പണം തന്നിട്ടല്ലേ ഹേ... എസിയില്ലാതെ 1.5 മണിക്കൂർ വിമാനയാത്ര, ഒടുവിൽ വിയർപ്പ് തുടക്കാൻ ടിഷ്യൂ പേപ്പർ
ദീർഘദൂര യാത്രകൾക്ക് ഏറ്റവും ഉത്തമമായ യാത്രാമാർഗങ്ങളിൽ ഒന്നാണ് വിമാനം. ഫ്ലൈറ്റ് യാത്ര മറ്റുള്ള മാർഗങ്ങളേക്കാൾ ചെലവറുമെങ്കിലും ലക്ഷ്യസ്ഥാനത്ത് വളരെ ചുരുങ്ങിയ സമയം കൊണ്ട് എത്താമെന്നതാണ് ഏറ്റവും വലിയ മെച്ചം. നമ്മൾ വൻ തുക മുടക്കി വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ അതിനൊത്ത സൗകര്യങ്ങളും എയർലൈനുകൾ ഒരുക്കണമെല്ലോ.
എന്നാൽ മോശം സേവനത്തിന്റെ പേരിൽ യാത്രികരുടെ പഴി കേൾക്കുന്ന നിരവധി വിമാനക്കമ്പനികൾ ഉണ്ട്. കഴിഞ്ഞ ദിവസം ചണ്ഡീഗഡിൽ നിന്ന് ജയ്പൂരിലേക്ക് പറന്ന ഇൻഡിഗോ വിമാനത്തിൽ എയർ കണ്ടീഷനിംഗ് സംവിധാനം തകരാറിലായതിനെ തുടർന്ന് ശനിയാഴ്ച യാത്രക്കാർ പരാതിപ്പെട്ടതാണ് ഇതിലെ ഏറ്റവും പുതിയ ഉദാഹരണം.

6E7261 എന്ന ഇൻഡിഗോ വിമാനത്തിൽ ചണ്ഡീഗഢിൽ നിന്ന് ജയ്പൂരിലേക്ക് യാത്ര ചെയ്യുന്നതിനിടെയുണ്ടായ ദുരനുഭവം പഞ്ചാബ് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറും എഎൽഎയുമായ അമരീന്ദർ സിംഗ് രാജ വാറിംഗ് ആണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. എയർ കണ്ടീഷനിംഗ് ഇല്ലാതെ വിമാനത്തിനുള്ളിൽ ഇരിക്കാൻ നിർബന്ധിതരായതിനെ തുടർന്ന് വിമാനത്തിലെ യാത്രക്കാർ ഒന്നര മണിക്കൂറിലേറെ കഷ്ട്ടപ്പാടുകൾ സഹിച്ചതായി പഞ്ചാബ് പിസിസി അധ്യക്ഷൻ മൈക്രോ ബ്ലോഗിംഗ് വെബ്‌സൈറ്റായ X-ൽ (ട്വിറ്റർ) എഴുതി.
'ടേക്ക് ഓഫ് മുതൽ ലാൻഡിംഗ് വരെ എസികൾ ഓഫായിരുന്നു. യാത്രയിലുടനീളം എല്ലാ യാത്രക്കാരും 'കഷ്ടപ്പെട്ടു'. വിമാനയാത്രയ്ക്കിടെ ഉണ്ടായ ആശങ്ക അഭിസംബോധന ചെയ്യാൻ ആരുമുണ്ടായില്ല. എയർ ഹോസ്റ്റസ് യാത്രക്കാരുടെ വിയർപ്പ് തുടയ്ക്കാൻ ടിഷ്യു പേപ്പറുകൾ ഉദാരമായി വിതരണം ചെയ്യുകയായിരുന്നു' അമരീന്ദർ സിംഗ് രാജ വാറിംഗ് എഴുതി.

ഏകദേശം 10 മുതൽ 15 മിനിറ്റ് വരെ പൊരിവെയിലിൽ കാത്തുനിന്ന ശേഷമാണ് യാത്രക്കാർക്ക് വിമാനത്തിൽ കയറാൻ സാധിച്ചതെന്നും അപ്പോൾ മുതൽ ദുരിതം തുടങ്ങിയെന്നുമാണ് അദ്ദേഹം പറയുന്നത്. വിമാനത്തിൽ കയറിയതിന് പിന്നാലെ തന്നെ എസി പ്രവർത്തനക്ഷമമല്ലെന്ന് അവർ കണ്ടെത്തി. യാതൊരു ശീതീകരണ സംവിധാനവുമില്ലാതെ ഇതിനിടെ വിമാനം പറന്നുയർന്നു. ഒന്നരമണിക്കൂർ യാത്രയിലുടനീളം വിമാനത്തിനകത്തെ ചൂട് സഹിക്കാൻ യാത്രക്കാർ നിർബന്ധിതരായി.
വിമാനക്കമ്പനി അധികൃതർ പ്രശ്‌നം പരിഹരിക്കാൻ യാതൊരു ശ്രമവും നടത്തിയില്ലെന്നാണ് പരാതി. ചൂട് സഹിക്കാൻ വയ്യാതെ യാത്രക്കാർ തങ്ങളുടെ പക്കലുള്ള ടിഷ്യൂവും പേപ്പറുകൾ വീശി താൽക്കാലിക പരിഹാരത്തിന് ശ്രമിച്ചു. വിശദമായ പോസ്റ്റിന്റെ കൂടെ ഇത് തെളിയിക്കുന്ന വിഡീയോയും വാറിംഗ് പങ്കുവെച്ചിട്ടുണ്ട്. ഇതിനിടെ യാത്രക്കാർക്ക് വിയർപ്പ് ഒപ്പുവാനായി എയർ ഹോസ്റ്റസ് ടിഷ്യൂ പേപ്പർ വിതരണം ചെയ്തു.
എസി പ്രവർത്തിക്കാത്തതിനൊപ്പം അന്നേ ദിവസം ഇൻഡിഗോ വിമാനങ്ങളിൽ മറ്റ് രണ്ട് സാങ്കേതിക തകരാറുകൾ കൂടി റിപ്പോർട്ട് ചെയ്തിരുന്നു. ഡൽഹിയിലേക്കുള്ള മറ്റൊരു വിമാനം എഞ്ചിൻ തകരാർ മൂലം പട്ന വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തേണ്ടതായി വന്നു. അതേസമയം റാഞ്ചിയിലേക്ക് പോയ ഇൻഡിഗോ വിമാനം സാങ്കേതിക തകരാർ മൂലം ടേക്ക് ഓഫ് ചെയ്ത് ഒരു മണിക്കൂറിനുള്ളിൽ ഡൽഹി വിമാനത്താവളത്തിൽ തിരിച്ചെത്തി.
വിമാനക്കമ്പനിയുടെ മോശം സർവീസിനെ വിമർശിച്ച വാറിംഗിനെ ഇത്തരം സാഹചര്യങ്ങളിൽ അവർ പ്രതികരിക്കാതിരുന്ന രീതിയും കൂടിയാണ് ചൊടിപ്പിച്ചത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എയർലൈനിനെതിരെ കർശന നടപടിയെടുക്കണമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനും (DGCA) എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയും (AAI) എന്നിവയോട് കോൺഗ്രസ് നേതാവ് ആവശ്യപ്പെട്ടു.
ക്യാബിനിനകത്തെ താപനില ക്രമീകരിക്കാനും വായുസഞ്ചാരം ഉറപ്പാക്കാനും എയർ കണ്ടീഷനിംഗ് ശരിയായി പ്രവർത്തിക്കുക അത്യാവശ്യമാണ്. എസി പ്രവർത്തനക്ഷമമല്ലെങ്കിൽ യാത്രക്കാർക്ക് അസഹ്യമായ ചൂടോ അല്ലെങ്കിൽ തണുപ്പോ അനുഭവപ്പെട്ടേക്കാം. യാത്രക്കാർക്ക് നേരിട്ട അസൗകര്യത്തിൽ ക്ഷമ ചോദിച്ച ഇൻഡിഗോ ഇന്റേണൽ ടീമിനെ വെച്ച് വിഷയത്തിൽ അന്വേഷണം നടത്തുമെന്നും വിവാദത്തിനോട് പ്രസ്താവനയിലൂടെ പ്രതികരിച്ചു.


Click it and Unblock the Notifications








