാറി റോഡരികില്‍ നിര്‍ത്തിയിട്ടിരിക്കുന്നതായി കാണാമെങ്കിലും കൃത്യമാ സ്ഥലം വ്യക്തമല്ല.റത്തന്‍ ധില്ലനിന്റെ സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ ഫെറാറി. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് E20 പെട്രോള്‍ നിറച്ചതിന് ശേഷം വാഹനം സ്റ്റാര്‍ട്ട് ആകുന്നില്ലെന്നാണ് അദ്ദേഹം ആരോപിക്കുന്നത്. സര്‍വീസ് സെന്ററില്‍ പരിശോധിച്ചപ്പോള്‍ ടെക്‌നീഷ്യന്‍ E20 ഇന്ധനമാണ് പ്രശ്‌നകാരണമെന്ന് അറിയിച്ചതായാണ് ധില്ലണ്‍ പറയുന്നത്. ഫെറാറി ടെക്‌നീഷ്യന്റെ അഭിപ്രായത്തില്‍ എഥനോള്‍ കലര്‍ന്ന ഇന്ധനം വാഹനത്തിന് കേടുപാടുകള്‍ വരുത്തിയിട്ടുണ്ട്. എന്നാല്‍ എന്താണ് സംഭവിച്ചതെന്ന് കൃത്യമായി വെളിപ്പെടുത്തിയിട്ടില്ല.
'കാറിനായി കോടികള്‍ ചിലവഴിച്ചതിനും റോഡ് ടാക്‌സ്, ജിഎസ്ടി, ഇന്ധന നികുതി എന്നിവ നല്‍കിയതിനും ശേഷം ഇന്ത്യയില്‍ വാഹനത്തിന്റെ മൂന്നിരട്ടി പണം നല്‍കിയതിന് ശേഷവും അവന് ലഭിക്കുന്നത് ഇതാണ്. സൂപ്പര്‍കാറുകള്‍ക്കും ആഡംബര വാഹനങ്ങള്‍ക്കുമാണ് ഈ ഫ്യുവല്‍ ബ്ലെന്‍ഡ് ഏറ്റവും കൂടുതല്‍ ദോഷകരമായി ബാധിക്കുന്നത്. എന്നിട്ടും ആരും ഇതിനെക്കുറിച്ച് സംസാരിക്കാന്‍ ധൈര്യപ്പെടുന്നില്ല' -ധില്ലണ്‍ എഴുതി.
'ഇതിന് കാരണം ഫേസ് സെപ്പറേഷനാണ്: എത്തനോള്‍ വായുവില്‍ നിന്ന് ഈര്‍പ്പം വലിച്ചെടുക്കും. വാഹനം കുറച്ച് ദിവസങ്ങള്‍ നിര്‍ത്തിയിട്ടാല്‍, ടാങ്കില്‍ വെള്ളം അടിഞ്ഞുകൂടുകയും അത് ഇന്ധനം കത്താതെ പോവുകയോ സ്റ്റാര്‍ട്ട് ആവാതിരിക്കുകയോ ചെയ്യും' ധില്ലണ്‍ പോസ്റ്റ് അവസാനിപ്പിച്ചു. വാഹനം E20 ഇന്ധനം നിറച്ച് തകരാറിലായതിന്റെ ഉത്തരവാദിത്തം കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ഏറ്റെടുക്കുമോ എന്നും അദ്ദേഹം ചോദിക്കുന്നു. പോസ്റ്റില്‍ ഗഡ്കരിയെ അദ്ദേഹം ടാഗ് ചെയ്തിട്ടുമുണ്ട്.
ഈ ഫെറാറിക്ക് E20 ഇന്ധനം കാരണം കേടുപാടുകള്‍ സംഭവിച്ചോ എന്ന ചോദിച്ചാല്‍ അതിന് സാധ്യത വളരെ കൂടുതലാണ് എന്ന് ഉത്തരം പറയേണ്ടി വരും. എഥനോള്‍ വായുവില്‍ നിന്ന് ഈര്‍പ്പം വലിച്ചെടുക്കുകയും, വാഹനം കുറച്ചുകാലം നിശ്ചലമായി കിടക്കുകയാണെങ്കില്‍ അത് പെട്രോളില്‍ നിന്ന് വേര്‍പെടുകയും ചെയ്യും. ഇത് ഫ്യുവല്‍ ടാങ്കുകള്‍, ഫ്യുവല്‍ ലൈനുകള്‍, ഫ്യുവല്‍ പമ്പുകള്‍ എന്നിവ നശിക്കാന്‍ കാരണമാകും.

E20 അനുയോജ്യമല്ലാത്ത ഫെറാറി ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്ക് സ്റ്റാര്‍ട്ടിംഗ് പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ ഇത് കാരണമാകും. അസംസ്‌കൃത എണ്ണയുടെ ഇറക്കുമതി കുറച്ച് പണം ലാഭിക്കാനും വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനുമായാണ് കേന്ദ്രം പെട്രോളില്‍ എഥനോള്‍ കലര്‍ത്തുന്ന രീതി നടപ്പാക്കുന്നത്. നേരത്തെ 10% എഥനോള്‍ കലര്‍ത്തിയ E10 പെട്രോള്‍ ആയിരുന്നു ലഭ്യമെങ്കില്‍ ഇപ്പോള്‍ 20% എഥനോള്‍ കലര്‍ത്തിയ പെട്രോള്‍ വ്യാപകമാക്കുന്ന തിരക്കിലാണ് കേന്ദ്ര സര്‍ക്കാര്‍.
കരിമ്പ്, ചോളം, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ എന്നിവയില്‍ നിന്നാണ് എഥനോള്‍ നിര്‍മ്മിക്കുന്നത്. രാജ്യത്തെ കര്‍ഷകര്‍ക്ക് അവരുടെ വിളകള്‍ക്കും നല്ല വില ലഭിക്കുന്നതും എഥനോള്‍ കലര്‍ത്തിയ ഇന്ധനം സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കാനുള്ള മറ്റൊരു കാരണമാണ്.എഥനോള്‍ കലര്‍ത്തിയ ഇന്ധനം ഉപയോഗിക്കുന്നത് വാഹനത്തിന്റെ ഇന്‍ഷുറന്‍സിനെ ബാധിക്കുമെന്ന പ്രചരിക്കുന്ന കിംവദന്തികള്‍ പൂര്‍ണമായും തെറ്റാണെന്ന് കേന്ദ്ര പെട്രോളിയം മന്താലയം വ്യക്തമാക്കിയിരുന്നു.
ഇത് വാഹനങ്ങളുടെ ആക്സിലറേഷനും യാാത്രാനുഭവവും മെച്ചപ്പെടുത്തുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. E10 ഇന്ധനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ E20 കാര്‍ബണ്‍ പുറന്തള്ളല്‍ ഏകദേശം 30% കുറയ്ക്കുന്നു. എഥനോളിന് (108.5) പെട്രോളിനെ അപേക്ഷിച്ച് (84.4) ഉയര്‍ന്ന-ഒക്ടേന്‍ നമ്പര്‍ ഉണ്ട്. ഇത് ഉയര്‍ന്ന ഒക്ടേന്‍ ആവശ്യകതകളുള്ള മോഡേണ്‍ ഹൈ-കംപ്രഷന്‍ എഞ്ചിനുകള്‍ക്ക് മികച്ച ബദലായി മാറുന്നു.
E20 ഇന്ധനങ്ങള്‍ നടപ്പാക്കി വിജയിപ്പിച്ച ബ്രസീലിലെ മാതൃകയും മന്ത്രാലയം ചൂണ്ടിക്കാണിക്കുന്നു. ലാറ്റിനമേരിക്കന്‍ രാജ്യത്തെ വാഹനങ്ങള്‍ വര്‍ഷങ്ങളായി E27 ഇന്ധനത്തില്‍ വിജയകരമായി ഓടുന്ന കാര്യമാണ് പെട്രോളിയം മന്ത്രാലയം എടുത്തുപറഞ്ഞത്. ടൊയോട്ട, ഹോണ്ട, ഹ്യുണ്ടായി തുടങ്ങിയ വാഹന നിര്‍മ്മാതാക്കള്‍ തന്നെയാണ് അവിടെയും വാഹനങ്ങള്‍ നിര്‍മ്മിക്കുന്നതെന്നും മന്ത്രാലയം പറഞ്ഞു.


Click it and Unblock the Notifications








