'ലോനപ്പണ്ണോ അടി പൂക്കുറ്റി'; ഓടുന്ന വാഹനത്തിൽ നിന്ന് കരിമരുന്ന് പ്രയോഗം, വീഡിയോ വൈറൽ
ആഘോഷങ്ങൾക്കും വിശേഷദിവസങ്ങളിലും എല്ലാം പടക്കെ പൊട്ടിച്ച് ആഘോഷിക്കാറുണ്ട്. വീട്ടിലോ ആളൊഴിഞ്ഞ മൈതാനങ്ങളിലൊക്കെ ആയിരിക്കും സാധാരണ നമ്മൾ എല്ലാവരും പടക്കം പൊട്ടിച്ച് ആഘോഷിക്കാറുളളത്. എന്നാൽ ഓടുന്ന വാഹനത്തിൽ പടക്കം പൊട്ടിച്ചാലോ?
ഗുരുഗ്രാമിലാണ് ഓടുന്ന വാഹനത്തിൽ നിന്ന് പടക്കം പൊട്ടിക്കുന്ന വീഡിയോ വൈറലായിരിക്കുന്നത്. ഗുരുഗ്രാം പൊലീസ് തന്നെയാണ് 14 സെക്കൻഡ് വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. ഉടമയെ തിരിച്ചറിയാതിരിക്കാനായി വാഹനത്തിലെ രജിസ്ട്രേഷൻ നമ്പർ പ്ലേറ്റ് നീക്കം ചെയ്തിരുന്നു. നിറവും മോഡലും അടിസ്ഥാനമാക്കി സമാന വാഹനങ്ങളുടെ വിശദാംശങ്ങൾ തപ്പിയെടുക്കാൻ ഗുരുഗ്രാം പോലീസ് റീജിയണൽ ട്രാൻസ്‌പോർട്ട് അതോറിറ്റിക്ക് കത്തയച്ചിരിക്കുകയാണ്.

കഴിഞ്ഞ വർഷം സമാനമായ സംഭവം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് മൂന്ന് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തതിരുന്നു. 14 സെക്കൻഡ് ദൈർഘ്യമുള്ള ക്ലിപ്പിൽ, എസ്‌യുവിയിലെ യാത്രക്കാരിലൊരാൾ തന്റെ ജീവൻ പോലും അപകടത്തിലാകുന്ന തരത്തിൽ കാറിൽ നിന്ന് തൂങ്ങിക്കിടക്കുന്നത് വീഡിയോയിൽ കാണാം.
2022 ഒക്ടോബർ 29 ന്, ഗുരുഗ്രാമിൽ നിന്നുള്ള സമാനമായ ഒരു വീഡിയോ ക്ലിപ്പ് വൈറലായിരുന്നു.
ഇത്തരത്തിൽ കാറിൽ അഭ്യാസം കാണിക്കുന്നവരുടെ ശ്രദ്ധയ്ക്കായി ഒരു കാര്യം പറയാനുണ്ട്, നിങ്ങൾ കാരണം നിങ്ങളുടെ ജീവൻ മാത്രമല്ല ഒന്നും അറിയാത്ത വഴിയാത്രക്കാരുടെ ജീവൻ കൂടിയായിരിക്കും. അത് കൊണ്ട് ദയവായി ഇതുപോലെയുളള കോപ്രായങ്ങൾ കാണിക്കരുത്. കഴിഞ്ഞ മാസം ഗോവയിൽ വിദേശികൾ മദ്യപിച്ച് വാഹനത്തിൻ്റെ മുകളിൽ കയറി ഇരുന്ന് യാത്ര ചെയ്യുന്ന വാർത്ത നമ്മൾ നൽകിയിരുന്നു.

ഗോവ ന്യൂസ് ഹബ് തങ്ങളുടെ ഫേസ്ബുക്ക് പേജിൽ വീഡിയോ ഷെയർ ചെയ്തതോടെ വീഡിയോ വമ്പൻ വൈറലായത്. ഈ സംഭവം നടന്ന സ്ഥലം കൃത്യമായി വ്യക്തമല്ല. കാറിന്റെ പിന്നിൽ ഇരുചക്രവാഹനത്തിലെത്തിയ ആളാണ് ഈ വീഡിയോ പകർത്തിയത്. ഒരു സ്വകാര്യ കാറിന്റെ മുകളിൽ ഒരാൾ ഇരിക്കുന്നത് ഈ വീഡിയോയിൽ കാണാം. ഒരു പെൺകുട്ടി കാറിന്റെ വിൻഡോയിൽ ഇരിക്കുന്നത് കാണാം. രണ്ടുപേരും വിദേശികളാണ്, മദ്യപിച്ചിട്ടുണ്ടെന്ന് തോന്നുന്നു. ഡോറിൽ ഇരിക്കുന്ന പെൺകുട്ടി കയ്യിൽ ഒരു കുപ്പി പിടിച്ചിരുന്നത് കാണാൻ സാധിക്കുന്നുണ്ട്.
റോഡിൽ വാഹനങ്ങൾ അധികമില്ലാത ഒരു പ്രദേശത്ത് കൂടിയാണ് വാഹനം പൊയ്കൊണ്ടിരിക്കുന്നത്. ഗോവയിലെ ഇടുങ്ങിയ തെരുവുകളിലൂടെ ഡ്രൈവർ വാഹനം ഓടിക്കുകയാണ്. കാർ മുന്നോട്ട് നീങ്ങിയപ്പോൾ കാറിന്റെ ഇടതുവശത്ത് നിന്ന് ഒരാൾ ക്യാമറ നോക്കി കൈവീശി കാണിക്കുന്നുണ്ട്. ക്യാമറ കണ്ട ഡ്രൈവർ അത് ഒഴിവാക്കാനായി വാഹനം വേഗത്തിൽ ഓടിക്കുന്നുണ്ട്. ഡ്രൈവറും മദ്യപിച്ചിട്ടുണ്ടോ എന്ന് പക്ഷേ വ്യക്തമല്ല.
സോഷ്യൽ മീഡിയയിൽ സ്ഥിരം കാണുന്ന കാഴ്ച്ചയാണ് ദമ്പതികൾ കെട്ടിപ്പുണർന്ന് ബൈക്കിൽ സഞ്ചരിക്കുന്നത്. പക്ഷേ യുവതി ബൈക്കിൻ്റെ പെട്രോൾ ടാങ്കിൽ തിരിഞ്ഞു ഇരുന്ന് കൊണ്ട് കെട്ടിപ്പിടിച്ച് യാത്ര ചെയ്യുന്നത് അപൂർവമല്ലേ. ഉത്തർപ്രദേശിലുളള ദമ്പതികൾ പരസ്പരം കെട്ടിപ്പുണർന്ന് ബൈക്കിൽ സഞ്ചരിക്കുന്നതിൻ്റെ വീഡിയോ വൈറലാണ്. അത് മാത്രമല്ല മോട്ടോർസൈക്കിളിൽ ഉണ്ടായിരുന്ന രണ്ട് പേരും ഹെൽമറ്റോ മറ്റ് സുരക്ഷാ സംവിധാനങ്ങളോ ഒന്നും ധരിച്ചിട്ടില്ല എന്നതാണ് മറ്റൊരു ഗുരുതര പ്രശ്നം.
കേരളത്തിലാണെങ്കിൽ ഇപ്പോൾ നിമിഷനേരം കൊണ്ട് അകത്താക്കിയേനെ, എംവിഡിയും പോലീസും സംയുക്തമായി ചേർന്നു കൊണ്ട് ശുഭയാത്ര എന്ന പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്. പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കുന്ന രീതിയിൽ വാഹനങ്ങൾ സ്റ്റണ്ട് ചെയ്യുന്നത് നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ കേരള പോലീസിന്റെ 'ശുഭയാത്ര' വാട്സാപ്പ് നമ്പറില്‍ (9747001099) വീഡിയോയും ചിത്രങ്ങളും അയക്കാനുളള സംവിധാനമുണ്ട്. പൊതുനിരത്തുകളിൽ പൊതുജനങ്ങൾക്ക് അപകടമുണ്ടാക്കുന്ന തരത്തിൽ റേസിങ്ങുകളും സ്റ്റണ്ടിങ്ങ് നടത്തുന്നവർക്കുമെതിരായി നടപടി സ്വീകരിക്കുന്നതിന് പോലീസും മോട്ടോര്‍ വാഹന വകുപ്പും സംയുക്തമായി അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ഒരു ചെറിയ അപകടം വരെ നിങ്ങളുടെ ജീവിതത്തെയാകെ തകിടം മറിച്ചേക്കും. അക്കാരണം കൊണ്ട് തന്നെ ഡ്രൈവിംഗ് എന്ന പ്രവര്‍ത്തിയെ ഒരിക്കലും നിസാരവല്‍ക്കരിക്കരുത്. നമ്മുടെ ചെറിയ ഒരു അശ്രദ്ധ മൂലം സ്വന്തം ജീവന്‍ മാത്രമല്ല ചുറ്റുമുള്ള മറ്റനവധി ജീവനുകള്‍ കൂടിയാണ് അപകടത്തിലാകുന്നത്. അതിനാല്‍ വാഹനം ഓടിക്കുമ്പോള്‍ നാം ചില മുന്‍കരുതലുകള്‍ സ്വീകരിക്കണം.
കുറുക്കനെ കറക്കുന്ന കിളിയല്ലേ എന്നൊക്കെ ഇൻസ്റ്റാഗ്രാമിൽ പാട്ട് ഒക്കെ കുത്തി കയറ്റി എഡിറ്റ് ചെയ്ത് വീഡിയോ ഇടുമ്പോൾ ഇനി ആദ്യം ലൈക്ക് അടിക്കാൻ പോകുന്നത് പോലീസ് മാമൻമാരും എംവിഡിയുമായിരിക്കും കേട്ടോ. ട്രാഫിക് ആന്‍ഡ് റോഡ് സേഫ്റ്റിസെല്‍ വിവിധ സാമൂഹികമാധ്യമ പ്ലാറ്റ്ഫോമുകളില്‍ പരിശോധന നടത്തിയതിൻ്റെ ഭാഗമായിട്ട് 35 ഇരുചക്രവാഹനങ്ങള്‍ പിടിച്ചെടുക്കുകയും ഏഴ് യുവാക്കളുടെപേരില്‍ കേസെടുക്കുകയും ചെയ്തു. 30 പേരുടെ ലൈസന്‍സ് റദ്ദാക്കി. 3,59,250 രൂപയാണ് ഇതിലൂടെ പിഴ ഈടാക്കിയത്.


Click it and Unblock the Notifications








