ഡീസല്‍ കാറില്‍ പെട്രോള്‍ അടിക്കുന്നതോ പെട്രോള്‍ കാറില്‍ ഡീസല്‍ അടിക്കുന്നതോ, ഏതാണ് കൂടുതല്‍ 'പണി'യാവുക?
വാഹനങ്ങളില്ലാത്ത ഒരു ലോകത്തെ കുറിച്ച് നിങ്ങള്‍ക്ക് ഇന്ന് സങ്കല്‍പ്പിക്കാനാകുമോ. ഒരു വാഹനം വാങ്ങുമ്പോള്‍ നമ്മളോ അല്ലെങ്കില്‍ മറ്റുള്ളവരോ ചെയ്യുന്ന ചില അബദ്ധങ്ങള്‍ കാരണം നാം പുലിവാല് പിടിക്കാറുണ്ട്. അത്തരത്തില്‍ പലര്‍ക്കും പറ്റിയ അമളിയാണ് ഇന്ധനം മാറി നിറക്കല്‍. ഇക്കഴിഞ്ഞ ദിവസം കൂടി അത്തരത്തില്‍ ഒരു ഉദാഹരണം നാം കണ്ടു.
ഡെലിവറി ദിവസം പെട്രോള്‍ വാഹനത്തില്‍ ഡീസല്‍ നിറച്ചതായിരുന്നു സംഗതി. മഹീന്ദ്ര XUV700 കസ്റ്റമര്‍ക്കായിരുന്നു ഡീലറുടെ വക പണി കിട്ടിയത്. ഇപ്പോള്‍ പലരുടെയും മനസ്സില്‍ തോന്നിയ ഒരു സംശയമായിരിക്കും ഡീസല്‍ കാറില്‍ പെട്രോള്‍ നിറക്കുന്നതാണോ പെട്രോള്‍ കാറില്‍ ഡീസല്‍ നിറക്കുന്നതാണോ ഏതിനാണ് കൂടുതല്‍ പണികിട്ടുക എന്ന്. വാസ്തവത്തില്‍, പെട്രോള്‍ കാറില്‍ ഡീസല്‍ നിറയ്ക്കുന്നതിനേക്കാള്‍ പ്രശ്‌നമാണ് ഡീസല്‍ കാറില്‍ പെട്രോള്‍ അടിക്കുന്നത്.

ഡീസല്‍ കാറുകളില്‍ പെട്രോള്‍ അടിക്കാന്‍ വളരെ എളുപ്പമാണെന്നത് തന്നെ പറയട്ടെ. ഡീസലിനുള്ള നോസല്‍ അല്‍പ്പം വീതിയുള്ളതാണ്. ഈ നോസല്‍ സാധാരണയായി പെട്രോള്‍ കാറുകള്‍ക്ക് അനുയോജ്യമല്ല. ഇതിനാല്‍ പെട്രോള്‍ കാറുകളില്‍ ഡീസല്‍ നിറയ്ക്കാന്‍ പ്രയാസമാണ്. എന്നാല്‍ ഡീസല്‍ കാറുകള്‍ക്ക് ഇന്ധന ടാങ്കിലേക്ക് അല്‍പ്പം വലിയ ഓപ്പണിംഗ് ഉള്ളതിനാല്‍ താരതമ്യേന വീതി കുറഞ്ഞ പെട്രോള്‍ നോസല്‍ പാകമാകും.
തല്‍ഫലമായി, ഡീസല്‍ കാറുകളില്‍ പെട്രോള്‍ നിറയ്ക്കാന്‍ എളുപ്പമാണ്. അടിക്കുന്നതിന് മുമ്പ് മറിച്ച് ചിന്തിക്കാന്‍ പോലും അവസരം ലഭിച്ചേക്കില്ല. ഡീസലിന്റെ സെല്‍ഫ് ഇഗ്‌നിഷന്‍ ടെമ്പറേച്ചര്‍ 210°C ആണ്. പെട്രോളിനേക്കാള്‍ (247°C മുതല്‍ 280°C വരെ) താഴ്ന്ന സെല്‍ഫ്-ഇഗ്‌നിഷന്‍ ടെമ്പറേച്ചര്‍ (SIT) ആണെങ്കിലും ഡീസല്‍ പെട്രോള്‍ പോലെ കത്തുന്നതല്ല. അതുപോലെ, ജ്വലനം നടക്കുന്നതിന് ഡീസലിന് ഒരു നിശ്ചിത താപനിലയില്‍ കൂടുതല്‍ എക്‌സ്‌പോഷര്‍ ആവശ്യമാണ്.

ഇതിനു വിപരീതമായി ചെറിയ തീപ്പൊരി മതി പെട്രോള്‍ കത്താന്‍. പെട്രോള്‍ കാറുകള്‍ക്ക് സ്പാര്‍ക്ക് ഇഗ്‌നിഷന്‍ ഉള്ളതിനാല്‍, സ്പാര്‍ക്ക് പ്ലഗുകള്‍ ഉപയോഗിച്ച് ഡീസല്‍ കത്തിക്കുന്നത് കൂടുതല്‍ ബുദ്ധിമുട്ടാണ്. ഇത് സ്പാര്‍ക്ക് ഉപയോഗിച്ച് ഇഗ്‌നൈറ്റ് ചെയ്യാന്‍ ഡീസലിന് സാധിക്കാത്തത് കാരണം കാര്‍ ജഡ്ഡറിംഗിന് കാരണമായേക്കാം. എന്നിരുന്നാലും, ഇത് എഞ്ചിനു വലിയ കേടുപാടുകള്‍ വരുത്താനുള്ള സാധ്യത വളരെ കുറവാണ്.
ഡീസല്‍ എഞ്ചിനുകള്‍ സാധാരണയായി പെട്രോള്‍ എഞ്ചിനുകളേക്കാള്‍ സങ്കീര്‍ണ്ണമാണ്. കൂടാതെ, ഇന്‍ജക്ടറുകള്‍ പോലുള്ള ചില നിര്‍ണായക ഭാഗങ്ങള്‍ക്ക് ഡീസല്‍ ഒരു ലൂബ്രിക്കന്റായി പ്രവര്‍ത്തിക്കുന്നു. മറുവശത്ത്, പെട്രോളിന് ലൂബ്രിക്കേഷന്‍ ഗുണങ്ങളൊന്നുമില്ലെന്ന് മാത്രമല്ല റബ്ബര്‍ സീലന്റുകളെ നശിപ്പിക്കുകയും ചെയ്യും. എന്നാല്‍ ഇന്നത്തെ മോഡേണ്‍ ഡീസല്‍ കാറുകളില്‍ അബദ്ധത്തില്‍ പെട്രോള്‍ നിറയ്ക്കുന്നത് പോലും വലിയ കേടുപാടുകള്‍ക്ക് കാരണമായേക്കാം.

ഫ്യുവല്‍ ഇന്‍ജക്ടറുകള്‍, എഞ്ചിന്‍ ഗാസ്‌കറ്റുകള്‍, സിലിണ്ടര്‍ ഹെഡ്സ് എന്നിവ പോലുള്ള നിര്‍ണായക എഞ്ചിന്‍ ഘടകങ്ങള്‍ക്ക് സ്ഥിരമായ കേടുപാടുകള്‍ക്ക് ഇത് കാരണമാകും.ഇങ്ങനെ തെറ്റായ ഇന്ധനം നിറച്ചാല്‍ ഉടനടി ചെയ്യേണ്ടത് എന്താണെന്ന് പലര്‍ക്കും ധാരണയില്ല. ഇന്ധനം മാറിയടിച്ചെന്ന് മനസിലാക്കിയാല്‍ ആദ്യം ചെയ്യേണ്ടത് കാര്‍ സ്റ്റാര്‍ട്ട് ചെയ്യരുത് എന്നതാണ്. കാര്‍ ഡ്രൈവ് ചെയ്ത് തുടങ്ങിയതിന് പിന്നാലെയാണ് ഇന്ധനം മാറിയടിച്ചത് മനസ്സിലാക്കുന്നതെങ്കില്‍ ഉടന്‍ കാര്‍ നിര്‍ത്തി ഇഗ്‌നീഷനില്‍ നിന്നും താക്കോല്‍ ഊരുകയും ചെയ്യേണം.
തുടര്‍ന്ന് വിദഗ്ധരുടെ സഹായം തേടി തുടര്‍ നടപടികള്‍ സ്വീകരിക്കാം. കാറുകളില്‍ തെറ്റായി ഇന്ധനം നിറയ്ക്കുന്നതായുള്ള നിരവധി സംഭവങ്ങളാണ് ഓരോ ദിവസവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. എന്നിരുന്നാലും നിങ്ങള്‍ ഒരു ഡീസല്‍ കാര്‍ ഉടമയാണെങ്കില്‍ വളരെ ജാഗരൂകനായിരിക്കണം. പെട്രോള്‍ കാറില്‍ ഡീസല്‍ നിറക്കുന്നതിനേക്കാള്‍ ദോഷകരമാണ് ഡീസല്‍ കാറില്‍ പെട്രോള്‍ നിറയ്ക്കുന്നത്. അത് വണ്ടിയുടെ എഞ്ചിന് വലിയ തകരാര്‍ സൃഷ്ടിക്കും. അതിനാല്‍ ഇനി ഇന്ധനം നിറക്കുമ്പോള്‍ വളരെയേറെ ശ്രദ്ധിക്കാന്‍ ശ്രമിക്കുക.


Click it and Unblock the Notifications








