മോളിവുഡില്‍ 'വോള്‍വോക്കാലം'! പുതിയ XC 60 സ്വന്തമാക്കിയത് എഡിറ്റര്‍മാര്‍ക്കിടയിലെ സൂപ്പര്‍ താരം
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ കാറുകള്‍ നിര്‍മിക്കുന്ന കമ്പനിയാണ് വോള്‍വോ. ഇന്നത്തെ കാറുകളില്‍ കാണപ്പെടുന്ന പ്രധാന സേഫ്റ്റി ഫീച്ചറുകളില്‍ ഒന്നായ സീറ്റ്‌ബെല്‍റ്റ് സംഭാവന ചെയ്തത് സ്വീഡിഷ് വാഹന നിര്‍മാതാക്കളാണ്. മലയാള സിനിമാ ലോകത്ത് ഇപ്പോള്‍ വോള്‍വോ കാറുകള്‍ക്ക് പ്രിയമേറി വരികയാണ്. ചെമ്പന്‍ വിനോദ് ജോസ്, ബി ഉണ്ണികൃഷ്ണന്‍, മേജര്‍ രവി, ആന്റണി പെരുമ്പാവൂര്‍ എന്നിവരാണ് അടുത്ത കാലത്തായി വോള്‍വോ സ്വന്തമാക്കിയ പ്രമുഖര്‍. നടനും രചയിതാവുമായ ചെമ്പന്‍ വിനോദ് ജോസും ബി ഉണ്ണികൃഷ്ണനും വോള്‍വോ XC90 എസ്‌യുവിയാണ് സ്വന്തമാക്കിയത്. അതേസമയം സംവിധായകന്‍ മേജര്‍ രവിയും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും XC 60 ആണ് വാങ്ങിയത്.
ഇപ്പോള്‍ മോളിവുഡിലെ വോള്‍വോ ഓണേഴ്‌സ് ക്ലബില്‍ ഇടംപിടിച്ചിരിക്കുകയാണ് എഡിറ്ററും സംവിധായകനുമായ ഷമീര്‍ മുഹമ്മദ്. വോള്‍വോ XC 60 ആണ് ദക്ഷിണേന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള എഡിറ്റര്‍മാരില്‍ ഒരാളായ ഷമീര്‍ വാങ്ങിയിരിക്കുന്നത്. രേഖാചിത്രം, മാര്‍ക്കോ, എആര്‍എം, എബ്രഹാം ഓസ്‌ലര്‍, മാളികപ്പുറം, അങ്കമാലി ഡയറീസ്, ചാര്‍ലി തുടങ്ങിയ സൂപ്പര്‍ ഹിറ്റ് സിനിമകള്‍ക്ക് കത്രിക വെച്ചത് ഷമീറാണ്. ശങ്കറിന്റെ ഗെയിംചേഞ്ചറിലൂടെ തെന്നിന്ത്യയിലെ തിരക്കുള്ള എഡിറ്ററായി മാറി.

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ എസ്‌യുവികളിലൊന്നായ XC 60 മോഡലിലാണ് ഇനി ഷമീറിന്റെ യാത്രകള്‍. വോള്‍വോയുടെ ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട മോഡലാണ് XC 60. ലോകത്താകമാനം ഈ കാറിന്റെ 2.7 ദശലക്ഷം യൂണിറ്റുകളാണ് വിറ്റുപോയത്. കൊച്ചിയിലെ വോള്‍വോ ഡീലര്‍ഷിപ്പില്‍ നിന്നാണ് പുതിയ കാര്‍ ഷമീര്‍ ഡെലിവറിയെടുത്തത്. 67.10 ലക്ഷം രൂപ എക്‌സ്‌ഷോറൂം വില വരുന്ന വോള്‍വോ XC 60 എസ്‌യുവിയുടെ പുതിയ തലമുറ പതിപ്പ് ഓഗസ്റ്റിലാണ് ഇന്ത്യന്‍ വിപണിയിലെത്തിയത്.
ക്രിസ്റ്റല്‍ വൈറ്റ്, വേപ്പര്‍ ഗ്രേ, ഫോറസ്റ്റ് ലേക്ക്, മള്‍ബറി റെഡ്, ഒനിക്‌സ് ബ്ലാക്ക്, ഡെനിം ബ്ലൂ, ബ്രൈറ്റ് ഡസ്‌ക് എന്നീ 7 കളര്‍ ഓപ്ഷനുകളില്‍ ഇത് വാങ്ങാം. പഴയ മോഡലിനെ അപേക്ഷിച്ച് ഡിസൈനില്‍ വലിയ മാറ്റമൊന്നുമില്ലെങ്കിലും XC60 ഫെയ്സ്ലിഫ്റ്റിന് പുതുക്കിയ ഫ്രണ്ട് ബമ്പര്‍, പുതിയ ഡയഗണല്‍-സ്ലാറ്റ് ഗ്രില്‍, പുതിയ ഡ്യുവല്‍-ടോണ്‍ അലോയ് വീലുകള്‍ എന്നിവയുള്‍പ്പെടെയുള്ള കോസ്‌മെറ്റിക് പരിഷ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ടെയില്‍-ലാമ്പുകളില്‍ സ്‌മോക്ക്ഡ് ഇഫക്റ്റ് കൊടുത്തിരിക്കുന്നത് എസ്യുവിയുടെ മൊഞ്ച് കൂട്ടുന്നു.

പുതിയ ട്രിം ഇന്‍സേര്‍ട്ടുകള്‍ക്കൊപ്പം വലിയ 11.2 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, 12.3 ഇഞ്ച് ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേ, മസാജ് ഫംഗ്ഷനോടു കൂടിയ പവര്‍ അഡ്ജസ്റ്റ് ചെയ്യാവുന്ന ഫ്രണ്ട് സീറ്റുകള്‍, ഹെഡ് അപ്പ് ഡിസ്പ്ലേ, ബോവേഴ്സ് & വില്‍ക്കിന്‍സ് ഓഡിയോ സിസ്റ്റം, പനോരമിക് ഗ്ലാസ് റൂഫ്, നാല്-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, 360 -ഡിഗ്രി ക്യാമറകള്‍ എന്നിവയുണ്ട്.
2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് വോള്‍വോ XC 60 ഫെയ്‌സ്‌ലിഫ്റ്റിന് കരുത്ത് പകരുന്നത്. 250 bhp പവറും 360 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ള ഈ എഞ്ചിന്‍ 8 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക്, ഓള്‍ വീല്‍ ഡ്രൈവ് സജ്ജീകരണം എന്നിവയുമായി ജോടിയാക്കിയിരിക്കുന്നു.

മൈലേജിനും മികച്ച ആക്‌സിലറേഷനുമായി 48V മൈല്‍ഡ്-ഹൈബ്രിഡ് സിസ്റ്റവും എസ്‌യുവിയില്‍ കമ്പനി ഒരുക്കിയിട്ടുണ്ട്. അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, പൈലറ്റ് അസിസ്റ്റ്, ലെയിന്‍ കീപ്പിംഗ് എയ്ഡ്, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ഹില്‍ ഡിസന്റ് കണ്‍ട്രോള്‍ എന്നിവയുള്ള അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം സ്യൂട്ട് എന്നിവ കാറിന്റെ സേഫ്റ്റി സ്യൂട്ടില്‍ ഉള്‍പ്പെടുന്നു.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








