ദുബൈക്കാരേ പറക്കാന്‍ റെഡിയായിക്കോ; ഊബർ നിരക്കില്‍ ഫ്ലൈയിംഗ് ടാക്‌സി ഉടന്‍
പല വന്‍നഗരങ്ങളിലെയും ട്രാഫിക്ക് മനംമടുപ്പിക്കുന്നതാണ്. മനുഷ്യജീവിതത്തിന്റെ വലിയ ഒരു പങ്ക് ഇങ്ങനെ ഗതാഗതക്കുരുക്കില്‍ പെട്ട് തീരുന്നതായി അടുത്തിടെ ചില പഠനങ്ങള്‍ സൂചിപ്പിച്ചിരുന്നു. ഇതിന്റെ ബദല്‍ മാര്‍ഗമെന്നോണം ഗതാഗതക്കുരുക്ക് അഴിക്കാന്‍ പല മഹാനഗരങ്ങളിലും മെട്രോ വന്നു. അത് ജനങ്ങള്‍ക്ക് വലിയ ആശ്വാസമാണ് ഉണ്ടാക്കിയത്.
ഇപ്പോള്‍ കുറച്ച് കൂടി അഡ്വാന്‍സ്ഡ് ആയി പറക്കും ടാക്‌സികള്‍ (ഫ്ലൈയിംഗ് ടാക്‌സികള്‍) കൊണ്ടുവരുന്ന തിരക്കിലാണ് ലോകം. ഇതിന് ഏരിയല്‍ ടാക്‌സികള്‍ എന്നും വിളിക്കാറുണ്ട്. പുതിയ ടെക്‌നോളജികള്‍ പെട്ടെന്ന് സ്വീകരിക്കുന്ന പശ്ചിമേഷ്യന്‍ രാജ്യമായ യുനൈറ്റഡ് അറബ് എമിറേറ്റ്‌സാണ് (യുഎഇ) അടുത്ത മൂന്ന് വര്‍ഷം കൊണ്ട് ഫ്ലൈയിംഗ് ടാക്‌സികള്‍ യാഥാര്‍ത്ഥ്യമാകുമെന്ന് അറിയിക്കുന്നത്. എന്നാല്‍ ഏറ്റവും രസകരമായ കാര്യം എന്തെന്നാല്‍ ഫ്ലൈയിംഗ് ടാക്‌സിക്ക് ഒരു ഊബര്‍ സവാരിയുടെ ചെലവ് മാത്രമേ വരികയുള്ളൂവെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്.

2026 ഓടെ പറക്കും ടാക്സികള്‍ ദുബൈ ആകാശത്തേക്ക് കുതിക്കുമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഞായറാഴ്ച പ്രഖ്യാപിച്ചതോടെയാണ് ദുബൈയില്‍ പറക്കും ടാക്‌സി സര്‍വീസ് പദ്ധതികള്‍ക്ക് വീണ്ടും ചിറക് മുളച്ചത്. 'ഇന്ന്, ദുബായിലെ ഫ്‌ലയിംഗ് ടാക്‌സി വെര്‍ട്ടിപോര്‍ട്ടുകളുടെ ഡിസൈനുകള്‍ക്ക് ഞങ്ങള്‍ അംഗീകാരം നല്‍കി, അത് മൂന്ന് വര്‍ഷത്തിനുള്ളില്‍ പ്രാവര്‍ത്തികമാകും' ഷെയ്ഖ് മുഹമ്മദ് മൈക്രോബ്ലോഗിംഗ് വെബ്‌സൈറ്റായ ട്വിറ്ററിലൂടെ അറിയിച്ചു.
വെര്‍ട്ടിപോര്‍ട്സ് എന്നാണ് ഈ ഫ്ലൈയിംഗ് ടാക്സി സ്റ്റേഷനുകള്‍ക്ക് നല്‍കിയിട്ടുള്ള പേര്. ഡൗണ്‍ടൗണ്‍ ദുബൈ, ദുബൈ മറീന, ദുബൈ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട്, പാം ജുമൈറ എന്നിവിടങ്ങളിലാകും വെര്‍ട്ടിപോര്‍ട്ടുകള്‍. ഏരിയല്‍ ടാക്സി വെര്‍ട്ടിപോര്‍ട്ട് ആദ്യം ഒരുങ്ങുക ദുബൈ വിമാനത്താവളത്തിന് അടുത്തായിരിക്കും. പറക്കും ടാക്സികള്‍ക്ക് പറന്നുയരാനും പറന്നിറങ്ങാനും ഉള്ള സംവിധാനങ്ങളാണ് പ്രധാനമായും വെര്‍ട്ടിപോര്‍ട്സില്‍ ഉണ്ടാവുക. ഇതുകൂടാതെ യാത്രക്കാരുടെ കത്തിരിപ്പ് ഏരിയ, സുരക്ഷാ മേഖല, ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനുകള്‍ എന്നിവയും അവിടെ സജ്ജീകരിക്കും.

യാത്രക്കാരുടെ സൗകര്യാര്‍ത്ഥം മറ്റ് ഗതാഗത സംവിധാനങ്ങളുമായി വെര്‍ട്ടിപോര്‍ട്സിനെ ബന്ധപ്പെടുത്തും. ദുബൈ റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയാണ് വെര്‍ട്ടിപോര്‍ട്സിന്റെ രൂപരേഖ തയ്യാറാക്കിയത്. ദുബൈ വേള്‍ഡ് ഗവണ്‍മെന്റ് ഉച്ചകോടിയില്‍ ഇതിന്റെ മാതൃക പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ എഡിഷന്‍ തിങ്കളാഴ്ചയാണ് തുടങ്ങിയത്. 2017 ലായിരുന്നു പറക്കും ടാക്‌സി സങ്കല്‍പ്പം ദുബൈ റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി വേള്‍ഡ് ഗവണ്‍മെന്റ് ഉച്ചകോടിയില്‍ ആദ്യമായി അവതരിപ്പിച്ചത്.
ദുബൈ ആകശത്ത് പറന്നുയരാന്‍ പോകുന്ന ഫ്ലൈയിംഗ് ടാക്സികള്‍ക്ക് ആത്യന്തികമായി ഒരു ഊബര്‍ സവാരിയുടെ നിരക്കോ അതില്‍ കുറവോ ആയിരിക്കുമെന്ന് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) പബ്ലിക് ട്രാന്‍സ്പോര്‍ട്ട് ഏജന്‍സിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അഹമ്മദ് ബഹ്റോസിയന്‍ പറഞ്ഞു. 'ഒരു സാധാരണ യൂബര്‍ റൈഡിന്റെ നിരക്കില്‍ നിന്ന് ഇത് വളരെ കൂടുതലായിരിക്കില്ലെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു, അപ്പോഴാണ് ഇത് ശരിക്കും ആര്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന ഒരു സാധാരണ സേവനമായി മാറുന്നത്' ബഹ്‌റോസിയനെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

'ആത്യന്തികമായി, വാഹനങ്ങളുടെ ഉല്‍പ്പാദനം വര്‍ധിക്കുന്നതിന് അനുസരിച്ച് സാങ്കേതികവിദ്യയുടെ വില കുറയുകയും ഞങ്ങള്‍ക്ക് കൂടുതല്‍ ഡിമാന്‍ഡ് ലഭിക്കുകയും ചെയ്യുന്നു. മുന്നോട്ട് പോവുമ്പോള്‍ നഗരത്തില്‍ താമസിക്കുന്ന നിരവധി ആളുകള്‍ ഇത് ദൈനംദിന ഗതാഗത മാര്‍ഗമായി തെരഞ്ഞെടുക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്' ബഹ്‌റോസിയന്‍ കൂട്ടിച്ചേര്‍ത്തു. ഒരേ സമയം നാല് യാത്രക്കാര്‍ക്ക് ആയിരിക്കും ഫ്ലൈയിംഗ് ടാക്‌സികളില്‍ സഞ്ചരിക്കാന്‍ സാധിക്കുക. ഇവ എയര്‍കണ്ടീഷന്‍ഡ് ആയിരിക്കും. എല്ലാ വിധ സുരക്ഷാ സംവിധാനങ്ങളോടും കൂടിയായിരിക്കും ഇത് പ്രവര്‍ത്തിപ്പിക്കുക.
വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്നു എന്നതിനാല്‍ തന്നെ മലിനീകരണം പേടിക്കുകയേ വേണ്ട. ഫ്ലൈയിംഗ് ടാക്‌സികള്‍ക്ക് ഏകദേശം 240 കിലോമീറ്റര്‍ റേഞ്ചാണ് വാഗ്ദാനം ചെയ്യുന്നത്. മണിക്കൂറില്‍ 300 കിലോമീറ്റര്‍ വരെ പരമാവധി വേഗതയും കൈവരിക്കം. ഫ്ലൈയിംഗ് ടാക്‌സി സര്‍വീസ് യാഥാര്‍ത്ഥ്യമാകുന്നതോടെ മലയാളികളായ പ്രവാസികള്‍ക്ക് ഇത് വലിയ ഉപകാരമാകുമെന്നാണ് പ്രതീക്ഷ. ദുബൈ-അബുദാബി, ദുബൈ-ഫുജൈറ എന്നിങ്ങനെ ഇന്റര്‍സിറ്റി സര്‍വീസുകളും അനുവദിക്കുമെന്നാണ് ബഹ്റോസിയാന്‍ പറയുന്നത്.
എയര്‍ ടാക്‌സി യാഥാര്‍ഥ്യമായാല്‍ യുഎഇയിലെ രണ്ട് വന്‍നഗരങ്ങളായ ദുബൈക്കും അബുദബിക്കും ഇടയിലുള്ള യാത്രാസമയം 30 മിനിറ്റായി കുറയും. ഒരു പുതിയ റോഡ് തയ്യാറാക്കുന്നത് പോലെ അത്ര എളുപ്പമാവില്ല ഫ്ലൈയിംഗ് ടാക്സികളുടെ യാത്രാ മാര്‍ഗ്ഗം തയ്യാറാക്കല്‍ എന്നതിനാല്‍ തന്നെ ദുബൈയിലെ വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ കൂട്ടായ പ്രവര്‍ത്തനത്തിലാണ്. സമഗ്രമായ ഒരു വ്യോമ പാത ഒരുക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.


Click it and Unblock the Notifications








