Hyundai & Kia ബ്രാന്‍ഡുകളില്‍ നിന്നും വരാനിരിക്കുന്ന സിഎന്‍ജി കാറുകള്‍
അടിക്കടി ഉണ്ടാകുന്ന ഇന്ധന വില വര്‍ധനവ് വാഹന ഉടമകളെപ്പോലെ തന്നെ നിര്‍മാതാക്കളുടെ ഇടയിലും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. സിഎന്‍ജി, ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാന്‍ ആളുകളെ പ്രേരിപ്പിക്കുന്നതുപോലെ തന്നെ വിവിധ ബ്രാന്‍ഡുകളും ഇതിന് നിര്‍ബന്ധിതരാകുകയാണ്.

ഇന്ധന വിലയിലെ വര്‍ധനവിന് ബദല്‍ മാര്‍ഗം സിഎന്‍ജി, ഇലക്ട്രിക് വാഹനങ്ങളാണെങ്കിലും, സാധാരണക്കാരനും താങ്ങാവുന്ന വിലയില്‍ വാങ്ങാന്‍ സാധിക്കുന്ന ഒരു ഇലക്ട്രിക് കാര്‍ വിപണിയില്‍ ഇല്ലെന്ന് വേണം പറയാന്‍. അതുകൊണ്ട് തന്നെ നിലവില്‍ ഉള്ള ഒരു ഓപ്ഷന്‍ സിഎന്‍ജി വാഹനങ്ങള്‍ മാത്രമാണ്.

സിഎന്‍ജി വാഹനങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറുന്നുവെന്ന് മനസ്സിലാക്കിയ കമ്പനികള്‍ ഇപ്പോള്‍ സിഎന്‍ജി മോഡലുകളിലേക്ക് തിരിഞ്ഞിരിക്കുകയാണ്. സിഎന്‍ജി മോഡലുകള്‍ ഏറ്റവും കൂടുതല്‍ കൈയ്യിലുള്ളതും നിലവില്‍ രാജ്യത്ത് സിഎന്‍ജി വാഹനങ്ങള്‍ ഏറ്റവും കൂടുതല്‍ വില്‍ക്കുന്നതും മാരുതി സുസുക്കി തന്നെയാണ്. പിന്നാലെ ഹ്യുണ്ടായിയും, അടുത്തിടെ ടാറ്റയും ഈ രംഗത്തേയ്ക്ക് എത്തുകയും ചെയ്തു.

എന്നാല്‍ സിഎന്‍ജി, ഇലക്ട്രിക് വാഹനങ്ങള്‍ എന്നിവയുടെ വര്‍ധിച്ചുവരുന്ന ഡിമാന്‍ഡ് കണ്ട്, ഹ്യൂണ്ടായിയും കിയയും ഇന്ത്യന്‍ വിപണിയില്‍ ഒന്നിലധികം പുതിയ സിഎന്‍ജി കാറുകള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. കൊറിയന്‍ വാഹന നിര്‍മാതാക്കള്‍ തങ്ങളുടെ ജനപ്രിയ കോംപാക്ട് എസ്‌യുവികളുടെയും എംപിവിയുടെയും സിഎന്‍ജി പതിപ്പുകളാകും രാജ്യത്ത് അവതരിപ്പിക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കിയ സോനെറ്റ് സിഎന്‍ജി
കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയ അടുത്തിടെ ഇന്ത്യയില്‍ നവീകരിച്ച സെല്‍റ്റോസും സോനെറ്റും അവതരിപ്പിച്ചു. 2022 കിയ സോനെറ്റിന് നാല് എയര്‍ബാഗുകള്‍ പോലുള്ള സുരക്ഷാ സവിശേഷതകള്‍ ഉള്‍പ്പെടെ നിരവധി അപ്ഡേറ്റുകള്‍ ശ്രേണിയിലുടനീളം ലഭിക്കുകയും ചെയ്യുന്നു.

എന്നിരുന്നാലും, അതിന്റെ വില്‍പ്പന വര്‍ധിപ്പിക്കാന്‍ കിയ പുതിയ വഴികള്‍ തേടുകയാണ് ഇപ്പോള്‍. ഇതിന്റെ ഭാഗമായി സോനെറ്റ് സബ്-4 മീറ്റര്‍ എസ്‌യുവിയുടെ സിഎന്‍ജി പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി. പരീക്ഷണയോട്ടം ഇതിനോടകം തന്നെ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

പുറത്തുവന്ന ചിത്രങ്ങളില്‍ GT, T-GDi ബാഡ്ജുകള്‍ ഉള്ളതിനാല്‍ 1.0 ലിറ്റര്‍ 3-സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാകും ഈ സിഎന്‍ജി പതിപ്പിന് കരുത്തേകുന്നത്. 6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി സോനെറ്റ് സിഎന്‍ജി ജോടിയാക്കും.

സാധാരണ 1.0 ലിറ്റര്‍ ടര്‍ബോ എന്‍ജിന്‍ 118 bhp കരുത്തും 172 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. സോനെറ്റ് സിഎന്‍ജിക്ക് ശക്തിയിലും ടോര്‍ക്ക് ഉല്‍പാദനത്തിലും നേരിയ ഇടിവ് ലഭിക്കും. ഫാക്ടറിയില്‍ ഘടിപ്പിച്ച സിഎന്‍ജി കിറ്റും വാഗ്ദാനം ചെയ്യുന്ന പുതിയ മാരുതി ബ്രെസയ്ക്കെതിരെയാകും ഇത് മത്സരിക്കുക.

6 ട്രീം ഓപ്ഷനുകളില്‍ എത്തുന്ന സോനെറ്റിന്റെ പ്രാരംഭ പതിപ്പിന് 7.15 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. അതേസമയം ഉയര്‍ന്ന വേരിയന്റിന് 13.79 ലക്ഷം രൂപയും എക്‌സ്‌ഷോറൂം വിലയായി നല്‍കണം.

ഹ്യുണ്ടായി വെന്യു സിഎന്‍ജി
കിയ സോനെറ്റ് സിഎന്‍ജിക്ക് സമാനമായി, ഹ്യുണ്ടായി വെന്യു കോംപാക്ട് എസ്‌യുവിക്ക് ഫാക്ടറിയില്‍ ഘടിപ്പിച്ച സിഎന്‍ജി കിറ്റും ലഭിക്കും. സോനെറ്റ് സിഎന്‍ജിയുടെ അതേ പവര്‍ട്രെയിന്‍ കോണ്‍ഫിഗറേഷനില്‍ ഇത് വാഗ്ദാനം ചെയ്യാന്‍ സാധ്യതയുണ്ട്.

ഫാക്ടറിയില്‍ ഘടിപ്പിച്ച സിഎന്‍ജി കിറ്റോടുകൂടിയ 1.0 ലിറ്റര്‍ 3-സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് ചെറിയ എസ്‌യുവിക്ക് ലഭിക്കുക. സാധാരണ വേരിയന്റുമായി താരതമ്യപ്പെടുത്തുമ്പോള്‍ വാഹനം കുറച്ച് പവറും ടോര്‍ക്കും നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

വെന്യുവിന്റെ സിഎന്‍ജി പതിപ്പ് വരുന്നത് വില്‍പ്പന കുറച്ചുകൂടി വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്നാണ് കമ്പനി കരുതുന്നത്. നിലവില്‍ 8 ട്രീം ഓപ്ഷനുകളില്‍ എത്തുന്ന വെന്യുവിന്റെ പ്രാരംഭ പതിപ്പിന് 6.99 ലക്ഷം രൂപയും ഉയര്‍ന്ന വേരിയന്റിന് 11.87 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില.

കിയ കാരെന്‍സ് സിഎന്‍ജി
ഇന്ത്യന്‍ വിപണിയില്‍ കാരെന്‍സ് ത്രീ-വരി എംപിവിയുടെ സിഎന്‍ജി പതിപ്പും കിയ പരീക്ഷിച്ചു തുടങ്ങിയിട്ടുണ്ട്. പുറത്തുവന്ന ചിത്രങ്ങള്‍ പരിശോധിച്ചാല്‍, സിഎന്‍ജി ഓപ്ഷനായി കിയ 1.4 ലിറ്റര്‍ ടര്‍ബോ പെട്രോളാണ് തിരഞ്ഞെടുത്തിരിക്കുന്നത്.

1.5 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിനും ഇതിനൊപ്പം കമ്പനി നല്‍കിയേക്കും. എന്നിരുന്നാലും, ലഗേജുകള്‍ക്കൊപ്പം 6-7 യാത്രക്കാര്‍ക്ക് ഈ എഞ്ചിന്‍ പവര്‍ കുറവാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

1.4 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ 140 bhp പവറും 242 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഫാക്ടറിയില്‍ ഘടിപ്പിച്ച സിഎന്‍ജി കിറ്റ് ഉപയോഗിച്ച്, പവര്‍ട്രെയിന്‍ കുറച്ച് പവറും ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് സ്റ്റാന്‍ഡേര്‍ഡായി വരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ വര്‍ഷം ഫെബ്രുവരി മാസത്തിലാണ് കിയ, കാരെന്‍സിനെ രാജ്യത്ത് അവതരിപ്പിക്കുന്നത്. ബ്രാന്‍ഡ് നിരയില്‍ നിന്നുള്ള നലാമത്തെ മോഡലാണ് കാരെന്‍സ്. പ്രീമിയം കോംപാക്ട് എംപിവി അഭികാമ്യമായ വിലയില്‍ വാഗ്ദാനം ചെയ്യുന്നു, മാരുതി എര്‍ട്ടിഗ, XL6 എന്നിവയ്ക്കെതിരെയാണ് ഇത് മത്സരിക്കുന്നത്.


Click it and Unblock the Notifications








